അമ്മ ഇനി ഇല്ല, ആ തണലും മാഞ്ഞിരിക്കുന്നു. ഇനി അമ്മേ എന്ന് വിളിച്ച് ഓടിച്ചെല്ലാൻ ആരുമില്ല.. ആ ചുളിഞ്ഞ വിരലുകൾ…..

എഴുത്ത്:- മഹാ ദേവൻ

നീ പെട്ടന്നൊന്നു വീട്ടിലേക്ക് വരണമെന്ന് ഏട്ടൻ പറയുമ്പോൾ ആദ്യം ഓടിയെത്തിയത് അമ്മയുടെ മുഖം ആയിരുന്നു. ഒന്നുരണ്ടു വർഷമായി കിടപ്പിലാണ് അമ്മ.

വിവരമെന്തെന്ന് അറിയാനുള്ള ആധിയിൽ ഭാര്യയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫ്‌. ” അല്ലേലും ഒരു അത്യാവശ്യത്തിന് ഇവളെ വിളിച്ചാൽ കിട്ടില്ലലോ ” എന്ന് ദേഷ്യത്തോടെ ഓർത്തുകൊണ്ട് പെട്ടന്നുള്ള ലീവിന് എഴുതിക്കൊടുത്തു ടിക്കറ്റും ബുക്ക്‌ ചെയ്ത് ഗൾഫിൽ നിന്നും നാട്ടിലേക്ക് കയറുമ്പോൾ സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയുടെ മുഖം നെഞ്ചിലങ്ങനെ പിടഞ്ഞുനിന്നു.

ഫ്‌ളൈറ്റിൽ കേറുന്നതിന് മുൻപും അവളെ ഒന്ന് വിളിച്ചുനോക്കി, പരിധിക്ക് പുറത്താണെന്ന മറുപടി വല്ലാതെ ചൊടിപ്പിച്ചു. വിവരമെന്താണെന്ന് അറിയാനുള്ള ആധികൊണ്ട് ചേട്ടനെ ഒന്ന് കൂടി വിളിച്ചു. ആള് ഫോൺ കട്ട്‌ ആക്കുക കൂടി ചെയ്തതോടെ ഒന്നുറപ്പിച്ചു, “അമ്മ ഇനി ഇല്ല, ആ തണലും മാഞ്ഞിരിക്കുന്നു. ഇനി അമ്മേ എന്ന് വിളിച്ച് ഓടിച്ചെല്ലാൻ ആരുമില്ല.. ആ ചുളിഞ്ഞ വിരലുകൾ മുടിയിഴകളെ തലോടുമ്പോൾ കിട്ടുന്ന സ്നേഹത്തിന്റ അനുഭൂതി ഇനി ഒരിക്കലും കിട്ടില്ല. “

പഴയ ഓർമ്മകളെ നെഞ്ചോട് ചേർത്ത് സീറ്റിലേക്ക് ചാരി കിടന്നു. നെടുമ്പാ ശ്ശേരിയിൽ ഇറങ്ങി വീട്ടിലേക്കുള്ള യാത്രയിലും അമ്മ മാത്രമായിരുന്നു മനസ്സിൽ. ” നീ ഒന്ന് കരപറ്റിയിട്ട് വേണം എനിക്കൊന്ന് കണ്ണടയ്ക്കാൻ ” എന്ന് വിഷമത്തോടെ പറയാറുള്ള അമ്മ, പെണ്ണ് കെട്ടുമ്പോൾ പൊന്നല്ല മോനെ, പെണ്ണിന്റ മനസ്സാണ് പൊൻതൂക്കം എന്ന് പറഞ്ഞ് പെണ്ണിനെ മാത്രം മതിയെന്ന് വാശി പിടിച്ച അമ്മ. സ്നേഹിക്കാൻ മാത്രം അറിയുന്ന ആ അമ്മയും ഇപ്പോൾ… “

ഓർമ്മകളിലൂടെയുള്ള സഞ്ചാരം നിന്നത് വീട്ടുപഠിക്കൽ എത്തിയപ്പോൾ ആയിരുന്നു. ഗേറ്റിനു പുറത്ത് വണ്ടി നിർത്തി ഇറങ്ങുമ്പോൾ മുറ്റത് ആരെയും കണ്ടില്ല.. ദിവസം ആയില്ലേ, എല്ലാവരും കണ്ട് പിരിഞ്ഞിട്ടുണ്ടാകും എന്നോർത്ത്‌ കൊണ്ട് വീട്ടിലേക്ക് കയറുമ്പോൾ അകത്തു മോളുടെ കരച്ചിൽ കേൾക്കുന്നുണ്ട്.

എല്ലാവരും സങ്കടത്തിൽ ആവും, പാവം കുട്ടി പോലും ചിലപ്പോൾ ഒന്നും കഴിച്ചിട്ടുണ്ടാകില്ല എന്നോർത്തുകൊണ്ട് ഉമ്മറത്തേക്ക് കയറി. കരച്ചിൽ കെട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ രണ്ട് വയസ്സായ തന്റെ മോള് ഏടത്തിയമ്മയുടെ കയ്യിൽ കിടന്ന് വാവിട്ടു കരയുന്നു.

അവനെ കണ്ട മാത്രയിൽ ഏടത്തിയമ്മയുടെ മുഖം വിളറി.
പിന്നെ അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് വേഗം അകത്തേക്ക് കയറി .

തിരികെ ഭർത്താവുമായി പുറത്തേക്ക് വരുമ്പോൾ അക്ഷമനായി നാല് പാടും തിരയുകയായിരുന്നു അവൻ.

ഏട്ടനെ കണ്ടപ്പോൾ അയാൾക്കരികിലേക്ക് ഓടിച്ചെന്നു. ” ഏട്ടാ, അമ്മ ” എന്ന് സംശയത്തോടെ ചോദിച്ചുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അയാൾ അവനെ ചേർത്തുപിടിച്ചു സോഫയിലേക്ക് ഇരുന്നു.

“അമ്മയ്ക്ക് കുഴപ്പമൊന്നും ഇല്ല. നീ ഇവിടെ ഇരിക്ക്. എന്നിട്ട് ഞാൻ പറയുന്നത് സംയമനത്തോടെ കേൾക്കണം “

മുഖവുരയോടെ ഉള്ള സംസാരം കേട്ട് ഏട്ടന്റെ മുഖത്തേക്ക് ഉറ്റുനോക്കുമ്പോൾ അയാൾ മടിയോടെ പറയുന്നുണ്ടായിരുന്നു “എടാ, അവള് ഒരുത്തന്റെ കൂടെ…. “

വാക്കുകൾ മുഴുവനാക്കിയില്ല. കെട്ടിയ പെണ്ണ് തന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു മറ്റൊരുത്തന്റെ കൂടെ പോയെന്ന്.

ഒന്നും മിണ്ടാതെ കുറെ നേരം ഇരുന്നു. എന്ത് ചെയ്യണമെന്നോ പറയണമെന്നൊ അറിയില്ലായിരുന്നു. എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല ഇവിടെ അവളുടെ കുറവ് എന്തായിരുന്നു എന്ന്.

താളം തെറ്റിയ ജീവിതത്തിൽ നിന്ന് കര കയറാൻ ഗൾഫിൽ പോകാൻ പ്രേരിപ്പിച്ചത് അവളായിരുന്നു. കിട്ടിയ കാശ് മുഴുവൻ നാട്ടിലേക്ക് അയക്കുമ്പോൾ കൊടുക്കാനുള്ള കടങ്ങളുടെ ആധിയായിരുന്നു. അതിനിടയിലും അവൾക്കൊരു കുറവും വരുത്തിയിട്ടില്ല. അല്ലെങ്കി കിട്ടുന്ന കാശ് മുഴുവൻ അവളിലൂടെ ആയിരുന്നു കൈ മറിഞ്ഞിരുന്നത്. കടങ്ങൾക്കും അവളുടെ ആവശ്യങ്ങൾക്കു മെല്ലാം കണ്ടറിഞ്ഞു കാശ് അയക്കുമ്പോൾ പലപ്പോഴും ചിരിച്ചുകൊണ്ട് പട്ടിണി കിടന്നിട്ടുണ്ട്. ഏട്ടൻ കഴിച്ചോ എന്ന് ചോദിക്കുമ്പോൾ ചിക്കൻ കഴിച്ചു, മട്ടൻ കഴിച്ചു എന്നൊക്കെ കള്ളം പറഞ്ഞിട്ടുണ്ട്. നിങ്ങളവിടെ സുഖിക്കുവാല്ലേ എന്ന് അവൾ ചോദികുമ്പോൾ പൊരിവെയിലിൽ നിന്ന് മോചനം കിട്ടിയ ഒരു മണിക്കൂർ അവളുടെ പരിഭവം കേൾക്കാൻ മാറ്റിവെച്ചു ചിരിക്കാറുണ്ട്.

അവളുടെ ആവശ്യങ്ങളായിരുന്നു ഓരോ ദിവസവും ഉണർത്തിയത്. എന്നിട്ടിപ്പോ ….. എന്തായിരുന്നു കുറവെന്ന് ഒരുപാട് ആലോചിച്ചു. അതും മു ലകുടി മാറാത്ത കുഞ്ഞിനെ പോലും വേണ്ടെന്ന് വെച്ച്.

” ടാ, ഞാൻ പോലീസ്സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്, “എന്ന് ഏട്ടൻ പറഞ്ഞപ്പോൾ ഒന്ന് മൂളി , പിന്നെ കരഞ്ഞു തളർന്നുറങ്ങിയ കുഞ്ഞിനെ എടുത്ത് കുറെ നേരം നടന്നു. ആ രാത്രി ഉറക്കമില്ലായിരുന്നു. ഇടയ്ക്കിടെ മാറിടം പരതി വാവിട്ട് കരയുന്ന കുഞ്ഞായിരുന്നു ഏറെ വേദനിപ്പിച്ചത്.

അന്ന് മുതൽ വാടിതളർന്നായിരുന്നു കുഞ്ഞ് ഉറങ്ങിയത്. വാടിയ മുഖമായിരുന്നു നെഞ്ച് പിടച്ചത്. മു ലഞെട്ട് തേടി ചുണ്ടുകൾ നുണയുന്ന കുഞ്ഞ് മുഖം കണ്ണുകൾ നനയിച്ചു.

നാലാം ദിവസമായിരുന്നു സ്റ്റേഷനിൽ നിന്നും വിളി വന്നത്. സ്റ്റേഷനിൽ എത്തുമ്പോൾ അവളുണ്ടായിരുന്നു, കൂടെ ഒരുത്തനും.

അവളുടെ നോട്ടം അവഗണിക്കുമ്പോൾ അവനെ ഒന്ന് നോക്കി.

” ക ഞ്ചാവ് വിൽക്കുന്നവന്റ കൂടെ നിനക്ക് ചാടിപ്പോവാൻ പറ്റിയുള്ളോ” എന്ന SI.യുടെ ചോദ്യത്തിന് മുന്നിൽ അവൾ മുഖം താഴ്ത്തി.

നിങ്ങൾ എന്ത് തീരുമാനിച്ചു എന്ന SI.യുടെ ചോദ്യത്തിന് മുന്നിൽ കുറെ നേരം മൗനം പാലിച്ചു.

” ഒരു ചെറിയ കുട്ടി ഉള്ളതല്ലേ, ഒരമ്മയുടെ സംരക്ഷണം ഇപ്പോൾ ആവശ്യം ആയത് കൊണ്ട് ചോദിക്കുവാ, ഇവൾക്കിപ്പോ പറ്റിയ തെറ്റ് മനസ്സിലായിട്ടുണ്ട്. ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച ആണെന്ന് കരുതി ചാടുന്നത് ഇതുപോലെ ഒരുത്തന്മാരുടെ വലയിലേക്ക് ആകും. ഇവൾക്കിപ്പോ ബോധം വന്നു. ഇനി നിങ്ങൾക്ക് തീരുമാനിക്കാം, ചെറിയ കുട്ടി ഉള്ളതല്ലേ…. “

SI. എവിടെയും തൊടാതെ പറഞ്ഞ് നിർത്തുമ്പോൾ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ ഏട്ടനെ നോക്കി പോകാം എന്ന് പറഞ്ഞ്എ ഴുന്നേൽ ക്കുമ്പോൾ ഒന്ന് കൂടെ പറഞ്ഞു,

” സാറേ, ചെറിയ കുട്ടി അല്ലേ… അവൾക്കിപ്പോ ഒന്നും മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല. പിന്നെ എന്റെ മോളിപ്പോ നന്നായി കരയാൻ പഠിച്ചു. നഷ്ടപ്പെട്ടത് എന്താണെന്ന് മനസ്സിലാക്കാനുള്ള പ്രായം ആയില്ലെങ്കിലും ആ നഷ്ട്ടം മനസ്സിലാക്കി കരയാനും ചിരിക്കാനും അവൾക്കിപ്പോ അറിയാം… മു ലപ്പാല് നൽകാൻ മാത്രമായി ഒരു പെണ്ണിന്റ ആവശ്യം ഇപ്പോൾ എനിക്കും മോൾക്കും ഇല്ല. പിന്നെ തെറ്റ് എന്താണെന്ന് അവൾക്കിപ്പോഴും മനസ്സിലായിട്ടില്ല. അവന്റെ കൂടെ പോയത് അബദ്ധം ആയെന്ന് തോന്നിയിട്ടുണ്ടാകും. പക്ഷേ, ഇത്തിരി പോന്ന കുഞ്ഞിനെ ഉപേക്ഷിച്ചു പോയ ഇവളുടെ തെറ്റ് ഒരു തിരിച്ചറിവ് കൊണ്ടോ തിരിച്ചുവരവ് കൊണ്ടോ മായ്ച്ചുകളയാൻ പറ്റോ. ഇല്ല.. അതാണ്‌ ഞാൻ പറഞ്ഞത്, എന്റെ മോളിപ്പോൾ സാഹചര്യം മനസ്സിലാക്കി കരയാൻ പഠിച്ചു.
ഇനി അങ്ങനെ തന്നെ മുന്നോട്ട് പോകുന്നതാണ് ആ കുഞ്ഞിന്റ ഭാവിക്കും നല്ലത്‌.

ഒന്ന് മാത്രം ഇവളോട് എനിക്ക് നന്ദി ഉണ്ട്.. സുഖം തേടി പോയപ്പോൾ പെറ്റിട്ടതിനെ കഴുത്ത് ഞെരിച്ചു കൊ ന്നില്ലല്ലോ.. സന്തോഷം “

എല്ലാവരെയും നോക്കികൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ ഒരു മുഖം മാത്രമായിരുന്നു മനസ്സിൽ.. ചോ രനിറം മാറാത്ത കുഞ്ഞിന്റെ പുഞ്ചിരി നിറഞ്ഞ മുഖം. !!

Related Posts

Leave a Reply

Your email address will not be published. Required fields are marked *