നിനക്ക് ഭ്രാന്താണ്. ഈ ദുരൂഹതകളും നിഗൂഢതകളുമെല്ലാം എഴുതിയെഴുതി അവസാനം…..

മരിക്കാത്ത ദുരൂഹതകൾ

Story written by Irshad KT

ചെറിയ ചാറ്റൽ മഴയിൽ നനഞ്ഞു കുതിർന്നിരിക്കുന്ന തെരുവുകൾ ,വല്ലപ്പോഴും ഞങ്ങളെ മറികടന്നു പൊകുന്ന ചെറിയ വാഹനങ്ങൾ ,റോഡരികിലെ ഫുട്പാത്തുകളിലും ബസ്റ്റോപ്പുകളിലും ഒന്ന് തലചായ്ക്കാനിടം തേടി അലയുന്ന യാചകർ ,വല്ലപ്പോഴും കാണുന്ന ചെറിയ കടകളുമെല്ലാം താണ്ടി നാടുകാണി ചുരത്തിലേക്ക് പ്രവേശിക്കുമ്പോൾ സമയം രാത്രി 2,00 മണി .ഒരല്പം ഉറക്കച്ചടവ്‌ തോന്നിയപ്പോൾ വണ്ടിയൊന്നു ഒതുക്കി .തൊട്ടടുത്തിരിക്കുന്ന റഷീദിന്റെ നേരെ കൈനീട്ടി .അവനെന്നെ നോക്കിചിരിച്ചു .ശേഷം പോക്കറ്റിൽ നിന്നൊരു വിൽസിന്റെ പാക്കറ്റ് എടുത്തു കയ്യിലേക്ക് വെച്ച് തന്നു .പോകെറ്റിലുണ്ടായിരുന്ന ലൈറ്ററെടുത്തു ഞാനെന്റെ സിഗററ്റിനെ ചുണ്ടോടടുപ്പിച്ചു കുറച്ചു പുകയെടുത്തു .ശേഷം തലയുയർത്തി ചുണ്ടിൽ വന്ന ഏതോ ഈരടിയുടെ താളത്തിൽ ഇരുട്ടിലേക്ക് ഊതിവിട്ട പുക കാറ്റിലലിഞ്ഞില്ലാതെയായി .പതിയെ പ്രകൃതിയെ എന്നിലേക്കാവാഹിച്ചു സിഗററ്റിന്റെ ലഹരിയെപുല്കിയപ്പോൾ വന്ന ഉറക്കം എവിടേക്കോ അകന്നു പോയി .

വിൽസിന്റെ പാക്കറ്റിൽ നിന്നൊരു സിഗററ്റെടുത്തു ഞാൻ റഷീദിന് നേരെ നീട്ടി. ശേഷം അവന്റെ തോളിൽ കൈ വെച്ച് പറഞ്ഞു.

“നിനക്കറിയാമോ? യാത്രകൾ തരുന്ന ഉന്മേഷം അത്‌ മറ്റൊന്നിനും തരാൻ കഴിയില്ല. ആളും ആരവങ്ങളും ബഹളങ്ങളുമൊന്നുമില്ലാത്ത വിജനമായ പാതകളിലൂടെയങ്ങനെ ലക്ഷ്യമില്ലാതെ കറങ്ങണം. അവിടെ നമ്മെപ്രതീക്ഷിച്ചിരിക്കുന്ന നിഗൂഢതകളിലേക്കിറങ്ങി ചെല്ലണം.. ആ നിഗൂഢതകളിൽ നിന്നു മുരുട്ടിക്കുഴച്ചെടുക്കുന്ന അക്ഷരങ്ങളെ തൂലികയിലേക്ക് പകർത്തി വായനക്കാരന്റെ ഹൃദയമിടിപ്പ് കൂട്ടണം. വല്ലാത്തൊരനുഭൂതി… ആഹാ “

എന്റെ കയ്യിൽ നിന്നും വാങ്ങിയ സി ഗററ്റിന് തീ കൊളുത്തി റഷീദ് ആഞ്ഞു വലിച്ചു.

“നിനക്ക് ഭ്രാന്താണ്. ഈ ദുരൂഹതകളും നിഗൂഢതകളുമെല്ലാം എഴുതിയെഴുതി അവസാനം നിന്റെ അന്ത്യവും ഇതുപോലൊക്കെത്തന്നെയായിരിക്കും. “

ഞാൻ ചിരിച്ചു.

“അങ്ങനെ സംഭവിച്ചാൽ വളരെ സന്തോഷം..നിനക്കറിയാമോ? ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു അപസർപ്പക എഴുത്തുകാരനായി ഞാൻ മാറിയതിന്റെ പിന്നിലുള്ള അധ്വാനം.അതിനു വേണ്ടി ഞാൻ സഞ്ചരിച്ച വഴികൾ. ചിന്തകളെ സ്വതന്ത്രമായി പറത്തിവിട്ട് അത് പോകുന്ന വഴികളിൽ കല്ലുകളും മുള്ളുകളും ഞാൻ തന്നെ കൊണ്ടിട്ട് അതിന് മുകളിൽ ചവിട്ടി നടന്ന് സൃഷ്ടിച്ചെടുക്കുന്ന രംഗങ്ങൾക്ക് വായനക്കാരന്റെ മനസ്സിൽ ജീവനുള്ള ദൃശ്യങ്ങളാക്കി മാറ്റിയെടുക്കാനുള്ള കഷ്ടപ്പാട്. ഇതിനിടയിൽ ഞാൻ മരിച്ചു പോയാലും ആ ചിന്തകൾ ഇവിടെ തന്നെ തങ്ങി നിൽക്കും.അവയിങ്ങനെ ദുരൂഹതകൾക്ക് പിന്നിൽ അലഞ്ഞു നടക്കും “

വിശ്വാസം വരാത്ത പോലെ അവനെന്റെ കണ്ണിൽ നോക്കി.

“നീയിതെന്തു ഭ്രാന്താടാ ഈ പറയുന്നത്? മരിച്ചാൽ നിന്റെ ചിന്തകളിവിടെ ദുരൂഹതകളന്വേഷിച്ചു നടക്കുമെന്നോ. കൊള്ളാം.. ഒരു സിനിമ പിടിക്കാനുള്ള വകുപ്പുണ്ട്.. “

ഞാൻ വിശദീകരിച്ചു.

“നീ ഡോക്ടർ ഇവാൻ സ്റ്റീവൻസൺ എന്ന് കേട്ടിട്ടുണ്ടോ.? അദ്ദേഹം ഈ തിയറിയെ കുറിച്ച് ഒരുപാട് പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ഈ വിഷയത്തിൽ ഒരുപാട് ഗവേഷണം നടത്തിയിട്ടുള്ള ആളാണ് കക്ഷി. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഒരു മനുഷ്യൻ മരണപ്പെടുമ്പോൾ നശിച്ചു തുടങ്ങുന്നത് അയാളുടെ ശരീരം മാത്രമാണ്. അയാളുടെ ചിന്തകളും ഓർമ്മകളും അയാളുടെ ഉള്ളിൽ ശേഖരിക്കപ്പെട്ടിട്ടുള്ള അറിവുകളും ഈ ഭൂമിയിൽ തന്നെ നിലനിൽക്കും. അവ ജീർണ്ണിച്ചു പോവില്ല.അപ്പൊ തീർച്ചയായും ഞാൻ മരിച്ചാലും എന്റെ ചിന്തകൾ ദുരൂഹതകൾക്ക് പുറകിലാവും. “

ബാക്കി പറയാൻ റഷീദ് അനുവദിച്ചില്ല.

“തല്ക്കാലം നീ വണ്ടി വിട്ടേ. ഇതെല്ലാം കേട്ടാൽ അവസാനം എനിക്കും ഭ്രാന്താവും. “

എരിഞ്ഞു തീരാറായ സി ഗററ്റ് താഴെയിട്ട് ചവിട്ടിക്കെടുത്തി ഞാൻ പതിയെ വണ്ടിയെടുത്തു. എന്റെ ആൾട്ടോ കാർ സ്വതസിദ്ധമായ ഞരങ്ങലും മൂളലുമായി ചുരം വളവുകൾ താണ്ടി. ഹൈറേഞ്ച് എന്ന് കേട്ടാൽ എന്നെപ്പോലെ തന്നെ ആവേശമാണവനും.

ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് വല്ലപ്പോഴും കടന്നു പോകുന്ന വാഹനങ്ങൾ ആ വനമേഖലയുടെ ഭീകരതയെ കുറക്കാൻ ഒട്ടും പര്യാപ്തമായിരുന്നില്ല.അരണ്ട നിലാവിന്റെ വെളിച്ചത്തിൽ ഇടയ്ക്കിടെ മരങ്ങൾക്കിടയിലൂടെ നീലഗിരിക്കുന്നുകളുടെ ദൃശ്യങ്ങൾ കാണാം. റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന കൂറ്റൻ മരങ്ങളും ഉരുൾ പൊട്ടലിൽ റോഡിന്റെ വശങ്ങളിലേക്ക് വന്നടിഞ്ഞ വലിയ ഉരുളൻ പാറകളും ഇടയ്ക്കിടെ കേൾക്കുന്ന അവ്യക്തമായ ശബ്ദശകലങ്ങളും ആ ഭീകരതക്ക് ആക്കം കൂട്ടി.

പെട്ടെന്നാണ് വളവു തിരിഞ്ഞൊരു ലോറി റോങ്ങ്‌ സൈഡിൽ കയറിവന്നത്. അതിന്റെ വെളിച്ചം കണ്ണിലേക്കടിച്ചതും ഷോക്കേറ്റവനെപ്പോലെ ഞാൻ തരിച്ചു നിന്നു. പെട്ടെന്ന് മനസ്സാന്നിധ്യം വീണ്ടെടുത്ത് റോഡിന്റെ ഇടതു ഭാഗത്തേക്ക്‌ പൂർണ്ണമായും സ്റ്റിയറിങ് വളച്ച ഞാൻ മുന്നിൽ രൂപപ്പെട്ട വലിയ കൊക്കയുടെ മുന്നിൽ ബ്രെക്കിട്ടു നിർത്തി. ഒരൊറ്റ നിമിഷത്തിനുള്ളിൽ എല്ലാം കഴിഞ്ഞു. ഞങ്ങളുടെ രണ്ടു പേരുടെയും ശ്വാസഗതികൾ ഉച്ചസ്ഥായിയിലായി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കി വരുമ്പോഴേക്കും ആ ലോറി അടുത്ത വളവിൽ മറഞ്ഞിരുന്നു.

ആ ഞെട്ടലിൽ നിന്ന് മുക്തമാവാൻ കുറച്ചു സമയമെടുത്തു. റഷീദിന്റെ പേടിച്ചരണ്ട മുഖം കണ്ട് ഞാൻ ചിരിച്ചു..

“പേടിച്ചു പോയോ? “.

ആ ചോദ്യം അവനെ ചൊടിപ്പിച്ചു.

“പിന്നെ പേടിക്കാതെ… നീയെന്തു പണിയാ കാണിച്ചേ..ആ ലോറിയുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം വളവു തിരിയുന്നതിന്റെ മുൻപേ നീ കണ്ടതല്ലേ? നിനക്കാദ്യമേ ശ്രദ്ധിക്കായിരുന്നു. നമ്മളും ഏറെക്കുറെ റോങ്ങ്‌ സൈഡായിരുന്നല്ലോ. “

“ഇല്ല. ഞാൻ കണ്ടില്ല.. “

എന്റെ മറുപടി വീണ്ടും അവനെ ദേഷ്യം പിടിപ്പിച്ചു.

“എങ്ങനെ കാണാനാ. എന്തെങ്കിലും ദുരൂഹതകൾ കിട്ടുമോന്ന് നോക്കിയല്ലേ പോക്ക്. കുറച്ചു കൂടി മുന്നോട്ട് പോയിരുന്നെങ്കിൽ വലിയൊരു ദുരൂഹതക്കുള്ള സ്കോപ് ഉണ്ടായേനെ “.

ഞാൻ ചിരിച്ചു.

“ശരിയാണല്ലോ. ഒരു വെറൈറ്റി തീം. ആ ലോറി നമ്മളെ ഇടിച്ചുവെന്ന് സങ്കൽപ്പിക്കുക. പിന്നീടെന്തു സംഭവിക്കും?.. മുന്നിൽ കാണുന്ന അഗാധമായ കൊക്കയിലേക്ക് വീഴുമ്പോൾ നമ്മുടെ മനസ്സ് സഞ്ചരിക്കുന്ന വഴികൾ ഒരു പക്ഷെ ഭീതിജനകമായിരിക്കും. മരണത്തിന്റെ വാതിലിൽ എത്തി നിൽകുമ്പോൾ നീയും ഞാനും ഉറക്കെ നിലവിളിക്കുമോ? അതോ മനസ്സ് മരവിച്ച അവസ്ഥയിൽ നിർവികാരരായി നിശ്ചലമായി അനിവാര്യമായ വിധിയെ പ്രതീക്ഷിച്ചിരിക്കുമോ? “.

ക്ഷമ നശിച്ച റഷീദിന്റെ ശബ്ദമുയർന്നു..

“നിന്റെ ഓരോ നശിച്ച ചിന്തകൾ… ഒന്ന് നിർത്തിക്കേ. വണ്ടിയെടുക്ക്. നമുക്ക് പോകാം “

അവന്റെ ദേഷ്യം പിടിച്ച മുഖം എന്നെ ഹരം പിടിപ്പിച്ചു. ഞാൻ പതിയെ വണ്ടി പുറകിലേക്കെടുത്തു റോഡിലേക്കിറക്കി. സ്റ്റീയറിങ് വളച്ചു മുന്നോട്ടെടുത്തപ്പോൾ താഴെ അടുത്ത ഹെയർപിൻ വളവിൽ നേരത്തെ ഞങ്ങളുടെ വണ്ടിക്കെതിരെ വന്ന പാണ്ടി ലോറി അതിവേഗത്തിൽ ചുരമിറങ്ങുന്നതു കാണാമായിരുന്നു.

ഞാൻ വണ്ടിയുടെ വേഗത കുറച്ച് ആ ലോറിയെ ശ്രദ്ധിച്ചു. അതിന്റെ പോക്ക് അത്ര പന്തിയല്ല.

ശേഷം റഷീദിന്റെ മുഖത്തേക്ക് നോക്കി.

“ടാ.. ആ ലോറിയുടെ പോക്ക് കണ്ടിട്ട് നിനക്കെന്തേലും തോന്നുന്നുണ്ടോ? “

റഷീദിന്റെ മുഖത്ത് പുച്ഛഭാവം

“ദുരൂഹത തോന്നുന്നുണ്ടാവും ല്ലേ? “.

ഇടതു കൈ കൊണ്ട് ഗിയർ മാറ്റി ഞാൻ തുടർന്നു.

“യെസ്. അവർ മനപ്പൂർവം നമ്മെ കൊല്ലാൻ ശ്രമിച്ചതായിക്കൂടെ. അല്ലെങ്കിൽ എന്ത് കൊണ്ട് അവർ വാഹനം നിർത്താതെ പോയി?. നീ നോക്കിക്കോ ഈ നിലാവിന്റെ വെളിച്ചത്തിൽ ഞാനൊരു കാഴ്ച്ച നിന്നെ കാണിക്കാം.. എന്റെ ഊഹങ്ങൾ തെറ്റുന്നതെനിക്കിഷ്ടമില്ല. “

റഷീദിന്റെ മുഖത്ത് അപ്പോഴും അതേ പുച്ഛഭാവം സ്ഥായിയായി നിലകൊണ്ടു.

എനിക്ക് വാശിയേറി.ഞാൻ വണ്ടിയുടെ വേഗത കൂട്ടി. എട്ടാമത്തെ വളവിൽ നിന്ന് നോക്കിയാൽ നേരത്തെ ഞങ്ങളുടെ വണ്ടി നിയന്ത്രണം വിട്ട് പതിക്കേണ്ടിയിരുന്ന മലഞ്ചേരിവിന്റെ താഴ്ഭാഗം കാണാം. ചുരത്തിലെ രണ്ടാമത്തെ വളവിൽ നിന്നും ഈ താഴ്‌വര വളരെ വ്യക്തമായി കാണാമെന്നതിനാൽ ആ വളവിൽ ഈ ലോറി നിർത്തി അതിലുണ്ടായിരുന്നവർ താഴേക്ക് നോക്കുമെന്നെനിക്കുറപ്പായിരുന്നു. അങ്ങനെ അവരവിടെ വണ്ടി നിർത്തിയാൽ മനപ്പൂർവം അപകടപ്പെടുത്താൻ ശ്രമിച്ചതാണ് എന്നയെന്റെ ഊഹം ശരിയാവും.

വളരെ വേഗത്തിൽ ചുരം വളവുകൾ താണ്ടി എന്റെ വാഹനം എട്ടാമത്തെ ഹെയർ പിൻ വളവിനടുത്തെത്തിയതും ഞാൻ വണ്ടിയൊതുക്കി.

“വാ. ഇറങ്ങ്.. ഒരു കാഴ്ച്ച കാണിച്ചു തരാം “

ഞാൻ റഷീദിനെ വിളിച്ചു.

ഞങ്ങൾ രണ്ടുപേരും സംരക്ഷണഭിത്തിയിൽ കയറി നിന്ന് താഴോട്ട് നോക്കി. ഏതാനും നിമിഷങ്ങൾക്കകം ലോറി രണ്ടാം വളവിൽ നിർത്തി. പൂർണ്ണമായും വ്യക്തമല്ലെങ്കിലും അത് ഞങ്ങളുടെ നേരെ വന്ന ലോറിയാണെന്നെ നിക്കുറപ്പായിരുന്നു. ലോറിയിൽ ഒരു ടോർച്ലൈറ്റിന്റെ പ്രകാശം താഴ്‌വരയിലേക്ക് പതിക്കുന്നത് കണ്ടതോടെ ഞാൻ റഷീദിന്റെ തോളിൽ കൈ വെച്ചു.

“ഇപ്പോഴെങ്ങനെയുണ്ട് ?. അവർ നമ്മുടെ കാർ കൊക്കയിലേക്ക് വീണു പോയിട്ടുണ്ടോന്ന് നോക്കുന്നത് കാണുന്നില്ലേ? . നമ്മെ അപകടപ്പെടുത്താൻ ശ്രമിച്ചതാണെന്നു വ്യക്തം “

“പക്ഷെ എന്തിന്? ആരാണവർ? “

റഷീദ് സംശയത്തോടെ ചോദിച്ചു.

ഞാൻ അവനെയും കൂട്ടി കാറിലേക്ക് നടന്നു.

” അറിയില്ല. പക്ഷെ ഞാനത് കണ്ടുപിടിക്കും. ആ ലോറി നമ്പർ എന്റെ മനസ്സിലുണ്ട്. എന്റെ ചിന്തകളിൽ പുതിയ സമവാക്യങ്ങൾ ചേർത്തു വെച്ച് ഞാൻ കണക്കുകൂട്ടലുകൾ ആരംഭിക്കട്ടെ “.

ഞാൻ വേഗം ഫോണെടുത്തു RTO ഓഫീസിലുള്ള ജംഷിദിന് വിളിച്ചു .ഫോൺ എടുത്തതും കേട്ടത് തെറിയാണ്. ഉറക്കം കളഞ്ഞതിനുള്ള ദേഷ്യമാണ് .അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .എനിക്കിതു തന്നെയല്ലേ പണി .ഇത്തരത്തിലുള്ള അന്വേഷണത്തിന്റെ കാര്യത്തിൽ ഒന്നും അടുത്ത ദിവസത്തിലേക്ക് മാറ്റി വെക്കുന്ന പതിവില്ല .രാത്രിയായാലും, പകലായാലും, തെറി കേട്ടാലും, ഇല്ലെങ്കിലും ഞാൻ വിളിക്കും .അതാണ് ശീലം .ഏതായാലും വണ്ടി നമ്പർ കൊടുത്തു. അവൻ ഓഫീസിലെത്തിയിട്ട് പറഞ്ഞുതരാമെന്നേറ്റിട്ടുണ്ട് .

ഞങ്ങൾ വീണ്ടും വണ്ടിയെടുത്തു യാത്ര തുടർന്നു.

സൂര്യനുദിച്ചപ്പോഴേക്ക് ഞങ്ങൾ ഊട്ടിയിലെത്തി .അവിടെ സുഹൃത്ത് ബാബുവിന്റെ റിസോർട്ടിൽ പോയി ഞങ്ങൾ ഫ്രഷായി .ശേഷം തൊട്ടടുത്ത ഹോട്ടലിൽ ചെന്ന് നല്ല ചൂട് മസാലദോശയും ഒരു ചായയും ഓർഡർ ചെയ്തു.

മസാലദോശയോട് എന്നും എനിക്ക് വല്ലാത്തൊരിഷ്ടമാണ് .എന്തോക്കെയോ ചില ദുരൂഹതകൾ ഒളിപ്പിച്ചു വെച്ച് മടക്കി പൊതിഞ്ഞൊരു വസ്തു .പ്ലേറ്റിൽ മുന്നിൽ കൊണ്ടു വെച്ച് തരുമ്പോൾ അതിന്റെ ചുരുളുകൾ ഒന്നൊന്നായി നിവർത്തി നോക്കി അതിനുള്ളിൽ ഒളിപ്പിച്ചു വച്ചതിനെ പുറത്തെടുക്കാൻ ഭയങ്കര ആവേശമായിരുന്നു .അങ്ങനെ മസാല ദോശയുടെ ദുരൂഹതകൾ അഴിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ജംഷിദിന്റെ Watsapp മെസ്സേജ് വന്നത്.

തുറന്നു നോക്കുമ്പോൾ ആ ലോറിയുടമസ്ഥന്റെ അഡ്രസ് .

മൊയ്‌ദീൻ കുട്ടി.

കട്ടിലത്തൊടി ഹൌസ്.

ഇരുമ്പുഴി.

മലപ്പുറം.

ഞാൻ ആ അഡ്രസ് എടുത്തു ഫോൺ റഷീദിന് നേരെ നീട്ടി .

“ഇയാളെ നിനക്കറിയോ ?”.

റഷീദ് നിഷേധാർത്ഥത്തിൽ തലയാട്ടി .

“ഇല്ല “.

ഞാൻ ഫേസ്ബുക് തുറന്നു ആ പേര് സേർച്ച് ചെയ്തു ..

ഒരുപാട് മൊയ്‌ദീൻ കുട്ടിയുണ്ട് ലിസ്റ്റിൽ .പക്ഷെ അതിൽ ലോറിയുടെ വളയം പിടിച്ചു കൂളിംഗ് ഗ്ലാസ്സിട്ട ഒരു മൊയ്‌ദീൻ കുട്ടിയുടെ പ്രൊഫൈൽ ഓപ്പൺ ചെയ്തു നോക്കി .ആ ഫോട്ടോ കണ്ടപ്പോൾ കുറച്ചൊക്കെ പരിചയം തോന്നുന്നു .സ്ഥലം ഇരുമ്പുഴി തന്നെ.

ആ പ്രൊഫൈൽ വിശദമായി പരിശോധിച്ചു.ഒരുപാട് ചിത്രങ്ങളുണ്ട് .അവനും എനിക്കും 2 മ്യൂച്ചൽ ഫ്രണ്ട്‌സാണുള്ളത് . അതിലൊരാളുടെ നമ്പർ എന്റെ കയ്യിലുണ്ട് .

കുട്ടൻ.

അവനെ വിളിച്ചന്വേഷിച്ചപ്പോൾ കുറച്ചു ഡീറ്റെയിൽസ് കിട്ടി .

ലോറിയിപ്പോൾ ഓടുന്നത് ലൗഡ്‌സ് എന്നൊരു ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ടിയാണു .ഡ്രൈവറും അവരുടെ സ്റ്റാഫ് ആണ്

ഉടൻ ബാംഗ്ലൂരിലുള്ള ഷാഫിയെ വിളിച്ചു കാര്യം പറഞ്ഞു .ഡീറ്റെയിൽസ് വാട്സാപ്പ് ചെയ്തു.

ഇന്നലെ രാത്രി ആ വണ്ടിയോടിച്ച ഡ്രൈവറെ കിട്ടണം .അവൻ അവന്റെ ബാംഗ്ലൂർ കണക്ഷൻസ് ഉപയോഗിച്ച് മിനുറ്റുകൾക്കകം ഷാഫി ആ ഡ്രൈവറുടെ ഡീറ്റെയിൽസ് പൊക്കി .

ദുരൈസ്വാമി . ഉത്തർപ്രദേശ് സ്വദേശി . ഏതാനും ദിവസം മുൻപാണ് ലൗഡ്‌സ് കമ്പനിയിൽ ജോലിക്ക് കയറിയത് . അതിനു മുൻപ് ചെന്നൈയിൽ ഒരു ക്വട്ടേഷൻ സംഘത്തിലായിരുന്നു . ഒരു ഫോട്ടോയും ഷാഫി വാട്സാപ്പ് ചെയ്തിരുന്നു .

“INTERESTING …..”

ഞാൻ മനസ്സിൽ പറഞ്ഞു

ആ ഫോട്ടോ ചെന്നൈയിലുള്ള വിഘ്‌നേശിന് വാട്സാപ്പിൽ അയച്ചു .ശേഷം വിശദമായ ഒരു വോയ്‌സ് മെസ്സേജും .

എന്റെ അന്വേഷണം തകൃതിയായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

ഞാൻ ഭയങ്കര ആവേശത്തിലായിരുന്നെങ്കിലും റഷീദിന് ഈ കാര്യങ്ങളൊക്കെ വല്ലാതെ മടുപ്പുണ്ടാക്കുന്നുവെന്നു അവന്റെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു .

ചായ കുടി കഴിഞ്ഞതിനു ശേഷം ബാബുവിന്റെ റിസോർട് മുറിയിൽ ഞങ്ങൾ രണ്ടു പേരും ഒന്ന് വിശ്രമിക്കാൻ കിടന്നു .റഷീദ് എന്റെയടുത്തു വന്നിരുന്നു ചോദിച്ചു.

“സത്യത്തിൽ നമ്മളിങ്ങോട്ട് വന്നതിന്റെ ഉദ്ധേശമെന്താണ്? “.

ഞാൻ ചിരിച്ചു.

“ട്രിപ്പ്‌ “.

അവൻ ദേഷ്യപ്പെട്ടു.

“ആണല്ലോ. അല്ലാതെ കേസന്വേഷണമല്ലല്ലോ? “

ഞാൻ മറുപടി പറഞ്ഞു.

“അല്ല. എന്നാൽ ഇതും ട്രിപ്പുമായി ബന്ധപ്പെട്ട ഒരനുഭവം തന്നെയല്ലേ. ഏതായാലും നമുക്കൊന്നുറങ്ങാം. ക്ഷീണം മാറ്റിയിട്ട് നേരെ അവലാഞ്ചി പിടിക്കാം.പിന്നെ അട്ടപ്പാടി…… “

മറുഭാഗത്തു നിന്നൊരു മൂളൽ മാത്രം.

ഉറക്കം ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു .തൽക്കാലം ചിന്തകൾക്ക് അല്പം വിശ്രമം കൊടുത്ത് ഞങ്ങൾ കിടന്നു. വല്ലാത്തൊരു ക്ഷീണം ശരീരത്തെ പിടികൂടിയിരുന്നു .ശീതീകരിച്ച മുറിയിൽ യാത്രയുടെ പകുതി വഴിയിൽ ഞാനുറക്കത്തെ പുൽകി.

ഗാഢമായ ഉറക്കം !

കണ്ണു തുറന്നപ്പോൾ നിൽക്കുന്ന സ്ഥലത്തെകുറിച്ചു യാതൊരു ധാരണയും എനിക്കുണ്ടായിരുന്നില്ല .മുറിയിലാകെ വല്ലാത്തൊരു രൂക്ഷ ഗന്ധം. മുറിയിൽ അങ്ങിങ്ങായി കാണുന്ന ചെറിയ ബൾബുകളിൽ നിന്നുള്ള അരണ്ട വെളിച്ചത്തിൽ ഒരുപാട് വീതി കുറഞ്ഞ മേശകൾ കാണാം. ഭയങ്കരമായ തണുപ്പ് ശരീരത്തിലരിച്ചു കയറുന്നു. മരവിച്ചു പോകുന്ന തണുപ്പ്.

ഞാനിതെവിടെയാണ്?

എണീക്കാൻ ശ്രമിച്ചെങ്കിലും ശരീരം ഒന്നനക്കാൻ പോലും പറ്റുന്നില്ല. ശരീരമാകെ മുറിവുകൾ. പലയിടത്തും തൊലികൾ തമ്മിൽകൂട്ടിതുന്നിയിട്ടുണ്ട്. എങ്കിലും ഒരു തരി വേദന പോലുമില്ല. മങ്ങിയ വെളിച്ചം മാത്രമുള്ള ആ മുറിയിൽ വെള്ളവസ്ത്രം പുതച്ചു എന്റെ തൊട്ടടുത്ത ടേബിളിൽ കിടത്തിയിരിക്കുന്നത് റഷീദിനെയാണോ.?

******************************

സൂര്യനുദിക്കുന്നതിനു മുന്നേ ചായക്കടക്കാരൻ മുസ്തഫ തന്റെ കടയിൽ ജോലികളിൽ വ്യപൃതനായിരുന്നു . സുബ്ഹി നമസ്കാരത്തിന് ശേഷം പതിവായുള്ള ചർച്ചകളുടെ കേന്ദ്രം കൂടിയായിരുന്നു ഈ ചായക്കട .എന്നും രാവിലെ നേരത്തെ എത്തുന്ന കുറച്ചു പേർ പത്രത്തിൽ അന്ന് വന്ന പ്രധാനപ്പെട്ട വാർത്തകളെക്കുറിച്ചു വായിച്ചു അതിന്റെ ഉള്ളടക്കത്തെക്കുറിച്ചു കൂലങ്കഷമായി ചർച്ച ചെയ്യും .ഖാദർക്കയാണ് ന്യൂസ്‌റീഡർ .കാരണം റോഡിലൂടെ നടന്നു പോകുന്ന സകല ആളുകൾക്കും കേൾക്കുന്ന തരത്തിൽ ഉച്ചത്തിലായിരിക്കും അദ്ദേഹത്തിന്റെ പത്രം വായന .ബാക്കിയുള്ളവർക്ക് ചായ കുടിച്ചു വെറുതെ കേട്ടിരുന്നാൽ മതി .

അന്നും പതിവ് പോലെ ചായക്കടയിൽ തന്റെ ചുറ്റും കൂടിയിരിക്കുന്ന കുറച്ചു സുഹൃത്തുക്കളെയും നാട്ടുകാരെയും നോക്കി തന്റെ മുന്നിൽ വെച്ചിരിക്കുന്ന ചായയെടുത്തു ഒരിറുക്ക് കുടിച്ചതിനു ശേഷം ഖാദർക്ക പത്രമെടുത്തു നിവർത്തി .ബാക്കിയുള്ളവർ വാർത്തകൾക്ക് വേണ്ടി ചെവിയോർത്തിരുന്നു. .ഖാദർക്ക തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആ വാർത്തയുറക്കെ വായിച്ചു .

“നാടുകാണി ചുരത്തിൽ വാഹനാപകടം. യുവ എഴുത്തുകാരനും, സുഹൃത്തും കാർ കൊക്കയിലേക്ക് വീണു കൊല്ലപ്പെട്ടു .മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ “

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *