എന്റെ ആ ചിത്ര ആസ്വാദനം കേട്ട് ഓൾക് എന്നെക്കുറിച്ചു അഭിമാനം തോന്നിയത് കൊണ്ടാണെന്ന് തോന്നുന്നു ഓള് എന്റെ ചുമലിൽ രണ്ട് തട്ട് തട്ടി………

എഴുത്ത് :- സൽമാൻ സാലി

നട്ടുച്ച പന്ത്രണ്ട് മണിക്ക് ഒമാനിലെ പുരാതനമായ മത്ര സൂഖ് കാണാനിറങ്ങിയതാണ് യുവ മിഥുനങ്ങളായ ഞാനും ന്റെ കെട്യോളും പിന്നെ മൂന്ന് കുട്യോളും …

വെയിൽ ഉച്ചിയിൽ കത്തിജ്വലിച്ചു നിൽകുമ്പോൾ യാതൊരു കൂസലും ഇല്ലാതെ സൂകിലേക്ക് നടന്നു കേറുമ്പോളാണ് മുന്നിൽ ഒരു മ്യൂസിയം കാണുന്നത് .. എന്നാ പിന്നെ മ്യൂസിയത്തിന്ന് തുടങ്ങാം എന്ന് കരുതി അവിടെ കേറി ഓമനികളുടെ പഴയ കാല ജീവിത രീതികളും അവർ ഉപയോഗിച്ച പുരാതന വസ്തുക്കളൊക്കെ കണ്ടു അവിടുന്നിടങ്ങിയപ്പോ ദേ കിടക്കുന്നു മുന്നിൽ ഒരു ആർട്ട് ഗ്യാലറി …

കെട്യോൾക്കാണെൽ ഈ കുത്തിവരയൊക്കെ അല്പം ഇന്ററസ്റ്റ് ഉള്ള കാര്യവും ആണ് ..

ഡോർ തുറന്ന് ഉള്ളിലേക്ക് ചാടി കേറിയപ്പോ നല്ല തണുപ്പ് .. ആ മുറി ചുറ്റും ഒരുപാട് ചിത്രങ്ങൾ .. ഒറ്റ ചിത്രവും മര്യാദക്ക് വരച്ചിട്ടില്ല .. എല്ലാം പെയിന്റ് കൊണ്ട് കുത്തി വരഞ്ഞു വെച്ചേക്കുന്നു …

നല്ല തണുത്ത ac മുറി ആയതുകൊണ്ട് ഞാൻ അവിടെ ഒരുമൂലയിൽ ഉള്ള കസേരയിൽ പോയി ഇരുന്നപ്പൊ കെട്യോളുടെ വിളി ..

” ഇക്കാ ഇത് നോക്ക് നല്ല രസല്ലേ ..

ചെന്ന് നോക്കുമ്പോൾ വാട്ടർ കളറിൽ ചകിരി മുക്കി പേപ്പറിൽ കുടഞ്ഞതുപോലെ ഒരു ചിത്രം .. ഒന്നും മനസിലായില്ലെങ്കിലും. നന്നയിട്ടുണ്ട് എന്ന് പറഞ്ഞു തടി തപ്പാൻ നേരം ഓൾടെ അടുത്ത ചോദ്യം

” ഇക്കാ ഇങ്ങക്ക് പിക്കാസോ അറിയോ …?

” ഹും .. പിക്കാസോ അറിയോ ന്നോ .. ഇയ്യ്‌ ചെറിയ കുഞ്ഞായിട്ട് മുട്ടിലിഴഞ്ഞു മുള്ളി നടക്കുന്ന ടൈമിൽ കാണാൻ തുടങ്ങിയതാ ഞാൻ പിക്കാസിനെ .. bsnl ഇന്റെ ലൈൻ ഇടാൻ റോഡ് സൈഡിൽ കുഴിയെടുക്കാൻ വരുന്ന തമിഴന്മാരുടെ കയ്യിലാണ് ഞാൻ ആദ്യമായി പിക്കാസോനെ കാണുന്നത് ..

എന്താന്ന് അറീല്ല എന്റെ ഉത്തരം കേട്ട് ഓള് ആകെ ചമ്മിപ്പോയി …

ഒന്നും മിണ്ടാതെ ഓള് അടുത്ത ഒരു ചിത്രത്തിൽ കണ്ണും നട്ടിരിക്കുന്നു …

” woowww വാട്ട് ഏ ക്രീയേറ്റീവിറ്റി .. ഫന്റാസ്റ്റിക് അല്ലെ ഡി …

രണ്ട് കണ്ണിന്റെ ചിത്രം അതിൽ പല നിറത്തിലുള്ള കണ്ണീർ ഒലിച്ചിറങ്ങുന്നു ..

” എടി ഷാഹീ ശരിക്കും ഞമ്മളെ കണ്ണീരും ഇങ്ങനയനും വേണ്ടത് .. അല്ലെ .. സങ്കടം ആയിട്ട് പറയുമ്പോ ചോപ്പ് സന്തോഷം കൊണ്ട് പറയുമ്പോ പച്ച. വേദനയായിട്ട് കരയുമ്പോൾ നീല ആരേലും മരിച്ചിട്ട് കരയുമ്പൊ കറുപ്പ്‌ .. ആകെ കൂടെ കരച്ചിലും കളറായേനെ .. അല്ലേടി …

എന്റെ ആ ചിത്ര ആസ്വാദനം കേട്ട് ഓൾക് എന്നെക്കുറിച്ചു അഭിമാനം തോന്നിയത് കൊണ്ടാണെന്ന് തോന്നുന്നു ഓള് എന്റെ ചുമലിൽ രണ്ട് തട്ട് തട്ടി .. ഇങ്ങക്ക് ഡാവിഞ്ചിയെ അറിയോ ..?

” ന്റെ ഷാഹിയെ ഇത്രേം ചരിത്ര ബോധം ഉള്ള എന്നോട് തന്നെ നീ ഇത് ചോദിക്കണം ..

” ന്തായാലും ഇയ്യ്‌ ചോയ്ച്ചതല്ലേ ഉത്തരം കേട്ടോ 1498ൽ ആഫ്രിക്ക വഴി കടൽ മാർഗം ഇന്ത്യയിൽ കാല് കുത്തിയ ആദ്യ യൂറോപിയൻ ആയ പോർച്ചു ഗീസുകാരൻ .. കാപ്പാട് കടപ്പുറത്ത് വഞ്ചിയിൽ വന്നതുകൊണ്ട് നാട്ടാര് ഓനെ ഡാ വഞ്ചി എന്ന് വിളിച്ചു .. ശരിക്കും പേര് വാസ്കോ ഡ ഗാമാ എന്നായിരുന്നു കാപ്പാട് ബീച്ചിൽ ചായ വിറ്റ് വിറ്റ് ഓൻ പിന്നെ വാസു എന്നറിയപ്പെട്ടു .. ഞമ്മളെ നാട്ടിൽ വാസു എന്ന് പേര് വന്നത് അങ്ങിനെ ആണ് ..

എന്റെ ആഴത്തിലുള്ള ചരിത്ര ബോധവും ചിത്രകലയിൽ ഉള്ള ആസ്വാദനവും കേട്ട് ഓൾക് അസൂയ മൂത്തിട്ട് ഓള് ഇളയത്തിനേം എടുത്ത് ചുമലിൽഇ ഇട്ട് ഇറങ്ങി നടക്കാൻ തുടങ്ങി ..

ബാക്കി ഉള്ള രണ്ടിനേം രണ്ട് കയ്യിൽ പിടിച്ചു സേതുരാമ അയ്യറിലെ ബി ജി എം ഇട്ട് ഞാനും ഓൾടെ പിന്നെലെ നടന്നു …

പിന്നെ രണ്ടീസം കഴിഞ്ഞു ഓള് എന്നോട് ഒന്ന് മിണ്ടാൻ ..

അല്ലേലും ചരിത്രാന്വേഷികളെയും കുറച്ചു വിവരം ഉള്ളവരെയും ആൾക്കാർക്ക് പിടിക്കൂലല്ലോ .. ല്ലേ ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *