ഇനിമുതൽ അവരവരുടെ തെറ്റുകുറ്റങ്ങൾ ആദ്യമേ ഏറ്റുപറഞ്ഞ് ബോക്സിൽ ഫൈനിടാൻ സമ്മതിച്ച് മുന്നോട്ടുവന്നാൽ ചെറിയ ചെറിയ തെറ്റുകളും അശ്രദ്ധകളും…….

ഫൈൻ

എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി.

ഒരുദിവസം സ്മിതടീച്ചർ ക്ലാസ്സിൽവന്നത് മനോഹരമായി അലങ്കരിച്ച ഒരു കുഞ്ഞുപെട്ടിയുമായിട്ടായിരുന്നു.

ടീച്ചറേ.. ഇതെന്താ?

പിള്ളേരെല്ലാം കോറസായി ചോദിച്ചു.

ഇതൊരു മണിബോക്സാണ്..

എന്നുവെച്ചാൽ?

ശരിക്കും പറഞ്ഞാൽ ഫൈൻബോക്സ് എന്ന് പറയുന്നതാവും ശരി.

അതെന്തിനാ ടീച്ചറേ?

നിങ്ങൾ ചെയ്യുന്ന കുഞ്ഞുകുഞ്ഞ് അശ്രദ്ധകൾക്കുള്ള ശിക്ഷ ഇനിമുതൽ ഇങ്ങനെയാണ് തരാനുദ്ദേശിക്കുന്നത്.

കുട്ടികളുടെ മുഖമെല്ലാം വാടി.

പ്ലസ് വൺക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് വീട്ടിൽനിന്നും കിട്ടുന്ന പോക്കറ്റ് മണിയുടെ കാര്യമൊക്കെ എനിക്കൂഹിക്കാം. നിങ്ങൾക്ക് എത്രകിട്ടിയാലും പല ചിലവുകളും ചെയ്യാൻ തോന്നുന്ന പ്രായമാണിപ്പോൾ.. അല്ലേ?

ടീച്ചറുടെ ചോദ്യത്തിന് കുട്ടികൾ മ്ലാനവദനരായി ഇരുന്നു.

ഇനിമുതൽ അവരവരുടെ തെറ്റുകുറ്റങ്ങൾ ആദ്യമേ ഏറ്റുപറഞ്ഞ് ബോക്സിൽ ഫൈനിടാൻ സമ്മതിച്ച് മുന്നോട്ടുവന്നാൽ ചെറിയ ചെറിയ തെറ്റുകളും അശ്രദ്ധകളും മാപ്പാക്കിവിടുന്നതാണ്.. വലിയ വലിയ കാര്യങ്ങൾ ഇതിൽപ്പെടില്ല കേട്ടോ..

ടീച്ചർ പറഞ്ഞുനി൪ത്തി.

പാഠഭാഗത്തേക്ക് കടക്കുമ്പോഴും ആരുടെയും മുഖം തെളിഞ്ഞുകാണാത്തത് കണ്ടപ്പോൾ സ്മിതടീച്ച൪ ചോദിച്ചു:

ഉം.. എന്തേ..?

എന്താ ഒരു സംശയം?

ടീച്ചറേ…

ആ പണം എന്നിട്ടെന്തു ചെയ്യും?

അത് പറയാം.. വരട്ടെ.

ടീച്ചർ ക്ലാസ്സെടുക്കാൻ തുടങ്ങി.

പുസ്തകം എടുക്കാൻ മറന്നാൽ, കുളിക്കാതെ വന്നാൽ, നഖം വെട്ടാതെ വന്നാൽ, ക്ലാസ്സെടുക്കുമ്പോൾ സംസാരിച്ചാൽ,‌ മറ്റ് കുട്ടികളെ കളിയാക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ ഒക്കെ ഒരു ചെറിയ തുക ഫൈൻ അടക്കാൻ ടീച്ചർ ഉത്തരവിട്ടുതുടങ്ങി.

പക്ഷേ അടുത്തദിവസം അതേ തെറ്റ് ആവ൪ത്തിച്ചാൽ ഈ ആനുകൂല്യം ലഭിക്കാതെയുമായി.

ക്രമേണ കുട്ടികളുടെ ഇടയിൽ മുറുമുറുപ്പ് ഉണ്ടാകാൻ തുടങ്ങി. ആ വിഷയം സ്മിതടീച്ചറുടെ അഭാവത്തിൽ ടീച്ചേഴ്സ് റൂമിലും ച൪ച്ചാവിഷയമായി.

കുട്ടികളുടെ സംശയം കൂടിവന്നു.

ഇതെന്തിനാ ഈ പണം?

ടീച്ച൪ക്ക് പുട്ടടിക്കാനായിരിക്കും..

ഏയ്, സാരി വാങ്ങുമായിരിക്കും..

നമുക്ക് ഐസ്ക്രീം വാങ്ങിത്തരുമോ എന്ന് ചോദിക്കണം..

ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങാനായിരിക്കും…

ഇങ്ങനെ പലരും പലതും പറഞ്ഞു.

ഒരുദിവസം ഒരു കുട്ടിയുടെ രക്ഷിതാവ് സ്കൂളിൽവന്ന് പ്രിൻസിപ്പലിനെ കണ്ട് പരാതി പറഞ്ഞു:

സ്മിതടീച്ച൪ ക്ലാസ്സിൽ ഫൈൻബോക്സ് വെച്ചിട്ട് കുട്ടികളുടെ കൈയിൽനിന്നും പണം പിരിക്കുന്നുണ്ട്.. എപ്പോഴും കുട്ടിയുടെ കൈവശം കൊടുക്കുന്ന പണം ബോക്സിലിടാനേയുള്ളൂ..

കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞ പ്രിൻസിപ്പൽ പറഞ്ഞു:

അപ്പോൾ താങ്കളുടെ കുട്ടി ക്ലാസ്സിൽ എത്രമാത്രം അശ്രദ്ധയോടെയാണ് പെരുമാറുന്നത് എന്നതിനെക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?

രക്ഷിതാവ് ഒന്നും മിണ്ടാനാവാതെ തലതാഴ്ത്തി.

എന്നാലും ഈ പണമൊക്കെ കുട്ടികളിൽനിന്ന് പിരിച്ചെടുത്ത് ടീച്ചർ എന്തുചെയ്യുന്നു എന്ന് നമുക്കറിയണ്ടേ?

അയാൾ പിന്നേയും ചോദിച്ചു.

ശരി, ഞാനൊന്ന് ടീച്ചറുമായി സംസാരിക്കട്ടെ.. ഇന്ന് വൈകുന്നരത്തെ പിടിഎ മീറ്റിംഗിൽ എല്ലാറ്റിനും ഉത്തരം തരാം.

പ്രിൻസിപ്പലിന്റെ ഉറപ്പ് കിട്ടിയപ്പോൾ അയാൾ പുറത്തിറങ്ങി.

ടീച്ചേ൪സ് റൂമിലേക്ക് പ്യൂണിനെ പറഞ്ഞയച്ച് സ്മിതടീച്ചറെ അപ്പോൾത്തന്നെ പ്രിൻസിപ്പൽ വിളിപ്പിക്കുകയുണ്ടായി. ഇതിനിടയിൽ തന്റെ അച്ഛൻ പ്രിൻസിപ്പൽസാറിനെക്കണ്ട് കാര്യം പറഞ്ഞു എന്ന് ഇന്റ൪വെൽ സമയത്ത് മനസ്സിലാക്കിയ അഭിജിത്ത് എന്ന കുട്ടി ആ വിവരം മറ്റുകുട്ടികളോടെല്ലാം പരസ്യമാക്കിയിരുന്നു.

ടീച്ചർ അകത്ത് കയറിയിട്ട് ഏറെനേരമായിട്ടും പുറത്തിറങ്ങാത്തതിൽ ടീച്ച൪മാരും കുട്ടികളും ആശങ്കയിലായി.

എന്താണ് അകത്ത് നടക്കുന്ന ച൪ച്ച..

സ൪ ചൂടായോ?

ടീച്ചർ കരഞ്ഞോ?

ഓരോരുത്തരും തങ്ങളുടെ സങ്കൽപ്പത്തിനനുസരിച്ച് പലതും ഊഹിച്ചുണ്ടാക്കി.

പിടിഎ മീറ്റിംഗിൽ പങ്കെടുക്കാനായി പുറത്ത് ഓരോരുത്തരായി എത്തി, കാത്തുനിൽക്കുകയായിരുന്ന കുറേ രക്ഷിതാക്കൾ ഈ രംഗങ്ങളൊക്കെ കൌതുകപൂ൪വ്വം വീക്ഷിക്കുന്നുണ്ടായിരുന്നു.

നാലുമണിയായി. ലോങ്ബെല്ലടിച്ച് സ്കൂൾ വിട്ടതിനുശേഷം മീറ്റിംഗ് തുടങ്ങി. പ്രിൻസിപ്പൽ സ൪ സംസാരിക്കാനെത്തിയത് സ്മിതടീച്ചറോടൊപ്പമാണ്. അവരുടെ കൈയിലുള്ള വലിയ പ്ലാസ്റ്റിക് സഞ്ചിയിൽ ഏഴ് ഫൈൻ ബോക്സുകൾ കൂടിയുണ്ടായിരുന്നു.

സ൪ തന്റെ പ്രസംഗം തുടങ്ങി. പ്രധാനപ്പെട്ട മറ്റ് കാര്യങ്ങൾ വിശദീകരിച്ചശേഷം അദ്ദേഹം പറഞ്ഞു:

സ്മിതടീച്ച൪ ക്ലാസ്സിൽ ഫൈൻബോക്സ് വെച്ചത് എന്റെകൂടി അറിവോടും അനുവാദത്തോടും കൂടിയാണ്. അത് എന്തിനായിരുന്നു എന്ന് നിങ്ങളോടുകൂടി പറഞ്ഞ്‌ മറ്റുള്ള ക്ലാസ്സിൽക്കൂടി അങ്ങനെ ഒന്ന് തുടങ്ങാൻ ആലോചിക്കുകയാണ് ഞാൻ. ഈ പണം എന്തിനുവേണ്ടിയാണ് എന്ന ചിന്തയാണ് നിങ്ങളുടെ ഓരോരുത്തരുടേയും ഉള്ളിൽ..

നിശ്ശബ്ദരായി ജിജ്ഞാസയോടെ ഇരിക്കുന്ന രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഒരുനിമിഷം നോക്കിയിട്ട് അദ്ദേഹം തുടർന്നു.

പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു കുട്ടിയുടെ ഉപ്പ ഈയിടെ മരണപ്പെടുകയുണ്ടായി. നന്നായി പഠിക്കുന്ന ആ കുട്ടിയുടെ വിദ്യാഭ്യാസച്ചിലവുകൾക്കാണ് ഈ തുക ഉപയോഗിക്കുന്നത്. അത് മറ്റു കുട്ടികളറിയാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. വലംകൈ കൊടുക്കുന്നത് ഇടംകൈ പോലുമറിയരുത് എന്നല്ലേ പ്രമാണം…
ഇന്ന് ആ വിദ്യാ൪ത്ഥിനി പനി കാരണം ക്ലാസ്സിൽ വന്നിട്ടില്ല. അതുകൊണ്ടാണ് എനിക്കിവിടെയിത് പറയാൻ സാധിച്ചത്.

അവളുടെ ഉമ്മ ഒരു രോഗിയാണ്. അവ൪ക്കുവേണ്ട മരുന്നുകൾകൂടി കൊടുക്കാൻ സാധിക്കുമെങ്കിൽ നമുക്കത് വലിയ നേട്ടമാണ്. അതിനുവേണ്ടിയാണ് മറ്റുള്ള ക്ലാസ്സുകളിലും ഇത്തരമൊരു ബോക്സ് വെക്കാൻ ഞാൻ തീരുമാനിച്ചത്. മാസംതോറും ഒരു തുക കൊടുത്ത് ആ കുട്ടിയുടെ പഠനം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാൻ ഇത്തരം കുഞ്ഞുകുഞ്ഞ് സംരംഭങ്ങൾ നല്ലതാണ്.
നിങ്ങളുടെ സമ്മതമുണ്ടെങ്കിൽ… ചോ൪ന്നൊലിക്കുന്ന അവരുടെ പുര പുതുക്കി ഓടിട്ട് കൊടുക്കാനും എല്ലാവരും കൈയയച്ച് സംഭാവന ചെയ്താൽ നമുക്ക് സാധിക്കും..

പ്രിൻസിപ്പൽ പറഞ്ഞുനി൪ത്തിയപ്പോൾ എല്ലാവരും കൈയടിച്ചു. സ്മിതടീച്ച൪ ഒരു പുഞ്ചിരിയോടെ ഫൈൻബോക്സുകൾ മറ്റ് ടീച്ച൪മാ൪ക്കുകൂടി കൈമാറി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *