അമ്മച്ചി എന്നെ കണ്ടിട്ടില്ല അല്ലെ ജോഷിച്ചായ ?അമ്മച്ചി ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ എനിക്കും അവരുടെ ഒപ്പം താമസിക്കാമായിരുന്നു .അവരെയൊക്കെ അമ്മച്ചി പറഞ്ഞു സമ്മതിപ്പിച്ചേനെ അല്ലെ…..

ജോഷിയുടെ സ്വർഗം

Story written by Ammu Santhosh

“നാളെ വിഷുവാണ് കേട്ടോ .നമ്മുടെ കല്യാണം കഴിഞ്ഞുള്ള ആദ്യ വിഷു. വേഗം വരണേ” കീർത്തി ജോഷിയുടെകവിളിൽ മെല്ലെ ഒന്ന് തൊട്ടു.

“ഇല്ലാടി ലേറ്റ് ആവില്ല എത്ര വൈകിയാലും ഇന്ന് തന്നെ എത്തും .ഇന്ന് അമ്മച്ചിയുടെ ഓർമ ദിവസമായത് കൊണ്ടാണ്. അല്ലെങ്കിൽ ഈ യാത്ര ഉണ്ടാകുമോ ?”

“എനിക്കറിയാം ” കീർത്തി പതിയെ പറഞ്ഞു.

“അമ്മച്ചി എന്നെ കണ്ടിട്ടില്ല അല്ലെ ജോഷിച്ചായ ?അമ്മച്ചി ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ എനിക്കും അവരുടെ ഒപ്പം താമസിക്കാമായിരുന്നു .അവരെയൊക്കെ അമ്മച്ചി പറഞ്ഞു സമ്മതിപ്പിച്ചേനെ അല്ലെ ?എനിക്കെന്തു ഇഷ്ടമാണെന്നോ ഇച്ചായന്റെ പപ്പയെയും അവരേം ഒക്കെ ?” ജോഷിയുടെ കണ്ണ് ഒന്ന് നിറഞ്ഞു.

“വേഗം വരാം “അവൻ ഇടർച്ചയോടെ പറഞ്ഞു. പപ്പയ്‌ക്കോ ഇച്ചായന്മാർക്കോ തന്നോടൊരു ദേഷ്യവുമില്ലന്നു അവനു തോന്നി .ഏറ്റവും ഇളയതായതു കൊണ്ട് തന്റെ ഏതു തെറ്റും ക്ഷമയ്ക്കാനുള്ള ഒരു മനസ്സുണ്ടവർക്കു പണ്ടേ തന്നെ . അത് കൊണ്ട് മാത്രമാണ് അവരുടെ സമ്മതമില്ലാതെ കീർത്തിയെ വിവാഹം ചെയ്തിട്ടും അവർ തന്നോട് ക്ഷമിച്ചതു .പക്ഷെ അംഗീകരിക്കത്തത് അവളെയാണ്. സ്നേഹിക്കാത്തതും പൊറുക്കാത്തതും അവളോടാണ് .അവളുടെ വീട്ടുകാരോ പടിയടച്ചു അവളെ പിണ്ഡം വെച്ച് കഴിഞ്ഞു .സത്യത്തിൽ അവൾക്കാണ് ആരുമില്ലാതെ പോയത് .

“നിന്റെ പെണ്ണിന് സുഖമാണോ ?” ഇടയ്ക്കു എപ്പോളോ പപ്പയുടെ പക്കൽ നിന്ന് ചോദ്യമുണ്ടായി. അവനൊന്നു മൂളി.

“ഞാൻ കണ്ടിട്ടില്ല ഇത് വരെ .നിന്റെ ഇച്ചായൻ ഒരിക്കൽ മൊബൈലിൽ ഫോൺ കാട്ടി. പക്ഷെ ക്ലിയർ ആയില്ല “

അവൻ മൊബൈൽ എടുത്തു തന്റെ ഫോണിലെ ചിത്രങ്ങൾ കാണിച്ചു കൊടുത്തു

“ഇവൾക്ക് നിന്റെ അമ്മച്ചിയുടെ ഒരു ഛായ ഉണ്ട് അല്ലിയോടാ ? ചെറുപ്പത്തിൽ ആനി കൊച്ചും ഏകദേശം ഇത് പോലെ ആയിരുന്നു ..അവളുടെ അപ്പൂപ്പന്മാരൊക്കെ നമ്പൂതിരിമാരാണെന്നു അവളെപ്പോഴും പറയും .ഞാൻ അവളെ അപ്പൊ കളിയാക്കും .ഇവളും നമ്പൂതിരിക്കോച്ചാ അല്ലിയോ ?”
ജോഷി തലയാട്ടി

“അവളുടെ വീട്ടുകാര് വരാറുണ്ടോ ?”

“ഇല്ല “

“സഹിക്കാൻ പറ്റുമോ ?അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല .കണ്ണേ പൊന്നെ എന്ന് വളർത്തിയ മക്കൾ ഒരു ദിവസം നമുക്കങ്ങു അന്യരാകുമ്പോൾ, നമ്മുടെ ഇഷ്ടമൊന്നും അവരുടെ ഇഷ്ടം അല്ലാതാകുമ്പോൾ, നമ്മുടെ വിശ്വാസങ്ങൾ ഒക്കെ തട്ടിത്തെറിപ്പിച്ചു വേറെ ഒരാൾക്കൊപ്പം പോകുമ്പോൾ, നെഞ്ചു പൊട്ടുമെടാ കൂവേ ..അവള് വളർന്നത്, മുട്ടിലിഴഞ്ഞത് , അവളുടെ പാല്മണം മാറാത്ത ഉമ്മകള് ഒക്കെ ചങ്കിനകത്തു ഇങ്ങനെ കിടന്നു …”പപ്പയുടെ ശബ്ദം ഒന്നിടറി

“എനിക്ക് പെങ്കൊച്ചുങ്ങളില്ല. പക്ഷെ എനിക്കറിയാം അതൊക്കെ “പപ്പാ ദീർഘനിശ്വാസം എടുത്തു.

“ഞാൻ അവളുടെ അച്ഛനെ ചെന്ന് കണ്ടിരുന്നു പപ്പാ. അവളുടെ വീട്ടിൽ പോയി എല്ലാവരുടെയും കാല് പിടിച്ചു നോക്കി ..ആട്ടിയിറക്കി എന്നെ ..സ്നേഹം ഒരു തെറ്റാണോ പപ്പാ? “

“ഈ ചോദ്യത്തിനു പപ്പയുടെ കയ്യിൽ ഉത്തരമില്ല ജോ. ചില ശരികൾ തെറ്റാണു. ചിലപ്പോഴെങ്കിലും “പപ്പാ വിളറി ചിരിച്ചു.

വീട്ടിൽ വന്നപ്പോൾ സന്ധ്യയായി. വിളക്ക് തെളിയിച്ചിട്ടില്ല.

“കീർത്തി “അവൻ നീട്ടി വിളിച്ചു.

പടിക്കെട്ടുകൾക്കു താഴെ അവൾ ബോധമറ്റു കിടക്കുന്നതു കണ്ടു നടുക്കത്തോടെ അവനോടി അവൾക്കരികിലെത്തി തല പൊട്ടി രക്തം വർന്നിട്ടുണ്ട് .

ആശുപത്രി

“നല്ല ശക്തിയുള്ള വീഴ്ചയാണല്ലോ ജോ “ഡോക്ടർ അലക്സ്‌ പറഞ്ഞു.

“ഞാൻ ഇല്ലായിരുന്നു വീട്ടിൽ. “അവന്റെ ശബ്ദം തളർന്നു പോയി. സ്കാൻ റിപ്പോർട്ടിലൂടെ ഒന്ന് കണ്ണോടിച്ചു ഡോക്ടർ.

“കുറച്ചു പ്രശ്നം ഉണ്ടല്ലോ ജോ ..ഈ വീഴ്ചയല്ല പ്രശ്നം.ആക്ച്വലി അതെന്താണ് വെച്ചാൽ കീർത്തിയുടെ തലയ്ക്കുള്ളിൽ ഒരു ട്യൂമർ വളരുന്നുണ്ട് കുറച്ചു വലുതാണ് .സര്ജറി വേണം .പെട്ടെന്ന് തന്നെ “

ജോഷിക്ക് തന്റെ ശരീരത്തിന് ബലം ഇല്ലന്ന് തോന്നി .കേട്ടതൊന്നും ശരിയല്ല .താൻ എന്തോ സ്വപ്നം കാണുകയാണ്.

“ഞാൻ ജോഷിയുടെ പപ്പയെ വിളിച്ചു പറയട്ടെ ?” ജോഷി അതിനു മറുപടി പറയാതെ എഴുനേറ്റു .ഇതിപ്പോൾ തന്നെ പപ്പാ അറിയും കാരണം ഇത് പപ്പയുടെ ഹോസ്പിറ്റൽ ആണ് .ഇവിടേയ്ക്ക് കൊണ്ട് വന്നതും അത് കൊണ്ട് തന്നെ .

“നിനക്കൊട്ടും മനഃശക്തിയില്ലല്ലോ മോനെ. നീ ആനികൊച്ചിന്റെ മകൻ തന്നെയാണോ ?” പപ്പാ അവനെ നെഞ്ചോട് ചേർത്ത് ചോദിച്ചു.

“അവളില്ലാതെ ഞാൻ എന്തിനാ പപ്പാ? എനിക്ക് അവളെ വേണം ഒന്നും ആവാതെ.. പ്ലീസ് പപ്പാ “അവൻ വിങ്ങി കരഞ്ഞു.

“പപ്പ ഏറ്റെട മോനെ “അയാൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു. അത് ഒരു ഉറപ്പ് ആയിരുന്നു.

ഡോക്ടറുടെ മുഖത്ത് ഒട്ടും തെളിച്ചമുണ്ടായില്ല.

“സാർ ആ കുട്ടിയുടെ വീട്ടുകാരെ അറിയിക്കണം. നമ്മുടെ ഭാഗത്തു നിന്നു ഒരു വീഴ്ചയും ഉണ്ടാകരുത്.. വളരെ ഗുരുതര മായ കണ്ടിഷൻ ആണ് സാർ. രക്ഷപെട്ടു വന്നാലും ചിലപ്പോൾ പാരലൈസ്ഡ് ആവാൻ സാധ്യത കൂടുതൽ ആണ് “

പപ്പാ മെല്ലെ തലയാട്ടി.

അഡ്വക്കേറ്റ് ബാലസുബ്രഹ്മണ്യം അൽപനേരം അയാളെ നോക്കിയിരുന്നു.

“നോക്ക് മിസ്റ്റർ ഞങ്ങളെ സംബന്ധിച്ചിടത്തോളം കീർത്തി മരിച്ചു കഴിഞ്ഞു. അതിന്റ കർമങ്ങളും കഴിഞ്ഞു. ഈ കാര്യം പറഞ്ഞു കൊണ്ട് ആരും വരണ്ട ” ദേഹത്തിന് തീ പിടിച്ച പോലെ അയാൾക്ക് തോന്നി. . കസേര പിന്നിലേക്ക് നീക്കി അയാൾ ചാടിയെഴുന്നേറ്റു”താൻ.. താൻ ഒരു അപ്പൻ .. ആണെടോ?സ്വന്തം മകൾ മരിക്കാൻ കിടക്കുമ്പോൾ… കഷ്ടം !എടോ ജനിപ്പിച്ചാൽ മാത്രം തന്ത ആവില്ല. ചങ്കിനകത്തു ദേ ഇവിടെ അയാൾ നെഞ്ചിൽ ഒന്ന് തട്ടി.. ഇവിടെ എന്റെ കുഞ്ഞ് എന്നൊരു വിങ്ങൽ വേണം.. പൊറുക്കാൻ ഒരു മനസ്സും.തന്നോട് പറഞ്ഞിട്ട് ഒന്നും ഒരു കാര്യോമില്ല.. തനിക്കൊക്കെ എന്തിനാടോ വിദ്യാഭ്യാസം? വക്കീൽ ആണ് പോലും വക്കീൽ.. ഞാൻ കൊണ്ട് പോകുവാ അവളെ. എന്റെ മോൾ ആയിട്ട്. അവകാശം പറഞ്ഞോണ്ട് പിന്നെ ഒരുത്തനും എന്റെ പടി ചവിട്ടിയെക്കരുത് “

പിന്നെ അയാൾ വാതിൽ തുറന്നു ഇറങ്ങി നടന്നു.

ആനി യുടെ കുഴിമാടത്തിനരികിൽ അയാൾ മുട്ടുകുത്തി.

“ആനി കൊച്ചേ നാളെ അതിന്റ ഓപ്പറേഷൻ ആണ്. ഒരു പാവം കൊച്ചാ. ആരൂല്ല അതിന്. നമ്മളൊക്കെയേ ഉള്ളു. എന്തിനാ ഇതൊക്കെ പറയുന്നത് എന്ന് വെച്ചാൽ നിന്റെ ഒരു നോട്ടം വേണം അവിടെ.. ഓപ്പറേഷൻ തീയേറ്ററിൽ… അതുങ്ങളൊരുപാട് സ്നേഹിച്ചു പോയെടി. നമ്മൾ സ്നേഹിച്ചിരുന്ന പോലെ..മറ്റാർക്കും അറിയത്തില്ലെങ്കിലും നമുക്ക് അറിയാമല്ലോ കൊച്ചേ സ്നേഹിച്ചവർ പിരിഞ്ഞു പോകുമ്പോൾ ഉള്ള വേദന. നീയില്ലാതെ ഞാൻ ഉരുകുന്നത് നീ കാണുന്നതല്ലിയോ? “അയാൾ മുഖം പൊത്തി വിങ്ങി കരഞ്ഞു. പിന്നെ മുഖം തുടച്ചു തുടർന്നു.

“കർത്താവിനോട് ഒന്ന് പറയണം കേട്ടോ. വലിയ തട്ട് കേടൊന്നും കൂടാതെ എന്റെ ചെറുക്കന് അതിനെ അങ്ങ് കൊടുത്തേക്കണം ന്നു. അതെന്താന്നു വെച്ചാൽ അവൻ കരയുന്നത് എനിക്ക് സഹിക്കാൻ മേലടി കൊച്ചേ.. “

അയാൾ ആ കല്ലറയിലേക്കു ശിരസ്സ് അണച്ചു വെച്ചു ഒരു സാന്ത്വനം കൊതിച്ചെന്ന പോലെ

പിന്നെ ഒരു വർഷം കഴിഞ്ഞ് വീണ്ടും ഒരു വിഷുക്കാലം

“വിഷുവിനു ശ്രീകൃഷ്ണൻ മാത്രം മതിയോ കൊച്ചേ? നിങ്ങൾക്ക് വേറെ ഒത്തിരി ദൈവങ്ങൾ ഇല്ലേ? ” കീർത്തി പുഞ്ചിരിയോടെ പപ്പയെ നോക്കി

“ഈ പപ്പാ.. വിഷു കൃഷ്ണൻ സ്പെഷ്യൽ ആണ് പപ്പാ.. “”അല്ല പപ്പാ എന്നെ ഒന്നാക്കിയതാണോ? “

“എന്ന് വെച്ചാൽ? “

“അല്ല. ഞങ്ങള്ക്ക് ഒരു പാട് ദൈവങ്ങൾ ഇല്ലേ എന്ന് കളിയാക്കിയതാണോ? “

“എന്റെ കർത്താവെ ഈ കൊച്ചു പറയുന്നത് കേട്ടോടാ ജോഷിയെ മനസാ വാചാ കർമണാ..

കീർത്തി പൊട്ടിച്ചിരിച്ചു

“മതി മതി.. എന്റെ പപ്പാ പാവം ല്ലേ സ്വീറ്റ്. ഞാൻ വെറുതെ പറഞ്ഞതല്ലേ? “

ജോഷി അത് നോക്കി നിന്നു. പപ്പയും തന്റെ പ്രിയപ്പെട്ടവളും ചേർന്ന് കണിയൊരുക്കുന്നത്… അവന്റെ കണ്ണ് നിറഞ്ഞു. വേദനയുടെ തീക്കടൽ നീന്തി ഒടുവിൽ താൻ സ്വർഗത്തിൽ എത്തിയിരിക്കുന്നു. തന്റെ പെണ്ണും തന്റെ പപ്പയും താനും ഉള്ള ഈ കൂട്.. ഇതാണ് ഇത് മാത്രം ആണ് സ്വർഗം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *