അവിടെ എത്തിക്കഴിഞ്ഞപ്പോ ജാങ്കോ …. ഞാൻ പെട്ടു ട്ടോ….. എന്ന് പറയുന്ന അവസ്ഥ… വീട്ടിൽ ഒരുപാട് ആളുണ്ടേലും തികഞ്ഞ നിശബ്ദത……..

ഒരു ചളിക്കഥ

Story written by Shabna shamsu

വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ പോലെ ശല്യങ്ങളുടെയും ഒച്ചകളുടെയും നടുക്കിലായിരുന്നു കല്യാണത്തിന് മുമ്പുള്ള ജീവിതം….

വീട് നിറച്ചും എപ്പോഴും ആൾക്കാരുണ്ടാവും….

അയൽപ്പക്കത്തുള്ളതൊക്കെ കുടുംബക്കാർ തന്നെയാണ്…. ഓരോ വീടിൻ്റേം മുൻവശത്തെ വാതിൽ പകൽ സമയത്ത് അടച്ചിടാറില്ല…

വാതില് മുട്ടാണ്ട് ,കോളിംഗ് ബെല്ലടിക്കാണ്ട്, കേറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഓരോ വീട്ടിലും ഉണ്ടായിരുന്നു..

ഒരു വീട്ടിൽ എന്തേലും സ്പെഷലായി ഉണ്ടാക്കിയാ സ്റ്റീലിൻ്റെ കൂട്ടാൻ പാത്രത്തില് ചുറ്റുവട്ടത്തൊക്കെ കൊണ്ട് പോയി കൊടുക്കല് പതിവ് കാഴ്ചയാണ്….

അത് പോലെ ഒരു ചക്കയിട്ട് കഴിഞ്ഞാ അത് പുഴുങ്ങി കാന്താരീം തേങ്ങേം ഉളളീം ഇട്ട് പുഴുക്കാക്കി കോഴിക്കറീം വെച്ച് വാഴയില ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ച് അതിൽ വിളമ്പി എല്ലാരൂടി വട്ടത്തിലിരുന്ന് കഴിക്കും….

തറവാട്ടിലെ നീളമുള്ള ചേദിയുടെ മൂലക്കലിരുന്ന് തലയിലെ പേൻ നോക്കി തരുമ്പോ കല്യാണം കഴിഞ്ഞാ പാലിക്കേണ്ട മര്യാദകളെ കുറിച്ച് അമ്മായിമാർ ക്ലാസെടുത്ത് തരും…..

ഇടക്കൊക്കെ നടന്ന് പോവാൻ ദൂരമുള്ള കുടുംബക്കാർടെ വീട്ടിലേക്ക് ഒരു പടക്കുള്ള ആൾക്കാര് കൂട്ടം കൂടി സൊറ പറഞ്ഞ് പോവും…

സ്ക്കൂളില്ലാത്ത ദിവസങ്ങളിൽ വയലിലെ ചേറിലും ചെളിയിലും ഉരുണ്ട് കളിക്കും….

അവിടുത്തെ ഓരോ നിമിഷങ്ങൾ ആലോയിക്കുമ്പളും ഹൃദയത്തിന് ഒരു വല്ലാത്ത ഏനാന്ദം കൊഞ്ചലാണ്…..

ഈ ബഹളങ്ങൾക്കിടയിൽ നിന്നാണ് ഇക്ക എന്നെ കല്യാണം കഴിച്ച് കൊണ്ടോവുന്നത്…..

അവിടെ എത്തിക്കഴിഞ്ഞപ്പോ ജാങ്കോ …. ഞാൻ പെട്ടു ട്ടോ….. എന്ന് പറയുന്ന അവസ്ഥ… വീട്ടിൽ ഒരുപാട് ആളുണ്ടേലും തികഞ്ഞ നിശബ്ദത….

വ്യക്തമായി പറഞ്ഞാൽ ഭക്ഷണം കഴിക്കുമ്പോൾ ചവക്കുന്ന ശബ്ദം വളരെ കൃത്യമായിട്ട് കേൾക്കാൻ കഴിയും….

ചില ദിവസങ്ങളിൽ നെയ്ച്ചോറ് വെക്കുമ്പോ സൈഡ് ഡിഷായി സുർക്കേല് ഉളളിയും പച്ചമുളകും ഉപ്പും ഇട്ട് ഉണ്ടാക്കാറുണ്ട്….

ഈ ഉള്ളി കൂട്ടി ചോറ് തിന്നുമ്പോ ഭയങ്കര എടങ്ങേറാ… അതിൻ്റെ കറുമുറു ശബ്ദം എല്ലാർടെ മുഖത്തും ഒരു എടങ്ങേറ് ണ്ടാക്കാറുണ്ട്….. ആദ്യൊക്കെ ഭയങ്കര ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നെ പിന്നെ പണ്ടെങ്ങാനും ആനപ്പുറത്ത് കേറീറ്റ് ഇപ്പളും ചന്തിമ്മല് തയമ്പുണ്ടെന്ന മനോഭാവം ഒക്കെ മാറ്റിവെച്ച് ഉത്തരം കേൾക്കാത്ത ഒച്ചയും അടക്കവും, ഒതുക്കവും, കുലീനതയും ഉള്ള മരുമകളായപ്പോ ഉമ്മാക്കും സന്തോഷം…..

ഉമ്മാൻ്റെ അനിയത്തിമാര് ഫോൺ വിളിക്കുമ്പളും നാത്തൂൻ വിരുന്ന് വരുമ്പളും ഓള് ള്ളതോണ്ട് ഞാൻ ഒന്നും അറിയലില്ല…. എല്ലം ഓളായിക്കോളും എന്ന സർട്ടിഫിക്കറ്റ് കേക്കുമ്പോ രോമാഞ്ച കഞ്ചുകമാവാറുണ്ട്…..

ഒരു അഞ്ചെട്ട് മാസം മുമ്പ് എൻ്റെ വീട്ടിൽ പോയപ്പോ ഞങ്ങൾടെ വീടിൻ്റെ മുൻവശത്തെ വയലില് ഞാറ് നടാൻ നിലം ഉഴുത് മറിച്ച് ചളിക്കളമാക്കിയിട്ടിട്ടുണ്ട്..

അത് കണ്ടപ്പോ വിശന്നിരിക്കുന്നവൻ ബിരിയാണി കണ്ടാ വായില് വെള്ളം പൊട്ടുന്ന പോലെ എനിക്ക് ആകപ്പാടെ ഒരു പരവേശം….

പിന്നൊന്നും നോക്കീല.. പഴേ ഒരു ചുരിദാറെടുത്തിട്ട് എൻ്റെ മക്കളേം, വീട്ടില് ബാക്കിളള മക്കളേം, അയൽപക്കത്തെ കുട്ടികളേം, ഒക്കെ കൂട്ടി ആ ചളിയിലേക്ക് ചാടി….

ഓടികളിച്ചും തവളച്ചാട്ടം ചാടിയും കിടന്നുരുണ്ടും കളിച്ചപ്പോ മക്കൾക്കെ സ്വർഗം കിട്ടിയ ഫീൽ….

35 വയസായിറ്റും ഈ പെണ്ണിൻ്റെ പിരാന്തിന് ഒരു മാറ്റോം ഇല്ലല്ലോന്ന് തലേൽ കൈ വെച്ച് പറയുന്ന ഉമ്മാനോടും മൂക്കത്ത് വിരല് വെച്ച് അന്തം വിട്ട് നോക്കി നിക്കുന്ന അയൽപക്കത്തെ താത്തമാരോടും ഒച്ച പുറത്തോട്ട് വന്നില്ലെങ്കിലും ഞാൻ ഉറക്കെ പറയുന്നുണ്ടായിരുന്നു….

” പെണ്ണിൻ്റെ ജീവിതംന്ന് പറീണത് മരയോന്തിൻ്റെ തോല് പോലെയാണ് താത്തമാരേ…. സമയവും സാഹചര്യവും അനുസരിച്ച് നിറം മാറ്റാൻ കഴിവുള്ള പ്രത്യേക തരം ജീവി. .. . അതിനിടക്ക് എപ്പളെങ്കിലും സ്വന്തം നിറത്തിനോടൊരു അടങ്ങാത്ത പിരിശം തോന്നുകയാണെങ്കി അർമാദിച്ചേക്കണം….. ദാ ഇത് പോലെ….. “

❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *