അജിത്ത്, വേഗം ഒരുങ്ങിയിറങ്ങി..ഇത്തിരി ദൂരേ ഉള്ളൂ, സുനീടെ വീട്ടിലേക്ക്.. അവനും, പെണ്ണും, പത്തു വയസ്സുകാരൻ മോനും മാത്രമേ അവിടെയുള്ളൂ. പുതിയ വീട്ടില്, രണ്ടാം ഹണിമൂണിന്റെ വൈബിലാണെന്നാണ്……….

വൈബ്

എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്

നെയ് പുരട്ടിയെടുത്ത ചൂടൻ ദോശ,.തേങ്ങാച്ചട്ണിയിൽ മുക്കിയെടുത്ത് കഴിച്ച ശേഷം, ചുടുകാപ്പി ആസ്വദിച്ചു കുടിക്കും നേരത്താണ്, ഇലക്ട്രീഷ്യൻ അജിത്തിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്. കപ്പിലെ ആവിയിൽ നിന്നുതിർന്ന കാപ്പിമണം ആസ്വദിച്ച്‌, അജിത്ത് ഫോണിലേക്കു നോക്കി. സുനിലാണല്ലോ വിളിക്കണത്. ക്ലാസ്മേറ്റും ഉറ്റച്ചങ്ങാതിയുമാണ്. ദീർഘ കാലമായ വാടകവീടുകളിലെ മാറിമാറിയുള്ള പൊറുതിയവസാനിപ്പിച്ച്, സ്വന്തം പുര പണിത് നാട്ടിൽ സ്ഥിരമാക്കിയിട്ട് അധിക നാളായിട്ടില്ല. എന്താണാവോ കാര്യം? ഫോണെടുത്തു.

“എന്തേരാ സുന്യേ കാലത്തുതന്നേ? മോട്ടോറു വെള്ളം എടുക്കണില്ലാന്നോ?.സാരല്ല്യടാ, പത്തുമിനിറ്റു വെയ്റ്റ് ചെയ്യ്; ഞാൻ, ദാ വരണൂ….”

അജിത്ത്, വേഗം ഒരുങ്ങിയിറങ്ങി..ഇത്തിരി ദൂരേ ഉള്ളൂ, സുനീടെ വീട്ടിലേക്ക്.. അവനും, പെണ്ണും, പത്തു വയസ്സുകാരൻ മോനും മാത്രമേ അവിടെയുള്ളൂ. പുതിയ വീട്ടില്, രണ്ടാം ഹണിമൂണിന്റെ വൈബിലാണെന്നാണ് ഇന്നാളു കണ്ടപ്പോൾ അവൻ പറഞ്ഞത്. പാവം, വെള്ളല്ല്യാണ്ട് വെഷമിക്കണ്ട. വേഗം പോയി ശരിയാക്കാം. അവനിന്നലെ രതീഷിന്റെ വെഡ്ഡിംഗ് ആനിവേഴ്സറിക്കു പോകുംന്ന് പറഞ്ഞിട്ടുണ്ടായല്ലോ. പോയില്ലേയിരിക്ക്യോ?

രണ്ടാളുടെയും ക്ലാസ്മേറ്റാണ് രതീഷ്. എല്ലാ കൂട്ടാരും വന്നിട്ടുണ്ടാവും..അടിച്ചു പൊളിച്ചിട്ടൂണ്ടാവും. അടുത്താഴ്ച്ച കേറിപ്പാർക്കേണ്ട വീട്ടിലെ പണി തീരാത്ത കാരണം, പോകാൻ കഴിഞ്ഞില്ല. അവിടത്തെ വിശേഷോം സുനിലിനോടു ചോദിക്കാം.

അജിത്തിന്റെ ബൈക്ക്, സുനീടെ മുറ്റത്തെത്തി. സുനീം, പെണ്ണും കാത്തുനിൽപ്പുണ്ട്. സുനീടെ പെണ്ണിന്റെ മിഴികളിൽ, അക്ഷമ വ്യക്തമാണ്. നൈറ്റിയിട്ട്, തലമുടി ഉച്ചിയിൽ വാരിക്കെട്ടി, വയറുമുഴിഞ്ഞാണ് നിൽപ്പ്. കീഴ്ത്താടി യിലേക്ക്, ഏത്തായി ഒരു ചെറുതേറ്റ തീർത്തിട്ടുണ്ട്. സുനീടെ കണ്ണു കലങ്ങീരിക്കണു. മുഖം, തലേന്നു വെള്ളത്തിലിട്ട കടല പോലെ ചീർത്തിട്ടുണ്ട്..മോന്തായമാകെ ഒരെണ്ണ മയം. വേഗം, കിണറ്റിനരികിലേക്കു മൂവരും നടന്നു.

“കാലത്ത് മോട്ട്റടിച്ചപ്പോ, വെള്ളെടുക്കണില്ലെടാ. വേനലല്ലേ, എയറു വലിച്ചു കാണും. നീയൊന്നു നോക്ക്യേ; ഒരുതുള്ളി വെള്ളം, ടാങ്കിലില്ല.”

സുനി, പറഞ്ഞു നിർത്തി.

“സുന്യേ, ഇന്നലെ രാത്രി വെള്ളടിച്ചില്ലേ? പരമാവധി രാത്രികളിൽ വെള്ളടിക്കാൻ നോക്കണം. കാലത്ത് കരണ്ടില്ലെങ്കിൽ പെടും ട്ടാ”

അതിനു മറുപടി പറഞ്ഞത്, സുനിയുടെ ഭാര്യയായിരുന്നു.

“ഇന്നലെ രാത്രി, വെള്ളമടിച്ചിരുന്നു. അതുകൊണ്ടാണ്….”

അവൾ പാതിയിൽ നിർത്തി. മോട്ടോർ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ, അവൾ തിടുക്കത്തിൽ അകത്തേക്കു പോയി. ഇവളിന്നു തീരെ കലിപ്പിലാണല്ലോ, അജിത്ത്, ഓർത്തു.

തിരികേ നടക്കുമ്പോൾ, സുനി പറഞ്ഞു.

“അജ്യേ, ഒന്നും തോന്നരുത് ട്ടാ, ഇന്നലെ വെള്ളമടിച്ചത് ഞാനായിരുന്നു. മൂക്കറ്റം; രാത്രി, വെള്ളം നിന്നതാ. എന്നോടു പറഞ്ഞൂന്നാ ഇവള് പറയണത്; എനിക്കോർമ്മയില്ലെടാ, രാവിലെ, കുളിമുറീല് കേറീപ്പഴാണ് വെള്ളല്ല്യാന്നു ഞാനറിഞ്ഞത്. അവൾക്ക്, അതിന്റെ കലിപ്പാ”

അജിയ്ക്കു ചിരി വന്നു.

“അപ്പോൾ, നിന്റെ സെക്കന്റ് ഹണിമൂണിന്റെ വൈബ്?”

സുനി ഒന്നു നിശബ്ദനായി; പിന്നേ തുടർന്നു.

“ഇന്നലെ രാത്രി മുതൽ, എല്ലാം ശോകമായീടാ; ഇപ്പോൾ ഒരു ശവസംസ്കാരത്തിന്റെ വൈബാ”

അജിത്ത്, ബൈക്കിൽ കയറി. സ്റ്റാർട്ടു ചെയ്ത ശേഷം, സുനിയോടു പറഞ്ഞു.

“സാരല്യാ, എല്ലാം ശരിയാകും. അനുനയത്തിന്റെ സകല മാർഗ്ഗങ്ങളും നോക്കൂ; പി ടി സെവനെ വരെ മെരുക്കാൻ തുടങ്ങിയിരിക്കണൂ. നിങ്ങടെ കൂടെ ഇന്നലെ ഞാനുണ്ടാകാഞ്ഞതു നന്നായി. അല്ലെങ്കിൽ, എന്റെ കുടുമ്മത്തേ വൈബ് മാറ്യേനേ; ഭാഗ്യം, പോട്ടേ ട്രാ…. കാണാം”

അജിത്ത് പോകുന്നതും നോക്കി നിൽക്കുമ്പോഴും, സുനിയുടെ ചിന്തകളിൽ, പോയ വൈബ് എങ്ങനെ തിരിച്ചുപിടിക്കാം എന്നതായിരുന്നു. അടുക്കളയിലെ സിങ്കിൽ, പാത്രങ്ങൾ പതിവില്ലാത്ത ശബ്ദത്തിൽ കലമ്പിക്കൊണ്ടിരുന്നു..ആരോ തല്ലിത്തകർക്കുന്ന പോലെ. നല്ല ക്ഷീണമുണ്ട്, തല പൊങ്ങണില്ല..ഈ ഹാങ്ങോവർ മാറ്റാൻ വഴിയെന്തെന്നു ചിന്തിച്ച്‌, സുനിൽ വീട്ടകത്തേക്കു നടന്നു. സിങ്കിലെ കലപിലകൾ, അപ്പോഴും രൂക്ഷതയിലായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *