ഇതിനു മുൻപ് ഇതേ രീതിയിൽ മരിച്ച സ്നേഹിതൻമാരായിരുന്ന രതീഷും, കുഞ്ഞാപ്പുവും എന്റെ ഉറക്കത്തെ ബാധിക്കുകയും അതു വഴി മാനസീകമായ അസ്വസ്ഥകളിലേക്ക്‌………

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ

ആന്റപ്പന്റെ മരണം എന്നെ വല്ലാതെ ഉലച്ചിരുന്നു.

ഈയിടെയായി സർവ്വസാധാരണമായ തലയിലെ ബ്ലഡ്‌ ക്ലോട്ടിങ് ആയിരുന്നു അവന്റെയും മരണകാരണം.

ഭാര്യ സ്റ്റെല്ലയോടും മകൾ ആനിയോടുമൊപ്പം വൈകിട്ടത്തെ പ്രാർത്ഥനക്കിരിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിനായി അയല്പക്കത്തെ തോമാച്ചേട്ടന്റെ ഓട്ടോറിക്ഷയിൽ കയറ്റി സമീപത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിന്റെ ഐ സി യു വിൽ കയറ്റിയതാണ്.

അപ്പോഴേക്കും വലതു കയ്യും വലതു കാലും തളർന്നു കഴിഞ്ഞെന്ന് ഡോക്ടർ പറഞ്ഞു.

ഒരാഴ്ച്ചത്തെ കാത്തിരിപ്പിനൊടുവിൽ മൃതശരീരമായി അവൻ പുറത്തു വരുമ്പോൾ സ്റ്റെല്ലയുടെ കണ്ണുകളിൽ നീർ വറ്റിയിരുന്നു.

ചികിത്സക്കു വേണ്ടി ചിലവാക്കിയ ലക്ഷങ്ങൾ ഒരന്തവും കുന്തവുമില്ലാത്ത താൻ എങ്ങനെ വീട്ടുമെന്ന നീറ്റലായിരുന്നു അവളുടെ മനസ്സിലപ്പോൾ.

നേരത്തെ പറഞ്ഞപോലെ ആന്റപ്പന്റെ മരണം അവന്റെ കുടുംബത്തേപ്പോലെയോ അതിലധികമോ ദുഃഖത്തിലാഴ്ത്തിയത് എന്നെയായിരുന്നു.

അവൻ എന്റെ സ്നേഹിതനാണെന്നതോ, അവന്റ കുടുംബം അനാഥമായെന്നതോ മാത്ര മായിരുന്നില്ല അതിന്റെ കാരണം.

മറിച്ച് ഇങ്ങനെ കുഴഞ്ഞു വീണു മരിക്കുന്ന എന്റെ മൂന്നാമത്തെ സ്നേഹിതനായിരുന്നു ആന്റപ്പൻ എന്നതായിരുന്നു ഹൈലൈറ്റ്.

ഇതിനു മുൻപ് ഇതേ രീതിയിൽ മരിച്ച സ്നേഹിതൻമാരായിരുന്ന രതീഷും, കുഞ്ഞാപ്പുവും എന്റെ ഉറക്കത്തെ ബാധിക്കുകയും അതു വഴി മാനസീകമായ അസ്വസ്ഥകളിലേക്ക്‌ വഴിവെട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലായിരുന്നു ആന്റപ്പന്റെ മരണം.

ഉറക്കമകന്ന രാത്രികളുടെ ശേഷിപ്പെന്നോണം രാവിലെ പണിക്ക് പോകാൻ താത്പര്യമില്ലാതെ, ചടഞ്ഞു കൂടിയിരിക്കുന്നത് പതിവായപ്പോൾ ഭാര്യയാണ് ഒരു ജ്യോത്സനെ കണ്ടുകൂടെയെന്ന് ചോദിച്ചത്.

തൃകാല ജ്ഞാനികൾ ആയ ജ്യോത്സ്യൻമാർക്ക് ഞാൻ കുഴഞ്ഞു വീണേക്കാവുന്ന ദിവസം പ്രവചിക്കാൻ കഴിയുമെന്നും, അതിനും തലേ ദിവസം തന്നെ മികച്ച സൗകര്യങ്ങൾ ഉള്ള ഒരാശുപത്രിയിൽ തനിക്ക് ചികിത്സ തേടാനാവുമെന്നും അതു വഴി ചിരഞ്ജീവിയാകാൻ കഴിയുമെന്നും ഞാൻ കണക്കു കൂട്ടി.

വിവാഹ ശേഷം അലമാരിയുടെ ഉള്ളറകളിലൊന്നിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന ജാതകത്തെ ശ്രീമതിയുടെ പരിശ്രമഫലമായി കണ്ടെത്തുകയും ഞാൻ അതുമായി കുറച്ചകലെയുള്ള പേരു കേട്ട ജ്യോത്സ്യനെ കാണാൻ പുറപ്പെടുകയും ചെയ്തു. (അടുത്തുള്ള ജ്യോത്സ്യൻമാർക്ക് പൊതുവെ നാട്ടിൽ പേരു കുറവായിരിക്കും )

വിശാലമായ കാർപ്പോർച്ചിൽ പാർക്കു ചെയ്തിരുന്ന ആഡംബരക്കാറുകളും നോക്കിയിരിക്കുമ്പോൾ പണ്ട് കഷ്ടപ്പെട്ട് ഭൗതികശാസ്ത്രം പഠിച്ച സമയത്ത് എന്തേ ജ്യോതിഷം പഠിക്കാൻ തോന്നിയില്ല എന്നെനിക്ക് കുണ്ഠിതം തോന്നി.

എനിക്ക് മുന്നേ ഉപവിഷ്ഠരായിരുന്ന, മുഖത്ത് പരിഭ്രമം കൂടുകൂട്ടിയിരുന്ന, മൂന്നു പേരും ഓരോരുത്തരായി ഊഴം തെറ്റാതെ അകത്തു കയറുകയും ആശ്വാസം നിറഞ്ഞ മുഖത്തോടെ പുറത്തു വരികയും ചെയ്യുന്നത് കണ്ടപ്പോൾ എന്റേ മനസ്സിലും ഇളം തെന്നൽ വീശി.

ഡോർ ക്ലോസർ പിടിപ്പിച്ച, ചിത്രപ്പണികൾ ചെയ്ത, കനമുള്ള തേക്കിന്റെ വാതിൽ തുറന്ന് ഞാൻ അകത്തു കയറി. കവടി നിരത്തിയ മേശക്ക് പിന്നിൽ പ്രൗഡഗംഭീരമായ കസേരയിൽ,ഈ ലോകം മുഴുവൻ നിയന്ത്രിക്കുന്നത് താനാണെന്ന ഭാവത്തിൽ ഇരിക്കുന്ന ആശ്രിത വത്സലനു നേരെ കൈകൾ കൂപ്പി.

തദാനുഭാവന്റെ ആഞ്ജ പ്രകാരം നിരത്തിയിട്ട കസേരകളിൽ ഒന്നിൽ മൂടുറപ്പിക്കാതെ ഇരുന്ന് ഞാൻ കൈവശമിരുന്ന ജാതകം മേശപ്പുറത്തു വച്ച് കാലദോഷങ്ങൾ പറയണമെന്ന് അപേക്ഷിച്ചു.

ഇതൊക്കെഎത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ എന്നെ പുച്ഛ ഭാവത്തിൽ നോക്കിയ മഹാനുഭാവൻ ജാതകത്തിലെ താളുകൾ മറിച്ചു നോക്കുകയും തലയുയർത്തി എന്നെ നോക്കി ഇതാരുടെ ജാതകമാണെന്ന് ആശ്ചര്യപെടുകയും ചെയ്തു.

കയ്യിലേൽപ്പിച്ച ജാതകത്തിലെ ജാതകൻ ഞാനാണെന്ന് മഹാനുഭാവനെ ധരിപ്പിച്ചപ്പോൾ ഈ ജാതകൻ മരിച്ചിട്ട് മൂന്നു വർഷങ്ങൾ ആയെന്നും ഇത്തരത്തിൽ ജാതകമുള്ള ഒരാൾ ഭൂമിയിൽ ഇതേ സമയം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നുമുള്ള ജ്യോത്സവചനം കേട്ട് ഞെട്ടലോടെ ഇരുന്ന എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയ ജ്യോത്സ്യൻ ഭയചകിതനായി കുഴഞ്ഞു വീണു.

ഒരു യഥാർത്ഥ മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹത്തെ തൊട്ടടുത്തുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുവാൻ വീട്ടുകാർക്ക് സഹായം ചെയ്ത ശേഷം മൂന്ന് വർഷങ്ങൾക്കു മുന്നേ മരിച്ച ഞാൻ ഇനി മരിക്കാൻ യോഗ്യനല്ലെന്ന തിരിച്ചറിവോടെ വീട്ടിലേക്കു നടക്കുമ്പോൾ മകന്റെ കല്യാണം നടക്കുന്നതിനായി സ്വന്തം കയ്യാൽ ജാതകം പടച്ച അച്ഛൻ പടമായി മുകളിലിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു.

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *