അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ മിണ്ടാതെയായി. അമ്മൂമ്മയുടെ തൊണ്ടയിൽ നിന്നും ശബ്ദം വരികയില്ല. പക്ഷേ അമ്മൂമ്മയ്ക്ക് തന്നോട് മാത്രം……..

ഓ൪മ്മകൾക്ക് പിറകേ

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

ഷൈമ മുറ്റത്തിട്ട പായയിൽ നെല്ല് ഉണങ്ങുന്നത് നോക്കി ഇരുന്നു. അപ്പോൾ അവൾക്ക് ഓർമ്മവന്നത് അമ്മൂമ്മയെയാണ്. അമ്മൂമ്മ ഉണ്ടായിരുന്നപ്പോൾ എന്ത് രസമായിരുന്നു. എന്തൊക്കെ കാര്യങ്ങളാണ് അമ്മൂമ്മ പറഞ്ഞു തരാറുണ്ടായിരുന്നത് ദിവസവും.

ചെറിയ കുട്ടിയായിരുന്നപ്പോൾ അമ്മൂമ്മയാണ് തന്നെ ദിവസവും കുളിപ്പിച്ചിരുന്നത്. രാവിലെ സ്കൂളിൽ പോകുന്നതിന് മുമ്പും വൈകിട്ട് വന്നാലും അമ്മൂമ്മയുടെ ചുറ്റിലും താൻ ഉണ്ടാവും. അമ്മൂമ്മയ്ക്ക് തന്നോട് ഒരുപാട് കാര്യങ്ങൾ പറയാനുമുണ്ടാവും.

തൊടിയിൽ കിളക്കാൻ വന്ന വേലായുധൻ പാമ്പിനെ കണ്ട് ഭയന്നത്, ചക്ക പറിക്കാൻ വന്ന നാരായണി വഴുക്കി വീണത്, കടയിൽ പോകാൻ പറഞ്ഞപ്പോൾ മാമൻ അമ്മൂമ്മയെ വഴക്കു പറഞ്ഞത്, കാശില്ലാത്തതിന് പരിഭവിച്ചത്, ഒടുവിൽ അമ്മൂമ്മ ചായപ്പൊടി ഇട്ട് വെക്കുന്ന പാത്രം തുറന്ന് ആരുമറിയാതെ സൂക്ഷിച്ച ഇരുന്നൂറ് രൂപ എടുത്തു കൊടുത്തത്. ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ അമ്മൂമ്മക്ക് എപ്പോഴും തന്നോട് പറയാൻ ഉണ്ടാകും. തനിക്കാണെങ്കിൽ അതൊക്കെ കേൾക്കുകയും വേണം.

അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ മിണ്ടാതെയായി. അമ്മൂമ്മയുടെ തൊണ്ടയിൽ നിന്നും ശബ്ദം വരികയില്ല. പക്ഷേ അമ്മൂമ്മയ്ക്ക് തന്നോട് മാത്രം എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടാകും. അമ്മൂമ്മ അതൊക്കെ ആംഗ്യത്തിലൂടെ തന്നോട് മാത്രം പറയുകയും ചെയ്യും. മറ്റുള്ള മുതിർന്നവർ, എന്താ പറയുന്നത് എന്ന് ചോദിച്ചാൽ അമ്മൂമ്മ മിണ്ടാതിരിക്കും. അമ്മൂമ്മയ്ക്ക് എന്താ വയ്യാതെ ആയത് എന്ന് ചോദിച്ചാൽ ആരും തന്നോട് ഒന്നും പറയുകയുമില്ല.

അന്നൊക്കെ അമ്മൂമ്മയുടെ അവസ്ഥ ആലോചിച്ചു കണ്ണ് നിറയാത്ത ദിവസങ്ങളില്ല. രാത്രി അമ്മൂമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ തന്റെ കണ്ണുനീരൊക്കെ അമ്മൂമ്മ തുടച്ചു കളയും. എന്നിട്ട് ചുണ്ടിൽ വിരൽ വെച്ച് മിണ്ടല്ലേ എന്ന് ആംഗ്യം കാണിക്കും. താൻ അപ്പോഴൊക്കെ പ്രതീക്ഷിക്കും, ഇപ്പോൾ അമ്മൂമ്മ എന്തോ രഹസ്യം തന്നോട് പറയാൻ പോവുകയാണ്. അമ്മൂമ്മയുടെ ഉള്ളിൽ തന്നോട് പറയാൻ കുറെ രഹസ്യങ്ങൾ ബാക്കിയുണ്ട്, ഇന്നു പറയും നാളെ പറയും. പക്ഷേ പിന്നീട് അമ്മൂമ്മ മിണ്ടാതെ മച്ചിൽ നോക്കി കിടക്കും.

ശബ്ദം ഇല്ലെങ്കിലും അമ്മൂമ്മ എഴുന്നേൽക്കുകയും അടുക്കളയിൽ ജോലികൾ ചെയ്യുകയും തനിക്ക് വേണ്ട ചായയും പലഹാരങ്ങളും എടുത്തു തരികയും ചെയ്യും. മുറ്റത്ത് നെല്ല് ഉണക്കാൻ ഇടുകയും പശുവിന് വേണ്ടി തൊടിയിലെ പുല്ലരിയുകയും വസ്ത്രങ്ങളെല്ലാം കഴുകി മുറ്റത്തെ അയയിൽ ഉണങ്ങാനിടുകയുമൊക്കെ ചെയ്യും.

താൻ അതൊക്കെ നോക്കി ഇറയത്തെ പടിയിൽ ഇരിക്കും. ക്ലാസിൽ പഠിച്ച കുഞ്ഞുകുഞ്ഞ് പാട്ടുകളും കവിതകളും അമ്മൂമ്മയ്ക്ക് പാടി കൊടുക്കും. കഥകൾ പറഞ്ഞു കൊടുക്കും. കൂടെ ഉള്ള കുട്ടികളുടെ വിശേഷങ്ങളൊക്കെ വാതോരാതെ പറഞ്ഞു കൊണ്ടേയിരിക്കും.

അതൊക്കെ കേൾക്കുന്നത് അമ്മൂമ്മയ്ക്ക് വലിയ ഇഷ്ടവുമായിരുന്നു. അമ്മൂമ്മ എന്തുകിട്ടിയാലും കഴിക്കുന്നതിനുമുമ്പ് കുറച്ച് തന്റെ വായിൽ വച്ചുതരു മായിരുന്നു. അമ്മൂമ്മയുടെ സ്നേഹം ഓർത്ത് എപ്പോഴും ഹൃദയം നിറഞ്ഞുകവിയും. എവിടെ പോയാലും അമ്മൂമ്മയെ കാണാൻ ഓർമ്മവരും. തിരിച്ചെത്തി അമ്മൂമ്മയെ കാണുന്നതുവരെ ഹൃദയം പടപടാ മിടിക്കും. തിരിച്ചുവരുമ്പോൾ ഇറയത്തോ മുറ്റത്തോ അമ്മൂമ്മയില്ലെങ്കിൽ ഓടി അകത്തു ചെല്ലും. കിടക്കുകയാണെങ്കിൽ അസുഖം വല്ലതുമുണ്ടോ എന്ന് നെറ്റിയിൽ തൊട്ടു നോക്കും.

തന്നെ കണ്ടാൽ എത്ര വയ്യെങ്കിലും അമ്മൂമ്മ എഴുന്നേറ്റ് ഇരിക്കും. തന്റെ തലയിലും മുടിയിലും മുഖത്തും പുറത്തും തലോടും, ചേർത്തുപിടിക്കും. പുറത്ത് പണിക്കു വരുന്ന ജാനകിയേച്ചിയാണ് അമ്മൂമ്മയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞുതന്നത്. അമ്മൂമ്മ വലിയൊരു തറവാട്ടിലെ ഒറ്റ മകൾ ആയിരുന്നു. അപ്പൂപ്പൻ കല്യാണം കഴിച്ചു കൊണ്ടു വന്നതിനുശേഷം അമ്മൂമ്മയ്ക്ക് സ്വന്തം വീട്ടിൽ പോകാൻ സാധിച്ചിട്ടില്ല. എന്തോ കുടുംബവഴക്ക്. പക്ഷേ അമ്മൂമ്മ നല്ല ധൈര്യശാലി ആയിരുന്നു. ആരുടെ സഹായവുമില്ലാതെ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ ഒറ്റയ്ക്ക് നേരിട്ടു. എട്ട് മക്കളെ പ്രസവിച്ചു. വള൪ത്തി. അപ്പൂപ്പന് ഏതുനേരവും കൃഷിയും വയലിൽ പണിയുമൊക്കെയായി വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു.

ജാനകിയേച്ചി പറഞ്ഞു:

ആ അമ്മൂമ്മയുടെ കൊച്ചുമകൾ ആണ് നീ. നീയും ആരുടെ മുന്നിലും തല താഴ്ത്തരുത്. നല്ല ധൈര്യശാലിയായി ജീവിക്കണം. എങ്കിലേ അമ്മൂമ്മയ്ക്കും സന്തോഷമാകൂ.

കഴിഞ്ഞ കർക്കിടകത്തിൽ അമ്മൂമ്മ പോയില്ലേ ജാനകിയേച്ചീ, ഞാൻ ഒറ്റയ്ക്ക് ആയില്ലേ…

അതെങ്ങനെയാ കുട്ടീ നീ ഒറ്റയ്ക്കാവുന്നത്? അമ്മൂമ്മയുടെ ആത്മാവ് എപ്പോഴും നിന്റെ കൂടെ ഉണ്ടാവും. നീ ധൈര്യത്തിൽ ജീവിക്കണം, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ധൈര്യമായി ജീവിക്കണം…

ജാനകിയേച്ചി അതും പറഞ്ഞ് കുറച്ചു കറിവേപ്പില തണ്ടും, കുറച്ചു കാന്താരിയും പൊട്ടിച്ചെടുത്ത് ‘ഞാൻ പോകുന്നേ’ എന്ന് പറഞ്ഞ് പോയി.

ഷൈമ വീണ്ടും ഓർമ്മകളുടെ കുത്തൊഴുക്കിൽപ്പെട്ടു. കോളേജിൽ ചേരാൻ പോയത്, ഫീസടക്കാൻ പാടുപെട്ടത്, നല്ല വസ്ത്രങ്ങളില്ലാതെ പരിഹസിക്കപ്പെട്ടത്, അച്ഛനും അമ്മയും ഓർമ്മ പോലുമില്ലാത്ത ബാല്യകാലം… എല്ലാം കഴിഞ്ഞു. ഇനി ഒരു ഉത്തരം മാത്രമാണ് കാത്തിരിക്കുന്നത്. ഏറെ ഇഷ്ടം ആണെന്ന് പറഞ്ഞ ഒരാളുടെ ഉത്തരം. ഇത്തിരി ഏറെ ദാരിദ്ര്യമുള്ള വീട്ടിലെ കുട്ടിയാണ് എന്നറിഞ്ഞപ്പോൾ, അത് നമുക്ക് പറ്റില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു അമ്മയുടെ സമ്മതത്തിനായി കാത്തിരിക്കുന്ന മകന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ഷൈമ ദീ൪ഘനിശ്വാസത്തോടെ എഴുന്നേറ്റു.

ആരു വന്നാലും ആരു പോയാലും ആരൊക്കെ എന്തൊക്കെ തീരുമാനിച്ചാലും തന്റെ അമ്മൂമ്മ ജീവിച്ചതുപോലെ തല ഉയർത്തി ധൈര്യസമേതം ജീവിക്കുമെന്ന് ഷൈമ ഉറച്ച തീരുമാനമെടുത്തു. ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കുകയാണ് തന്റെ ലക്ഷ്യമെന്നും…

ഒരു ദിവസം പുലർച്ചെ അമ്മൂമ്മ എന്തോ ശബ്ദം ഉണ്ടാക്കിയത്പോലെ തോന്നിയാണ് താൻ കണ്ണുതുറന്നത്. എന്തോ ഒരസ്വസ്ഥത അമ്മൂമ്മയുടെ മുഖത്ത് തോന്നി. ഇത്തിരി വെള്ളം ചൂടാക്കിക്കൊണ്ടു കൊടുത്തു. അത് വാങ്ങിക്കുടിച്ചു, അപ്പോൾത്തന്നെ അമ്മൂമ്മയുടെ പ്രാണൻ പോയി, സുഖമരണം…

തന്നെ സംരക്ഷിക്കാനാണ് അമ്മൂമ്മ ഒരുപാട് ബദ്ധപ്പെട്ടത് എന്ന് വലുതായപ്പോഴാണ് മനസ്സിലായത്. മറ്റു ബന്ധുക്കളൊക്കെ അവരുടെ കൂടെ താമസിക്കാൻ അമ്മൂമ്മയെ വിളിച്ചപ്പോൾ തന്നെ ഒരു ബാധ്യതയായി കണ്ടവരോടൊക്കെ അമ്മൂമ്മ, ഷൈമയെ കൂടാതെ താനെങ്ങും വരില്ല എന്ന് തീ൪ത്തുപറഞ്ഞു.

ഓ! ഒരു കൊച്ചു മോളും അമ്മൂമ്മയും… അവൾ വലുതായാൽ അവളുടെ പാട്ടിനു പോകും, നിങ്ങളെ നോക്കാൻ ഞങ്ങളൊക്കെയേ കാണൂ…

വയ്യാതായാൽ, ഒന്ന് വീണു പോയാൽ, പണം ചെലവാക്കാൻ ആണ്മക്കൾ തന്നെ വേണം എന്നോ൪മ്മ വേണം..

വീട് എഴുതി തരുന്നില്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടെ ഇഷ്ടത്തിന് പോകും. നിങ്ങൾ ഒറ്റക്ക് ജീവിച്ചോ അമ്മൂമ്മയും മോളും…

ഇങ്ങനെ ഇടയ്ക്കിടെ ഉണ്ടാകുന്ന സംഭാഷണങ്ങളിൽ പകച്ച് താൻ പേടിയോടെ നിൽക്കുമ്പോൾ അമ്മൂമ്മ ആരെയും കൂസാതെ മുണ്ടും ബ്ലൌസും മുറുക്കിയുടുത്ത് തന്റെ ജോലികൾ ചെയ്തു.

താനും ഒരു അവസരത്തിൽ ഭയന്നിരുന്നു, അമ്മൂമ്മയ്ക്ക് താൻ കാരണം വയസ്സാംകാലത്ത് ആരുമില്ലാതെ വരുമോ… പക്ഷേ അമ്മൂമ്മ ചെയ്ത പുണ്യം ആരെയും ആശ്രയിക്കാതെ മരിക്കാൻ കഴിഞ്ഞു എന്നതാണ്!

ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ഏതൊരാൾക്കും കഴിഞ്ഞേക്കും. എന്നാൽ മരിക്കാൻ…. അത് അപൂർവ്വം ഭാഗ്യമുള്ള ജന്മങ്ങളുടെ മാത്രം സുകൃതമാണ്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *