പിന്നൊരു ആശ്വാസവുള്ളത് ഒളിച്ചോട്ടങ്ങളുടെ ചരിത്രത്തിൽ ഇന്നേവരെ ഡ്രൈവിംഗ് സ്‌കൂൾ മാഷിന്റെ കൂടേ ആരും ഒളിച്ചോടിയതായി രേഖപ്പെടുത്തി യിട്ടില്ലെന്നതാരുന്നു…….

Story written by Adam John

ഒരു വണ്ടി വാങ്ങിക്കണവെന്ന് കരുതിട്ട് കുറച്ചു നാളായി. അങ്ങനിരിക്കെ ഒരു ദിവസം ചുമ്മാ ഇരുന്ന് മൊബൈലിൽ നോക്കിക്കൊണ്ടിരിക്കുമ്പഴാണ് ഓ എല്ലെക്സിൽ ഒരു വണ്ടി കാണുന്നേ.

ഒറ്റ നോട്ടത്തിൽ കൊള്ളാവെന്ന് തോന്നിയപ്പോ അറിയാവുന്നൊരുത്തനെയും കൂടെ കൂട്ടിക്കൊണ്ട് ചെന്ന് നോക്കി കച്ചവടമുറപ്പിച്ചു സ്വല്പം പഴക്കവുണ്ടേലും നല്ല വൃത്തിയുള്ള വണ്ടി. ഡോക്ടർ ഉപയോഗിച്ചതാന്ന് പറഞ്ഞപ്പോ ഭാര്യ ചോദിക്കുവാ ഇത്രേം ദാരിദ്ര്യം പിടിച്ച ഡോക്ടർമാരുണ്ടാവോന്ന്. വണ്ടി വന്ന് കേറിയ പാടെ വഴക്കൊന്നും വേണ്ടെന്ന് കരുതി ഞാനൊന്നും മിണ്ടീല. വണ്ടി കാരണം മനുഷ്യന്റെ സ്വസ്ഥത ഇല്ലാതായീന്ന് പറയാൻ വഴിയൊരുക്കേണ്ടല്ലോ.

ഏതാന്നേലും മുറ്റത്തൊരു വണ്ടി ചുമ്മാ ഇരിക്കുവല്ലേ. നീ കൂടി ഡ്രൈവിംഗ് പഠിക്കുവാന്നേൽ നല്ലതല്ലേന്ന് ചോദിച്ചപ്പോ അവൾക്കും സമ്മതം. പക്ഷെ ഞാൻ പഠിപ്പിക്കാവെന്ന് പറഞ്ഞപ്പോ എന്നതാ എന്നറിയത്തില്ല അവളെന്നെ ഒരു നോട്ടം നോക്കുവാന്നേ..ഭർത്താവിന്റെയോ സഹോദരന്റെയോ കൂടേ ഡ്രൈവവിംഗ് പഠിക്കാൻ പോയാൽ ഡ്രൈവിംഗ് പഠിക്കത്തില്ലെന്ന് അവളെവിടോ വായിച്ചിട്ടുണ്ടത്രേ.

അങ്ങനെയാണവൾ സ്‌കൂളിൽ ചേരുന്നത്. പോവാനുള്ള ഒരുക്കങ്ങളൊക്കെ കണ്ടപ്പോ പഠിക്കാനാന്നോ പോവുന്നെന്ന് ഭർത്താവായ എനിക്ക് സംശയം തോന്നിയാൽ എന്നെ കുറ്റം പറയാൻ ഒക്കുകേല. അത്രക്ക് ഒരുക്കവാരുന്നേ. മുടി പിന്നിക്കെട്ടുന്നു. പൌഡറിടുന്നു. കണ്ണെഴുതുന്നു.

നീയിതെന്നാ ഭാവിച്ചാടി ന്ന് ചോദിച്ചപ്പോ പറയാ ഇച്ചായനോ രണ്ട് നല്ല വാക്ക് പറയുകേല. മറ്റുള്ളോരുടെ വായീന്നെങ്കിലും കേക്കാലോന്ന്. അവിടേം നമുക്കിട്ടാ പണി. പിന്നൊരു ആശ്വാസവുള്ളത് ഒളിച്ചോട്ടങ്ങളുടെ ചരിത്രത്തിൽ ഇന്നേവരെ ഡ്രൈവിംഗ് സ്‌കൂൾ മാഷിന്റെ കൂടേ ആരും ഒളിച്ചോടിയതായി രേഖപ്പെടുത്തി യിട്ടില്ലെന്നതാരുന്നു.

രാത്രി ഫുഡ് കഴിക്കാൻ നേരം എങ്ങനുണ്ടെടി ക്‌ളാസ് എന്ന് ചുമ്മാ ചോദിച്ചതാരുന്നു. കൊള്ളാം മാഷ് നിങ്ങളെ പോലൊന്നുവല്ല എന്ന് പറഞ്ഞപ്പോ ഞാനൊരു ഞെട്ടലോടെ അവളുടെ മുഖത്തോട്ട് നോക്കി. സാറിനോട് എന്നാ സംശയം ചോദിച്ചാലും വ്യക്തവായി മറുപടി തരുവെന്നാ അവളുദ്ദേശിച്ചതെന്ന് കേട്ടപ്പോഴാ ആശ്വാസവായെ. അതവിടെ കഴിഞ്ഞു.

ഒരു ദിവസം ക്‌ളാസ് കഴിഞ്ഞു വന്നപ്പോ അവള് പറയാ നമുക്കും കുറച്ചു ചെടികൾ വാങ്ങിക്കണവെന്ന്. പഠിപ്പിക്കാൻ കൊണ്ടൊവുന്ന വഴിയിലെവിടെയോ ഒരു വീട്ടിൽ നിറയെ ചെടികൾ കണ്ടത്രേ. ഇവളിത് പഠിക്കാനാന്നോ അതൊ ചെടികളെ വായ് നോക്കാനാന്നോ പോയതെന്നായി എന്റെ സംശയം.

എന്താന്നെലും അവള് പഠിച്ചു ആദ്യത്തെ ടെസ്റ്റിൽ തന്നേ പാസായി കണ്ടപ്പോ ഭർത്താവെന്ന നിലക്ക് എനിക്കും സന്തോഷവും അഭിമാനവും ഒക്കെ തോന്നിയാരുന്നു. അതിന്റെ പേരിൽ അവളെക്കൊണ്ട് ചിലവും ചെയ്യിപ്പിച്ചു. പരീക്ഷണപ്പറക്കലിൽ ആദ്യത്തെ ഒന്ന് രണ്ട് ദിവസം കുഴപ്പവൊന്നും ഇല്ലാരുന്നെന്ന് കണ്ടപ്പോ ഒത്തിരി സന്തോഷവായി. അവള് പുലിയാന്നേ.

പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ഒരു ദിവസം നോക്കുമ്പഴുണ്ട് കാറിന്റെ ഒരു വശം ചളുങ്ങിയേക്കുന്നു. എതിരെ വന്ന വണ്ടിക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ മതിലിന്മേൽ ചെന്ന് ചും ബിച്ചതാരുന്നു പോലും.

സ്വഭാവികം.

എന്നിരുന്നാലും വണ്ടിയുടെ ഉടമസ്ഥനും അവളുടെ കെട്യോനും ആയ സ്ഥിതിക്ക് ഒന്ന് ശ്രദ്ധിച്ചൂടാരുന്നോടി എന്ന് വെറുതെ ഒന്ന് ചോദിച്ചപ്പോ അവള് പറഞ്ഞത് കേക്കണോ. വാങ്ങിച്ചിട്ട് ഒരാഴ്ച പോലും തികയാത്ത അവളുടെ പ്രെഷർ കുക്കർ കുഞ്ഞിനെ കേടാക്കിയപ്പഴും പാനിൽ സ്ക്രബ്ബർ കൊണ്ടുരച്ചു ഉപയോഗ ശൂന്യ മാക്കിയപ്പഴും കമ്മൽ വാങ്ങിച്ചപ്പോ ഫ്രീയായി കിട്ടിയ രണ്ട് പുത്തൻ ഗ്ലാസുകൾ തറയിലിട്ട് പൊട്ടിച്ചപ്പഴും എനിക്കില്ലാത്ത വിഷമവെന്തിനാ തുരുമ്പെടുത്ത ഈ പാട്ടക്കാർ ഒന്ന് ചളുങ്ങിയതിനെന്ന്.

ചോദിക്കണ്ടാരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *