അതേസമയം പുറത്തെവിടെയോ പോയി വന്ന വല്യപ്പച്ചൻ ഒന്ന് വിശ്രമിക്കാമെന്ന് കരുതി നേരെ പത്തായത്തിന്റെ മോളിലോട്ട് കേറിയിരുന്നതാരുന്നു. കുഞ് തൊട്ടിലിൽ ഇല്ലെന്ന് കണ്ട ആശ്വാസത്തിൽ…..

Story written by Adam John

വല്യമ്മച്ചി സൂക്ഷിക്കുന്ന പലഹാരങ്ങളൊക്കേം അമ്മാവൻ അടിച്ചു മാറ്റി അകത്താക്കുന്നതിനെ പറ്റി കഴിഞ്ഞ കഥയിൽ പറഞ്ഞാരുന്നല്ലോ. അതോണ്ടന്നെ അമ്മാവനറിയാതെ പത്തായത്തിലാരുന്നു ഒട്ടുമിക്ക പലഹാരങ്ങളും സൂക്ഷിച്ചോണ്ടിരുന്നേ.

പലഹാരങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളും വല്യമ്മച്ചിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒന്നും കളയാതെ സൂക്ഷിച്ചു വെക്കുന്നത് വല്യമ്മച്ചിയുടെ ഹോബിയാണ്. വല്യമ്മച്ചിയുടെ നിലവറ പരിശോധിച്ചാൽ അലുമിനിയ പാത്ര നിർമ്മാണം തുടങ്ങിയ കാലം തൊട്ടുള്ള പാത്രങ്ങളുടെ വലിയൊരു ശേഖരമുണ്ടാവും.
അതെപ്പറ്റി പിന്നീട് പറയാം.

ലാലേട്ടൻ ആരെയെങ്ങാണ്ടോ ഇടിച്ചു പല്ല് തെറിപ്പിച്ചോണ്ട് ഹോർലിക്സ് കുപ്പിയെല് അടച്ചു വെച്ചിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടില്ലേ. വല്യമ്മച്ചിക്കാ കുപ്പിയെന്നത് പലഹാരങ്ങൾ സൂക്ഷിക്കാനും പഞ്ചസാര തൊട്ട് മുളക് പൊടി വരെ ഇട്ട് വെക്കാനുമുള്ളതാരുന്നു. അതും വീട്ടിൽ ആർക്കേലും അസുഖം വരുമ്പോ ബന്ധുക്കളൊക്കെ കൊണ്ട് വരുന്നവയാണ്. അല്ലാതെ കാശ് കൊടുത്തോണ്ട് ഹോർലിക്സ് വാങ്ങിച്ചത് ഓർമ്മേൽ എവിടെയുമില്ല.

ഇടക്ക് എലിവിഷമോ ഉറുമ്പ് പൊടിയോ ഇട്ട് വെക്കാൻ വേണ്ടി വല്യപ്പച്ചൻ ഒരു കുപ്പിയുടെ മേലെങ്ങാനും കൈവെച്ചാൽ അക്ഷരാർത്ഥത്തിൽ വല്യമ്മച്ചി ഭദ്രകാളിയാവും.

അമ്മായി പ്രസവിച്ചു കിടക്കുന്ന കാലത്താണ്‌. കൊച്ചിനെ എങ്ങനൊക്കെയോ ഉറക്കിക്കിടത്തി അലക്കാനുള്ള തുണികളുമായി പുറത്തേക്ക് പോയേക്കുവാരുന്നു. അന്നൊക്കെ കൊച്ചുങ്ങളെ കിടത്താനുള്ള തൊട്ടിലുകൾ വീട്ടിൽ തന്നെ നിർമ്മിക്കുകയാണ് പതിവ്. പഴയ സാരിയോ ബെഡ്ഷീറ്റോ ഒക്കെയാവും അതിന് വേണ്ടുന്ന അസംസ്‌കൃത വസ്തുക്കൾ. അത് പ്രത്യേക രീതിയിൽ ഉത്തരത്തേൽ മുറുക്കി കെട്ടിയാൽ തൊട്ടിൽ റെഡിയായി. സത്യം പറയാലോ അതിൽ കിടന്നുറങ്ങുന്നത് വല്ലാത്തൊരു സുഖമുള്ള ഏർപ്പാടായിരുന്നു. ഉറങ്ങിയവർക്ക് മനസ്സിലാവും.

കാര്യങ്ങൾ അങ്ങനൊക്കെയാന്നേലും തൊട്ടിലിൽ കിടക്കുന്നയാൾ ഇടക്ക് കാര്യ സാധ്യം നടത്തുമ്പോ തടഞ്ഞു നിർത്താൻ ഒന്നുമില്ലാത്തത് കൊണ്ട് അത് തുള്ളികളായി താഴേക്ക് പതിക്കുകയും അതിലെ നടന്ന് പോവുന്ന ആളുകൾ തെന്നി വീഴാനുള്ള സാധ്യതയും ഉള്ളതിനാൽ ഞങ്ങടെ വീട്ടിലെ തൊട്ടിൽ പത്തായത്തിനോട് ചേർന്നാരുന്നു സ്ഥാപിച്ചത്.

അതിന്റെ പിറകിൽ വല്യമ്മച്ചിയുടെ കുരുട്ട് ബുദ്ധിയും പ്രവർത്തിച്ചിരുന്നു എന്ന് വേണം പറയാൻ. കാരണം കൊച്ചുണർന്ന് കരയുമ്പോ പത്തായത്തിന് മോളില് ഇരിക്കുന്ന വല്യപ്പച്ചനോട് തൊട്ടിൽ ആട്ടി കൊച്ചിനെ ഉറക്കാൻ പറയാലോ. മാത്രല്ല റേഡിയോ വെച്ചോണ്ട് വെറുപ്പിക്കേകുമില്ല. എങ്ങനുണ്ട് ബുദ്ധി.

അമ്മാവന് ഉച്ച ഭക്ഷണം കഴിഞ്ഞാൽ എന്തേലും മധുരം നിർബന്ധമാണ്. ഒന്നും കിട്ടിയില്ലേൽ പഞ്ചസാരയോ ശർക്കരയോ അകത്താക്കും. അടുക്കളയിലെ മുക്കും മൂലയും തിരഞ്ഞിട്ടും കഴിക്കാനൊന്നും കിട്ടാഞ്ഞിട്ട് പത്തായത്തിൽ ഉണ്ടോന്ന് നോക്കാനായി അകത്തേക്ക് നടക്കാൻ നേരം തൊട്ടിലേൽ കിടന്നുറങ്ങുവാരുന്ന കൊച്ചിനെ വെറുതെ തോണ്ടി കരയിക്കേം ചെയ്തു ദുഷ്ടനമ്മാവൻ.

കൊച്ചുങ്ങളുടെ കരച്ചിൽ കേട്ടാ അമ്മമാർക്ക് ഇരിപ്പുറക്കുവോ.. അലക്കിക്കൊണ്ടിരുന്ന അമ്മാവന്റെ ഷർട്ട് വെള്ളത്തിലേക്കിട്ട് അമ്മായി അകത്തേക്കൊടി. ചോദിക്കാനും പറയാനും ആരുമില്ലാത്തോണ്ടാവും അപ്രതീക്ഷിതമായ വീഴ്ചയിൽ പകച്ചു പോയ ഷർട്ട് കണ്ണ് തിരുമ്മി ചുറ്റിനും നോക്കി ആരെയും കാണാത്തത് കൊണ്ടാവും പതിയെ വെള്ളത്തിലേക്ക് ഊളിയിട്ടു.

പശുവിനെ കറന്ന് അഴിച്ചു കെട്ടിക്കഴിഞ്ഞു പാലുമായി അകത്തോട്ട് കേറിയ വല്യമ്മച്ചി പത്തായ പലക തുറന്നിരിക്കുന്ന കണ്ട് ഓടിവന്ന് അതടച്ചു വെച്ചോണ്ട് ചായ ഉണ്ടാക്കാനായി അടുക്കളയിലോട്ട് പോയി. അന്നൊരിക്കൽ വല്യപ്പച്ചൻ പത്തായത്തിലോട്ട് വീണേൽ പിന്നേ വല്യമ്മച്ചി അതെപ്പോ തുറന്ന് കണ്ടാലും ചെന്നടച്ചു വെക്കും.

അതേസമയം പുറത്തെവിടെയോ പോയി വന്ന വല്യപ്പച്ചൻ ഒന്ന് വിശ്രമിക്കാമെന്ന് കരുതി നേരെ പത്തായത്തിന്റെ മോളിലോട്ട് കേറിയിരുന്നതാരുന്നു. കുഞ് തൊട്ടിലിൽ ഇല്ലെന്ന് കണ്ട ആശ്വാസത്തിൽ വേഗം റേഡിയോ ഓൺ ചെയ്ത് മെല്ലെ കണ്ണടച്ചോണ്ട് ചാഞ്ഞു കിടക്കേം ചെയ്തു.

ഇതൊന്നുമറിയാതെ പത്തായത്തിനകത്തൂന്ന് ഹോർലിക്സ് കുപ്പിയെൽ സൂക്ഷിച്ചിരുന്ന ലഡു മുഴുവനും അകത്താക്കുവാരുന്ന അമ്മാവൻ കുപ്പി കാലിയാക്കി നടു നിവർത്തിയതും പത്തായപ്പലക തെറിച്ചു പോയതും ഒരുമിച്ചാരുന്നു.

ശബ്ദം കേട്ടോടി വന്ന വല്യമ്മച്ചി കണ്ട കാഴ്ച പത്തായത്തീന്നിറങ്ങി വരുന്ന അമ്മാവനെയാണ്. അതിന്റെ മോളില് കിടന്ന വല്യപ്പച്ചനെയാണേൽ അവിടെവിടേം തിരഞ്ഞിട്ട് കാണുന്നുമില്ല. ഒടുക്കം തൊട്ടിലിനകത്തൂന്ന് ഒരു ഞരക്കം കേട്ട് അങ്ങോട്ടേക്ക് ചെന്ന വല്യമ്മച്ചി കാണുന്നത് അതിൽ ഈജിപ്ഷ്യൻ മമ്മിയെപ്പോലെ കിടക്കുവാരുന്ന വല്യപ്പച്ചനെയാ.

അമ്മാവൻ നടു നിവർത്തിയപ്പോ വല്യപ്പച്ചൻ നേരെ തൊട്ടിലിലേക്ക് തെറിച്ചു വീണതാരുന്നു. തൊട്ടിലെൽ കിടക്കുന്ന കൊച്ചിനെ അല്ല വല്യപ്പച്ചനെ എടുക്കാൻ നോക്കിയിട്ടുണ്ടോ വല്യമ്മച്ചിക്കാവുന്നു. അമ്മാവനാണെൽ ഇക്കാര്യങ്ങളൊന്നും അറിയാതെ വല്യമ്മച്ചിയെ പേടിച്ച് അപ്പോ തന്നെ സംഭവ സ്ഥലത്തൂന്ന് സ്‌കൂട്ടാവേം ചെയ്താരുന്നു.

അതൊരു കണക്കിന് നന്നായി. അല്ലേൽ നേരത്തെ തൊട്ടിലിൽ കിടന്ന് കാറിക്കൊണ്ടിരുന്ന കൊച്ചെങ്ങിനാ ഇത്രവേഗം വളർന്ന് വലുതായി വല്യപ്പച്ചനെ പോലായെന്നാലോചിച്ചു തല പുകച്ചേനെ.

അവസാനം തൊട്ടിലിന്റെ കയർ അറുത്തു മാറ്റി തൊട്ടിൽ താഴെക്കിറക്കിയാണ് വല്യപ്പച്ചന് വേണ്ടിയുള്ള രക്ഷാ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *