ആർക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്ന് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?ഞാൻ ചിന്തിച്ചിട്ടുണ്ട് . ഒരിക്കലല്ല പല തവണ അങ്ങനെ ചിന്തിച്ചിട്ടുണ്ട് ……

”തിരിച്ചു വരവ്”

Story written by Rejitha Sree

ആർക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്ന് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?.ഞാൻ ചിന്തിച്ചിട്ടുണ്ട് . ഒരിക്കലല്ല പല തവണ അങ്ങനെ ചിന്തിച്ചിട്ടുണ്ട് . ചിലപ്പൊഴൊക്കെ മരിക്കാമെന്ന ചിന്ത എന്നെകീഴ്പ്പെടുത്തിയിട്ടുമുണ്ട് .പക്ഷെ ഇപ്പോഴ ചിന്തകൾ എന്നെ വിട്ടകന്നിരിക്കുന്നു ..

വെറും 4 വർഷത്തെ ദാമ്പത്യത്തിനു ശേഷം.ഭർത്താവിന്റെ അപ്രതീക്ഷിത മരണം . അത് എന്റെയും മോൻ ഉണ്ണിയുടേയും ജീവിതം തകർത്തെറിഞ്ഞിരുന്നു . മരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് എന്നെയും കൂട്ടി അമ്മയും ആങ്ങളയും വന്നു . അപ്പൊഴും വിശ്വസിക്കാൻ പറ്റിയിരുന്നില്ല വിനോദേട്ടന്റെ മരണം .

അന്ന് പതിവിന് വിപരീതമായി വീട്ടിനടുത്ത റോഡിൽ ഇടയ്ക്ക് ഞങ്ങളുടെ വീട്ടിലേക്ക് നോക്കി പിറുപിറുത്തുകൊണ്ട് ചില ചെറുപ്പക്കാർ പോകുന്നത് ഞാനും വിനോദേട്ടന്റെ അമ്മയും ശ്രദ്ധിച്ചിരുന്നു . എന്താ കാര്യം എന്നറിയാത്തത് കൊണ്ട് ഞാൻ അടുക്കള ജോലി തുടർന്നു . പതിവില്ലാതെ ചിലരൊക്കെ വന്നു. ചോദിക്കുന്നവരൊക്കെയും പറഞ്ഞത് ” ഞാനിതുവഴി പോയപ്പോൾ വെറുതേ ഒന്നു കേറിയതാണ് ” എന്നാണ് . ഏറെ വൈകാതെ ആങ്ങളയും വന്നു . അവനിന്ന് ലീവാണത്രെ . പുറത്ത് വിനോദേട്ടന്റെ അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കെ ചായ വെക്കാൻ പോലും സമ്മതിച്ചില്ല . സാധാരണ വന്നാൽ വിനോദേട്ടനെ കുറിച്ചൊക്കെ ചോദിക്കുന്നതാണല്ലോ എന്നോർത്ത് ഞാനും നിന്നു .

” നിനക്കെന്താടാ പറ്റിയേ. ശ്യാമയുമായി എന്തേലും വഴക്കുണ്ടായോ?” അവന്റെ ഭാര്യയാണ് ശ്യാമ . ഇടയ്ക്ക് കുഞ്ഞു വഴക്കുകളൊക്കെ ഉണ്ടായാൽ ഇങ്ങനെ തൂങ്ങി പിടിച്ചിരിക്കുന്നത് കാണാം . അതു കൊണ്ടാണ് ഞാൻ ചോദിച്ചത് .

” ഏയ് ഒന്നൂല്ലെടീ. നീ വല്ലോം കഴിച്ചോ ? ” അവൻ അതും പറഞ്ഞ് മൊബൈലെടുത്ത് മുറ്റത്തേക്കിറങ്ങി ..അടക്കിപ്പിടിച്ച സംസാരങ്ങൾ.. അതോടെ എനിക്കും സംശയമായി തുടങ്ങി . വിനോദേട്ടനെ വിളിക്കാനൊരുങ്ങിയ എന്നെ അവൻ തടഞ്ഞതോടെ ആധികയറി എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി . അമ്മയെ വിളിച്ച് പുറത്തേക്ക് വരുമ്പോഴേക്കും മുറ്റത്തേക്കും ആൾക്കാർ കടന്നു വന്നു തുടങ്ങിയിരുന്നു . പിന്നെ എല്ലാം യാന്ത്രികമായിരുന്നു . പാതി മയക്കത്തിൽ ആശുപത്രിയിൽ നിന്നും ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു . അവസാനമായി മുറ്റത്ത് കിടത്തിയ വിനോദേട്ടന്റെ ശരീരത്തിലേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ചത് ഓർമ്മയുണ്ട് . പിന്നെ എന്തൊക്കെയാണ് സംഭവിച്ചത് മറന്നു . ഇപ്പൊഴും കൺമുന്നിലുണ്ട് ആ മുഖം . ആശുപത്രിയിൽ നിന്നും നിലവിളിച്ചോടിയ എന്നെ ആരൊക്കെയോ ചേർന്ന് പിടിച്ചു വെച്ചു . ” എന്റെ മോനെയെങ്കിലും എനിക്ക് കാണിച്ച് താ ..” ഒടുവിൽ അതും പറഞ്ഞായിരുന്നു എന്റെ നിലവിളി . ഒടുവിൽ ആരോ ഉണ്ണിയെ എന്റെ കൈയിൽ വെച്ചു തന്നു . എന്റെ കരച്ചിലിനൊപ്പം ഉയർന്ന അവന്റെ കരച്ചിലും . അവന്റെ കവിളിലൊക്കെയും ചുണ്ടമർത്തുംമ്പോഴും കരയുകയായിരുന്നു ഞാനും .

ഒടുവിൽ സ്വന്തം വീട്ടിലേക്ക് ഒരു പറിച്ച് നടൽ. ഓർമ്മകൾ മാത്രം ബാക്കി .വിനോദേട്ടന്റെ ഒപ്പം ജീവിച്ചിരുന്നപ്പോൾ ഒരു കിലോ അരിയ്ക്കു എത്രയാ വില എന്ന് എനിക്കറിയില്ലായിരുന്നു. ചിലവുകൾ എല്ലാം ഭംഗിയായി നടത്തി മാസാവസാനം പട്ടണത്തിൽ സിനിമ കാണിക്കാൻ വരെ കൊണ്ടു പോകുമായിരുന്നു… കഴുത്തിൽ താലി ഉള്ളപ്പോൾ ഉള്ള ജീവിതവും അത് അറ്റുപോയാലുള്ള ജീവിതവും നിമിഷ നേരം കൊണ്ടാണ് മാറിമറിയുന്നത്. സാമൂഹ്യ സദാചാര സംഭാഷണങ്ങൾ വേറെ.. ഏട്ടൻ ഉണ്ടായിരുന്നപ്പോൾ ഇതൊക്കെ ഇവിടെ തന്നെ ഉണ്ടായിരുന്ന തായിരുന്നു. പക്ഷെ ഒന്നും ഞാൻ അറിയാൻ വിനോദേട്ടൻ ഇടവരുത്തിയിട്ടില്ല.. ഉണ്ണിമോന്റ കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങൾ എന്നെ നോക്കി വേദനിക്കുമ്പോൾ ഞാൻ ഓർക്കും അവന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ.. ഒരു നേരത്തെ അവനുള്ള ആഹാരമെങ്കിലും അവൻ ആഗ്രഹിച്ചപോലെ നൽകാൻ കഴിയുമായിരുന്നു.. ജീവിതത്തോട് മടുപ്പു തോന്നിയപ്പോഴൊക്കെ ഉണ്ണിമോന്റെ മുഖമാണ് ജീവിക്കാൻ പ്രേരിപ്പിച്ചത്.. അവൻ കൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ എന്നേ വല്ലതും ചെയ്തേക്കുമായിരുന്നു .

മുറ്റത്ത് ഏതോ വാഹനത്തിന്റെ ശബ്ദം കേട്ടതും ഓർമ്മകളിൽ നിന്നുണർന്ന് തുണി നേരെ പിടിച്ചിട്ട് തയ്‌ക്കാൻ തുടങ്ങി . തയ്യൽ മെഷീന്റെ “കട കട “ശബ്ദമാണ് എന്റെയും മോന്റെയും ജീവൻ മുന്നോട്ട് നയിച്ചത് . . ഇതൂടെ തയ്ച്ചു കൊടുത്തു കഴിഞ്ഞാൽ ആഗ്രഹിച്ച പൈസ കിട്ടും എന്നിട്ട് വേണം അവനൊരു ബൈക്ക് വാങ്ങി കൊടുക്കാൻ .ചെറു പ്രായത്തിലെ എന്നെ സഹായിക്കാൻ പത്ര വിതരണവും മറ്റും തുടങ്ങിയതാണ് ഉണ്ണി . ഇന്നവന് ഗവർമെന്റ് ജോലി കിട്ടിയപ്പോൾ ഒരു ചെറിയ സമ്മാനം . സൈക്കിളിനു പകരം ഒരു ബൈക്ക് ..

“‘അമ്മെ ….”” വിളി കേട്ടതും സുജാത പുറത്തേക്കിറങ്ങി . മുറ്റത്തേക്ക് കയറി വന്ന പിക്കപ്പ് വാനിൽ നിന്നും ഓട്ടോമാറ്റിക് തയ്യൽ മെഷീൻ എടുത്തു വെക്കുന്ന ഉണ്ണിയെ കണ്ടതും അവൾ നിറഞ്ഞു വന്ന കണ്ണീർ തുടച്ചു.. ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന വിനോദേട്ടന്റെ ഫോട്ടോയുടെ താഴെ അവൻ അത് ഇറക്കി വച്ചപ്പോൾ എന്റെ വിനോദേട്ടനെ ഞാൻ ഓർത്തുപോയി.. അന്ന് പൊന്നു പോലൊരു മകനെ തന്നിട്ടിട്ടുപോയതിൽ… ഇന്ന് അവന്റെ ആദ്യ ശമ്പളം കിട്ടി.. അമ്മയ്ക്ക് മകന്റെ വക സമ്മാനം.. അവൻ എന്നെ കെട്ടിപിടിച്ചു നെറ്റിയിൽ തുരുതുരെ ഉമ്മ തന്നപ്പോൾ നഷ്ടങ്ങൾ എല്ലാം നേട്ടങ്ങൾ തന്നെയാണെന്ന് വിനോദേട്ടൻ എന്റെ മനസ്സിനോട് മന്ത്രിക്കുണ്ടായിരുന്നു.

ഒരുപാട് സ്നേഹിക്കുന്ന അമ്മയ്ക്കും മക്കൾക്കും വേണ്ടി….

Related Posts

Leave a Reply

Your email address will not be published. Required fields are marked *