അച്ഛൻ മരിക്കുമ്പോൾ പത്തായിരുന്നു പാർവ്വതിയ്ക്ക് പ്രായം. അച്ഛന്റെ വിയോഗം തളർത്തിക്കളഞ്ഞ അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത്……

എഴുത്ത് :- മഹാ ദേവൻ

അച്ഛൻ മരിക്കുമ്പോൾ പത്തായിരുന്നു പാർവ്വതിയ്ക്ക് പ്രായം. അച്ഛന്റെ വിയോഗം തളർത്തിക്കളഞ്ഞ അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത് അമ്മാവനായിരുന്നു.

“മോളെ, പോയവര് പോയി. ഇനി അതോർത്തു വിഷമിച്ചിട്ട് ന്താ കാര്യം. നിനക്കിപ്പോഴും ചെറിയ പ്രായമാ, മാത്രമല്ല, വളർന്നു വരുന്നത് ഒരു മോളും കൂടെ ആണ്. ഒരു ആൺതുണ ഉണ്ടെങ്കിൽ അതൊരു കരുത്താണ്. അതുകൊണ്ട് മോള് മറ്റൊരു വിവാഹത്തിന് സമ്മതിക്കണം.”

അമ്മാവന്റെ വാക്കുകൾ ആദ്യമൊക്കെ എതിർത്ത അമ്മ പതിയെ സമ്മതം മൂളുമ്പോൾ പാർവ്വതിയ്ക്ക് എന്തോ വല്ലാത്ത വിഷമം തോന്നി.

അന്ന് അമ്മയുടെ കൈ പിടിച്ചു വീട്ടിലേക്ക് കയറിയ ആളെ ചൂണ്ടി അമ്മാവൻ പറഞ്ഞത് “ഇനി അതാണ് മോളുടെ അച്ഛൻ “എന്നായിരുന്നു.

അവളൊന്നു മുഖമുയർത്തി നോക്കി.

അച്ഛനാക്കാൻ വന്ന ആളുടെ മുഖത്തു സന്തോഷം ഉണ്ടായിരുന്നു. അതിനേക്കാൾ അവളെ അത്ഭുതപ്പെടുത്തിയത് അമ്മയുടെ മുഖത്തു കണ്ട നിറഞ്ഞ പുഞ്ചിരിയായിരുന്നു.

അമ്മ ഏല്ലാം മറന്നതാണോ അതോ സന്തോഷം അഭിനയിക്കുകയാണോ.

അവൾക്ക് അങ്ങനെ ചിന്തിക്കാനെ കഴിഞ്ഞുള്ളൂ.

ആ രാത്രി ഉറക്കം വന്ന കണ്ണുകൾ തുടച്ചുകൊണ്ട് അമ്മയുടെ മുറിയ്ക്ക് മുന്നിലെത്തുമ്പോൾ പാർവ്വതിയ്ക്ക് മുന്നിലത് അടഞ്ഞുകഴിഞ്ഞിരുന്നു.

” അമ്മേ “എന്നുറക്കെ വിളിക്കുമ്പോൾ പിന്നിൽ നിന്ന് അമ്മായി ആണ് വാ പൊത്തിയത്.

“മോള് ഇങ്ങു വന്നേ. അമ്മ കിടന്നുകാണും. ഇനി മോളുടെ മുറി അതാണ്‌ ട്ടോ “

അതും പറഞ്ഞു വാത്സല്യത്തോടെ മറ്റൊരു മുറിയിലേക്ക് കൈ പിടിച്ചു നടത്തുന്ന അമ്മായിയെ വിഷമത്തോടെ ഒന്ന് നോക്കി പാർവ്വതി.

” എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാ “

എന്നവൾ വിഷമത്തോടെ പറയുമ്പോൾ പാർവ്വതിയുടെ മുടിയിലൂടെ തലോടി കവിളിൽ ഒന്ന് പിടിച്ചുകൊണ്ട് അമ്മായി പറയുന്നുണ്ടായിരുന്നു ” ഇന്ന് അമ്മായി കൂടെ കിടക്കാട്ടോ. പക്ഷേ, അമ്മായി നാളെ പോയാൽ മോള് ഒറ്റയ്ക്ക് കിടന്നോണം. കേട്ടല്ലോ. മോളിപ്പോൾ വല്യ കുട്ടിയാ. “

അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പതിയെ തലയാട്ടി.

പിറ്റേ ദിവസം മുതൽ അവൾ ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞുതുടങ്ങി. അച്ഛൻ നടത്തിയ സ്ഥലങ്ങളുടെ ചുമതല അമ്മയും രണ്ടാനച്ഛനും കൂടെ ഏറ്റെടുത്തു നടത്താൻ തുടങ്ങിയപ്പോൾ അമ്മയെ ഒന്ന് കാണാൻ പോലും കിട്ടാത്ത അവസ്ഥയായിരുന്നു.

“പാറൂനെ ഒരുക്കിയിരുന്ന, മുടി ചീകി കെട്ടിയിരുന്ന, ഡ്രെസ് ഇടീച്ചു കവിളിൽ അമ്മേടെ ചുന്ദരി എന്നും പറഞ്ഞ് ഉമ്മ തന്നിരുന്ന, സ്കൂളിൽ ബസ്സിൽ കേറുമ്പോൾ കൈ വീശി കാണിച്ചിരുന്ന, ബസ് കണ്ണിൽ നിന്ന് മറയും വരെ ഗേറ്റിൽ തന്നെ നിന്നിരുന്ന അമ്മയെ പാർവ്വതിയ്ക്ക് നഷ്ടപ്പെട്ടിരുന്നു.

അമ്മ നൽകിയിരുന്ന ഉമ്മകളില്ലാതെ വരണ്ട കവിളികൾക്ക് ജീവനേക്കിയത് ഉപ്പുരസം നിറഞ്ഞ കണ്ണുനീർ ആയിരുന്നു.

മോള് കഴിച്ചോ എന്ന് ചോദിച്ചു വാരിയൂട്ടിയിരുന്ന അമ്മയിൽ നിന്ന് മോൾക്ക് വേണ്ടി പുറത്തു നിന്ന് വാങ്ങുന്ന പൊരിച്ച രുചിയിലേക്ക് എത്ര പെട്ടന്നാണ് അമ്മ മാറിയത്. പട്ടിക്ക് കൊടുക്കുംപ്പോലെ മുന്നിലേക്ക് നീട്ടിത്തരുന്ന ഭക്ഷണ പൊതിയിൽ ഒരിക്കലും അമ്മയെ കാണാൻ കഴിഞ്ഞില്ല അവൾക്ക്.

ഇപ്പോൾ മോളെ എന്ന് വിളിക്കാറില്ല. വാത്സല്യത്തോടെ ചേർത്തുപിടിക്കാറില്ല. ഉമ്മകൾക്കൊണ്ട് അമ്മയെ വരച്ചിടാറില്ല.

ഇടയ്ക്കെന്നോ അമ്മാവൻ പറയുന്നത് കേട്ടു ” അളിയന്റെ മരണം അനുഗ്രഹം ആയത് അവൾക്കാ, കണ്ടില്ലേ പെണ്ണിന്റെ വളർച്ച ” എന്ന്.

ബിസിനസ്സ് വല്ലാതെ വളർന്നത്രെ.. നിന്ന് തിരിയാൻ സമയം ഇല്ലത്രേ…. അച്ഛന്റെ മരണശേഷം സ്നേഹത്തോടെ ഒരു വാക്ക് പറയാൻ പോലും സമയമില്ലാത്ത അമ്മ മറന്നിവെച്ചൊരു സാധനമുണ്ടായിരുന്നു ആ വീട്ടിൽ, രണ്ടാനച്ചനൊപ്പം മാത്രം ചിരിച്ചുകണ്ട അമ്മയെ കാത്തിരിക്കുന്ന ഒരു മകൾ.

അല്ലെങ്കിലും നഷ്ട്ടപെട്ടത് പാറൂന് മാത്രം അല്ലെ, അമ്മയ്ക്ക് ഭർത്താവിനെ കിട്ടി. പാറൂന് മാത്രം അച്ഛനെ നഷ്ട്ടായി… ആ നഷ്ടപ്പെടലിനിപ്പുറം അമ്മയേക്കാൾ ഏറെ ഇന്ന് ഒറ്റപ്പെടലിനെ സ്നേഹിക്കുന്ന ഒരു പാവാടക്കാരി ഇന്നുമുണ്ട് ആ ഉമ്മറത്ത്‌.

Related Posts

Leave a Reply

Your email address will not be published. Required fields are marked *