അകത്തു കേറി കഴിഞ്ഞപ്പോഴാണ് കേറണ്ടായിരുന്നു എന്ന വന് തോന്നിയത്.കാരണം ഉള്ളിലിരിക്കുന്നവരെല്ലാം നന്നായി ഡ്രസ് ചെയ്തു……

ഒരു ഫേസ് ബുക്ക് കഥ…

Story written by Ajeesh Kavungal

ആദ്യമേ പറയട്ടെ ..ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഇതിലെ പാത്രങ്ങൾക്ക് യാതൊരു ബന്ധവും ഇല്ല. ഇനി ഉണ്ടെങ്കിൽ എനിക്ക് ഒന്നും ചെയ്യാനും പറ്റില്ലാ.☺

അടച്ചിട്ടിരിക്കുന്ന ഹോട്ടലിനു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ രഘു ഒരു നിമിഷം നിന്നു. സാധാരണ കഴിക്കുന്ന ഹോട്ടൽ ആണ്. അമ്പത് രൂപക്ക് തരക്കേടില്ലാത്ത ഊണായിരുന്നു. ഇനി ഉള്ളതെല്ലാം കുറച്ച് വലിയ ഹോട്ടൽ ആണ്.രഘു തന്റെ പോക്കറ്റിലേക്ക് നോക്കി. ആകെ 60 രൂപയുണ്ട്. വേറെ ഹോട്ടലിൽ പോയ ഊണിനോടൊപ്പം പറയാതെ തന്നെ അവര് സ്പെഷലും കൊണ്ട് വെക്കും. വെയിലത്തു നിന്നുള്ള പണി ആയതു കൊണ്ട് നല്ല വിശപ്പുണ്ട്. തത്ക്കാലം ചെറുതായിട്ട് എന്തെങ്കിലും കഴിക്കാം എന്ന ഉദ്ദേശത്തോടെ അവൻ തൊട്ടടുത്തുള്ള ഒരു വലിയ ഹോട്ടലിലേക്ക് കയറി.

അകത്തു കേറി കഴിഞ്ഞപ്പോഴാണ് കേറണ്ടായിരുന്നു എന്ന വന് തോന്നിയത്.കാരണം ഉള്ളിലിരിക്കുന്നവരെല്ലാം നന്നായി ഡ്രസ് ചെയ്തു വന്നവരാണ്. രണ്ട് മൂന്ന് പേര് അവനെ സൂക്ഷിച്ചു നോക്കുന്നത് കൂടി കണ്ടപ്പോൾ അവൻ തന്റെ കാവി മുണ്ടിലേക്കും ചെളി പിടിച്ച ഷർട്ടിലേക്കും നോക്കി. സാധാരണ കഴിക്കുന്ന ഹോട്ടലിൽ എല്ലാവരും വർക്കിംഗ് ഡ്രസ്സിൽ തന്നെ ആണ് കഴിക്കാൻ വരുന്നത്. അതു കൊണ്ടാണ് അങ്ങനെ തന്നെ വന്നത്.ആ ഹോട്ടൽ പറയാതെ അടച്ചതിന് അയാളെ മനസ്സിൽ അവൻ കുറെ തെ റിയും വിളിച്ചു.

തിരക്കൊഴിഞ്ഞ ഒരു കോണിൽ അവൻ ഇരുന്നു. വെയിറ്റർ വന്നു ചോദിക്കുന്നതിനും മുന്നേ അവൻ പറഞ്ഞു. “ചേട്ടാ രണ്ടു പൊറോട്ടയും ഒരു മുട്ടക്കറിയും.”വെയിറ്റർ അവനെ നോക്കി പുഞ്ചിരിച്ച് തിരിച്ചു പോയി.ആൾക്ക് തന്റെ അവസ്ഥ മനസ്സിലായിട്ടുണ്ടാവും എന്ന വൻ ചിന്തിച്ചു.

വെയിറ്റർ പൊറോട്ട കൊണ്ട് വെച്ച് കഴിക്കാൻ തുടങ്ങുമ്പോഴാണ് ഏകദേശം ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും അവന്റെ എതിർവശത്ത് വന്ന് ഇരുന്നത്. അവരുടെ ഇംഗ്ലീഷിലുള്ള സംസാരം കേട്ടപ്പോ അവൻ തലയുയർത്തി നോക്കി. അതിലെ ഒരു പെൺകുട്ടിയെ എവിടെയോ വെച്ച് കണ്ടതുപോലെ നല്ല പരിചയം തോന്നി. അവൻപോക്കറ്റിൽ കിടന്ന മൊബൈൽ എടുത്ത് മെസെഞ്ചർ തുറന്നു.പുരികത്തിനു മേലെ കാക്കപ്പുള്ളിയുള്ള മുഖം അവൻ ഒന്നൂടെ നോക്കി ഉറപ്പിച്ചു.ഇത് അവള് തന്നെയാണ്. രാവിലെയും തനിക്ക് മെസേജ് അയച്ചിട്ടുണ്ട്.

എന്തെങ്കിലും സംസാരിച്ചാലോ എന്ന് തോന്നിയെങ്കിലും ഹോട്ടലിന് പുറത്ത് ഇറങ്ങി ആവാം എന്ന് ചിന്തിച്ച് അവൻ കഴിക്കാൻ തുടങ്ങി.അവൾ നോക്കുന്നുണ്ടോ എന്നറിയാൻ ഇടക്കിടെ അവനും നോക്കുന്നുണ്ടായിരുന്നു.

പെട്ടെന്നു അവളുടെ കൂടെ ഉണ്ടായിരുന്ന ഒരു പയ്യൻ അവനെ നോക്കി അവളോടെന്തോ പറഞ്ഞു. അവൾ അവനെ തിരിഞ്ഞു നോക്കി പക്ഷേ അവൾ പ്രതീക്ഷിച്ച ഒരു ഭാവം ആയിരുന്നില്ല അവൾക്ക്. പുച്ഛവും പരിഹാസവും സഹതാപവും കലർന്ന നോട്ടം.

പിന്നെ അവർ അഞ്ചുപേരും ഓരോരുത്തരായി അവനെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. അവർക്ക് മുന്നിലുള്ള ന്യൂഡ്രിൽസ് അവർ സ്പൂണിൽ കോരി കഴിക്കുമ്പോഴും അടക്കിപിടിച്ചുള്ള ചിരിയും ഒച്ച താഴ്ത്തിയുള്ള സംസാരവും അവനെ കുറിച്ച് തന്നെയാണെന്ന് അവന് ഉറപ്പുണ്ടായിരുന്നു. അവൾ ഒന്നുകൂടി തിരിഞ്ഞ് നോക്കിയപ്പോൾ അവൻ ഒന്നു പുഞ്ചിരിച്ചു. പെട്ടന്ന് അവൾ വെറുപ്പോടെ മുഖം തിരിച്ച് അടുത്തിരിക്കുന്നവനോട് എന്തോ പറഞ്ഞു അവൻ തന്നെ ദേഷ്യത്തിൽ നോക്കി എഴുന്നെല്കാൻ ഭാവിക്കുന്നതും അവൾ അവനെ പിടിച്ചു ഇരുത്തുന്നതും കണ്ടപ്പോൾ രഖുവിനെന്തോ വല്ലാത്ത വിഷമം തോന്നി. ഉള്ളിലുണ്ടായിരുന്ന വിശപ്പ് കെട്ടുപോയതുപോലെ…

അവൻ എഴുന്നേറ്റു ബിൽ കൊടുത്തു പുറത്തേക്ക് നടന്നു

തിരിച്ചു പണി സ്ഥലത്ത് എത്തി അവൻ മൊബൈൽ എടുത്ത്‌ അവളയച്ചിരിക്കുന്ന മെസ്സേജുകൾ ഒന്നുകൂടി വായിച്ചുനോക്കിആദ്യത്തെ മെസ്സേജ് ഇങ്ങനെ ആയിരുന്നു

“ചേട്ടന്റെ എല്ലാ എഴുത്തും സൂപ്പെറാണുട്ടോ … എല്ലാം വായിക്കാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടായി ഇനിയും എഴുതണേ “

ഇതായിരുന്നു തുടക്കം “ഞാൻ എത്ര മെസ്സേജ് ആയി അയക്കുന്നു റിപ്ലൈ തരാൻ എന്താ മടി. ഒരുപാട് ഫാൻസ്‌ ഉണ്ടല്ലേ…. അപ്പൊ പിന്നെ നമ്മളെ ഒന്നും വേണ്ടാലോ” എന്ന അവളുടെ മെസ്സേജ് കണ്ടപ്പോൾ അവനു ചിരി വന്നു. ലാസ്റ്റ് അവൾ അയച്ച മെസ്സേജ് അവൻ ഒന്നുകൂടി നോക്കി ” എനിക്ക് ഏറ്റവും ഇഷ്ടമായത് ചേട്ടന്റെ തടിയും മീശയും ആണ് നല്ല രസംണ്ട് കാണാൻ” അത് കണ്ടതും അവന് മൊബൈൽതാഴോട് എറിയാൻ തോന്നി.

പിന്നെയും ഒരു പാട് മെസേജുകൾ അതിനൊക്കെ റിപ്ലൈ ആയി താൻ കൊടുത്ത സ് ററിക്കേഴ്സും ഇമോജിയും. അവളുടെ കുറച്ച് ഫോട്ടോസ്. എല്ലാം നോക്കി അവൻ കുറച്ച് നേരം ചിന്തിച്ചിരുന്നു.അങ്ങനെ ആദ്യമായ് അവൾ അയക്കാതെ തന്നെ അവൻ അങ്ങോട്ടു മെസേജ് അയച്ചു.

“ഹായ് സുഖമാണോ.. ” അപ്പോ തന്നെ റിപ്ലെയും കിട്ടി. “ചേട്ടാ ആളുമാറി അയച്ചതാണോ… ഇങ്ങോട്ട് മെസേജ്.എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല.”. അല്ല എന്നവൻ മറുപടി കൊടുത്തു. ”ചേട്ടൻ ഈ സിറ്റിയിൽ ഉണ്ടെന്നല്ലേ പറഞ്ഞേ… ഞാൻഫ്രണ്ട്സ് ആയിട്ട് ഒന്നു കറങ്ങാൻ ഇറങ്ങിയതാ.. ചേട്ടൻ ഫ്രീ ആണെങ്കിൽ ഒന്നു കാണാൻ പറ്റുമോ.. “

മറുപടിയായി അവൻ ചോദിച്ചു. ” മെസഞ്ചറിൽ കാൾ ചെയ്തു സംസാരിക്കാൻ ബുദ്ധിമുട്ടാവോ..” ഇല്ല എന്നവൾ മറുപടി കൊടുത്തു. അടുത്ത നിമിഷം തന്നെ അവളുടെ മൈാബൈൽ റിംഗ് ചെയ്തു.ഫ്രണ്ട്സി നോട് ഒരു മിനിറ്റ് എന്ന് പറഞ്ഞവൾ മാറിനിന്ന് കോൾ എടുത്തു.

“ഹായ് ചേട്ടാ സുഖമാണോ… ഒന്നു കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്. ഇന്ന് വൈകുന്നേരം വരെ ഞാൻ ടൗണിൽ കാണും. ചേട്ടന് വരാൻ പറ്റുമോ.. “

” ഇനി അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. നീ എന്നെയും ഞാൻ നിന്നെയും കണ്ടു കഴിഞ്ഞു. “

” ഞാൻ കണ്ടെന്നൊ .. എപ്പോ എവിടെ വെച്ച്..” അവൾ അമ്പരപ്പോടെ ചോദിച്ചു.

” കുറച്ചു മുൻപ് ഹോട്ടലിൽ വച്ചു നിങ്ങൾ അഞ്ചുപേരുടെ മുന്നിൽ വച്ച് തല താഴ്ത്തി പൊറോട്ടയും മുട്ടക്കറിയും കഴിച്ചത് ഞാനാണ്‌ ” എന്നെ കൊണ്ട് നിങ്ങൾക്ക് കുറച്ചു നേരം ചിരിക്കാൻ കഴിഞ്ഞതിലും ഒത്തിരി സന്തോഷമുണ്ട്
അവൾ ഷോക്കടിച്ചതുപോലെ മൊബൈൽ പിടിച്ചു തരിച്ചിരുന്നു. “ചേട്ടാ സോറി എനിക്ക് മനസിലായില്ല ശരിക്കും സോറി ” അവൾ അവനോടു കരയുന്ന ശബ്ദത്തിൽ പറഞ്ഞു.

“സോറി പറയേണ്ട ആവശ്യം ഒന്നുമില്ല നീ എന്നെ തിരിച്ചറിയാത്തതിൽ എനിക്ക് ഒരു വിഷമവും ഇല്ല അത്ര കളർ ഒന്നും ഇല്ലാത്ത ഞാൻ ഫേസ്ബുക്കിൽ എല്ലാ ഫോട്ടോയും എഡിറ്റ്‌ ചെയ്തു തന്നെയാണ് ഇടുന്നത്.പക്ഷെ ജീവിതത്തിൽ ഇത്തിരി താഴെക്കിടയിൽ ഉള്ളവരോടുള്ള നിന്റെയൊക്കെ പെരുമാറ്റം കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു.നീ മെസ്സേജ് അയക്കുമ്പോഴൊക്കെ ഞാൻ റിപ്ലേ തന്ന് നിന്നോട് കൂടുതൽ അടുത്തിരുന്നുവെങ്കിലോ…..

ഞാൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞാൽ നീ തിരിച്ചും പറയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നിൽ നിനക്ക് ഇഷ്ടമായത് എന്റെ ഭാവനയെ മാത്രമാണ്. എന്റെ ജീവിതവും എഴുത്തും തമ്മിൽ ഒരു ബന്ധവുമില്ല എഴുതുന്നതിൽ 90% വും ഒരിക്കലും നടക്കാത്ത കാര്യമാണ്. ഞാൻ നിന്നോട് അടുത്തിട്ടാണ് എന്നെ നീ നേരിട്ട് കാണുന്നതെങ്കിലോ..നിനക്ക് ശരിക്കും നിരാശയാവും നീ പോവുകയും ചെയ്യും. പിന്നീട് എന്റെ കാര്യമോ? ഒരു കാര്യം മനസ്സിലാക്കണം ഈ ഫേസ്ബുക്കിൽ അങ്ങിനെ തകർന്നു പോയ ഒരുപാട് ആൺകുട്ടികൾ ഉണ്ട്. ഒന്നുനിർത്തി അവൻ ചോദിച്ചു ” ഞാൻ സംസാരിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ” ഇല്ല ചേട്ടൻ പറഞ്ഞോളൂ.. ഞാൻ കേൾക്കുന്നുണ്ട് എന്നവൾ മറുപടി പറഞ്ഞു.

” ഇനി ഞാൻ പറയുന്ന കാര്യങ്ങൾ നീ മനസ്സിലാക്കും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ പറയുന്നത്. മനസ്സിലാക്കിയില്ലെങ്കിൽ നിന്റെ ഭാവിയിൽ പല നഷ്ടങ്ങളും ഉണ്ടാവും… ഒരാളെ മനസ്സിലാക്കേണ്ടത് അയാളുടെ ജീവിത സാഹചര്യവും അപ്പോഴത്തെ അവസ്ഥയും പിന്നെ അയാളുടെ മനസ്സും കൂടി കണ്ടിട്ടാവണം. ഇന്ന് നീ എന്നെ കണ്ടവേഷത്തിൽ എന്റെ ജീവിതത്തിന്റെ സാഹചര്യം ഉണ്ടായിരുന്നു. മുന്നിലിരുന്ന ഭക്ഷണത്തിൽ എന്റെ അപ്പോഴത്തെ അവസ്ഥ ഉണ്ടായിരുന്നു. അതൊക്കെ നിങ്ങളെ ബാധിക്കാത്ത കാര്യമായിട്ടും അത് കണ്ട് നിങ്ങൾ പരിഹസിച്ചപ്പോ എന്റെ കണ്ണിൽ പെഴിഞ്ഞ കണ്ണീർ തുള്ളിയിൽ എന്റെ മനസ്സുമുണ്ടായിരുന്നു.

ഒരു ചെറിയ മനുഷ്യനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു വലിയ മനുഷ്യനെ എങ്ങനെ മനസ്സിലാക്കും. ആരേയും വില കുറച്ച് കാണരുത്. 25000 രൂപയുടെ മൊബൈലിനെ ഒരു മഴയത്ത് രക്ഷിക്കാൻ 50 പൈസ വിലയുള്ള ഒരു പ്ലാസ്റ്റിക് കവർ മതിയാവും. ഇനി നമ്മൾ തമ്മിൽ യാതൊരു കോൺഡാക്റ്റുമില്ല. എനിക്ക് നിന്നോട്ട് ഒരു ദേഷ്യവുമില്ല. ഈ സംഭവം കുറച്ചു കാലം നീ ഓർക്കണം അതിനു വേണ്ടി മാത്രം ഞാൻ ബ്ലോക്ക് ചെയ്യാണ് .. നമ്മൾ ഇനിയും എവിടെ വെച്ചെങ്കിലും കാണും. നിന്റെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടെന്നു തോന്നിയാൽ ഞാൻ നിന്റെ അടുത്ത് വരുകയും ചെയ്യും.. “

അവൾ എന്തെങ്കിലും പറയുന്നതിനു മുമ്പേ അവൻ കോൾ കട്ടു ചെയ്തു. അവൾ മെസേജ് ടൈപ്പ് ചെയ്യുമ്പോഴേക്കും അവന്റെ വിരൽ ബ്ലോക്കിൽ അമർന്നിരുന്നു. അടുത്ത നിമിഷം തന്നെ അവന്റെ മൊബൈലിൽ ഒരു പുതിയ മെസേജ് വന്നു.

“ഹായ്… ചേട്ടാ..എഴുത്തൊക്കെ സൂപ്പർ ആണ് ട്ടാ.. എനിക്ക് ഭയങ്കര ഇഷ്ടമായ്.. “

Related Posts

Leave a Reply

Your email address will not be published. Required fields are marked *