അന്നാണ് എന്റെ അമ്മു ഉദരത്തിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞത്…ആദ്യം ഒരു വിഷമം ആയിരുന്നു……

സുകൃതം

എഴുത്ത്:- ഹരി കിഷോർ

“””അങ്കിളിനു എന്റെ അമ്മയെ കല്യാണം കഴിക്കാൻ പറ്റുമോ ????”””പെട്ടെന്നുള്ള അമ്മുവിന്റെ ചോദ്യത്തിന് മുന്നിൽ മഹാദേവൻ ഒന്ന് പതറി പോയി….കുറച്ചു നേരത്തേക്ക് മഹാദേവന്റെ ഭാഗത്തു നിന്ന് മറുപടി ഒന്നും കിട്ടാഞ്ഞപ്പോൾ അമ്മു പറഞ്ഞു

“”ആലോചിച്ചു പറഞ്ഞ മതി അങ്കിളേ …ഒരുപാട് ആയി എന്റെ മനസിനെ അലട്ടുന്ന ഒരു ചോദ്യമാണ് …ഇന്നെന്തോ തുറന്നു ചോദിക്കണം എന്ന് തോന്നി ….”””

“”അമ്മു കുട്ടിക്ക് അസ്തമയ സൂര്യന് കടലിലേക്ക് താഴ്ന്നു പോകുന്നത് കാണണ്ടേ ???ദേ ഇപ്പോൾ താഴും നോക്കെ ….”” കടലിലേക്ക് കൈ ചൂണ്ടി കൊണ്ട് മഹാദേവൻ പറഞ്ഞു …അയാളുടെ കൈ നീണ്ട ഭാഗത്തേക്ക്‌ വീൽ ചെയറിൽ ഇരുന്ന അമ്മുവിന്റെ കണ്ണുകളും നീണ്ടു ….

ഒരു മിനിറ്റ് നേരം കൊണ്ട് സൂര്യൻ ഭൂമി വിട്ടകന്നു …ആകാശം ചെമ്പട്ടണിഞ്ഞു …അമ്മു ആകാശത്തേക്ക് നോക്കി …പക്ഷികൾ പറക്കും പോലെ ഉയരത്തിൽ പട്ടങ്ങൾ പാറി പറക്കുന്നു …അതിന്റെ ചരടുകൾ കൈയിൽ പിടിച്ചു ഇങ്ങു താഴെ കുട്ടികളും മുതിർന്നവരും സന്തോഷം കണ്ടെത്തുന്നു ….

“”അത് പോലെ ഉയരത്തിൽ പറക്കണം അങ്കിളേ എനിക്ക് …. “‘” ഏറ്റവും ഉയരെ ഉള്ള പട്ടം ചൂണ്ടി അമ്മു പറഞ്ഞു ….

“”പക്ഷേ ……..””” മുഖം താഴ്ത്തി അമ്മു അത് പറയുമ്പോൾ മഹാദേവൻ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു …

“””എന്ത്‌ പക്ഷേ ??? അത്രയും ഉയരത്തിൽ അല്ല അതുക്കും മേലെ എന്റെ അമ്മു കുട്ടി പറന്നുയരും…അങ്കിൾ ഇല്ലെ എന്റെ മോളുടെ കൂടെ …”””ആ പതിനാലു വയസുകാരിയുടെ മുടിയിൽ വാത്സല്യത്തോടെ തഴുകി കൊണ്ട് ദേവൻ പറഞ്ഞു …

“””എന്നും കാണുമോ അങ്കിളേ ???എന്റെ അച്ഛൻ ആയിട്ട് ???””’ അമ്മു ദേവന്റെ കൈകളിൽ തന്റെ കൈ ചേർത്ത് ചോദിച്ചു …

“””ഗൗരി ടീച്ചർ ???ടീച്ചർക്ക് സമ്മതം ആകണ്ടേ മോളെ ???””‘

“””അമ്മയ്ക്ക് സമ്മതം ആകും അങ്കിളേ …അങ്കിളിനു അറിയോ ഞാൻ എന്താ ഇങ്ങനെ ചോദിച്ചത് എന്ന് …”‘അമ്മുവിന്റെ ചോദ്യം കേട്ട് ഇല്ല എന്നർത്ഥത്തിൽ ദേവൻ തല ചലിപ്പിച്ചു …

“”എന്റെ ഈ പ്രായത്തിനിടയിൽ എന്നെയും അമ്മയെയും നോക്കി സഹതപിക്കുന്ന കണ്ണുകൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളു …ആദ്യമായി ആണ് ഒരാൾ ഞങ്ങളുടെ നേർക്ക് സ്നേഹത്തോടെ ചിരിച്ച മുഖത്തോടെ സംസാരിച്ചു കണ്ടത് …അത് എന്റെ ദേവൻ അങ്കിൾ ആണ് …എന്റെ അമ്മയുടെ മുഖത്തു ഇപ്പോൾ കാണുന്ന ആ ചിരി അങ്കിൾ കാരണം ആണ് …

അങ്കിളിനു അറിയോ ഞാൻ എന്റെ അച്ഛനെ ഇന്ന് വരെ കണ്ടിട്ടില്ല …അമ്മ പറഞ്ഞിട്ടുമില്ല …ഒരിക്കൽ ഒരു അകന്ന ബന്ധു വീട്ടിൽ വന്നപ്പോൾ പറഞ്ഞു അയാൾ ജീവനോടെ ഉണ്ടെന്ന് ..പിന്നെ അവർ അയാളെ പറ്റി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് കാണേണ്ട എന്ന് തന്നെ തോന്നി…

പലപ്പോഴും ഞാൻ വെറുതെ വരയ്ക്കുന്ന ചിത്രങ്ങളിൽ എന്റെ അച്ഛൻ എന്ന് സങ്കല്പിച്ചു ഞാൻ ഓരോ മുഖം വരച്ചു ചേർക്കും ആയിരുന്നു…പക്ഷേ അതൊന്നും എനിക്ക് തൃപ്തി നൽകി ഇരുന്നില്ല …കഴിഞ്ഞ ദിവസം വെറുതെ ഞാൻ അങ്കിളിന്റെ മുഖം വരച്ചു ചേർത്തു ….എനിക്ക് പറയാൻ അറിയില്ല അങ്കിളേ എന്റെ സന്തോഷം എത്രമാത്രം ഉണ്ടായിരുന്നു എന്ന് ..ഇത്രയും കാലം കിട്ടാത്ത എന്തോ ഒന്ന് അപ്പോൾ എനിക്ക് കിട്ടിയ പോലെ … ദേ ഇപ്പോൾ അങ്കിൾ എന്റെ ഒപ്പം നിൽക്കുന്നില്ലേ ഈ സമയം എല്ലാം എനിക്ക് അങ്ങനെ ആണ് ..സ്നേഹമാണോ സുരക്ഷിതത്വം ആണോ വാത്സല്യം ആണോ അറിയില്ല അങ്കിളേ ….എനിക്ക് വേണം അങ്കിളിനെ എനിക്കു കൂട്ടായി എന്റെ അമ്മയ്ക്ക് കൂട്ടായി …വരില്ലേ ….””‘ അമ്മു അപ്പോളേക്കും കരഞ്ഞു പോയിരുന്നു ….

“””അയ്യേ എന്റെ അമ്മു കുട്ടി കരയുവാ … അങ്കിൾ പറഞ്ഞല്ലോ എന്നും കൂടെ ഉണ്ടാകുമെന്നു …പിന്നെ ചിലതൊക്കെ അങ്കിളും മോളും മാത്രം തീരുമാനിച്ച പോരല്ലോ ???”'” അമ്മുവിന്റെ കണ്ണുകൾ തുടച്ചു കൊണ്ട് ദേവൻ പറഞ്ഞു

“”അമ്മ സമ്മതിക്കും അങ്കിളേ ….””‘ദേവന്റെ കൈകളിൽ പിടിച്ചു കൊണ്ട് അമ്മു പറഞ്ഞു …

“”നമുക്ക് നോക്കാം …ഇപ്പോൾ ഓരോ ഐസ് ക്രീം കഴിച്ചാലോ നമുക്ക് ??ബീച്ചിൽ വന്നിട്ടു ഐസ് ക്രീം നുണഞ്ഞില്ലേ പിന്നെ എന്താ ??”” ദേവൻ ചോദിച്ചപ്പോൾ അമ്മു പറഞ്ഞു

“”ഇത് ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കേ ആയിരുന്നു … ഐസ് ക്രീം മാത്രം പോരാ മുളക് ബജി കൂടി വേണം “”‘

“”അമ്പടി കൊതിച്ചി പാറു “” എന്ന് അമ്മുവിന്റെ ഇരു കവിളിലും സ്നേഹത്തോടെ പിച്ചി കൊണ്ട് ദേവൻ പറഞ്ഞു …പിന്നെ അവളുടെ വീൽ ചെയർ പതിയെ ഉരുട്ടി കുശലം പറഞ്ഞു അവർ മുന്നോട്ടു നടന്നു …ഐസ് ക്രീം നുണഞ്ഞു അമ്മുവിനൊപ്പം ഇരിക്കുമ്പോൾ അവൾ പറഞ്ഞത് ഒക്കെയും മനസ്സിൽ തിരയടിച്ചു കൊണ്ടേ ഇരുന്നു …

“””പോകാം …”” ബജിയും കഴിച്ചു കഴിഞ്ഞപ്പോൾ ദേവൻ അമ്മുനോട് ചോദിച്ചു … അവൾ ചിരിച്ചു കൊണ്ട് തലയാട്ടി …അവളെ എടുത്തു കാറിന്റെ മുൻ സീറ്റിൽ ഇരുത്തി സീറ്റ്‌ ബെൽറ്റ്‌ ഇട്ടു കൊടുത്തു ദേവൻ ..ശേഷം വീൽ ചെയർ മടക്കി പിന്നിൽ വച്ചു …കാർ മുന്നോട്ടു നീങ്ങി തുടങ്ങിയതും അമ്മു പുറത്തെ കാഴ്ചകൾ വെറുതെ നോക്കി കണ്ടു …രാത്രി യാത്രകൾ അവളുടെ ജീവിതത്തിൽ അങ്ങനെ ഉണ്ടായിട്ടില്ല

“”പകലിനേക്കാൾ ഭംഗി രാത്രിക്ക് ആണ് അല്ലേ അങ്കിൾ ???”’

“”അതെനിക്കും തോന്നിയിട്ടുണ്ട് അമ്മു …പകലിന്റെ തിരക്കിനേക്കാൾ തിരക്കൊഴിഞ്ഞ നിശബ്ദമായ രാത്രിയിലെ വീഥികൾ ആണ് എനിക്ക് ഇഷ്ടം …ഒരു പക്ഷേ നമുക്ക് ഇഷ്ട്ടമുള്ളവരുടെ ഒപ്പം ആണ് ആ യാത്ര എങ്കിൽ കൂടുതൽ മനോഹരം ആയിരിക്കും ..ദേ ഇപ്പോൾ എന്റെ അമ്മുന്റെ ഒപ്പം ഉള്ളത് പോലെ …””‘ ദേവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“”അമ്മ കൂടി ഉണ്ടായിരുന്നു എങ്കിൽ കൂടുതൽ മനോഹരം ആയേനെ അല്ലേ “”” അതിന് മറുപടി ആയി ദേവൻ ഉറക്കെ ചിരിച്ചു പോയി …

കാർ ചിന്മയ ഫ്ലാറ്റിന്റെ പാർക്കിംഗിൽ ഇടം പിടിക്കുമ്പോൾ നേരം എട്ടിനോട് അടുത്തിരുന്നു …താഴെ നിന്നെ കണ്ടു അവരെ കാത്തു നിൽക്കുന്ന ഗൗരി ടീച്ചറെ ….

“””എന്തെ ഇത്രയും താമസിച്ചു ??? എത്ര തവണ വിളിച്ചു ഞാൻ സാറിനെ ??”” അവർ അടുത്ത് എത്തിയതും ഗൗരി പരിഭ്രമത്തോടെ ചോദിച്ചു …

“”ഓ ഫോൺ സൈലന്റ് ആയിരുന്നു ..സോറി ടീച്ചർ ….”‘” പെട്ടെന്ന് ഫോൺ പോക്കറ്റിൽ നിന്ന് എടുത്തു കൊണ്ട് ദേവൻ പറഞ്ഞു …

“”സാരമില്ല ….”” എന്ന് പറഞ്ഞു അമ്മുവിന്റെ വീൽ ചെയർ ദേവനിൽ നിന്ന് വാങ്ങി ഉരുട്ടി ഫ്ലാറ്റിലേക്ക് കയറി ഗൗരി …

“”വിഷമിക്കേണ്ട അങ്കിളേ അമ്മയുടെ ഈ പരിഭ്രമം എന്നെ കുറച്ചു നേരം കാണാത്തതിന്റെ ആണ് ..””” ദേവനെ നോക്കി കണ്ണിറുക്കി കൊണ്ട് അമ്മു പറഞ്ഞു ..

“”ഞാൻ ഇറങ്ങുവാ …മോളുടെ ഡ്രസ്സ്‌ പെട്ടെന്ന് മാറ്റിയെക്ക് …തിരയിൽ കാലു നനയ്ക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഇറക്കി ഇരുന്നു … “”” ദേവൻ പറഞ്ഞു ..

“”പോകല്ലേ …ആഹാരം എടുത്തു വച്ചിട്ട് ഉണ്ട് അത് കൂടി കൊണ്ട് പൊയ്ക്കോളൂ ..ഇനി ചെന്നു വയ്ക്കാൻ നിൽക്കണ്ട ….”” അത് പറഞ്ഞു അകത്തേക്കു പോയി ഗൗരി ഒരു ക്യാരി ബാഗിൽ ഫുഡ്‌ എടുത്തു തിരികെ വന്നു ദേവന് നേരെ നീട്ടി കൊണ്ട് പറഞ്ഞു …

“””ഒരുപാട് നന്ദി ഉണ്ട് സാർ … അമ്മുന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ നടത്തി കൊടുക്കാൻ ഇങ്ങനെ കൂടെ നിൽക്കുന്നതിന് “””

“””അമ്മു ഇന്ന് അവളുടെ ഒരു വല്യ ആഗ്രഹം പറഞ്ഞിട്ടുണ്ട് ഗൗരി … പറ്റുമെങ്കിൽ താൻ അതിന് ഒന്ന് സമ്മതം മൂളണം …””ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞു ഫുഡ്‌ കൈകളിൽ വാങ്ങി കൊണ്ട് ദേവൻ തന്റെ ഫ്ലാറ്റിലേക്ക് നടന്നു നീങ്ങി …ദേവൻ പറഞ്ഞതിന്റെ പൊരുൾ അപ്പോളും ഗൗരിക്ക് മനസിലായില്ല ….

*************************

അമ്മുവിനെ കുളിപ്പിച്ച് ഭക്ഷണം കൊടുത്തു ഗൗരി …കിടക്കാൻ നേരം ഇന്ന് കടൽ കാണാൻ പോയതിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുക ആയിരുന്നു അമ്മു .. പെട്ടെന്ന് ആണ് ദേവൻ പറഞ്ഞ അമ്മുവിന്റെ ആഗ്രഹത്തെ പറ്റി ഗൗരിക്ക് ഓർമ വന്നത് …..

“””മോളെന്തോ വലിയ ആഗ്രഹം ദേവൻ അങ്കിളിനോട് പറഞ്ഞു എന്ന് പറഞ്ഞു എന്താ അത് ???”””പെട്ടെന്ന് അമ്മു നിശബ്ദ ആയി …അവൾ ഗൗരിയുടെ നെഞ്ചിലേക്ക് തല ചായ്ച്ചു ഗൗരിയുടെ വയറ്റിലൂടെ തന്റെ കൈകൾ ചുറ്റിപിടിച്ചു ….

“”എനിക്ക് …എനിക്ക് ദേവൻ അങ്കിളിനെ അച്ഛനായി വേണം അമ്മ ….””” അമ്മു അത് പറഞ്ഞു കഴിയുമ്പോൾ ഗൗരിയുടെ നെഞ്ചിടിപ്പിന്റെ ഗതി മാറ്റം അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു ….

“””മോളെ …..””” ഗൗരി എന്ത്‌ പറയണം എന്ന് അറിയാതെ വിഷമിച്ചു പോയി …അവർ പോലും അറിയാതെ അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി ….

“””അമ്മ മറുത്തു ഒന്നും പറയരുത് ….എന്റെ അമ്മയെ ഞാൻ ഒന്ന് ചിരിച്ചു കാണുന്നത് അങ്കിൾ വന്നേ പിന്നെ ആണ് … അമ്മ എന്നെ നോക്കെ ഞാൻ എത്ര ഹാപ്പി ആണെന്ന് … എന്റെ ഓരോ ആഗ്രഹങ്ങളും ഒരു ബുദ്ധിമുട്ട് പോലും ഇല്ലാതെ എത്ര സന്തോഷത്തോടെ ആണ് അങ്കിൾ ചെയ്തു തരുന്നേ …അങ്കിളിനും ആരുമില്ല നമുക്കും ആരുമില്ല….നമ്മൾ ഒരുമിച്ച എന്ത് രസം ആയിരിക്കും അമ്മേ …നമ്മുടെ മാത്രം ലോകം …”” അമ്മു പ്രതീക്ഷയോടെ ഗൗരിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു …..അവളുടെ ആ സന്തോഷം കണ്ടപ്പോൾ അത് ഇല്ലാതെ ആക്കാൻ തോന്നി ഇല്ല ഗൗരിക്ക് …പക്ഷേ പെട്ടെന്ന് ഒരു തീരുമാനം പറ്റില്ല …ജീവിതമല്ലേ ….

“””അമ്മ അങ്കിളിനോട് സംസാരിക്കാം ….മോള് ഇപ്പോൾ കിടക്കു ….””” അമ്മുവിന് നെറുകയിൽ മുത്തം നൽകി ഗൗരി ലൈറ്റ് അണച്ചു ….അപ്പോളും ചിന്തകൾ ഗൗരിയുടെ ഉറക്കം കെടുത്തി കൊണ്ടേ ഇരുന്നു …..

*******************************

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു ..അമ്മുവിനെ ചിത്ര പഠന ക്ലാസിൽ ആക്കിയ ശേഷം തിരിച്ചു വന്ന ഗൗരി ദേവനോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു ….ഗൗരിയുടെ ഓപ്പോസിറ്റ് ഫ്ലാറ്റിൽ തന്നെയാണ് ദേവന്റെ താമസം ഒരേ സ്കൂളിൽ തന്നെ ആണ് ഇരുവരും ..സഹ അധ്യാപകനിൽ നിന്ന് സുഹൃത്തിലേക്കുള്ള ദൂരം അങ്ങനെ ആണ് കുറഞ്ഞതും …ഗൗരി കാളിങ് ബെൽ അമർത്തി കാത്തു നിന്നു ….വാതിൽ തുറന്നതും

“”ആ ടീച്ചറോ….അമ്മു എവിടെ ??”” പുറത്തേക്ക് നോക്കി കൊണ്ട് ദേവൻ ചോദിച്ചു …

“”ഇന്ന് ഞായർ അല്ലേ ഡ്രോയിങ് ക്ലാസ്സ്‌ ഉണ്ട് ..ഞാൻ കൊണ്ടാക്കിയിട്ട് വന്നേ ആണ് …സാർ ഫ്രീ ആണേൽ കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു …”‘ഗൗരി പറഞ്ഞു …

“”ഞാൻ ഫ്രീ ആണെടോ ..കുറച്ചു തുണി നനയ്ക്കാൻ ഉണ്ടായിരുന്നു അത് കഴിഞ്ഞു …താൻ വാ അകത്തു ഇരുന്നു സംസാരിക്കാം …””ദേവൻ പറഞ്ഞു…ഗൗരി അകത്തേക്ക് നടന്നു …ഹാളിലെ സോഫയിൽ അഭിമുഖമായി ഇരിക്കുമ്പോൾ ഇരുവർക്കും ഇടയിൽ മൗനം തളം കെട്ടിയിരുന്നു …..

“””എന്താടോ ഒരു സ്റ്റാർട്ടിങ് ട്രൗബ്ൾ ??”’ ദേവൻ ആണ് തുടക്കം ഇട്ടത് ….

“””അമ്മു എന്നോട് പറഞ്ഞു ഇന്നലെ …..അവളുടെ …അവളുടെ ആ ആഗ്രഹം …..”””ഗൗരി വിക്കി വിക്കി ആണ് പറഞ്ഞത് ….

“”എന്നിട്ട് ….എന്താ തന്റെ തീരുമാനം ???”’ ദേവൻ ആ മുഖത്തേക്ക് നോക്കി ചോദിച്ചു ….

“””തീരുമാനം …..അറിയില്ല സാർ …പക്ഷേ എന്നെ കുറിച്ചു …ഞാൻ അനുഭവിച്ചു തീർത്ത ജീവിതത്തെ കുറിച്ചു ….ഒക്കെ …ഒക്കെ അറിഞ്ഞിട്ട് പോരെ ഒരു തീരുമാനം … ഒരിക്കൽ എടുത്ത് കഴിഞ്ഞിട്ട് പിന്നെ തെറ്റിപ്പോയി എന്ന് തോന്നാൻ ഇട വരരുത് ….അതാണ് ഇന്ന് സംസാരിക്കാം എന്ന് കരുതിയത് …”” ഗൗരി പറഞ്ഞു …..

“”എനിക്ക് പറയാൻ പിന്നെ ഭൂതകാലം ഒന്നുമില്ല ഗൗരി …അറിയില്ലേ ഞാൻ എപ്പോളും പറയാറുള്ളത് പോലെ അമ്മയെ കണ്ടു ഓർമ പോലും ഇല്ല എനിക്ക് …എല്ലാം അച്ഛൻ ആയിരുന്നു ..അമ്മയില്ലാത്ത കുറവ് ഞാൻ അറിഞ്ഞിട്ട് കൂടി ഇല്ലായിരുന്നു …അച്ഛൻ പോയെ പിന്നെ ആണ് ഞാൻ ഒറ്റപ്പെട്ടു തുടങ്ങിയത് …തറവാട്ടിൽ നിൽക്കുമ്പോൾ അച്ഛന്റെ ഓർമ്മകൾ വേട്ടയാടുന്നു എന്ന് തോന്നിയപ്പോൾ ആണ് ഇങ്ങോട്ടേക്കു സ്ഥലമാറ്റം വാങ്ങിയത്..സത്യത്തിൽ ഇന്ന് വരെ ഒരു കൂട്ട് വേണമെന്ന് എനിക്കു തോന്നിയിരുന്നില്ല …അല്ലെങ്കിൽ അങ്ങനെ ഒരാൾ എന്റെ മനസ്സിൽ ഇടം പിടിച്ചില്ല എന്ന് പറയുന്നത് ആകും ശരി…അതിപ്പോൾ നന്നായി എന്ന് തോന്നുന്നു …”””ദേവൻ പറഞ്ഞു നിർത്തി …..

“””എനിക്ക് പറയാൻ ഉണ്ട് സാർ …എന്റെ മകളോട് പോലും പറയാൻ മടിക്കുന്ന ഞാൻ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ഒരു കാലം..”””ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് ഗൗരി തുടർന്നു …

“”മൂന്നു പെണ്മക്കൾ ഉള്ള വീട്ടിലെ മൂത്തവൾ ആയിരുന്നു ഞാൻ …സാധാരണ കുടുംബം തന്നെ ആയിരുന്നു ഞങ്ങളുടെ എന്നാലും അച്ഛൻ ഞങ്ങളുടെ വിദ്യാഭ്യാസം മുടക്കാൻ അനുവദിച്ചു ഇല്ല …അച്ഛന്റെ കയ്യിൽ കാര്യമായ സമ്പാദ്യം ഒന്നും ഇല്ലാത്തത് കൊണ്ട് എന്റെ കല്യാണം നീണ്ടു പൊയ്കൊണ്ടേ ഇരുന്നു ..അത് ഒരു തരത്തിൽ ഗുണം ആയി..അതിനിടയിൽ എനിക്ക് ജോലി ആയതും ..അതോടെ തെറ്റിപ്പോയ പല ആലോചനകളും വീണ്ടും വന്നു …പക്ഷേ അവരുടെ മനസ്സിലിരിപ്പ് അറിഞ്ഞ അച്ഛൻ അതൊക്കെ വേണ്ട എന്ന് തന്നെ വച്ചു …

അങ്ങനെയാണ് ഗൾഫുകാരൻ ആയ പ്രകാശന്റെ ആലോചന വരുന്നത് …അച്ഛൻ തിരക്കി അറിഞ്ഞപ്പോൾ നല്ല സ്വഭാവം ഉള്ള ആളാണ് എന്ന് അറിഞ്ഞു ..പിന്നെ നേരിട്ട് കണ്ടപ്പോൾ എനിക്കും ബോധ്യം വന്നു …അങ്ങനെ ആണ് അയാൾ എന്റെ ജീവിതത്തിലേക്ക് വരുന്നത് …ലീവ് കുറവ് ആയതു കൊണ്ട് ഒരു മാസം കൊണ്ട് കല്യാണം നടന്നു …

സ്നേഹനിധിയായ ഭർത്താവ് മാത്രം അല്ല നല്ലൊരു മരുമകൻ കൂടി ആണെന്ന് ചുരുങ്ങിയ നാൾ കൊണ്ട് പ്രകാശേട്ടൻ തെളിയിച്ചു …എല്ലാവർക്കും നല്ല അഭിപ്രായം മാത്രം ആയിരുന്നു അദ്ദേഹത്തെ പറ്റി ….ഒരു മാസം കഴിഞ്ഞു അദ്ദേഹം തിരിച്ചു പോകുമ്പോൾ എന്റെ മനസും കൂടിയാണ് കൊണ്ട് പോയത് ….പിന്നെ പിന്നെ വല്ലപ്പോഴും ഉള്ള ഫോൺ വിളികൾ മാത്രം ആയിരുന്നു എനിക്ക് പ്രകാശേട്ടൻ …

രണ്ടു വർഷം കഴിഞ്ഞു ലീവിന് നാട്ടിൽ വന്ന പ്രകാശേട്ടൻ ഇനി പോകുന്നില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല ..നാട്ടിൽ എന്തേലും കൂലി പണി ചെയ്താലും ജീവിക്കാം എന്നെ പിരിഞ്ഞു അദ്ദേഹത്തിന് ഒരു നിമിഷം പോലും വയ്യ എന്ന് പറഞ്ഞപ്പോൾ അത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നു ഞാൻ കരുതി ….എന്നാൽ അയാളുടെ തനി സ്വഭാവം പിന്നെ ആണ് ഞാൻ അറിഞ്ഞു തുടങ്ങിയത് ..

വീട്ടിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂർ യാത്ര ഉണ്ടായിരുന്ന സ്കൂളിൽ നിന്ന് വീടിന്റെ അടുത്തുള്ള സ്കൂളിലേക്ക് അയാൾ പാർട്ടി സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റി തന്നു …അതായിരുന്നു അയാൾ എന്നിൽ പിടി മുറുക്കിയതിന്റെ ആദ്യ പടി …അവിടെ കയറി ആദ്യ ശമ്പളം കിട്ടിയപ്പോൾ അയാൾ അത് മുഴുവൻ എണ്ണി വാങ്ങി …

“”ഇനീപ്പോ വീട്ടിലെ ചിലവ് മൊത്തം നോക്കണ്ടേ …എല്ലാ മാസവും ശമ്പളം കൃത്യം ആയി എന്റെ കയ്യിൽ തരണം …എന്റെ പണമെന്നോ നിന്റെ എന്നോ വേർതിരിവ് വേണ്ടല്ലോ …നമ്മുടെ അല്ലേ “”” അത് പറഞ്ഞു അയാൾ പണം മടക്കി പോക്കറ്റിൽ വയ്ക്കുമ്പോൾ ഞാൻ മറിച്ചു ഒന്നും ചിന്തിച്ചില്ല അദ്ദേഹത്തിന്റെ സ്നേഹം കൊണ്ട് ആണെന്ന് കരുതി ….

പക്ഷേ കാര്യങ്ങൾ കീഴ് മേൽ മറിയാൻ കൂടുതൽ സമയം വേണ്ടി വന്നില്ല …അയാൾ ജോലിക്കു പോകാതെ ആയി …കുളിച്ചു കുറിയും തൊട്ട് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും ..എല്ലാവരോടും വിനയത്തോടെ പെരുമാറുന്നത് കൊണ്ട് സ്കൂളിൽ ടീച്ചറന്മാരും നാട്ടുകാർക്കും വീട്ടുകാർക്കും ഒക്കെ അയാൾ പ്രിയങ്കരനായി മാറി …

രാത്രി ആയാൽ കു ടിച്ചു നാല് കാലിൽ ആകും വരിക…അതാരും അറിയുകയും ഇല്ല …തന്റെ ശമ്പളം മുഴുവൻ ചീട്ട് കളിച്ചും മറ്റും തീർത്തു തുടങ്ങി വീട്ടിലെ ചിലവുകൾ നടക്കാതെ ആയപ്പോൾ ആണ് ആദ്യമായ് അയാൾക്ക് നേരെ ശബ്ദം ഉയർത്തിയത് …അതിന് മറുപടി എന്നോണം അയാൾ മർദിച്ചു തന്റെ വാ അടപ്പിച്ചു ….

പോകെ പോകെ അയാളുടെ കു ടിയും ഉപദ്രവവും കൂടി വന്നു …വീട്ടുകാരോട് കാര്യം ധരിപ്പിച്ചപ്പോൾ അവർ അയാളുടെ പക്ഷം ചേർന്നു …അല്ലേൽ അയാളുടെ അഭിനയ മികവിൽ തന്റെ വിഷമങ്ങൾ തോറ്റു പോയി എന്ന് പറയുന്നത് ആകും ശരി ….

വർഷങ്ങൾ പൊഴിഞ്ഞു പോകെ ആളുകൾ കുഞ്ഞു ആകാത്തതിനെ പറ്റിയുള്ള ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി …പിന്നെ അതിന്റെ പേരിൽ ആയി മർദ്ദനം ..ഡോക്ടറേ കാണാൻ പോകാം എന്ന് പറയുമ്പോൾ പ്രശ്നം അയാൾക്ക് അല്ല എനിക്ക് ആണെന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞു അയാൾ എന്നെ മാനസികമായി പീ ഡിപ്പിച്ചു …ഏകദേശം ആറു വർഷം നീണ്ട പീ ഡന പർവ്വം കഴിഞ്ഞു അയാളിൽ നിന്ന് ഡിവോഴ്സ് വാങ്ങുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ വയറ്റിൽ അയാളുടെ കുഞ്ഞു വളരുന്നു എന്ന് ….

അവിടം ഉപേക്ഷിച്ചു മറ്റൊരു നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങി പോകുമ്പോൾ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു തന്നെയാണ് ഞാൻ പോയത് …അവിടെ ചെന്നു ജോയിൻ ചെയ്തു കഴിഞ്ഞുള്ള ഒരു ദിവസം ക്ലാസിൽ തല ചുറ്റി വീണു ….അന്നാണ് എന്റെ അമ്മു ഉദരത്തിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞത്…ആദ്യം ഒരു വിഷമം ആയിരുന്നു വേണ്ടി ഇരുന്നില്ല എന്നൊരു തോന്നൽ …പക്ഷേ പിന്നെ ഓർത്തു ജീവിതത്തിൽ ഒറ്റപ്പെട്ട എനിക്ക് ദൈവം തന്ന കൂട്ടാണെന്നു …

പിന്നെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു …സഹായത്തിനു അവിടുത്തെ അധ്യാപകർ എല്ലാം ഉണ്ടായിരുന്നു …അവർ തന്നെ ഒരു വീട് ശരി ആക്കി കൂട്ടിന് ഒരു അമ്മയെ ഏർപ്പാടാക്കി…ചുറ്റും നിന്ന് പരിചരിച്ചു ….ആരും ഇല്ല എന്നൊരു തോന്നൽ പോലും ഉണ്ടാകാത്ത വിധം ഞാൻ സന്തോഷവതി ആയിരുന്നു …

പ്രസവ വേദന ആയി ആശുപത്രിയിൽ കൊണ്ട് പോയത് അവിടുത്തെ പ്രിൻസിപ്പൽ സാർ ആയിരുന്നു …അമ്മു മോൾ എന്നെ അധികം ബുദ്ധിമുട്ടിച്ചില്ല …പ്രസവം പെട്ടെന്ന് കഴിഞ്ഞു …മോൾ ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല …. എന്റെ മാലാഖ കുഞിനെ കണ്ട മാത്രയിൽ അന്ന് വരെ അനുഭവിച്ച എല്ലാ വേദനയും ഞാൻ മറന്നു …

പക്ഷേ ദൈവം കൂടുതൽ ക്രൂരത കാട്ടിയത് എന്റെ കുഞ്ഞിനോട്‌ ആയിരുന്നു എന്ന് എനിക്ക് പിന്നെ മനസിലായി…എന്നിട്ടും തളരാൻ എനിക്ക് മനസ്സില്ലായിരുന്നു ….അമ്മുവിന്റെ നേരെയും എന്റെ നേരെയും നീണ്ട സഹതാപ കണ്ണുകൾ ഞാൻ കണ്ടില്ല എന്ന് നടിച്ചു അവളെ മറ്റു കുട്ടികളെ പോലെ തന്നെ വളർത്തണം എന്ന് എനിക്ക് ഉണ്ടായിരുന്നു …അത് കൊണ്ട് തന്നെ എന്റെ സ്കൂളിൽ തന്നെ മോളെ ചേർത്തു പഠിപ്പിച്ചു … അവരിൽ ഒരാൾ ആയി തന്നെ അവൾ വളർന്നു…ഇവിടെ വരെ എത്തി …

സ ദാചാരവും സഹതാപവും ഒറ്റപ്പെടലും വേദനയും വെറുപ്പും എല്ലാം ഒരു പോലെ നേരിട്ട സ്ത്രീ ആണ് സാർ ഞാൻ … ഇന്നലെ വരെ ഞാൻ കരുതിയിരുന്നു എന്റെ മോൾക്ക് ഞാൻ മാത്രം മതി ആകുമെന്ന് ….പക്ഷേ ഇന്നലെ ഒറ്റ ചോദ്യം കൊണ്ട് മനസിലായി എനിക്ക് പറ്റാത്ത പലതും അവൾക്ക് വേണ്ടി സാറിനെ കൊണ്ട് കഴിയുന്നു എന്ന് …അവൾക്ക് മാത്രം അല്ല സാറിന്റെ സാമീപ്യം കൊണ്ട് എനിക്ക് പോലും ഒരു സുരക്ഷിതത്വം തോന്നിയിട്ടുണ്ട് …..എന്റെ അമ്മുവിന്റെ അച്ഛൻ ആകാൻ സാറിന് പറ്റുമെങ്കിൽ എനിക്ക് ….എനിക്ക് സമ്മതം ആണ് ….”” ഗൗരി അത് പറയുബോൾ മുഖം പൊത്തി കരഞ്ഞു പോയിരുന്നു …

അത് കണ്ടു ദേവന് ആകെ വെപ്രാളം ആയി …

“”ഡോ ഇങ്ങനെ ഇങ്ങനെ കരയല്ലേ …എനിക്ക് …എനിക്ക് സത്യം ആയും സമാധാനിപ്പിക്കാന് അറിയില്ല ….താൻ ആ കരച്ചിൽ ഒന്ന് നിർത്തിയെ ….””” ഗൗരിയെ നോക്കി ദേവൻ പറഞ്ഞു ഒപ്പിച്ചു …അത് കേട്ടപ്പോൾ അറിയാതെ ഗൗരിക്ക് ചിരി വന്നു പോയി ….

“”ചിരിക്കാന് അല്ല …ഇന്നിപ്പോൾ അമ്മയുടെയും മോള്ടെയും കൂടെ കൂടി വേണം സെന്റിമെൻസ് ഒക്കെ ഒന്ന് പഠിക്കാൻ …”” ദേവൻ തമാശ പോലെ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഗൗരിയും ആ ചിരിയിൽ പങ്കാളി ആയി …..

****************************

ആറു മാസങ്ങൾക്കിപ്പുറം രജിസ്റ്റർ ഓഫീസിൽ വച്ചു നടന്ന ലളിതമായ ചടങ്ങോടെ മഹാദേവൻ ഗൗരിയുടെ കഴുത്തിൽ താലി ചാർത്തി …എല്ലാത്തിനും സാക്ഷി ആയി അമ്മുക്കുട്ടിയും ….അവിടുന്ന് കാറിലേക്ക് കയറുമ്പോൾ മഹാദേവന് ചോദിച്ചു

“””അപ്പോൾ പിന്നെ പറഞ്ഞ പോലെ നമുക്ക് ഒരു യാത്ര പോയാലോ ???”””

“””എവിടെക്കാ അങ്കിളേ ഇനി എങ്കിലും പറ ???”” അമ്മു ചോദിച്ചു ….

“””സർപ്രൈസ് …..””” അമ്മുവിനെ നോക്കി കണ്ണിറുക്കി കൊണ്ട് ഗൗരിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു ദേവൻ കാർ മുന്നോട്ടു എടുത്തു …..മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ഒടുവിൽ കാർ ഒരു പഴയ തറവാടിന്റെ മുന്നിൽ നിന്ന് …. പഴയത് എങ്കിലും എല്ലാം ഈ ഇടയ്ക്ക് മോഡി പിടിപ്പിച്ച പോലെ ഉണ്ട് …

“””ഇറങ്ങേടോ …ഇതാണ് എന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണ് …എന്റെ തറവാട് …ഇനി നമ്മുടെ വീട് “”ഗൗരിയോടായി ദേവൻ പറഞ്ഞു…. ദേവൻ ഇറങ്ങി കാറിൽ നിന്ന് വീൽ ചെയർ എടുത്തു വച്ചു അതിലേക്ക് അമ്മുവിനെ ഇരുത്തി ….

അമ്മു അവിടെ ആകെ കണ്ണോടിച്ചു …നിറയെ മാവും പ്ലാവും പേരറിയാത്ത ഒരുപാട് വൃക്ഷങ്ങളും ചെടികളും കൊണ്ട് മനോഹരമായ വീട് …അതിൽ നിന്ന് പലതരം കിളികളുടെ ശബ്ദം കേൾക്കാൻ തന്നെ രസമുണ്ട് ….

“”നമുക്ക് അകത്തേക്ക് കയറിയാലോ അമ്മു കുട്ടി ..””” ദേവൻ വീൽ ചെയർ മുന്നോട്ടു ഉരുട്ടി ചോദിച്ചു ….

“”എങ്ങനെ കയറും എന്നെ എടുത്തു കയറ്റിയ മതി ….””” ഗൗരിയെ നോക്കി അമ്മു പറയുമ്പോൾ ദേവൻ അവളെയും കൊണ്ട് വീൽ ചെയർ പിന്നെയും മുന്നോട്ടു നീക്കി ….അപ്പോൾ ആണ് അവൾ കാണുന്നത് അവിടെ പടവുകൾക്ക് പകരം റാമ്പ് ഇടം പിടിച്ചിരിക്കുന്നു ….!!!ഒപ്പം വലിയ വാതിലും …

ഒരിക്കൽ സംസാരത്തിനിടയിൽ ദേവനോട് താൻ പറയുക ഉണ്ടായി തന്നെ പോലെയുള്ളവരെ ഏറെ ബുദ്ധിമുട്ടിക്കുന്നത് പടവുകളും ചെറിയ വാതിലുകളും ആണെന്ന് പിന്നെ വീൽ ചെയർ ഫ്രണ്ട്ലി ബാത്റൂം അത്യാവശ്യം ആണെന്ന് …അകത്തു കയറുമ്പോൾ ഇതെല്ലാം അക്ഷരം പ്രതി പാലിച്ച ഒരു വീടാക്കി ആ തറവാട് ദേവൻ മാറ്റിയിരിക്കുന്നു എന്ന് അമ്മുവിന് മനസിലായി….ഒപ്പം ഗൗരിക്കും …

അമ്മു വീൽ ചെയർ നീക്കി ദേവന്റെ അടുത്ത് ചെന്നു ആ കൈകളിൽ മുത്തമിട്ടു കൊണ്ട് പറഞ്ഞു …..

“അപ്പ…. ഒരു കാര്യം പറയട്ടെ….? “

“എന്താ അമ്മു കുട്ടിയെ…?”

“ചെവിയിൽ പറയാം…. കൈകൾ കെട്ടികൊണ്ട് അമ്മു പറഞ്ഞു.

പുഞ്ചിരിച്ചു കൊണ്ട് അവളിലേക്കു ചേർന്ന ദേവന്റെ കഴുത്തിലൂടെ കൈകൾ ചേർത്തവൾ കവിളിൽ മുത്തി….ലവ് യു അപ്പാ… ലവ് യൂ സോ മച്ച്….”

തിരിച്ചു ദേവൻ അമ്മുവിന്റെ നെറുകയിൽ മുത്തം നൽകുമ്പോൾ എല്ലാം കണ്ട് മനസ് നിറഞ്ഞു അവിടെ ഗൗരിയും നിൽപുണ്ടായിരുന്നു …

Related Posts

Leave a Reply

Your email address will not be published. Required fields are marked *