എന്നാലും ആ കുട്ടി വന്നു ചോദിച്ചപ്പോൾ ആ വീട്ടിലേക് ഇല്ല എന്ന് പറയാൻ എനിക്ക് തോന്നിയില്ല… ഉണ്ടല്ലോ…മോളേ.. ഞങ്ങൾ തരാൻ മറന്നതാണ് ട്ടോ എന്നും പറഞ്ഞു ഞാൻ ഒരു കിറ്റ് എടുത്തു വണ്ടിയിൽ നിന്നും……

എഴുത്ത്:-നൗഫു ചാലിയം

“കാക്കൂ…

നമ്മളോട്ക്ക് തന്നില്ലല്ലോ കിറ്റ് “…

സൗദിയിൽ നിന്നും വന്നതിന്റെ പിറ്റേന്ന് തന്നെ കിട്ടിയ പണിയായിരുന്നു… ക്ലബ്ബിന്റെ ആദ്യ വാർഷികം പ്രമാണിച്ചുള്ള റമളാൻ മാസത്തിലെ കിറ്റ് വിതരണം…

ക്ലബിന് വേണ്ടി പണിയെന്നും എടുക്കാതെ നടക്കുന്നു എന്നുള്ള പരാതിയുടെ അവസാനം ആയിരുന്നു ഇപ്രാവശ്യത്തെ കിറ്റ് വിതരണം എന്റെ മേൽനോട്ടത്തിൽ തന്നെ നടത്തണമെന്നുള്ള തീരുമാനം…

പിടിച്ചേല്പിച്ച പഹയൻസിനു അറിയില്ലല്ലോ.. ഈ കിറ്റിനുള്ള ഫണ്ട് വന്നതിൽ പോലും 90% മുകളിൽ ഞങ്ങൾ പ്രവാസികളുടെ പണമാണെന്ന്..

അറിയാട്ടോ.. എന്നാലും എന്തേലും പരിപാടിക്ക് നാട്ടിൽ നിൽകുമ്പോൾ അല്ലേ തടി കൊണ്ടുള്ള സഹകരണം കിട്ടു എന്നുള്ളത് കൊണ്ടു പിടിച്ചേൽപ്പിച്ചതാണ് എന്നെ…

പിന്നെ മൂന്നു കൊല്ലത്തിനു ശേഷമുള്ള വരവും… ഈ കിറ്റും പിടിച്ചു നടന്നാൽ നാട്ടുകാരെ എല്ലാം എന്നെ പരിചയപെടുത്താമല്ലോ എന്നുള്ള ഒരു സമാധാനവും ഉള്ളത് കൊണ്ടു തന്നെ ഞാൻ ഏറ്റെടുത്തു…

പെണ്ണ് കെട്ടിയിട്ടില്ലേ…

ഇനി എങ്ങാനും ഏതേലും സെറ്റ് ആയാൽ ഈ നാട്ടുകാർ തന്നെ അല്ലേ എന്നെ കുറിച്ച് നല്ലത് പറഞ്ഞു മുടക്കാൻ ഉള്ളത്..

മൊത്തം 58 വീട്ടിലേക്കുള്ള സാധനങ്ങൾ ആയിരുന്നു പേക് ചെയ്തു വെച്ചിരുന്നത്..

രണ്ടു മൂന്നു ദിവസത്തേക്കുള്ള പണിയുണ്ട്… മെനക്കേട്ടാൽ ഒരു ദിവസവും ..

റമളാൻ മാസം തുടങ്ങുന്നതിനു മുമ്പ് റമളാൻ കിറ്റ് വിതരണം പൂർത്തിയാക്കുന്നതിനുള്ള ഓട്ടത്തിൽ ആയിരുന്നു ഞാനും എന്റെ മൂന്നാല് കൂട്ടുകാരും…അതിന് ഇടയിൽ ആയിരുന്നു ഒരു പെൺ കുട്ടി ഓടി കൊണ്ടു വന്നു പറഞ്ഞത്..

“കാക്കൂ…

നമ്മളോട്ക്ക് തന്നില്ലല്ലോ കിറ്റ് “…

ആ കുട്ടിയെ ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നത്…

“മോളേ വീട് ഏതാ…”

അവൾ പറഞ്ഞതും ഞാൻ ചോദിച്ചു..

“ഏതാ ആ കാണുന്നതാ…”

അവൾ വന്ന വഴിയിലേക് ചൂണ്ടി കൊണ്ട് പറഞ്ഞു…

പള്ളിയിലെ ബാങ്ക് വിളിക്കുന്ന മൊല്ലാക്കയുടെ വീടിനു തൊട്ടു പുറകിൽ ഉള്ള വീട് ആയിരുന്നു അത്..

പക്ഷെ ആ വീടിന്റെ പേര് ലിസ്റ്റിൽ ഇല്ലായിരുന്നു…

“എടാ… ആ വീട്ടിലേക് ഇല്ലേ കിറ്റ്.. “

ഞാൻ കൂടേ ഉള്ളവരോട് ചോദിച്ചു…

“ഹേയ് ഇല്ലെടാ…ഇത് റമളാൻ മാസത്തിലെ കിറ്റല്ലേ… അവർ മുസ്ലിംസ് അല്ല…”

പറഞ്ഞത് പോലെ അത് ശരിയാണല്ലോ…ഇത് റമളാൻ മാസത്തിലെ കിറ്റ് ആണ്…

കുറച്ചു ഈത്തപ്പഴം, പഞ്ചസാര, അരി, നെയ്യ്, ഏലക്ക, റവ…അങ്ങനെ പത്തു പന്ത്രണ്ടോളം സാധനങ്ങൾ ആയിരുന്നു ആ കിറ്റിൽ ഉണ്ടായിരുന്നത്…

എന്നാലും ആ കുട്ടി വന്നു ചോദിച്ചപ്പോൾ ആ വീട്ടിലേക് ഇല്ല എന്ന് പറയാൻ എനിക്ക് തോന്നിയില്ല…

“ഉണ്ടല്ലോ…മോളേ.. ഞങ്ങൾ തരാൻ മറന്നതാണ് ട്ടോ എന്നും പറഞ്ഞു ഞാൻ ഒരു കിറ്റ് എടുത്തു വണ്ടിയിൽ നിന്നും..”

‘എടാ ഇത് എണ്ണം കണക്കാക്കി ഉള്ളതാണ്”

കിറ്റ് എടുത്തതും കൂട്ടുകാരിൽ ഒരാൾ പറഞ്ഞു…

“സാരമില്ലടാ…എന്റെ വീട്ടിലേക് ഒരെണ്ണം എഴുതിയിട്ടില്ലേ അത് വെട്ടിക്കോ..

ആ കിറ്റ് ഞാൻ ഇവിടെ കൊടുത്തോളം…”

അതും പറഞ്ഞു അവരോട് അടുത്ത വീട്ടിലേക് പോകാൻ പറഞ്ഞു ഞാൻ ആ കുട്ടിയുടെ കൂടേ അവിടേക്കു പോയി..

“അതൊരു വീട് എന്ന് പറയാൻ പറ്റിയ വീട് അല്ലായിരുന്നു..

പ്ലാസ്റ്റിക് സീറ്റ് കൊണ്ടു മറച്ച ഒരു കുടിൽ എന്ന് വേണമെങ്കിൽ പറയാം…ആ കുടിലിനോട് ചേർന്നുള്ള വിശാല മായ നാട്ടിലെ മുതലാളിയുടെ പറമ്പിൽ ജോലി എടുക്കാൻ വന്നതാണ് അവളുടെ കുടുംബം…

രണ്ട് കൊല്ലത്തോളം ആയിട്ടുണ്ടാവും അവർ അവിടെ വന്നു നിൽക്കാൻ തുടങ്ങിയിട്ട്…ഞാൻ പോയിട്ട് മൂന്നു കൊല്ലം ആയത് കൊണ്ടു തന്നെ പുതുതായി വന്നവരെ ഒന്നും അറിയില്ലല്ലോ..

വീട്ടിലേക് കയറിയതും അവളുടെ അമ്മയും അനിയത്തിയും ഇറങ്ങി വന്നു..

ഞാൻ ആ അമ്മയുടെ നേരെ കിറ്റ് നീട്ടി..

അവർ വളരെ ആദരവോടെ തന്നെ നെഞ്ചിലേക് ചേർത്തെന്ന പോലെ കിറ്റ് വാങ്ങി..

അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

എന്തിനാ കരയുന്നെ ഞാൻ അവരോട് ചോദിച്ചു…

അപ്പോഴാണ് ആ വീട് ഒരു മാസത്തോളമായി അര പട്ടിണിയിൽ ആണെന്ന് ഞാൻ അറിയുന്നത്..

അവർ ജോലി എടുക്കുന്ന തോട്ടത്തിന്റെ മുതലാളി മരിച്ചു പോയിരുന്നു രണ്ട് മാസം മുമ്പ്..

ഒരു മാസം പിന്നെയും ജോലി ഉണ്ടായിരുന്നു…പക്ഷെ കഴിഞ്ഞ മാസം മുതൽ ജോലിക് വരണ്ടന്ന് മുതലാളിയുടെ മക്കൾ പറഞ്ഞു…

ഈ വീട് പൊളിച്ചു മാറ്റുവാനും…

ഭർത്താവ് ഇല്ലേ എന്ന് ഞാൻ ചോദിച്ചു..

മൂപ്പര് രണ്ട് മാസം മുമ്പ് കാലിൽ മഴു കൊണ്ട് പഴുപ്പ് നിറഞ്ഞു ബെഡ് റെസ്റ്റിൽ ആണ് പോൽ..”

“മോനേ പടച്ചോനാണ് ഇങ്ങോട്ടു കൊണ്ടു വന്നതെന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

ആ വാക്കുകളെക്കാൾ എന്നെ വേദനിപ്പിച്ചത് അവളുടെ അനിയത്തിയുടെ വാക്കുകൾ ആയിരുന്നു…”

അമ്മ എന്നും നോമ്പ് മാസം ആണേൽ നമുക്കൊന്നും ചോറ് വെക്കേനീ ലെ.. “

“അവൾ നിസ്‌ക്കളങ്കമായി അമ്മയോട് പറയുന്നത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു വരുന്നത് കാണാതെ ഇരിക്കാൻ ഞാൻ തല ചെരിച്ചു.. “

“അവർക്കുള്ള എല്ലാ മാസത്തിലെയും ഭക്ഷണം ക്ലബ്ബിൽ പറഞ്ഞു ഉറപ്പ് വരുത്തിയാണ് അന്ന് വീട്ടിലേക് വന്നത്.. കൂടേ അവർക്കൊരു ജോലിയും..”

“പിറ്റേന്ന് നോമ്പ് എടുത്തു വൈകുന്നേരം നോമ്പ് തുറക്കാനായി വീട്ടിലേക് വരുന്ന നേരത്താണ് എന്റെ വീടിന്റെ ഗേറ്റിന് വെളിയിൽ ഒരു പെൺകുട്ടി നിൽക്കുന്നത് ഞാൻ കണ്ടത്…

ഇന്നലെ വീട്ടിലേക് വിളിച്ചു കൊണ്ടു പോയ അതേ പെൺകുട്ടി..

അവളുടെ കയ്യിൽ ഒരു തൂക് പാത്രം ഉണ്ടായിരുന്നു…ഒരു കുഞ്ഞ് തൂക്കുപാത്രം…

ഞാൻ അരികിലേക് എത്തിയതും ആ പാത്രം അവൾ എനിക്ക് നേരെ നീട്ടി…

എന്താ മോളേ ഇത് ഞാൻ ആ അവളോട് ചോദിച്ചു…

കുറച്ചു മധുരമാണ്… കാക്കൂ ന് നോമ്പ് തുറക്കുമ്പോൾ കഴിക്കാൻ അമ്മ ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞപ്പോൾ…

എന്റെ ഹൃദയം സന്തോഷം കൊണ്ടു നിറഞ്ഞു തുളുമ്പി…”

ബൈ

😘

Related Posts

Leave a Reply

Your email address will not be published. Required fields are marked *