ഇപ്പോഴത്തെ അവസ്ഥയിൽ പെട്ടെന്ന് ജോലിയില്ലാതാകുക അത്ര സുഖകരമായ കാര്യമല്ല……

എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ

കുറച്ചു ദിവസങ്ങളായി മനസ്സ് വല്ലാതെ അസ്വസ്ഥമാണ്.

അനാവശ്യ ചിന്തകൾ പ്രക്ഷുബ്ധമായ കടലിലെന്ന പോലെ മനസ്സിൽ തിരയടിക്കുന്നു.

എന്തിനോടെന്നറിയാത്ത ഭയം കൊടുങ്കാറ്റു പോലെ മനസ്സിലെ ശുഭ ചിന്തകളെ കടപുഴക്കുന്നു.

അല്ലെങ്കിലും ഈയിടെയായി ഇങ്ങിനെയാണ്.

ചെറിയ കാര്യങ്ങൾ പോലും മനസ്സിനുള്ളിലിട്ട് ഊതിവീർപ്പിച്ചു വലുതാക്കും.

പിന്നെ അതേ കുറിച്ചോർത്ത് വിഷമിക്കും.

പക്ഷെ ഇതത്ര ചെറിയ കാര്യമല്ല.

അമേരിക്കൻ കമ്പനിയിൽ നിന്നും ഓർഡർ വൈകുന്നത് എംഡിയുടെ മുഖത്ത് നീരസം പടർത്തിത്തുടങ്ങിയിട്ടുണ്ട്.

തന്റെ വാക്കുകൾ വിശ്വസിച്ചാണ് മാനേജ്മെന്റ് അവരുടെ പിന്നാലെ പോയത്.വർക്കുകൾ തുടങ്ങി വയ്ക്കുകയും ചെയ്തു.

ഇപ്പോൾ ഉക്രൈൻ യുദ്ധവും കോവിഡിന്റെ പുതിയ വെല്ലുവിളികളുമെല്ലാം ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയിരിക്കുകയാണ്.

അതിന്റെ പരിണിത ഫലം എന്താവുമെന്നറിയില്ല.വ്യക്തി ബന്ധങ്ങൾക്ക് വലിയ വിലയൊന്നും ഇല്ലാത്ത ഈ ലോകത്ത് തന്റെ ടെർമിനേഷനിലേക്കായിരിക്കാം ഒരു പക്ഷെ കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കുക.

ഇപ്പോഴത്തെ അവസ്ഥയിൽ പെട്ടെന്ന് ജോലിയില്ലാതാകുക അത്ര സുഖകരമായ കാര്യമല്ല.

തൊഴിൽ നഷ്ടം തന്നെ ചെറിയ രീതിയിൽ ആയിരിക്കില്ല ബാധിക്കുക.

മെഡിസിന് പഠിക്കുന്ന മകൾ, വീടിന്റെ ലോൺ, കാറിന്റെ ലോൺ അങ്ങിനെ ഒരുപാട് ബാധ്യതകൾ.

പുതിയ ഒരു ജോലിയെക്കുറിച്ചു ചിന്തിക്കാമെന്നു വച്ചാൽ തനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ പകുതിക്കു പോലും ജോലി ചെയ്യാൻ ന്യൂ ജൻ പിള്ളേർ ഒരുക്കമാണ്.

ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.

വിഷാദത്തിന്റെ കയങ്ങളിലേക്ക് മുങ്ങിത്താഴുമെന്നു തോന്നിയപ്പോൾ അയാൾ എഴുന്നേറ്റു പുറത്തേക്കു നടന്നു.

തൊട്ടടുത്താണ് ബീച്ച് .കുറച്ചു നേരം സ്വസ്ഥമായിരിക്കാൻ ശ്രമിക്കാം.

സായാഹ്നത്തിന്റെ തിരക്കിൽ നിന്നകന്നു മാറി അസ്തമയ സൂര്യനെ നോക്കി അയാളിരുന്നു

“സർ കടല,കപ്പലണ്ടി”

മുന്നിൽ ക്രച്ചസിലൂന്നി ഒരു ബാലൻ. പന്ത്രണ്ടോ പതിമൂന്നോ വയസ്സു തോന്നും. കയ്യിൽ തൂക്കിയ തുണിസഞ്ചിയിൽ നിറയെ കപ്പലണ്ടിപ്പൊതികൾ.

ബീച്ചിലെ സായാഹ്നങ്ങളിൽ ചിലപ്പോഴൊക്കെ അവനെ കാണാറുണ്ട്.

“നിന്റെ കാലിനെന്തു പറ്റി”

അയാൾ വാത്സല്യത്തോടെ ചോദിച്ചു.

‘ രാവിലെ പത്രം കൊടുക്കാൻ പോകുമ്പോൾ സ്‌കൂട്ടർ ഇടിച്ചതാണ്.

ഏഴാം ക്ലസ്സിൽ പഠിക്കുന്നു.

അച്ഛൻ മരിച്ചു പോയി. അമ്മക്കും അനുജത്തിക്കും താങ്ങായി അവൻ മാത്രം.

അമ്മക്ക് ശ്വാസം മുട്ടലാണ്.ഭാരമുള്ള പണികൾ ചെയ്യാൻ പറ്റില്ല.അതു കൊണ്ട് വൈകുന്നേരങ്ങളിൽ അവൻ കപ്പലണ്ടി കച്ചവടത്തിനിറങ്ങുന്നു ‘

ഒരിക്കലും തളരാത്ത തിരമാലകളെ നോക്കി മണൽ പരപ്പിലിരുന്ന് അവൻ തന്റെ കഥ പറഞ്ഞു.

താൻ നൽകിയ അൻപത് രൂപ നോട്ടിന് കപ്പലണ്ടിയും നൽകി നിറഞ്ഞ മനസോടെ അവൻ നടന്നകലുമ്പോൾ അയാളോർത്തു എല്ലാമുണ്ടായിട്ടും ഭയത്തോടെ മാത്രം ജീവിതത്തെ കാണുന്ന താനാണോ ഒന്നുമില്ലാതിരുന്നിട്ടും പുഞ്ചിരിയോടെ ജീവിക്കുന്ന അവനാണോ വിജയി?

ശുഭം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *