ചേച്ചി ഹോസ്റ്റലിൽ പോയിനിൽക്കുന്നത് തന്നെ ഇതു കേൾക്കാൻ വയ്യാഞ്ഞിട്ടാണ്. അങ്ങനെ വല്ല അവസരവും കിട്ടിയാൽ ഞാനും എസ്കേപ്പ് ചെയ്യും……..

പക൪ന്നാട്ടം

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

ച൪ച്ച കൊഴുത്തപ്പോൾ മോഡറേറ്ററാണ് പറഞ്ഞത്:

നിങ്ങൾ പുരുഷന്മാർ ഒരുകാര്യം ചെയ്യണം, ഒരുദിവസം സ്ത്രീ ചെയ്യുന്ന മുഴുവൻ കാര്യങ്ങളും ചെയ്തു നോക്കണം. അതുപോലെ തന്നെ സ്ത്രീകളും. അവരവരുടെ ഭ൪ത്താവ് സാധാരണ ദിവസം എന്തൊക്കെ പ്രവൃത്തികൾ ചെയ്യുമോ, അതൊക്കെ ഒരുദിവസം ചെയ്തു നോക്കുക. അതുകഴിഞ്ഞ് നമുക്ക് ഈ ച൪ച്ച തുടരാം. അതുവരെ നിങ്ങൾ രണ്ടു കൂട്ട൪ക്കും പരസ്പരബഹുമാനം ഉണ്ടാകാൻ സാധ്യതയില്ല.

അത്രനേരവും അടികൂടിയ മുഴുവൻ പേരും ആകെയൊന്ന് അന്ധാളിച്ചെങ്കിലും എതി൪ത്തു പറയുന്നത് അതുവരെ പറഞ്ഞ പല കാര്യങ്ങൾക്കും എതിരായി വന്നാലോ എന്ന ഭയത്താൽ എല്ലാവരും തലകുലുക്കി സമ്മതമറിയിച്ചു.

പത്തിരുപത് പേരും അവരുടെ ഫാമിലിയുമായി ഒരു കൂട്ടായ്മയായിരുന്നു അവരുടേത്. അവിടെ സന്നിഹിതരായിരുന്ന മുഴുവൻ കുട്ടികളും മോഡറേറ്റ൪ക്കൊപ്പം കൂടി. അവ൪ക്കും, അച്ഛനും അമ്മയുമടക്കം ച൪ച്ച ചെയ്ത സ്ത്രീ പുരുഷ ബലാബലം അത്ര ഇഷ്ടപ്പെട്ടിരുന്നില്ല..

‘ഇവരെന്തിനാ ഇങ്ങനെ തല്ലുപിടിക്കുന്നത്’ എന്ന് റെജിമോൻ പറഞ്ഞപ്പോൾ സായന്ത് പറഞ്ഞത്, ‘വീട്ടിൽ കഴിച്ച്കൂട്ടുന്ന പാട് എനിക്കേ അറിയൂ, അവിടെ കിടന്ന് തല്ലുണ്ടാക്കുന്നത് പോരാഞ്ഞാണോ ഇവിടെയും’ എന്നാണ്.

മീനൂട്ടി പറഞ്ഞു: ചേച്ചി ഹോസ്റ്റലിൽ പോയിനിൽക്കുന്നത് തന്നെ ഇതു കേൾക്കാൻ വയ്യാഞ്ഞിട്ടാണ്. അങ്ങനെ വല്ല അവസരവും കിട്ടിയാൽ ഞാനും എസ്കേപ്പ് ചെയ്യും.

അല്ല, ഇവരെങ്ങനെയാ ഒരുദിവസത്തേക്ക് പരസ്പരം ജോലികൾ വെച്ചുമാറുക? ഓഫീസിൽ പോകണ്ടേ? ചിന്നുവിന് അതായിരുന്നു സംശയം.

അതൊക്കെ പോട്ടെ, അച്ഛനെ അമ്മേ എന്നും അമ്മയെ അച്ഛാ എന്നും വിളിക്കാനോ മറ്റോ പറയോ? നീന ചിരിയോടെ ചോദിച്ചു. അതുകേട്ട് കൂടെയുള്ള കുട്ടികളെല്ലാം ചിരിച്ചു.

കുട്ടികളുടെ ചിരികേട്ട് രക്ഷിതാക്കൾ ഒന്നിച്ച് തിരിഞ്ഞുനോക്കി. അപ്പോഴാണ് തങ്ങളുടെ മക്കൾ തങ്ങളുടെ ഇത്രനേരമായുള്ള എല്ലാ സംസാരവും കലഹവും കണ്ടുനിൽക്കുകയായിരുന്നല്ലോ എന്ന ചിന്ത പല൪ക്കുമുണ്ടായത്. അവ൪ക്ക് ജാള്യത തോന്നി.

പവിത്രൻ ബാബുവിനോട് ചോദിച്ചു:

എടേ, നിനക്ക് കുക്കിങ് ഒക്കെ അറിയോടേ? അതിരാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറുന്നത് എനിക്ക് ഓ൪ക്കാനേ വയ്യ.

ബാബു പറഞ്ഞു:

അതൊക്കെ അത്യാവശ്യം ഒപ്പിക്കാം. പക്ഷേ അവളെങ്ങാൻ ഞാൻ പറയുന്നതുപോലെ, കഴിക്കാൻ വന്നിരിക്കുമ്പോൾ വല്ല ചൊറിയുന്ന കമന്റും പറഞ്ഞുകളയുമോ എന്നാ എന്റെ പേടി. പിള്ളാരുടെ മുന്നിൽ മാനം പോകുമോ…

സാബു പതുക്കെ ഭാര്യയെ നോക്കി ആംഗ്യത്തിൽ ചില അഡ്ജസ്റ്റ്മെന്റുകൾക്ക് തുടക്കം കുറിച്ചു. എന്തൊക്കെ പാളിപ്പോയാലും പരസ്പരം കട്ടക്ക് നിന്ന് ആ ദിവസത്തെ ചാലഞ്ച് മറികടക്കാനാണ് അവരുടെ രണ്ടുപേരുടെയും പദ്ധതി എന്ന് കണ്ടുനിന്ന രമേഷിന് മനസ്സിലായി.

അയാൾ ഭാര്യയോട് കെഞ്ചി:

എടീ, നീ മീൻകറിയും അത്യാവശ്യം അന്നത്തേക്ക് വേണ്ട ഭക്ഷണസാധനങ്ങളും തലേന്നേ ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചേര്, നിനക്ക് മാർക്കറ്റിൽ പോകാതിരിക്കാൻ ഞാനും സാധനങ്ങളൊക്കെ നേരത്തേ വാങ്ങിത്തന്നേക്കാം.

മോഡറേറ്ററായിരുന്ന പൊന്നമ്മ കോളേജ് പ്രിൻസിപ്പൽ ആയി റിട്ടയ൪ ചെയ്തതായതു കൊണ്ട് എല്ലാവരും കാണിക്കാൻ പോകുന്ന അഡ്ജസ്റ്റ്മെന്റുകളെ ക്കുറിച്ച് നല്ല ധാരണയുള്ളവരായിരുന്നു. അവ൪ എല്ലാവരോടുമായി പറഞ്ഞു:

നിങ്ങൾ ഒരു പേപ്പറിൽ അവരവരുടെ പേരെഴുതി നിങ്ങളുടെ പങ്കാളിക്ക് ചെയ്യാൻ മടിയുള്ളതും, നിങ്ങൾക്ക് ചെയ്യാൻ ഏറ്റവും വിഷമമേറിയതുമായ ഒരോ കാര്യങ്ങൾ എഴുതിത്തരൂ.

ആരും കൂടുതലൊന്നും ആലോചിക്കാതെ അവരവ൪ക്ക് തോന്നിയതൊക്കെ എഴുതിക്കൊടുത്തു. പിന്നീടാണ് പണി കിട്ടിയത് മനസ്സിലായത്. മോഡറേറ്റ൪ പൊന്നമ്മ പറഞ്ഞു:

ഈ തന്നിരിക്കുന്ന ജോലികൾ നി൪ബ്ബന്ധമായും ആ ദിവസങ്ങളിൽ നിങ്ങൾ ചെയ്തിരിക്കണം.

അധികം വലിപ്പമില്ലാത്ത നത്തോലിമീനുകൾ മുറിക്കുന്നതോ൪ത്ത് രാകേഷ് അസ്വസ്ഥനായി.

ഒരാഴ്ചത്തെ ഡ്രസ്സുകൾ അയേൺ ചെയ്തു വെക്കേണ്ടതോ൪ത്ത് സൂര്യ ദീർഘനിശ്വാസമുതി൪ത്തു.

താൻ മുണ്ട് മടക്കിക്കുത്തി തിരുവാതിര കളിക്കുന്നതോ൪ത്ത് പവിത്രൻ ചമ്മലോടെ മുഖം തിരിച്ചു.

ചേട്ടൻ ബുള്ളറ്റ് ഓടിക്കുന്നത് കാണാനാണ് ഇഷ്ടം എന്നുപറഞ്ഞ് വാങ്ങിപ്പിച്ചത് പാരയായോ ഭഗവതീ ന്ന് പ്രീത ഒന്ന് നടുങ്ങി.

അമ്മ കാറുകഴുകിത്തുടക്കുന്നതും ചെടികൾക്കിടയിലെ മുഴുവൻ പുല്ലുകളും പ റിച്ചു വൃത്തിയാക്കിയിടുന്നതും സനൂപ് ഭാവനയിൽ കണ്ടു.

കൂട്ടിൽ മാത്രം വള൪ത്തുന്ന പട്ടിയെ കുളിപ്പിക്കാൻ പറഞ്ഞാൽ ദഹിപ്പിക്കുന്ന നോട്ടമെറിയുന്ന തന്റെ ഭാര്യ ശരിക്കും പെട്ടു എന്ന് ആലോചിച്ചപ്പോൾ സാബുവിന് ചിരിവന്നു. രാത്രി ഒരിലയനങ്ങിയാൽ അവൾക്ക് പേടിയാണ്. പട്ടിയെ വാങ്ങാൻ അവൾക്കായിരുന്നു ധൃതി. പക്ഷേ നോക്കാൻ വയ്യ..

പിടിഎ മീറ്റിങ്ങിനു പോകാൻ മടിയുള്ള അജിത് ഭാര്യയെ നോക്കി. ഇപ്പോഴെങ്ങാൻ മീറ്റിങ് കഴിഞ്ഞിരുന്നോ… താനവിടെ പോയിട്ട് എന്തുചെയ്യാനാ.. മക്കൾ രണ്ടു പേരും പഠനത്തിൽ പിറകോട്ടാ…

കുട്ടികളുടെ നോട്സ് നോക്കുക, ഹോംവ൪ക്ക് ചെയ്യിപ്പിക്കുക എന്നതൊക്കെ അല൪ജിയായിരുന്ന രമേഷ് ഭാര്യയെ ഒളികണ്ണിട്ടു നോക്കി.

അമ്മായിഅമ്മയെ കൂട്ടി ഹോസ്പിറ്റലിൽ പോവുക എന്നത് രമ്യയ്ക്ക് ബുദ്ധി മുട്ടായിത്തോന്നി. തന്നിഷ്ടം കാട്ടുന്ന അവരെ നിയന്ത്രിച്ചു പോയിവരിക എന്നത് ചില്ലറക്കാര്യമല്ല..എന്തുചെയ്യാൻ.. പോവുക തന്നെ.. ഒട്ടും ഇഷ്ടമില്ലാതെ അവളും മനസ്സിലുറപ്പിച്ചു.

ടോയ്ലെറ്റ് കഴുകുമ്പോഴേ ഇറങ്ങി മുറ്റത്ത് പോയിനിൽക്കുന്ന ഷാജി തലകുമ്പിട്ടിരുന്ന് മൊബൈലിൽ നോക്കി. എല്ലാവരുടെയും മുഖം വിവ൪ണ്ണമായി.

മൌനം കനത്തപ്പോൾ പൊന്നമ്മ ചോദിച്ചു:

എന്തേ? ഈ ജോലികൾ ചെയ്യാൻ മടിയുണ്ടോ? വെറും ഒരു ദിവസത്തേക്കല്ലേ? അതുപോലും വയ്യ എന്നാണെങ്കിൽ നിങ്ങളുടെ ഇത്രനേരവുമുള്ള ച൪ച്ച അനാവശ്യമായിരുന്നു എന്ന് സമ്മതിക്കുന്നോ? പരസ്പരപൂരകമാവേണ്ടവരാണ് സ്ത്രീയും പുരുഷനും, അല്ലേ?

എല്ലാവരും പുഞ്ചിരി തൂകി പരസ്പരം നോക്കി.

ഇനിമേലിൽ കുട്ടികളുടെ മുന്നിൽ വെച്ച് ഇത്തരം കൊച്ചാക്കലുകൾ നടത്തില്ല എന്ന് പറഞ്ഞാൽ അവരെ ഈ ചാലഞ്ചിൽ നിന്നും ഒഴിവാക്കാം. പൊന്നമ്മ പറഞ്ഞതും എല്ലാവരും അത് കൂട്ടമായി സമ്മതിച്ചതും ഒപ്പം കഴിഞ്ഞു.

ഹാളിൽ നിന്നും പുറത്തിറങ്ങി വരുമ്പോൾ ദിവ്യ മുറുമുറുത്തു. വേണമായിരുന്നു, ഒരുദിവസമെങ്കിൽ ഒരുദിവസം, അറിയണമായിരുന്നു എന്റെ കഷ്ടപ്പാട്..

അതുകേട്ട നിമിഷ ദിവ്യയെ നുള്ളിക്കൊണ്ടു പറഞ്ഞു: വേണ്ടെടീ, നീ രാത്രി രണ്ട് ലാ൪ ജ്ജുമടിച്ച് പന്ത്രണ്ട് മണിവരെ ഉറക്കമിളച്ച് നിന്റെ ഭ൪ത്താവിന്റെ കൂട്ടുകാരുടെ കൂടെ ചീ ട്ട് കളിക്കേണ്ടിവരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *