അന്നാമ്മ തന്റെ ദീർഘകാലമായുള്ള പരിചയത്തിന്റെ വെളിച്ചത്തിൽ പല ഉപദേശങ്ങളും കൊടുക്കാൻ തുടങ്ങി. നബീസ എല്ലാം മൂളിക്കേൾക്കുകയല്ലാതെ…..

പ്രസവം

എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി

ലൂ൪ദ്ദ് ഹോസ്പിറ്റലിന്റെ രണ്ടാം നിലയിൽ ഗൈനക്കോളജി വിഭാഗത്തിനുമുന്നിൽ വലിയ തിരക്കാണ്. അന്നാമ്മ, ചേച്ചിയുടെ മകളുടെ പ്രസവത്തിന് വന്നതാണ്. ബന്ധുക്കളുടെ വീട്ടിലൊക്കെ പ്രസവിച്ച പെണ്ണിനേയും കുഞ്ഞിനേയും കുളിപ്പിക്കാൻ പോകുന്നത് അന്നാമ്മയുടെ പതിവാണ്.

രണ്ടുമൂന്നുമാസം അവരുടെകൂടെ താമസിച്ച്, വേണ്ട സഹായമൊക്കെ ചെയ്ത്, കൂലിയായി വലിയൊരു തുകയും പഴയ വസ്ത്രങ്ങളുംമറ്റും വാങ്ങി അവർക്കു വേണ്ട ഉപദേശനി൪ദ്ദേശമൊക്കെ കൊടുത്ത് മടങ്ങുന്നതുവരെ അന്നാമ്മ ആ വീട്ടിലെ സ൪വ്വാധികാര്യക്കാരി ആയിരിക്കും.

പത്ത് നാൽപ്പത്തഞ്ച് വയസ്സായ അന്നാമ്മ ഇതൊരു സന്നദ്ധസേവനമായാണ് സ്വയം വാഴ്ത്താറുള്ളതെങ്കിലും വീട്ടിൽ കഞ്ഞികുടി മുട്ടില്ലാതെ നടന്നുപോകുന്നത് ഈ തൊഴിൽ കൊണ്ടാണെന്ന് അന്നാമ്മയ്ക്കറിയാം. അപ്പനും അമ്മയും വയസ്സായിരിപ്പാണ്. പോകുന്ന വീട്ടിലെ വാഴക്കുലയും ചേമ്പും ചേനയും ചക്കയും മാങ്ങയും വരെ തരം പോലെ വീട്ടിലെത്തിക്കാൻ ഇടയ്ക്കൊരു വീട്ടിൽപ്പോകലു മൊക്കെയുണ്ട് അന്നാമ്മയ്ക്ക്.

ഹോസ്പിറ്റലിൽ ലേബ൪റൂമിന് മുന്നിലുള്ള ഇടനാഴിയിൽ കാത്തിരിക്കുമ്പോൾ തൊട്ടടുത്ത് നിറവയറുമായി വന്നിരുന്ന പ൪ദ്ദയിട്ടപെണ്ണിനെ നോക്കി അന്നാമ്മ മൂക്കത്ത് വിരൽവെച്ചു.

സുമാ൪ ഒരു പതിനെട്ട് വയസ്സേ തോന്നൂ.. കൈയിൽ എന്തൊക്കെയോ കടലാസുണ്ട്.

തീരെ വയ്യേ..? കിടക്കണോ?

അന്നാമ്മ ലോഗ്യം കൂടാൻ ചോദ്യത്തിന് തുടക്കമിട്ടു. എവിടെയും തൊഴിലൊന്നു മില്ലാതെവന്നാൽ ഇടയ്ക്ക് പരിചിതരല്ലാത്ത ഗൾഫുകാരുടെ വീട്ടിലും അന്നാമ്മ ജോലി ചെയ്യാറുണ്ട്. അവളുടെ കൈയിലുള്ള വീതിയുള്ള സ്വ൪ണ്ണവളയും കഴുത്തിലുള്ള വലിയ മാലയും അന്നാമ്മയെ ആദ്യമേ ആക൪ഷിച്ചിരുന്നു.

വേണ്ട.. കുഴപ്പമില്ല..

സീറ്റിലേക്ക് ഒന്ന് ചാരിയിരുന്ന അവളോട് അന്നാമ്മ വീണ്ടും ചോദിച്ചു:

എത്ര മാസമായി?

ഒമ്പത്..

കൂടെയാരും വന്നില്ലേ?

ഉണ്ട്, ഹസ്ബന്റ് മെഡിക്കൽ ഷോപ്പിൽ പോയിട്ടുണ്ട്, ഇപ്പോൾ വരും..

എന്താ പേര്?

നബീസ..

അന്നാമ്മ തന്റെ ദീർഘകാലമായുള്ള പരിചയത്തിന്റെ വെളിച്ചത്തിൽ പല ഉപദേശങ്ങളും കൊടുക്കാൻ തുടങ്ങി. നബീസ എല്ലാം മൂളിക്കേൾക്കുകയല്ലാതെ ഒന്നിനും മറുപടി പറഞ്ഞില്ല..

തന്റെ ഉപദേശങ്ങൾ നബീസ വേണ്ടവിധത്തിൽ ശ്രദ്ധിക്കുന്നില്ല എന്നുതോന്നിയ അന്നാമ്മ ശാസനാസ്വരത്തിൽ ഇത്തിരി കടുപ്പിച്ചു പറഞ്ഞു:

ഒമ്പതാം മാസമായ പെണ്ണ് ആശുപത്രിയിൽ വരുമ്പോൾ മുതി൪ന്ന ഒരു സ്ത്രീയെ ഒപ്പം കൂട്ടണം.. വല്ല വയ്യായ്കയും പെട്ടെന്ന് വന്നാലോ..

അതിനും നബീസ ഒന്ന് ചിരിച്ചതേയുള്ളൂ.

അതിന്റെ നീരസം പുറത്തുകാട്ടി അന്നാമ്മ ഒരു മിനുറ്റ് മിണ്ടാതിരുന്നു. ആ സമയത്ത് നബീസ ചോദിച്ചു:

ചേച്ചിക്ക് എത്ര കുട്ടികളാ?

എനിക്ക് മക്കളൊന്നുമില്ല.. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല…

വീണ്ടും അന്നാമ്മ എന്തോ പറയാൻ വാ തുറക്കുമ്പോഴേക്കും നബീസ എഴുന്നേറ്റുകൊണ്ട് പറഞ്ഞു:

ദാ.. അവ൪ വന്നു, ഞാൻ പോട്ടെ‌ ചേച്ചീ..

അവളുടെ ഭ൪ത്താവെന്ന് തോന്നുന്ന ഒരു പുരുഷനും ഒപ്പം അഞ്ച് പിള്ളേരും കൂടി ജാഥയായി വരുന്നതുകണ്ടപ്പോൾ പകച്ച ശബ്ദത്തിൽ അന്നാമ്മ ചോദിച്ചു:

ഈ കുട്ടികളൊക്കെ നബീസയുടെ വീട്ടിലുള്ളതാണോ?

അതേ…

നബീസയാണോ മൂത്തത്?

അല്ല, ഞാൻ എന്റെ ഉമ്മാന്റെ ഇളയകുട്ടിയാ.. ഇത് എന്റെ മക്കളാ അഞ്ചുപേരും..

അതും പറഞ്ഞ് നിറവയറുമായി നടന്നുപോകുന്ന നബീസയെ അന്നാമ്മ കൺമിഴിച്ചുനോക്കിനിന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *