ഈശ്വരാ,, എന്തൊരുറക്കമായിപ്പോയി ,, നേരം ഇത്രേം വെളുത്തിട്ടും ഞാനറിഞ്ഞില്ലല്ലോ.. മിനിമം പത്തു മണിയെങ്കിലുമായിക്കാണും…..

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

ആഘോഷങ്ങൾക്ക് വേണ്ടി ആക്രാന്തത്തോടെ കാത്തിരിക്കുന്ന സവിശേഷ വ്യക്തിത്വത്തിനുടമയായ യുവതി…

മരിച്ചു പോയ കാരണവന്മാർക്കും ജീവിച്ചിരിക്കുന്ന അമ്മയ്ക്കും കെട്ടിയോനും കൊച്ചുങ്ങൾക്കുമൊപ്പം രാവിലെ പതിനൊന്നേ മുക്കാലോടെ തിരുവോണ സദ്യയുണ്ണുന്നു..

“അമ്മച്ചീടെ പരിപ്പും അവിയലും സൂപ്പർ “,, എന്ന് കൊച്ചുങ്ങളും “അപ്പൊ വായ്ക്ക് രുചിയായിട്ടൊക്കെ ഒണ്ടാക്കാൻ അറിയാം “,, എന്ന് കെട്ടിയോനും പുകഴ്ത്തുന്നു. ട്രോളിയതാണോന്ന് ദൈവത്തിനറിയാം…

ആശൂത്രീലെ നേഴ്സ് ട്യൂബിടാൻ വരാത്തതുകൊണ്ട് അവര് ചെയ്യുന്നതൊക്കെ കണ്ടിട്ടുള്ളതിന്റെ ഒരു ഊഹം വെച്ച് ഞാൻ തന്നെ ഇന്നലെ അമ്മയ്ക്ക് ട്യൂബിട്ട് കൊടുത്തു.. കൊറേ നേരത്തെ പരിശ്രമത്തിനിടെ ദൈവാധീനം കൊണ്ട് അതങ്ങു ശരിയായി.. അന്നേരം മുതൽ അമ്മേടെ മുഖം ബലൂൺ പോലെ വീർത്തിരിക്കുവാ.. എന്നെയങ്ങോട്ട് അരച്ച് ഒരു കപ്പിലോട്ടൊഴിച്ച് സ്ട്രോയുമിട്ട് കൊടുത്താൽ വലിച്ചോണ്ട് കുടിച്ചോളും..എന്നോട് ഭയങ്കര വിരോധമുള്ളത് പോലെ.. നേഴ്സ് വന്ന് ട്യൂബിടാത്തതിന്റെ ഊച്ചിക്കെറുവാ..

“കറിയൊക്കെ കൊള്ളാരുന്നോ ” ന്ന് ചോയ്ച്ചപ്പോ “വായിൽ വെയ്ക്കാൻ കൊള്ളത്തില്ലെന്ന് പറഞ്ഞിട്ട് എന്തോ ഫലം,, തിന്നാതിരിക്കാനൊക്കുവോന്ന്…..

അതൊക്കെ എന്റെ അമ്മായിയമ്മ,, എന്ത് വെച്ച് കൊടുത്താലും ഒരക്ഷരം മിണ്ടാതെ കഴിച്ചോളും.. ഈ അമ്മച്ചിയെപ്പോലെ കുറ്റം പറയത്തില്ല…

ചോറൊക്കെ കഴിച്ചു കഴിഞ്ഞപ്പോ ഭയങ്കര ക്ഷീണം,, ന്നാപ്പിന്നെ ഒന്ന് കിടക്കാംന്ന് കരുതി… കിടന്നപ്പോഴേ ഉറക്കം വരുവാ..

അമ്മായിയമ്മയും നാത്തൂന്റെ മക്കളും അവരുടെ കെട്ടിയോന്മാരുമൊക്കെ നാളെ ഓണത്തിന് വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു…രാവിലെ ഇവിടുന്ന് ഇങ്ങേരും പിള്ളേരും കൂടെ അങ്ങോട്ട് ചെന്ന് അവരെ കൂട്ടിക്കൊണ്ട് വരുമെന്നാ പറഞ്ഞിരിക്കുന്നെ.. കൂടെ താഴേലെ കൊച്ചച്ചനും കുടുംബവും കാണും. അവര് വരുമ്പോഴേയ്ക്ക് സദ്യയുണ്ടാക്കണം.. ഞാനൊറ്റയ്‌ക്കെയുള്ളു..എല്ലാം കൂടെയോർത്തിട്ട് വല്ലാത്ത ടെൻഷൻ.. ആലോചനകൾക്കിടയിലെപ്പോഴോ ഉറങ്ങിപ്പോയി…

ടോമിച്ചൻ പട്ടിയും ഡോറ പൂച്ചയും കൂടെ മുറ്റത്ത് കിടന്ന് അടി കൂടുന്നത് കേട്ടോണ്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ചാടിയെണീക്കുന്നത്.. തലയ്ക്ക് വെളിവ് വീഴാൻ ഇത്തിരി നേരമെടുത്ത്..കൊച്ചുങ്ങളേം അങ്ങേരേം കാണുന്നില്ല.. മുറ്റത്ത് നല്ല വെട്ടം..

“ഈശ്വരാ,, എന്തൊരുറക്കമായിപ്പോയി ,, നേരം ഇത്രേം വെളുത്തിട്ടും ഞാനറിഞ്ഞില്ലല്ലോ.. മിനിമം പത്തു മണിയെങ്കിലുമായിക്കാണും.. ആ പ ന്നങ്ങേര് എന്നെ വിളിച്ചുണർത്താതെ അമ്മയേക്കാണാൻ പോയി.. അവരൊക്കെ പതിനൊന്നു മണിയോടെ തിരിച്ചു വരും.. സദ്യ ഞാനെപ്പോ ഉണ്ടാക്കി തീർക്കും..ഈ അമ്മയ്ക്ക് എന്നെയൊന്നു വിളിക്കാൻ തോന്നിയില്ലല്ലോ..

എനിക്ക് ആധി.. ഓടി അടുക്കളയിൽ ചെന്ന്.. പല്ലൊക്കെ പിന്നെ തേക്കാവല്ലോ.. മണത്തു നോക്കാൻ ഇപ്പൊ ആര് വരാൻ.. ചോറിന്റെ കലമൊഴിഞ്ഞ് വെള്ളം അടുപ്പത്തു വെച്ച്.. ചോറിൽ വെള്ളമൊഴിച്ചു.. ഓണത്തിന് തലേന്നത്തെ കറികളൊന്നും പിറ്റേന്ന് ഉപയോഗിക്കുന്ന പതിവില്ല.. പരിപ്പിനൊന്നും ഒരു കേടും വന്നിട്ടില്ല.. പരിപ്പും അവിയലും തോരനും പച്ചടിയും കൂട്ടുകറിയും എല്ലാം കൂടെ കാടി ഒഴിച്ച് വെയ്ക്കുന്ന കലത്തിലോട്ട് തട്ടി.. അരി കഴുകാൻ വെള്ളത്തിലോട്ടിട്ടു.. പയറ് അടുപ്പിൽ വെച്ച്.. അവിയലിന് പച്ചക്കറി അരിഞ്ഞോണ്ടിരിക്കുമ്പോ താഴേന്ന് കുഞ്ഞമ്മ കേറി വരുന്ന്..

“ങ്‌ഹേ,, ഇതുവരെ ഒന്നുമായില്ലേ കൊച്ചേ.. നീയെന്തെടുക്കുവാരുന്നു.. കൊച്ചുങ്ങള് ഒന്നും കഴിക്കാതാണോ നിരപ്പിലോട്ട് പോയത്.. മണി രണ്ടായല്ലോ… ഇനിയെപ്പോഴാ നീയിതൊക്കെ വേവിച്ചെടുക്കുന്നെ..

കാടിക്കലത്തിലോട്ട് നോക്കി അവര് അന്തംവിട്ട് നിക്കുവാ.. രണ്ട് മണിയെന്ന സമയം കേട്ട് ഞാൻ അതിലും അന്തംവിട്ട് നിക്കുവാ…പതുക്കെ എണീറ്റ് ഫോണെടുത്ത് സമയവും തീയതിയുമൊക്കെ നോക്കിയപ്പോ…

“നാളെയായില്ലെടേ,, ഇന്നായതേയുള്ളു…

പറ്റിപ്പോയ അബദ്ധം പറഞ്ഞപ്പോ കുഞ്ഞമ്മ എന്നെ തന്നെ നോക്കി നിക്കുന്നു.. അവരുടെ നോട്ടം കണ്ടാൽ ഇന്നാ അവരെന്നെ കാണുന്നതെന്ന് തോന്നും…അമ്മ അകത്തു കിടന്ന് ഏതാണ്ടൊക്കെ പിറുപിറുക്കുന്നു… കുഞ്ഞമ്മ കൂടെ സഹായിച്ച് അവിയലും തോരനുമൊക്കെ പെട്ടെന്നുണ്ടാക്കി… നടന്നതൊന്നും ആരോടും പറയല്ലേന്ന് ഞാൻ കുഞ്ഞമ്മയോട് പറഞ്ഞിട്ടുണ്ട്..പ്രത്യേകിച്ച് അമ്മായിയമ്മയോട്..പറയില്ലാരിക്കും ല്ലേ..

ഓണത്തിന് ഉച്ചയ്ക്കുറങ്ങുന്ന പരിപാടി ഇന്നത്തോടെ നിർത്തി…

“ന്നാലും,, നമ്മക്ക് മാത്രം എന്താ സുധി ഇങ്ങനൊക്കെ… ഓണത്തിന് പോലും സമാധാനമില്ലല്ലോ…. 😭😭😭

Related Posts

Leave a Reply

Your email address will not be published. Required fields are marked *