അച്ഛൻ കേട്ടാരുന്നോ ഞാൻ പൈസയൊക്കെ കണ്ടവർക്കൊക്കെ കൊടുത്തു എന്ന് പറഞ്ഞത്.ഞാൻ അതൊക്കെ ഇൻഷുറൻസും ചിട്ടിയുമായി………

പരേതൻ

Story written by Nisha Pillai

“എപ്പോഴായിരുന്നു? ,എന്നാ പറ്റിയതാ അംബികേച്ചി ?,ഇന്നലേം കൂടി ഞാൻ സുധാകരണ്ണനെ റേഷൻ കടയിൽ വച്ച് കണ്ടതാരുന്നല്ലോ,ഞങ്ങളൊന്നിച്ചാ ഓണക്കിറ്റും മേടിച്ചു മടങ്ങിയത്,പകുതി വഴി എത്തിയപ്പോൾ അണ്ണൻ തിരികെ പോയി ,മണ്ണെണ്ണ കൂടി മേടിയ്ക്കണമെന്ന് പറഞ്ഞു.”

“എന്റെ ശാരദേ,ഇന്നലെ രാത്രിയിൽ എന്റെ കയ്യിൽ നിന്നും കഞ്ഞി വാങ്ങി കുടിച്ചു പോയി കിടന്നതാ ചേട്ടൻ,രാവിലെ നോക്കിയപ്പോൾ ….”

അംബിക പൊട്ടിക്കരഞ്ഞു. ശാരദ അവരെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു.

“ഇന്നലെ പതിവില്ലാതെ കഞ്ഞിയും ചുട്ട പപ്പടവും ചമന്തിയും വേണമെന്ന് പറഞ്ഞു. ഞാനപ്പോൾ തന്നെ എല്ലാം ഉണ്ടാക്കി കൊടുത്തു. ചേട്ടനെ അറിയാല്ലോ ,വാശിക്കാരനല്ലേ . ഇഷ്ടപ്പെട്ടതല്ലേ കഴിക്കൂ ,ചെറുക്കനാണെങ്കിൽ ചപ്പാത്തി മതി രാത്രിയിൽ ,അവൻ ജോലി ചെയ്ത് ക്ഷീണിച്ചു വരുന്നതല്ലേ,അവൻ്റിഷ്ടവും നോക്കണ്ടേ.അവനല്ലേ ഇപ്പോൾ കുടുംബം നോക്കുന്നത്. പിന്നെ ചേട്ടന് വേണ്ടി ഞാൻ ചൂടോടെ കഞ്ഞി ഉണ്ടാക്കി കൊടുത്തു .വയറു നിറഞ്ഞു സംതൃപ്തിയോടെ എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ടാ പോയി കിടന്നത്.ഇപ്പോൾ സ്വന്തമിഷ്ടത്തിന് ആ വരാന്തയിലാ പോയി കിടക്കുന്നത്. രാവിലെ ചായയും കൊണ്ട് ചെന്ന് വിളിച്ചപ്പോൾ അനക്കമില്ല,എനിക്കിനി ആരുണ്ട് എൻ്റീശ്വരാ,എന്റെ ഉടയോൻ പോയല്ലോ തമ്പുരാനെ ,ഞാൻ ഇതെങ്ങനെ സഹിക്കും.ആരുണ്ടായാൽ എന്നാ ,കെട്ടിയോൻ ഉള്ളത് പോലെ പറ്റുമോ? “

“എനിയ്ക്കറിയാം ചേച്ചി, അണ്ണന് ചേച്ചിയെ ഭയങ്കര ഇഷ്ടമായിരുന്നു. എല്ലാം സഹിച്ചല്ലേ പറ്റൂ.സമയമാകുമ്പോൾ മോളീന്നൊരു വിളി വരും ,അതിപ്പോൾ രാജാവായാലും പോയല്ലേ പറ്റൂ.”

മുറ്റത്തൊരു കാറ് വന്നു നിന്നു,അതിൽ നിന്നും അംബികയുടെ അനുജത്തി രാജിയും കുടുംബവും ഇറങ്ങി വന്നു. രാജി ഓടി വന്നു അംബികയെ കെട്ടി പിടിച്ചു .പൊട്ടിക്കരഞ്ഞു. പിന്നെ മൂക്കു ചീറ്റലും ബഹളവുമായി.

“എന്റെ പൊന്നു രാജി ,ഞാനിനി എന്തോ ചെയ്യും,എന്നെ ഒറ്റക്കാക്കി പോയല്ലോ ചേട്ടൻ.”

രാജി ചേച്ചിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു . കൊച്ചു നാൾ തൊട്ടേ അവരിരുവരും സഹോദരങ്ങൾ എന്നതിലുപരി നല്ല സുഹൃത്തുക്കളാണ്. പരസ്പരം എല്ലാം തുറന്നു പറയുന്നവർ.ആരും കേൾക്കാതെ അംബിക രാജിയുടെ ചെവിയിൽ പറഞ്ഞു.

“അറ്റാക്ക് വന്നതിൽ പിന്നെ യാത്ര നിർത്തി.വീട്ടിൽ തന്നെയങ്ങു കൂടി. അങ്ങേരു കച്ചവടം നിർത്തിയതിൽ പിന്നെയാണ്,ചെറുക്കൻ കച്ചവടം ഏറ്റെടുത്ത് നടത്തിയത്.സത്യമങ്ങ് പറയാലോ ,വരുമാനത്തിൽ നല്ല വ്യത്യാസമുണ്ട്.ചെറുക്കൻ അടുത്തമാസം പുതിയ കാർ വാങ്ങാനിരുന്നതാ അച്ഛന് യാത്ര ചെയ്യാൻ ,അതിനു യോഗമുണ്ടായില്ല അങ്ങേർക്ക്.”

“അങ്ങനൊന്നും പറയല്ലേ, ഇതെല്ലാം ചേട്ടൻ്റെ അദ്ധ്വാനം അല്ലേ ? ചേട്ടന് അത്രേ ആയുസ്സു കൊടുത്തോളു ദൈവം എന്ന് കരുതിക്കോ.”

“എന്നാലും എന്റെ അനിയത്തി ,ഞാനതല്ല ആലോചിക്കുന്നേ ഇത്രേം നാളും ഈ വരുമാനമൊക്കെ എങ്ങോട്ടാ ഒഴുകി കൊണ്ടിരുന്നത്.എൻ്റെ കൊച്ചിന് അവകാശപ്പെട്ടതല്ലേ? വല്ലവളുമാർക്കും കൊണ്ട് കൊടുക്കുകയായിരുന്നെന്നാ എനിയ്ക്ക് തോന്നുന്നത്. എന്റെ സന്തോഷവും സ്നേഹവുമൊക്കെ പോയെടി കൊച്ചെ.”

അപ്പോഴാണ് സുധാകരന്റെ മൂത്തേച്ചി യശോദ നിലവിളിച്ചു കൊണ്ട് കയറി വന്നത്.പിന്നെ ആ വീട്ടിൽ ഒരു കൂട്ടനിലവിളിയുയർന്നു.

“എന്റെ പൊന്നുച്ചേച്ചി എനിക്കിനിയാരാ ഉള്ളത് ? എന്നെ വിട്ടേച്ച് പോയല്ലോ എന്റെ ചേട്ടൻ.”

“ഇന്നലെയും കൂടി എന്നെ വിളിച്ചാരുന്നു സുധാകരൻ,ചേച്ചിയെ ഒന്ന് കാണണമെന്ന് പറഞ്ഞിട്ട്,അവസാനമായി ഒന്ന് കാണാൻ പറ്റിയില്ലല്ലോ അവനെയെനിക്ക് .”

അവരെല്ലാവരും ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.കൂട്ടക്കരച്ചിൽ കേട്ട് മുറ്റത്തെ പന്തലിൽ ഇരിക്കുന്നവരൊക്കെ വീടിനുള്ളിലേക്ക് എത്തി നോക്കാൻ തുടങ്ങി.ആരാണ് കൂടുതൽ കരയുന്നത് എന്നാണ് നോട്ടങ്ങളിലെ വലിയ ചോദ്യം ?പരേതന്റെ ഭാര്യ ? മകൻ? മൂത്ത സഹോദരി? ,ഇളയ സഹോദരി? ,ഭാര്യാ സഹോദരി?

പരേതന്റെ ഭാര്യയുടെ കണ്ണുനീർ അവരുടെ അയാളോടുള്ള അഗാധമായ പ്രേമത്തെയും വിരഹത്തെയും കാണിയ്ക്കുന്നു,എന്നൊരാൾ .മൂത്തേച്ചിയുടെ കണ്ണുനീർ കണ്ടപ്പോൾ അവർക്കു സ്വന്തം അനിയനോടുള്ള ആഴത്തിലുള്ള വാത്സല്യത്തെ സൂചിപ്പിക്കുന്നു എന്ന് അയാളുടെ കൂട്ടുകാരൻ. ഓരോരുത്തരുടെയും കരച്ചിലിന് മാർക്കിട്ടു കാഴ്ചക്കാരൊക്കെ സ്വസ്ഥാനത്തു വന്നിരുന്നു .

പെട്ടെന്നാണ് പരേതന്റെ മൂത്ത അളിയൻ അകത്തേയ്ക്കു കയറി വന്നത് .അയാൾ പരേതന്റെ മകനോടൊരു ചോദ്യം .

“ഇനിയാരെങ്കിലും വരാനുണ്ടോ ? എന്നാൽ പിന്നെ എടുത്താലോ ,കാര്യങ്ങളൊക്കെ പെട്ടെന്നാക്കാം , കിടത്തി നരകിപ്പിയ്ക്കണ്ട.പോയിട്ട് കുറച്ചു പരിപാടികളുണ്ട് .കോടതി വ്യവഹാരമാ ,താമസം വന്നാൽ കനത്ത നഷ്ടമുണ്ടാകും .”

“എടുക്കാനുള്ള ഏർപ്പാട് ചെയ്തോളൂ അമ്മാവാ ,”

അയാൾ പുറത്തേയ്ക്കു പോയി .ദഹനത്തിനുള്ള ഏർപ്പാടൊക്കെ ആക്കി മടങ്ങി വന്നു. അനന്തരവന്മാരും മകനും ചേർന്ന് പരേതന്റെ അവസാനത്തെ കുളി കർമങ്ങൾ നടത്തിയ്ക്കാൻ തയാറായി .കർമം ചെയ്യാൻ കാർമികൻ പൂക്കളും അരിയും വെള്ളവുമൊക്കെ എടുത്തു വച്ചു .കുളിപ്പിച്ച് കിടത്തി വായ്ക്കരിയും കർമങ്ങളുമൊക്കെ യഥാവിധം നടത്തി .ദഹനത്തിന് നല്ല വിറകുകൾ നിരത്തി .പരേതന്റെ മെലിഞ്ഞ ശരീരം ചിതയിൽ ആളിക്കത്തി .ചാക്കാല കഞ്ഞി കുടിച്ചു എല്ലാവരും പിരിയാൻ തുടങ്ങി .മുറ്റത്തെ കസേരകളൊക്കെ ഒഴിഞ്ഞു തുടങ്ങി .ബന്ധുക്കളും സുഹൃത്തുക്കളും വീടിനുള്ളിലേക്ക് വലിഞ്ഞു തുടങ്ങി .മുറ്റവും പറമ്പും അനാഥമായപ്പോഴും മുറ്റത്തെ തിണ്ണയിൽ വെള്ള പുതച്ച രണ്ടു പേരിരിക്കുന്നുണ്ടായിരുന്നു.

അമ്പതും എൺപതും വയസ്സ് തോന്നിക്കുന്ന രണ്ടുപേർ .

“എടാ സുധാകരാ ,നിനക്കെന്താ പറ്റിയത്? നിന്റെ ശരീര പ്രകൃതി അനുസരിച്ച് ഒരു എഴുപത് വയസ്സിന്റെ ആയുസ്സ്!!,അത് ഞാൻ പ്രതീക്ഷിച്ചു “

“ഇപ്പോഴെങ്കിലും അച്ഛനെന്നോട് അതൊന്നു ചോദിച്ചല്ലോ,ഉറങ്ങാൻ കിടന്നതാണ് ഞാൻ ,നെഞ്ചിലൊരു വെലക്കം പോലെ തോന്നി ,രാത്രി ചപ്പാത്തിയൊന്നും കഴിക്കാൻ വയ്യ അച്ഛാ ,നെഞ്ചിനൊരു ഉരുക്കമാ ,ഒരു വേദന ,ഇവിടെ കിടന്നു കുറെ കൂവി ,ആര് വരാനാണ് ,അവള് പതിനൊന്ന് മണി വരെ സീരിയലിൽ അല്ലെ ,ആ ചെറുക്കാനാണേൽ മൊബൈലിൽ കുത്തി കുത്തി നേരം വെളുപ്പിക്കും .അവരൊന്നും ഉറങ്ങിയിരുന്നില്ല ,പക്ഷെ എന്റെ വിളി ആരും കേട്ടതുമില്ല

” മരിച്ചു പോയവർക്ക് നിലച്ചു പോകുന്നത് സമയമാണ്. മരണമടുക്കുമ്പോൾ ഇങ്ങനൊക്കെ സംഭവിയ്ക്കും.നീ വിഷമിയ്ക്കാതെ ഞാനില്ലേ കൂടെ. നിനക്കവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടായിരുന്നോടാ”

” ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.എനിയ്ക്കെന്താഗ്രഹം?ആകെ ഇത്തിരി ചൂട് കഞ്ഞി കുടിക്കാൻ ആഗ്രഹിച്ചു.അതവളിട്ട് സാധിച്ചു തന്നതുമില്ല.ഇപ്പോഴുമുണ്ട് ആ ആഗ്രഹം.ഞാനവിടെ വെള്ള പുതച്ച് കിടന്നപ്പപ്പോൾ എല്ലാവരും തകർത്തഭിനയിക്കുന്ന കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടിയതാണ്.ചൂട് കഞ്ഞി കുടിച്ചു അവളെ നോക്കി പുഞ്ചിരിച്ചുവെന്ന് പറഞ്ഞത്.”

ഉം”

” അച്ഛൻ കേട്ടാരുന്നോ ഞാൻ പൈസയൊക്കെ കണ്ടവർക്കൊക്കെ കൊടുത്തു എന്ന് പറഞ്ഞത്.ഞാൻ അതൊക്കെ ഇൻഷുറൻസും ചിട്ടിയുമായി സമ്പാദിച്ചിട്ടുണ്ട്,ഇപ്പോൾ തോന്നുന്നു ഒന്നും വേണ്ടിയിരുന്നില്ലെന്ന്.എന്തായാലും എന്നെ കുറ്റം പറയാനായാലും എൻ്റെ വേണ്ടപ്പെട്ടവർ ഒക്കെ അവരുടെ തിരക്കൊക്കെ കുറച്ച് സമയത്തേക്ക് മാറ്റി വച്ച് എനിയ്ക്കായി വന്നല്ലോ, അത് മതിയെനിക്ക്.ജീവനില്ലാത്ത ശരീരം കിടത്തി നരകിയ്ക്കണ്ടയെന്ന്. “

“ജീവിതം ഇത്രയേ ഉള്ളൂ,ആ തിരിച്ചറിവ് കിട്ടുമ്പോഴേയ്ക്കും ജീവിതം കഴിഞ്ഞിരിയ്ക്കും.”

*********************

“എന്താടാ അവിടെയൊരു കശപിശ,നിന്റെ പെൺപിറന്നോളും മോനുമാണല്ലോ.എന്നതാ വിഷയം.”

“പണം തന്നെ വിഷയം ,അവനിപ്പോൾ വീടും വസ്തുക്കളും അവൻ്റേം അവൻ്റെ പുതുപൊണ്ടാട്ടിയുടേം പേരിൽ ആക്കണം.ഇവളാരാ മോൾ,സമ്മതിയ്ക്കുമോ. അതിൻ്റെ വഴക്കാ വീട്ടിൽ.ഇപ്പോൾ മുറിയിൽ ഇരിയ്ക്കുന്ന എൻ്റെ ഫോട്ടോയുടെ മുൻപിൽ ഇരുന്ന് കരയുകയാ പാവം.”

“കരയട്ടെ, കർമ്മഫലം അനുഭവിയ്ക്കാതെ പറ്റുമോ, ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ നിന്റെ വിധി തന്നെയാകും നിന്റെ മകനും “

“എന്താ അച്ഛാ അങ്ങനെ പറഞ്ഞത്.”

“മോനെല്ലാം മറന്നോ,പണ്ട് നിന്റെ മകന്റെ നൂല് കെട്ട് ചടങ്ങിനിടയിൽ നീ സ്വത്ത് ഭാഗത്തിന്റെ കാര്യം അവതരിപ്പിച്ചത്,എന്നെ കൊണ്ട് നിർബന്ധപൂർവം സ്വത്ത് ഭാഗം ചെയ്യിച്ചത്.തലമുറകളെ മാറിയുള്ളൂ,ചെയ്തികൾ മാറുന്നില്ല. തനിയാവർത്തനങ്ങൾ”

“നമുക്കവനോട് അരുതെന്ന് പറഞ്ഞൂടെ ,ഉപദേശിച്ചൂടെ, തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ.”

“ജീവിച്ചിരുന്നപ്പോൾ നീ പറഞ്ഞത് വല്ലോം അവൻ അനുസരിച്ചിരുന്നോ,പിന്നല്ലേ മരണശേഷം.ഇത് നമ്മുടെ ലോകമല്ല, നമ്മൾ വെറും കാഴ്ചക്കാർ മാത്രം.വാ പോകാം.കുറ്റബോധം അരുത്.സ്വന്തം പേരിലുള്ള കൈയൊപ്പുകളാണ് നമ്മുടെ ഓരോ കർമ്മങ്ങളും.”

വെള്ള പുതച്ച് രണ്ട് പേർ വീടിന്റെ പിന്നാമ്പുറത്തെ പറമ്പിലേക്ക് നടന്നു.അവരുടെ ലോകത്തേയ്ക്ക്.ഇതൊന്നും കാണാനുള്ള ത്രാണിയില്ലാതെ……

നിശീഥിനി

Related Posts

Leave a Reply

Your email address will not be published. Required fields are marked *