ഇന്ദു ഒരാളുമായി സ്നേഹത്തിലാണ്. അയാൾ നാളെ പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ…..

കള്ളൻ്റെ പെണ്ണ്

Story written by Santhosh Appukuttan

“മുത്തശ്ശീ ഈ തമ്പുരാട്ടിക്കൊച്ചിനെ പൊന്നുപോലെ നോക്കണം ട്ടാ”

രാത്രി മോഷണത്തിനിറങ്ങിയ കൊച്ചുമകൻ കളവു മുതലിന് പകരം, അവനു പിന്നിൽ നേരിയ ഇരുട്ടിൽ നിൽക്കുന്ന പെൺക്കുട്ടിയെ ചൂണ്ടി അങ്ങിനെ പറഞ്ഞപ്പോൾ ദേവകിയമ്മ അമ്പരന്നു.

“ടാ ഹരിമോനെ കളവ് പോലെ അല്ല ട്ടാ പെൺ മോഷണം. ഇത് വകുപ്പ് വേറെയാ “

ദേവകിയമ്മ തലയിൽ കൈ വെച്ച് ഹരിയെയും പെൺക്കുട്ടിയെയും മാറി മാറി നോക്കി.

” ഞാൻ പൊക്കിക്കൊണ്ടു വന്നതല്ല മുത്തശ്ശീ – മേലേ മനക്കൽ നിന്ന് എൻ്റെ ഒപ്പം കൂടിയതാണ് “

പടിയിൽ വെച്ചിരിക്കുന്ന ബക്കറ്റിൽ നിന്ന് വെള്ളമെടുത്ത് കാൽ കഴുകുന്നതിനിടയിൽ ഹരി പറഞ്ഞ വാക്കുകൾ കേട്ട് ദേവകിയമ്മ ഞെട്ടി.

തൻ്റെ കാഴ്ച മങ്ങി തുടങ്ങിയ കണ്ണുകൾക്കൊണ്ട് അവർ പുറത്തെ ഇരുട്ടിൽ നിൽക്കുന്ന പെൺക്കുട്ടിയെ സൂക്ഷിച്ചു നോക്കി.

മുഖം വ്യക്തമാകുന്നില്ലെങ്കിലും അവളുടെ വെളുത്ത നിറത്തിലുള്ള വസ്ത്രം ദേവകിയമ്മയിൽ ഒരു അങ്കലാപ്പ് സൃഷ്ടിച്ചു

കാറ്റിലിളകുന്ന അവളുടെ വസ്ത്രം കണ്ടതും, ഒരു ഭീതിയോടെ അവരുടെ നോട്ടം തെക്കേമനയ്ക്കൽ പറമ്പിലേക്ക് നീണ്ടു.

ദുരൂഹതയുടെ കരിമ്പടം പുതച്ച് അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന കരിമ്പന കണ്ടപ്പോൾ അവരുടെ നെഞ്ച് വല്ലാതെ മിടിച്ചു.

കരിമ്പനയ്ക്കും ചുറ്റു. പറന്നു നടന്നിരുന്ന മിനാമിനുങ്ങുകൾ തൻ്റെ നേർക്കു വരുന്നതു പോലെ തോന്നിയപ്പോൾ ദേവകിയമ്മ ഭീതിയോടെ കണ്ണടച്ചു, പടിയിലേക്ക് തളർന്നിരുന്നു.

ഓർമ്മകൾ തുലാവർഷത്തിലെ ഇടിമുഴക്കങ്ങളായി ദേവകിയമ്മയുടെ മനസ്സിൽ ഭീതിയോടെ മുഴങ്ങി ക്കൊണ്ടിരുന്നു.

അമ്പത് വർഷങ്ങൾക്കു മുൻപ് വരെ പ്രതാപത്തിൻ്റെ കൊടിക്കുത്തി വാണിരുന്ന മേലേ മനക്കൽ ഇല്ലം!

ഈ ഗ്രാമത്തിൽ ആരെന്ത് കുറ്റം ചെയ്താലും ശിക്ഷ വിധിക്കുന്നതും, നടപ്പാക്കുന്നതും മേലേ മനക്കലെ കാരണവരായ സൂര്യദേവൻ നമ്പൂതിരിയായിരുന്നു.

ആ ഇല്ലത്തെ കുടികിടപ്പുക്കാരായിരുന്നു ഹരിയുടെ കുടുംബം

അവിടുത്തെ പുറം പണിക്ക് ഹരിയുടെ മുത്തച്ഛൻ ശങ്കരനും, അടുക്കള പണിക്ക് ദേവകിയമ്മയും പൊയ്ക്കൊണ്ടിരുന്ന കാലം

തെക്കേ മനക്കലെ വലിയ പറമ്പിലൂടെ ഓണത്തുമ്പികൾ പോലെ,പാറി നടന്നിരുന്ന ഇന്ദുവും, ലേഖയും ഒരു കൗതുകം തന്നെയായിരുന്നു.

അവരുടെ കുഞ്ഞിളം പാദങ്ങൾ പതിയാത്ത ഇടമുണ്ടായിരുന്നില്ല ആ തറവാട്ട് പറമ്പിൽ.

തുമ്പ ചെടികൾക്കും, മുക്കുറ്റി ചെടികൾക്കുമിടയിലൂടെ അവരങ്ങിനെ പാറി പാറി നടക്കുന്നത് കാണാൻ തന്നെ നല്ല ചന്തമായിരുന്നു.

സൂര്യദേവൻ നമ്പൂതിരിയുടെ ഏഴ് മക്കളിൽ രണ്ടാമനായ വാസുദേവൻ നമ്പൂതിരിയുടെ മക്കളായിരുന്നു ഇരട്ടകളായ,ഇന്ദുവും, ലേഖയും

അമ്മയായ ആര്യാഅന്തർജനം കഴിഞ്ഞാൽ അവരുടെ കൂട്ട് ദേവകിയമ്മയോട് ആയിരുന്നു.

” ദേവകിയമ്മേ ക്ക് മിന്നാമിനുങ്ങിനെ പിടിച്ചു തരോ?”

ദേവകിയമ്മയുടെ മുണ്ടിൻ്റെ തലപിടിച്ചു കൊഞ്ചുന്ന,ലേഖയെ ഓർമ്മ വന്നപ്പോൾ ദേവകിയുടെ നെഞ്ചൊന്നു പിടിച്ചു.

അവർ ശ്വാസമുതിർത്തു കൊണ്ട് കണ്ണു തുറന്നു.

കരിമ്പനകൾക്കു ചുറ്റും പാറുന്ന മിന്നാമിനുങ്ങുകളെ കണ്ടപ്പോൾ ഭയം കൊണ്ട് ആ ഉടൽ വിറച്ചു.

“കിട്ടിയിടത്തു തന്നെ കൊണ്ടുപോയി ആക്ക് ഈ മോളെ “

നെഞ്ച് തകർന്ന് ദേവകിയമ്മ പറയുമ്പോൾ സങ്കടം കൊണ്ട് കണ്ണീർ കുത്തിയൊലിക്കുകയായിരുന്നു.

” ജീവിതം വഴിമുട്ടി നിൽക്കുന്ന ഈ ഇന്ദു മോൾ, ഇനി ഒരിടത്തേക്കും പോകുന്നില്ല ദേവകിയമ്മേ.”

അധികാരത്തോടെ പറഞ്ഞുകൊണ്ട് കുടിലിനകത്തേക്ക് കയറി പോകുന്ന പെൺകുട്ടിയെ റാന്തൽ വെട്ടത്തിൽ കണ്ട ദേവകിയമ്മ ഒന്നു ആശ്വസിച്ചു.

“ഇന്ദുമോളായിരുന്നോ ഇത്

ദേവകിയമ്മയുടെ കണ്ണുകൾ തെക്കേമനക്കലേക്ക് നീണ്ടു.

ഇന്ദുവിൻ്റെ ചുണ്ടിലെ കറുത്ത മറുക് റാന്തൽ വെട്ടത്തിൽ തെളിഞ്ഞു കണ്ടപ്പോൾ ദേവകിയമ്മ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു.

ഇരട്ടകളായ ഇന്ദുവിനെയും, ലേഖയെയും വേർതിരിക്കുന്നത് ആ മറുക് ആയിരുന്നു.

ആശ്വാസത്തിൻ്റെ വെട്ടം വീണെങ്കിലും, ആശങ്കയുടെ കരിനിഴലിൽ ആയിരുന്നു ദേവകിയമ്മ.

മേലേ മനക്കലെ ഇന്ദു മോൾ ഈ അർദ്ധരാത്രിയിൽ ഹരിയോടൊപ്പം

ചോദ്യഭാവത്തോടെ ഹരിയെ നോക്കിയെങ്കിലും അവൻ ഒന്നും പറയാതെ വീടിനകത്തേക്ക് നടന്നു.

നടുത്തളത്തിലിരുന്നു കഞ്ഞി കോരി കുടിക്കുന്ന ഹരിയെയും, ഇന്ദുവിനെയും മാറി മാറി നോക്കി കൊണ്ടിരുന്നു ദേവകിയമ്മ.

മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ തികട്ടിവരുന്നുണ്ടെങ്കിലും അതെല്ലാം ഉള്ളിലടക്കി വീർപ്പുമുട്ടിയിരുന്നു ദേവകിയമ്മ.

റാന്തൽ വെട്ടത്തിൽ വെട്ടിത്തിളങ്ങിയിരുന്ന ഇന്ദുവിൻ്റെ മുഖത്തേക്കു ദേവകിയമ്മ നോക്കിയതും, ഇന്ദു തലയുയർത്തി നോക്കിയതും ഒരുമിച്ചായിരുന്നു .

“മോൾ ഈ പാതിരാത്രിയിൽ?”

പാതി മുറിഞ്ഞ ചോദ്യവുമായി ദേവകിയമ്മ ഇന്ദുവിൻ്റെ പാത്രത്തിലേക്ക് കഞ്ഞി കോരിയൊഴിച്ചു

” കഞ്ഞി അധികം കൊടുക്കേണ്ട മുത്തശ്ശി, പായയിൽ മൂത്രം ഒഴിക്കും”

മുത്തശ്ശിയുടെ ചോദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഹരി പറഞ്ഞ തമാശ കേട്ട് അവൾ അവനെ ദേഷ്യത്തിൽ നോക്കി.

ലജ്ജയിൽ കുതിർന്ന മുഖത്തോടെ ഇന്ദു, ദേവകിയമ്മയെ നോക്കുമ്പോഴും, അവളുടെ കൂർത്ത നഖങ്ങൾ ഹരിയുടെ തുടയിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

വേദനക്കൊണ്ട പുളഞ്ഞ ഹരി ചാടിയെഴുന്നേറ്റ് മുത്തശ്ശിയെ നോക്കി പതിയെ ചിരിച്ചുക്കൊണ്ട് പുറത്തേക്കിറങ്ങി.

” എന്താ നിങ്ങൾടെ ഉദ്യേശം?”

ബക്കറ്റിൽ നിന്നു വെള്ളമെടുത്ത് മുഖം കഴുകുന്നതിനിടയിൽ മുത്തശ്ശിയുടെ ചോദ്യം കേട്ട് അവൻ മുഖം തിരിച്ചു.

” ഞങ്ങൾക്ക് ആയിട്ട് ഒരു ഉദ്യേശവുമില്ല മുത്തശ്ശീ! പക്ഷേ ഇന്ദുവിന് ഒരു ലക്ഷ്യമുണ്ട്; “

അവൻ തോർത്ത് മുണ്ടിൽ മുഖം തുടച്ച് മുത്തശ്ശിയുടെ തോളിൽ കൈയിട്ടു.

” ഇന്ദു ഒരാളുമായി സ്നേഹത്തിലാണ്. അയാൾ നാളെ പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കും – ഇന്ദുവിനെ ആരും അറിയാതെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കലാണ് എൻ്റെ ഡ്യൂട്ടി “

പറഞ്ഞു തീർന്നതും, ദേവകിയമ്മ കൈവലിച്ച് ആ മുഖത്ത് ഒന്നു കൊടുത്തു.

കവിളും പൊത്തിപിടിച്ച് ഹരി മുത്തശ്ശിയെ നോക്കി.

” കൊലക്ക് കൊടുക്കാൻ കൊണ്ടു പോവാണെടാ ൻ്റെ മോളെ നീ? “

പറഞ്ഞു തീർന്നതും ദേവകിയമ്മ കരഞ്ഞു പോയി.

” ഇതു പോലെ ഒരിക്കൽ പ്രണയിച്ചു പോയതാണ് ൻ്റെ മിന്നാമിനുങ്ങായ ലേഖമോളും. രണ്ടാം മാസം എല്ലാം നഷ്ടപ്പെട്ട് അവൾ തിരിച്ചെത്തുമ്പോൾ അവളുടെ കഴുത്തിൽ ഒരു മഞ്ഞചരട് പോലും ഇല്ലായിരുന്നു.”

ശ്വാസമെടുക്കാൻ വിമ്മിഷ്ടപ്പെടുന്ന ദേവകിയമ്മയുടെ കണ്ണുകൾ വേദനയോടെ തെക്കേ മനക്കലെ കരിമ്പനയിലേക്ക് നീണ്ടു.

“എല്ലാം നഷ്ടപ്പെട്ട -ൻ്റെ മോൾ ആ കരിമ്പനയ്ക്ക് ചുവട്ടിലാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പിടഞ്ഞു തീർന്നത് “

മനസ്സിനുള്ളിൽ തീപിടിച്ച ഒരു രൂപം അലറി പായുന്നത് തെളിഞ്ഞപ്പോൾ, ദേവകിയമ്മ വാവിട്ടു കരഞ്ഞു.

മുത്തശ്ശിയെനെഞ്ചിൽ ചേർത്ത് തഴുകുമ്പോഴാണ് ഹരി, മുത്തശിയ്ക്കു പിന്നിലായി എല്ലാം കേട്ടുകൊണ്ടു കണ്ണീരൊഴുക്കി നിൽക്കുന്ന ഇന്ദുവിനെ കണ്ടത്.

” മുത്തശ്ശീ അവൾക്ക് ആരുമായി പ്രണയമില്ല. മുത്തശ്ശി ഇങ്ങിനെ കുത്തിക്കുത്തി ചോദിക്കുന്നതിൽ നിന്ന് രക്ഷപ്പെടാനാണ് ഇങ്ങിനെയൊരു കള്ളം പറഞ്ഞത് “

മുത്തശ്ശിയോടാണെങ്കിലും ഇന്ദുവിൻ്റെ മുഖത്ത് നോക്കിയാണ് ഹരി സംസാരിച്ചത്.

മൗനം വിറങ്ങലിച്ചുനിന്ന നിമിഷത്തിനൊടുവിൽ ഒരു തേങ്ങലോടെ ഇന്ദു വീടിനകത്തേക്ക് കയറുന്നത് കണ്ണീരിലൂടെ ഹരി കണ്ടു.

മുത്തശ്ശിയെ അകത്തേക്ക് കൊണ്ടുപോയ ഹരി, റാന്തലിനരികെ തലയും കുമ്പിട്ടിരിക്കുന്ന ഇന്ദുവിനെ ഒരു മാത്ര നോക്കി പുറത്തക്ക് വന്നു.

വരാന്തയിലിരുന്നു ഒരു സിഗററ്റിന് തീ കൊളുത്തി, മേലേമനക്കലിലേക്ക് നോക്കിയിരുന്നു.

നിറഞ്ഞ ഇരുട്ടിൽ ഒരു പറ്റം മിന്നാമിനുങ്ങുകൾ പാറി നടക്കുന്നുണ്ടവിടെ; ലേഖയുടെ ആത്മാവ് പോലെ!

ഭൂതക്കാലത്തിലൊളിച്ചിരുന്ന ഓർമ്മകൾ കൂട് വിട്ട് പറക്കുന്നതു പോലെ തോന്നി അവന്!

നന്നായി പഠിച്ചിരുന്ന ഒരു പയ്യൻ്റെ ഭാവി തകർത്ത കശുമാവിൻ തോപ്പിലേക്ക് അയാൾ കണ്ണീരോടെ നോക്കിയിരുന്നു.

” അച്ചാ നമ്മുടെ തോപ്പിൽ കടന്ന് ഹരി കശുവണ്ടി മോഷ്ടിച്ചു “

പത്തുവയസ്സുക്കാരിയുടെ പറച്ചിലിലെ സത്യാസത്യങ്ങൾ അന്വേഷിക്കാതെ, തനിക്കു മേൽ ചൂരൽ വർഷിക്കുന്ന വാസുദേവൻ നമ്പൂതിരി.

ഞാൻ മോഷ്ടിച്ചതല്ല. മനക്കലേക്ക് കൊണ്ടുവരാൻ എടുത്തതാണെന്ന് പറഞ്ഞെങ്കിലും അതൊക്കെ ഒരു വനരോദനമായി മാറുകയായിരുന്നു.

താൻ അടിക്കൊണ്ട് പുളയുമ്പോൾ കൈ കൊട്ടി ചിരിക്കുന്ന പത്തു വയസ്സുക്കാരിയുടെ മുഖം ഇന്നും ഓർമ്മയിലുണ്ട്.

ഹരിയെന്ന പേര് അവിടെ നഷ്ടപ്പെടുകയായിരുന്നു.

കള്ളൻ!

ആദ്വം അങ്ങിനെ വിളിച്ചത് ആ പത്തു വയസ്സുക്കാരിയായിരുന്നു.

പിന്നെ മനയ്ക്കലെ കാരണവർ….

സ്ക്കൂളിലെ കൂട്ടുക്കാർ ..

പിന്നെ ഈ ഗ്രാമമൊന്നാകെ

സ്ക്കൂളിൽ നിന്ന് പഠിത്തം ഉപേക്ഷിച്ച്,നാട്ടുക്കാർ ചാർത്തി തന്ന പേരു അന്വർത്ഥമാക്കി കൊണ്ട് ഇരുളിലൂടെ നടക്കുമ്പോൾ വല്ലാത്തൊരു ഉന്മാദമായിരുന്നു.

അകാലത്തിൽ തന്നെ പിരിഞ്ഞ അച്ചനും അമ്മയും എതിർത്തിട്ടും ആ വഴിയിൽ നിന്ന് തിരിച്ചു കയറാതിരുന്നത് ആ പത്തുവയസ്സുക്കാരിയോടുള്ള പക ഒന്നു കൊണ്ടു മാത്രം!

ഒരിക്കലെങ്കിലും താൻ കാരണം ഭാവി നഷ്ടപ്പെട്ട എന്നെ കണ്ട് അവൾ സങ്കടപ്പെടണം!

തനിക്കു വേണ്ടി അവൾ രണ്ടിറ്റു കണ്ണീർ വാർക്കണം!

പക്ഷേ അതിനൊന്നും നിൽക്കാതെ അവൾ മരണത്തിലേക്ക് യാത്രയാകുമ്പോൾ കണ്ടു നിൽക്കാനായില്ല.

ദേഹത്ത് ആരോ ചാരിയിരുന്നപ്പോൾ, ഹരി ഓർമ്മകളിൽ നിന്നുണർന്നു.

“ഹരിയെന്തിനാ എന്നെ മരണത്തിൽ നിന്നും രക്ഷിച്ചത്?”

പതിയെ, നനഞ്ഞ ശബ്ദത്തോടെ ഇന്ദു ഹരിയെ നോക്കി.

“ആ കയറിൽ തൂങ്ങി ഞാൻ അവസാനിക്കുമായിരുന്നില്ലേ? പിന്നെയെന്തിന്?

ഹരിയുടെ തോളിൽ മുഖമമർത്തി അവൾ കരഞ്ഞു.

ഒരു പാട് പറയാനുണ്ടെങ്കിലും ഹരി ഒന്നും പറഞ്ഞില്ല.

തന്നെ കള്ളനെന്ന് വിളിച്ച പെൺകുട്ടിയെ കാണാൻ, എന്നും രാത്രി മേലേമനക്കൽ ഇല്ലത്തേക്ക് ഒരു കള്ളനെ പോലെ വരാറുണ്ടായിരുന്നുവെന്ന് അവൻ പറഞ്ഞില്ല.

ഉത്തരത്തിനു പകരം ചോദ്യമാണ് അവനിൽ നിന്നുയർന്നത്.

“എന്തിനാണ് ഇന്ദു തൂങ്ങി മരിക്കാൻ ശ്രമിച്ചത്?”

“അച്ഛനും അമ്മയും മരിച്ച പെൺകുട്ടികൾ അടുപ്പിലെ വിറകിനു സമമാണ് കൂട്ടുകുടുംബത്തിൽ.”

ഇന്ദു പതിയെ എഴുന്നേറ്റു തൻ്റെ ഇല്ലത്തേക്ക് നോക്കി നിന്നു.

” ആ അവസ്ഥയിൽ നിന്നു രക്ഷപ്പെടാനാണ് എൻ്റെ ലേഖയും പുറത്തേക്ക് ചാടിയത് – പക്ഷെ “

സങ്കടംകൊണ്ട് ഇന്ദു വിതുമ്പിയപ്പോൾ, ഹരി അവളുടെ തോളിൽ പതിയെ തട്ടി.

“ഞങ്ങളുടെ ജന്മദോഷമാണ് ഇല്ലത്തിൻ്റെ സുകൃത ക്ഷയത്തിന് കാരണമെന്ന് നാഴികയ്ക്ക് നാല്പതു വട്ടം കേട്ടു മടുത്തപ്പോഴാണ് ഈ നശിച്ച ജീവിതം അവസാനിപ്പിക്കാനായിരുന്നു ആ കയറിൽ തൂങ്ങിയത്.അതിനും സമ്മതിച്ചില്ലല്ലോ ഹരീ? “

ഉത്തരമില്ലാതെ നിൽക്കുന്ന ഹരിയുടെ നെഞ്ചിലേക്കവൾ വീണു അവനെ മുറുകെ കെട്ടിപ്പിടിച്ചു.

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഹരീ? “

ഇന്ദുവിൻ്റെ ചോദ്യത്തിന് ഒരു മൂളലോടെ ഹരി അവളുടെ പുറത്ത് തടവി.

” എന്നെ സ്നേഹിച്ചു കൂടെ ഹരീ? “

അവളുടെ ചോദ്യം കേട്ട അവൻ പതിയെ പുഞ്ചിരിച്ചു.

“ഇതിപ്പോൾ ഇന്ദുവിന്, തന്നെ മരണത്തിനു വിട്ടു കൊടുക്കാതിരുന്ന എന്നോട് തോന്നുന്ന ദയയാണ്. അതല്ല ജീവിതം ഇന്ദൂ.”

അവൻ ഒന്നു നിർത്തിയിട്ട് തെക്കേ മനക്കൽ ഇല്ലത്തേക്ക് നോക്കി.

“പഴയ മനസ്സും, അന്ധവിശ്വാസവുമായി ഇപ്പോഴും കുറച്ചു പേരുണ്ട് ഇന്ദൂ അവരാണ് ഇല്ലത്തിൻ്റെ സുകൃതക്ഷയം നിങ്ങൾ കാരണമാണെന്നു പറയുന്നത് “

ഇന്ദു കണ്ണീരോടെ ഹരിയെ തന്നെ നോക്കി നിന്നു.

” ഇപ്പോൾ കണ്ടില്ലേ ഇന്ദുവിനെ കണ്ടിട്ട് മരിച്ചു പോയ ലേഖയുടെ ആത്മാവ് ആണെന്ന് ചിന്തിച്ച എൻ്റെ മുത്തശ്ശിയെ “

നിറഞ്ഞുതൂവുന്ന അവളുടെ കണ്ണുനീർ ഹരി പതിയെ തുടച്ചു.

“അങ്ങിനെയുള്ളവരൊക്കെ ഇനി ഇത്തിരിക്കാല മേ ഈ ഭൂമിയിൽ ഉണ്ടാകൂ അതുക്കൊണ്ട് കഴിഞ്ഞ തൊക്കെ മറന്ന് മനക്കലേക്ക് പോകണം:

ഹരി ഇന്ദുവിൻ്റെ കൈ പിടിച്ചു.

“വാ – ആരും അറിയാതെ മനക്കലെ നിൻ്റെ മുറിയിലേക്ക് ഞാൻ എത്തിക്കാം: “

അവൾ കൈകുതറി ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.

” ഇല്ല ഹരീ ഞാൻ പോകില്ല ഇനിയെങ്ങോട്ടും.”

അവൾ കണ്ണീരോടെ ഹരിയെ നോക്കി.

“ഞാൻ ചാർത്തി തന്ന പേരിൽ ഹരി വിഷമിച്ചു ജീവിക്കുമ്പോൾ, ആ പേരിലൊരു പങ്ക് എനിക്കും വേണം. കള്ളൻ്റെ പെണ്ണ് എന്ന പേര് ?”

ഞെട്ടലോടെ ഹരി അവളെ നെഞ്ചിൽ നിന്നടർത്താൻ ശ്രമിച്ചെങ്കിലും, അവൾ അവനെ മുറുകെ പിടിച്ചു.

” ഇനി ഈ ജീവിതം മുഴുവൻ ഈ കള്ളൻ്റെ പെണ്ണായിട്ടാണ് ഈ ഇന്ദു ജീവിക്കാൻ പോകുന്നത് “

ഒന്നും പറയാൻ കഴിയാതെ നിൽക്കുന്ന അവൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി സങ്കടക്കണ്ണീർ വാർക്കുക യായിരുന്നു ഇന്ദു.

ഇരുട്ടിൽ ആലിംഗനബദ്ധരായി നിൽക്കുന്ന അവർക്കരികിലേക്കപ്പോൾ കൂട്ടം തെറ്റിയ ഒരു മിന്നാമിനുങ്ങ് പതിയെ പാറി വരുന്നുണ്ടായിരുന്നു.

തനിക്കും ഹരിയ്ക്കും ആശംസകൾ അറിയിക്കാൻ വരുന്ന തൻ്റെ ലേഖയുടെ ആത്മാവാണ് ആ മിന്നാമിനുങ്ങ് എന്ന ചിന്തയിൽ ഇന്ദുവിൻ്റെ കണ്ണു നിറഞ്ഞു തുടങ്ങിയിരുന്നു.

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *