അടുക്കളയിൽ അയാൾക്കും അമ്മയ്ക്കും അച്ഛനും ഇഷ്ടപെട്ട വിഭവങ്ങൾ ഒരുക്കി……

അവളുടെ ശരി

Story written by Jewel Adhi

അടക്കി പിടിച്ച തേങ്ങലുകൾക്കും പല ചിന്തകളും അവൾക് ഇന്ന് അന്യമായി. ഇന്നത്തോടെ എല്ലാം അവസാനിക്കും.

“ദേവൂ….”

ദേഷ്യം കനക്കുന്ന അയാളുടെ വിളിയിൽ ഞെട്ടി എഴുന്നേറ്റു.

” എന്താടീ.******* നിനക്ക് ഇത്ര നേരം ശയിക്കാൻ.എഴുന്നേറ്റ് പോടി..ശവം..” അയാളുടെ ഉച്ച കേട്ട് കുഞ്ഞ് ഞെട്ടി ഉണർന്നു കരയാൻ തുടങ്ങി.അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു അവൾ നിർവികാരതയോടെ ഇരുന്നു.അവളുടെ നെഞ്ചിൻ്റെ താളവും ചൂടും ഏറ്റു കുഞ്ഞ് ഉറങ്ങി.

റൂമിൻ്റെ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.ക്ലോക്കിൽ സമയം നാലര.കണ്ണുകൾ ഭാരം വച്ചിട്ടുണ്ട്.ഉറക്കം അവയെ കീഴ്പ്പെടുത്താൻ ആവോളം ശ്രമിക്കുന്നുണ്ട്. രാത്രിയിൽ അയാളവളെ കീഴ്പ്പെടുത്താൻ ശ്രമിക്കുംപോലെ. പക്ഷേ, ഇക്കാര്യത്തിൽ താൻ വഴങ്ങുന്നത് പോലെ കണ്ണുകൾ ഉറക്കത്തിന് വഴങ്ങിയാൽ പിന്നെ കാതിനു ഇന്നത്തെ ദിവസം മുഴുവൻ സൗര്യം കിട്ടില്ല എന്നാലോചിച്ചപോൾ തന്നെ പകുതി ഉറക്കം പോയി.

പറഞ്ഞിട്ട് കാര്യമില്ല, പാത്രങ്ങളോട് മല്ലിട്ട് കഴിഞ്ഞ് കിടക്കുമ്പോൾ തന്നെ പതിനൊന്ന് മണി ആയി.അപ്പോഴേക്കും മോൻ ഉണർന്നു.അവന് നുകരുവാൻ ആവോളം സ്നേഹം കൊടുത്ത് ഉറക്കി കഴിഞ്ഞപ്പോൾ സമയം ഒരു മണി.എല്ലാം ഉള്ളിൽ വയ്ക്കാൻ അല്ലേ പറ്റുകയുള്ളു. തൻ്റെ സ്വപ്നങ്ങൾ വേണ്ടെന്ന് വച്ച് അയാളുടെ സ്വപ്നത്തിന് ചിറക് കൊടുത്തില്ലെ അതാണ്..

പുച്ഛമാണ് അവൾക് തോന്നിയത്. ചതിക്കപെട്ട എത്രയോ സ്ത്രീകളുടെ കണക്കിൽ നിസ്സാരമായി താനും.പതിയെ കുളിമുറിയിലേക്ക് നടന്നു.വെള്ളത്തിന് ചുവട്ടിൽ നിന്നപ്പോൾ കോരിത്തരിച്ചു പോയി.തണുപ്പ് അസഹ്യം.എങ്കിലും കുളിക്കാതെ അടുക്കളയിൽ കയറാൻ പാടില്ല എന്ന അമ്മായിയമ്മയുടെ താക്കീത് അവളെ ആ വിറങ്ങലിക്കുന്ന തണുപ്പിനെ അതിജീവിക്കാൻ പ്രേരിപ്പിച്ചു.

ആരും കാണാത്ത സ്ഥലങ്ങളിൽ നീലച്ച് കിടക്കുന്ന പാടുകൾ,സി ഗരറ്റ് കുറ്റി കുത്തി പൊള്ളിച്ച പാടുകൾ.. അറിയാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പി .മുൻപൊക്കെ അവളുടെ സൗന്ദര്യം ആരെയും വിസ്മയപെടുത്തുന്നത് ആയിരുന്നു.കറുത്ത ചുരുൾ മുടിയും മാൻ മിഴികളും മനോഹാരിതയും എല്ലാം ഇന്ന് ഫോട്ടോകളിൽ മാത്രം കാണാം.

ഭർത്താവിൻ്റെ വായിൽ നിന്നും വന്ന വാക്കുകൾ..” ശവം..” പുച്ഛം അവളിൽ നുരഞ്ഞു പൊന്തി.ഇതൊക്കെ കേൾക്കുമ്പോൾ ആദ്യം കരയുമായിരുന്നൂ. ഇന്നതെല്ലാം തനിക്ക് സുപരിചിതം ആണല്ലോ.കുഞ്ഞ് പോലും അയാളുടെ ആകില്ല എന്ന് പറഞ്ഞിട്ടുണ്ട്. അയാളിലെ നീചനെ ഞാൻ അറിഞ്ഞില്ല. അറിയുമ്പോഴേക്കും സമയം കഴിഞ്ഞു. ജീവിതം പാതി വഴിയിൽ ഉപേക്ഷിച്ചു പോകാൻ ആരും സമ്മതിച്ചില്ല.

“ദേവൂ..” എന്ന വിളി പോലും വെറുത്തുപോയിരിക്കുന്നു.അച്ഛനും അമ്മയും എത്ര സ്നേഹത്തോടെ വിളിച്ച പേര് ആയിരുന്നു.. സ്ത്രീധനം കൊടുക്കാൻ ഇല്ലാത്ത കൊണ്ട് അടിമയായി ജീവിച്ച ദേവൂ.കണ്ണുനീരിൽ കുതിർന്ന തലയിണകൾ, ഉറങ്ങാത്ത രാവുകൾ.അടി കൊണ്ട് പുളഞ്ഞ മണിക്കൂറുകൾ..

ഓരോന്ന് ആലോചിച്ച് കുളി കഴിഞ്ഞു ഇറങ്ങി.അടുക്കളയിൽ അയാൾക്കും അമ്മയ്ക്കും അച്ഛനും ഇഷ്ടപെട്ട വിഭവങ്ങൾ ഒരുക്കി.ഉച്ചയ്ക്ക് ഉള്ളതെല്ലാം ഉണ്ടാക്കി .സമയം പത്ത് ആവുന്നു.ഓരോന്ന് ചെയ്ത് സമയം പോയത് അറിഞ്ഞില്ല.

വേഗം തന്നെ അവൾ ഒരു നല്ല സാരി എടുത്ത് ഉടുത്തു.എന്നിട്ട് പുറത്തേക്ക് പോകാനായി ഒരുങ്ങി. റൂമിൽ നിന്നും പുറത്തേക്കിറങ്ങി.അപോഴാണ് അയാളുടെ കഴുകൻ കണ്ണുകളെ കണ്ടത്. ” എവിടേക്ക് ആണേടി മൂദ്ധേവി…ഒരുങ്ങി കെട്ടി..?” ഉത്തരം നൽകാതെ പുറത്തേക്ക് നടന്നു. ” ഒരുംബെട്ടവൾ.”

ഒന്നും മിണ്ടാതെ അവൾ നടന്നു. വൈകീട്ട് തിരികെ എത്തുമ്പോൾ അവളിൽ പുഞ്ചിരി ആവരണം ചെയ്തിരുന്നൂ. അയാളുടെ കൈയിൽ ഒരു കടലാസ് വച്ച് കൊടുത്തു. തുറന്ന് വായിക്കുമ്പോൾ ,അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി. ” ഡിവോർസ് പെറ്റീഷൻ..” മൗനത്തിൻ്റെ മുഖംമൂടി മാറ്റി അവൾ തുടർന്നു.. ” ഇനി നിങ്ങളുടെ കൂടെ ജീവിക്കാൻ എനിക്ക് വയ്യ.പിന്നെ, കുഞ്ഞിനെ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ തനിക്ക് അവനെ കാണാം. പ്രായപൂർത്തി ആവുന്ന വരെ ഞാൻ അവനെ നോക്കും.ഈ ലോകത്ത് പെണ്ണിന് അടിമ ആവണം എന്ന് നിർബന്ധമില്ല..

എൻ്റെ വിദ്യാഭ്യാസത്തിന് പറ്റിയ ജോലി ഞാൻ നോക്കി അന്തസായി ജീവിക്കും .ഇനി ഉപദ്രവിക്കാൻ വരണ്ട.ഇത് ഒപ്പിട്ട് തരണം.എനിക്ക് നീതി വേണം. പിന്നെ,തൻ്റെ ചിലവ് എനിക്ക് വേണ്ട.അത് താൻ തന്നെ എടുത്തോ.പിന്നെ താൻ കെട്ടിയ താലി..അത് ഡിവോർസ് ആവുന്ന ദിവസം തനിക്ക് അഴിച്ചെടുക്കാം. ഞാൻ പോകുന്നു.ഇനിയും ശല്യമായി ഈ ശവത്തിൻ്റെ പിന്നാലെ വരരുത്…”

അത് പറഞ്ഞ്,അവളുടെ സാധനങ്ങൾ എല്ലാം എടുത്ത് ,കുഞ്ഞിനെയും എടുത്ത് നടന്നകലുന്ന അവളെ അയാൾ നോക്കി നിന്നു.അത് മറ്റുള്ളവർക്ക് അഹങ്കാരം ആവാം….

പലതും പറഞ്ഞേക്കാം.. എന്നാൽ ,അത് അവളുടെ ശരി ആണ്..അവളുടെ മാത്രം ശരി… അവളും കുഞ്ഞും ഇനി അവരുടെ ലോകത്ത് ജീവിക്കും.. സമാധാനത്തോടെ….

ഇത് പലരുടെയും ജീവിതം ആവാം, ആവാതിരിക്കാം..ഒരു കഥ മാത്രമായി കാണുക.സ്ത്രീ വിദ്വേഷമോ പുരുഷ വിദ്വേഷമോ ഉദ്ദേശം അല്ല… മനഃപൂർവം ആരെയും പറഞ്ഞിട്ടില്ല…

അവസാനിച്ചു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *