ആരു പറഞ്ഞു നിനക്ക് യോഗ്യത ഇല്ലന്ന്. നീയൊരു പെണ്ണാണ് നിനക്കുമൊരു മനസുണ്ട്….

പ്രതീക്ഷ

Story written by Murali Ramachandran

“ഒന്നും തോന്നരുത് ചേട്ടാ.. ചേട്ടന്റെ സ്റ്റാറ്റസൊക്കെ കാണുമ്പോ ഒരു പ്രണയ നൈരാശ്യം ഉള്ളതായി തോന്നി. പറയാൻ ബുദ്ധിമുട്ടാണേൽ പറയണ്ടാ..”

വിദ്യയുമായുള്ള ചാറ്റിങ്ങിനു ഇടയിലാണ് ആ വോയിസ്‌ മെസേജ് എനിക്ക് അയച്ചത്. അതു കേട്ടതും മറുപടി എന്ത് കൊടുക്കണം എന്നൊരു ആലോചന എന്നിൽ മുളച്ചു. ഒരു മാസം തികയുന്ന ഈ സൗഹൃദത്തിനു എന്റെ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കണോ എന്നൊരു തോന്നൽ. ഒന്നും ആലോചിക്കാൻ നിന്നില്ല..

“അതെ കുഞ്ഞേ.. ഞാനൊരു തകർന്ന മുരളിയാണ്, ഇതിൽ വിരഹത്തിനു മാത്രമേ സ്ഥാനമുള്ളു. കാത്തിരിക്കാൻ മനസില്ലാത്തവളെ എനിക്ക് തെറ്റ് പറയാനാവില്ലല്ലൊ.. ആാാ.. ഇനി കാലം മറുപടി പറയട്ടെ..”

ആ വോയിസ്‌ മെസ്സേജ് ഞാൻ അയച്ചതും അതു കേൾക്കേണ്ട താമസം..

“ചേട്ടൻ വിഷമിക്കണ്ട, ഒന്നുപോയാൽ അതിനേക്കാൾ മികച്ചത് മറ്റൊന്ന്.. ദേ, പഴയൊരു ചൊല്ലില്ലേ.. കടുക്കൻ ഇട്ടവള് പോയാൽ കമ്മൽ ഇട്ടവള് വരൂന്ന്..”

മറുപടിക്കായി ആലോചിക്കാൻ നിൽക്കാതെ ഞാൻ ഒരു ചിരിക്കുന്ന സ്റ്റിക്കർ അയച്ചു കൊടുത്തു. അതുകണ്ടതും അവളും ചിരിച്ചു, ഞാനും ചിരിച്ചു. ഞാൻ അവളോട്‌ ചോദിച്ചു.

“അല്ല കുഞ്ഞേ.. നിനക്കി പ്രേമമൊന്നും ഇല്ലേ..? ഇനി ഉണ്ടേൽ തന്നെ പെൺകുട്ടികൾ ആരോടും പറയാറില്ലല്ലോ..”

“അല്ല ചേട്ടാ.. എനിക്ക് ഒരാൾ ഉണ്ടായിരുന്നു.”

“ആണോ.. അതുകൊള്ളാല്ലോ.. കേൾക്കട്ടെ, ആരാ കക്ഷി..?”

എന്റെ ആ ചോദ്യത്തിന് ഉത്തരം വൈകുന്നതായി അപ്പോൾ തോന്നി. ഞാൻ അവളുടെ പ്രൊഫൈലിലൂടെ വെറുതെ കണ്ണോടിച്ചു നോക്കി. അവളും, കുറേ പൂക്കളും, ഒപ്പം ചില രചനകളും.. ഒന്നിലും എനിക്ക് പ്രണയം കണ്ടെത്താനായില്ല. അവളുടെ ഒരു വോയിസ്‌ മെസ്സേജ് വരുന്നതായി നോട്ടിഫിക്കേഷൻ കണ്ടു. ഞാൻ അതിലേക്ക് തിരിഞ്ഞു.

“സോറി ചേട്ടാ.. അതു ആരാന്നു മാത്രം ഞാൻ പറയില്ല. സ്കൂളിൽ പഠിക്കുമ്പോളായിരുന്നു. അന്നു ഞാൻ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവൾ എന്നെ കുറേ വഴക്ക് പറഞ്ഞു, കൂടെ അവനും..”

“എന്തിന്..? ഒരു പെണ്ണിന് പ്രേമിക്കാൻ പാടില്ലേ..?”

“അതല്ല ചേട്ടാ.. എന്റെ ഈ ലോകം വീൽ ചെയറിലാണ്, ഈ മുറിക്കുള്ളിലും.. എനിക്ക് പ്രേമിക്കാൻ അർഹതയില്ല. പ്രേമിച്ചാൽ തന്നെയും കുടുംബ ജീവിതത്തിനു യോഗ്യതയില്ല. പിന്നെന്തിനാ ഞാൻ ഓരോന്നിന് മോഹിക്കുന്നെ..?”

അവളുടെ ആ മറുപടി എന്നെ വല്ലാതെ തളർത്തി, ഞാൻ അവൾക്ക് മുന്നിൽ നിസ്സഹായനായിരുന്നു. ഏറെ നേരം ആ പ്രൊഫൈലിൽ തന്നെ നോക്കി ഇരുന്നു. ഒടുവിൽ ഞാൻ തുടർന്നു..

“ആരു പറഞ്ഞു നിനക്ക് യോഗ്യത ഇല്ലന്ന്. നീയൊരു പെണ്ണാണ്, നിനക്കുമൊരു മനസുണ്ട്.”

“ആരും പറഞ്ഞതല്ല ചേട്ടാ.. ഞാനെന്റെ മനസിനെ സ്വയം പറഞ്ഞു പഠിപ്പിച്ചതാണ്.”

“അല്ല മോളെ.. പ്രേമിക്കാൻ എല്ലാർക്കും യോഗ്യതയുണ്ട്, അതിന് അതിരുകളില്ല. ആത്മാർഥമായി ഒരാൾ പ്രേമം പറയുന്ന നാൾ ദൂരെയല്ല. ആദ്യം നീ നല്ലോണം പഠിച്ചൊരു സർക്കാർ ജോലി വാങ്ങു, പിന്നെയെല്ലാം നിന്റെ കൂടെ വരും.”

ഞാൻ വിദ്യക്ക് പ്രതീക്ഷയുടെ വാക്കുകൾ പകർന്നു കൊടുത്തു. എങ്കിലും എന്റെ മനസ്സിൽ ഒരു വിങ്ങൽ ബാക്കി നിന്നു. അവളുടെ ആ അവസ്ഥയെ ഓർത്തു. നാളെ അവളുടേതാകട്ടെ, പ്രാർത്ഥനയോടെ ഞാൻ കണ്ണുകൾ അടച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *