എന്റെ ഭാഗത്തു തന്നെയാണ് ന്യായം. അല്ലെങ്കിൽ ഇത്രയധികം പേർ എന്നെ സപ്പോർട്ട്……..

മഹേഷിന്റെ പ്രതികാരം

Story written by Irshad KT

പാടത്തെ വരമ്പു കഴിഞ്ഞാൽ വേനലിൽ പോലും നീരൊഴുക്കുള്ള തോടിനു കുറുകെ ഒരാൾക്ക് മാത്രം കടന്നു പോവാൻ കഴിയുന്ന ചെറിയൊരു തടിപ്പാലം. മേലേടത്തെ പാലം എന്നാണ് ഞങ്ങളാ പാലത്തെ വിളിക്കാറുള്ളത് . കൈവരികളില്ല. അതിലൂടെ നടന്നു വേണം കവലയിലേക്കുള്ള റോട്ടിലെത്താൻ. ഓഫീസിലേക്ക് വീട്ടിൽ നിന്നിറങ്ങിയ ഞാൻ ഓടി തടിപ്പാലത്തിനു സമീപം എത്തിയപ്പോഴേക്കും പടിഞ്ഞാറുള്ള ഖാദർ ഓടിവന്ന് തടിപ്പാലത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയായിരുന്നു.

ഖാദർ തടിപ്പാലത്തിൽ പ്രവേശിച്ചാൽ പിന്നെ അവനിവിടെയെത്തിയിട്ടേ എനിക്ക് പാലം കടന്നു പോവാൻ പറ്റൂ. ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന എന്റെയത്ര തിരക്ക് ഏതായാലും ഖാദറിന് കാണില്ല.ടാർഗറ്റ്, പഞ്ചിങ്, വർക്ക്‌ പ്രഷർ ഇതൊന്നുമില്ലാതെ വെറും പറമ്പിൽ കിളക്കാൻ പോകുന്ന ഖാദറിന് ഒരല്പം നേരം വൈകിയാലും പ്രശ്നമില്ല. ഞാൻ ഒട്ടും സമയം പാഴാക്കാതെ പാലത്തിലേക്ക് പ്രവേശിച്ചു. എന്നാൽ അതിന് മുൻപേ ഖാദർ പാലത്തിലേക്ക് കാലെടുത്തു വെച്ചിരുന്നു.

ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..

എനിക്ക് ദേഷ്യം വന്നു.

മറ്റൊന്നും ചിന്തിക്കാതെ ഞാൻ ധൈര്യത്തോടെ പാലത്തിലൂടെ മുന്നോട്ട് നീങ്ങി. അഹങ്കാരത്തോടെ ഖാദർ എനിക്ക് നേരെ നടന്നടുത്തു. അവന്റെ വരവ് കണ്ട ഞാൻ പേടിച്ചു പിന്മാറുമെന്ന് കരുതിയ അവന് തെറ്റി. പേടിച്ചി രുന്നെങ്കിലും ഞാൻ പിന്മാറിയില്ല. പാലത്തിന്റെ മധ്യഭാഗത്തെത്തിയതും അവൻ ഒട്ടും കൂസലില്ലാതെ എന്റെ ദേഹത്തു വന്നിടിച്ചു. ശാസ്ത്രം ജയിച്ചു. ന്യൂട്ടന്റെ ചലന സിദ്ധാന്തപ്രകാരം ഒരു ബാഹ്യശക്തി പ്രവർത്തിച്ചില്ലെങ്കിൽ ഏകീകൃത ചലനാവസ്ഥയിലുള്ള ഓരോ വസ്തുവും അതേ ചലനാവസ്ഥയിൽ തന്നെ തുടരും എന്നാണല്ലോ . ചുരുക്കി പ്പറഞ്ഞാൽ ഖാദറെന്ന ബാഹ്യശക്തിയുടെ പ്രവർത്തനഫലമായി ഞാൻ തോട്ടിൽ വീണു. ഇതും ചേർത്ത് അറുപതാമത്തെ പ്രാവശ്യമാണ് ശാസ്ത്രം എന്നെ തോല്പിക്കുന്നത്. ഇൻസൈഡും ചെയ്തു വൃത്തിയായി ഒരുങ്ങി വന്നിട്ട് അതിദയനീയമായി തോട്ടിൽ കിടന്നു നീന്തുന്ന എന്റെ മുഖത്തേക്ക് ഒരു നോട്ടം പോലും നോക്കാതെ അവൻ പാലം താണ്ടി അതിവേഗം നടക്കുന്നുണ്ടായിരുന്നു.

“ഇതിന് പ്രതികാരം ചെയ്തില്ലെങ്കിൽ എന്റെ പേര് തന്റെ പട്ടിക്കിട്ടോ “

ഖാദർ പോയ ശേഷം ഞാൻ പറഞ്ഞ ആ പഞ്ച് ഡയലോഗ് ആ തോടിന്റെ ചുമരുകളെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലായിരുന്നു പറയാൻ വിചാരിച്ചതെങ്കിലും അവൻ കേൾക്കുമോ എന്ന ഭയത്തിൽ സ്വല്പം ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്. അവന് പട്ടിയില്ലെന്നു പോലുമോർക്കാനുള്ള ദയ ഞാൻ കാണിച്ചില്ല. അല്ലെങ്കിലും യാതൊരു വിധത്തിലുള്ള ദയക്കു മർഹതയില്ലാത്ത തരത്തിലായിരുന്നല്ലോ അവന്റെ പെരുമാറ്റം.

എന്റെ മനസ്സ് നീറിപ്പുകഞ്ഞു. പ്രതികാരം ചെയ്തേ പറ്റൂ.. തോട്ടിൽ നിന്നും ഒരു വിധം കരക്ക്‌ കയറിപ്പറ്റിയപ്പോഴേക്കും വൃത്തിയായി ചെയ്തിരുന്ന ഇൻസൈട് പുറത്തേക്ക് വന്നിരുന്നു.

“അവനോട് പ്രതികാരം ചെയ്തിട്ടല്ലാതെ ഇനി ഞാൻ ഷർട്ട് പഴയത് പോലെ ഇൻസൈട് ചെയ്യില്ല “

ആ ചെറിയ തടിപ്പാലത്തെ സാക്ഷിയാക്കി ഞാൻ പ്രതിജ്ഞ ചെയ്തു.

അന്ന് തന്നെ ഫേസ്ബുക്കിൽ ഞാൻ ഈ സംഭവത്തെ കുറിച്ച് പോസ്റ്റിട്ടു. കമെന്റുകൾക്കായി നോട്ടിഫിക്കേഷൻ ഐക്കണിൽ കണ്ണും നട്ടു ഞാൻ കാത്തിരുന്നു. നോട്ടിഫിക്കേഷൻ ബെല്ലടിച്ചു. അതാ വരുന്നു ആദ്യത്തെ കമെന്റ്. ഞാൻ ആകാംക്ഷയോടെ തുറന്നു നോക്കി.

“എന്റെ കുഞ്ഞമ്മേടെ മോൾ പങ്കെടുക്കുന്ന ഫോട്ടോ contest.ഒരു ലൈക് തരാമോ “

കൂടെയൊരു ലിങ്കും. !!

തെ ണ്ടി. അവന്റെയൊരു കുഞ്ഞമ്മ. ഉള്ള മൂടും പോയി.

വൈകാതെ എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള കിളികൾ കൂട്ടം കൂട്ടമായി sad റിയാക്ഷൻ ഇട്ടു…

പാവങ്ങൾ സങ്കടമായിക്കാണും.. കമെന്റുകൾ വേറെയും വരാൻ തുടങ്ങി…

“വല്ലതും പറ്റിയോ സേട്ടാ “‘…

ആരാത്?? ഞാൻ നോക്കി

അശ്വതി അച്ചു..! പൂവിന്റെ ഫോട്ടോ പ്രൊഫൈൽ പിക് വെച്ച ആ കുട്ടിക്ക് എന്നും എന്റെ കാര്യത്തിൽ ഭയങ്കര ശ്രദ്ധയാ… പാവം.

“ഭാഗ്യത്തിന് ഒന്നും പറ്റിയില്ല ഡിയർ “

വീണപ്പോൾ പാറക്കല്ലിൽ കാൽ തട്ടി മുറിഞ്ഞ ഭാഗത്തു വന്നിരുന്ന ഈച്ചയെ ഒരു കൈ കൊണ്ട് ആട്ടിക്കൊണ്ട് ഞാൻ റിപ്ലൈ കൊടുത്തു..

കമെന്റുകൾ വന്നു കൊണ്ടിരുന്നു. ഭൂരിഭാഗവും എന്റെ അക്കൗണ്ടിലുള്ള തരുണീമണികൾ. ഹോ. എന്തൊരു കരുതലാണീ മൻസമാർക്ക്… എല്ലാത്തിനും ഞാൻ sad റിയാക്ഷൻ ഇട്ടു.ആകെ സഹതാപ തരംഗം. ഖാദർ എന്നെ വീഴ്ത്തിയപ്പോൾ തോന്നാത്ത സങ്കടം കമെന്റ് വായിച്ചപ്പോൾ തോന്നിയ ഞാൻ തന്നെ അവസാനം കരഞ്ഞു പോയി. ലൈക്കുകളും ധാരാളം വീണു. എല്ലാവരും എന്റെ കാര്യമോർത്തു ആകെ ടെൻഷനിലാണെന്നു തോന്നുന്നു. അതിനിടയിൽ അഖിലിന്റെ കമെന്റ്

“നിനക്ക് നാണമില്ലെടാ ചെ റ്റേ “.

ഇതേതാണീ മരയൂള.. ഇവനെപ്പോലെയുള്ള ആളുകളാണ് ഈ നാടിന്റെ ശാപം. ഒരുത്തൻ തോട്ടിൽ വീണ് കയ്യും കാലും മുറിഞ്ഞു കിടക്കുമ്പോഴാണോ ഇമ്മാതിരി ചെ റ്റ വർത്തമാനം പറയുന്നത്. ആ പ്രൊഫൈലെടുത്ത് ഉടൻ തന്നെ ബ്ലോക്ക്‌ ചെയ്തു..

അടുത്ത കമന്റ്‌..

“എണീറ്റു വന്നു ഒന്നങ്ങ് പൊട്ടിക്കായിരുന്നില്ലേ? “

മതിയായിരുന്നു.. പക്ഷെ ഞാൻ വീണു പോയില്ലേ..

റിപ്ലൈ ചെയ്യുന്നതിന് മുൻപ് ആരാണെന്ന് നോക്കി.

കലിപ്പനെ പ്രണയിച്ച കാന്താരി..

ഇനി അവൾ പ്രണയിക്കുന്ന കലിപ്പൻ ഞാനെങ്ങാനുമാണോ.. ഹേയ് ആയിരിക്കാൻ സാധ്യതയില്ല. എന്നാലും അവൾക്കും എന്നോട് എന്തോ ഒരിതുണ്ട്.

ലൈക്കുകൾ വാ ണം വിട്ട പോലെ കുതിച്ചുയർന്നു. നോട്ടിഫിക്കേഷൻ കാരണം ഫോൺ വൈബ്രേഷൻ മൂലം കയ്യിൽ നിന്നും ചാടിപ്പോകുന്ന അവസ്ഥ വരെയായി. എന്റെ ഭാഗത്തു തന്നെയാണ് ന്യായം. അല്ലെങ്കിൽ ഇത്രയധികം പേർ എന്നെ സപ്പോർട്ട് ചെയ്യില്ലല്ലോ. ധൈര്യമുണ്ടെങ്കിൽ ഖാദർ ഒരു പോസ്റ്റിടട്ടെ. ആരൊക്കെ സപ്പോർട്ട് ചെയ്യുമെന്ന് കാണാലോ.

അപ്പോഴും ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു. എങ്ങനെ പ്രതികാരം ചെയ്യും.? പ്രതികാരം ചെയ്തില്ലെങ്കിൽ ഞാൻ ചെയ്‌ത പ്രതിജ്ഞ എന്താവും? ഓഫീസിൽ പോവണമെങ്കിൽ ഷർട്ട് ഇൻസൈട് ചെയ്തേ പറ്റൂ.

പെട്ടെന്നാണ് എന്റെ പോസ്റ്റിനു വന്ന ആ കമെന്റ് എന്റെ ശ്രദ്ധയിൽ പെടുന്നത്.

‘അവന്റെ തന്തയുടെ വകയാണോ ആ പാലം എന്ന് ചോദിക്കാൻ പാടില്ലായിരുന്നോ? ‘

ആരാണത്.?

മനു !!!!

ഞാനവന്റെ പ്രൊഫൈൽ പരിശോധിച്ചു. ഒരുപാട് ഫോട്ടോസുണ്ട്. ഒരു ഒന്നാന്തരം ജിമ്മൻ. അവന്റെ കൈകളൊക്കെ എന്റെ കാൽതുടയുടെ വണ്ണം. ഇത്രയും കരുത്തുള്ള ഫ്രെണ്ട്സ് ഉണ്ടായിട്ടാണോ ഞാനാ പീക്കിരി ഖാദറിനെ പേടിച്ചിരിക്കുന്നത്.

ഏതായാലും അത് നല്ല ഐഡിയ ആണ്..അവന്റെ വീട്ടിൽ കയറിച്ചെന്നു ധൈര്യത്തോടെ നിന്റെ തന്തയുടെ വകയാണോ ആ പാലം എന്ന് ചോദിക്കണം. എന്നിട്ട് സ്ലോ മോഷനിൽ തിരിഞ്ഞു നടക്കണം.ഒരാള് വീഡിയോ പിടിക്കാൻ കൂടിയുണ്ടെങ്കിൽ പൊളിച്ചു. നരസിംഹത്തിലെ ബിജിഎം ഇട്ട് എഡിറ്റ്‌ ചെയ്തു ടിക്‌ടോകിൽ പോസ്റ്റിയാൽ എന്റെ താരമൂല്യം കൂടും. ലൈകുകളും കമെന്റുകളും വന്നു നിറയും. ആഹാ. അതോടെ പ്രതികാരം പൂർണ്ണമാവും. നാളെത്തന്നെ ഷർട്ട് ഇൻസൈട് ചെയ്തു ഓഫീസിലും പോവാം.

മറ്റൊന്നും ചിന്തിക്കാതെ വീഡിയോ പിടിക്കാൻ മാമന്റെ മോനെയും കൂട്ടി നേരെ പടിഞ്ഞാറുള്ള ഖാദറിന്റെ വീട്ടിലേക്ക് വെച്ച് പിടിപ്പിച്ചു. മാമന്റെ മോൻ SLR ക്യാമറ പിടിച്ചു തൊട്ട് പുറകിലുണ്ട്. എഡിറ്റിങ്ങിൽ പുലിയല്ല സിംഹമാണ് അവൻ എന്നാണ് കരയിലെ സംസാരം.

പ്രതികാര ദാഹം എന്റെ സിരകളെ ചൂട് പിടിപ്പിച്ചു. ഷർട്ടിന്റെ കൈകൾ മുകളിലേക്ക് വലിച്ചു കയറ്റി മുൻഭാഗത്തെ ഒരു ബട്ടൻസ് അഴിച്ചിട്ട് കോളറിൽ പിടിച്ചു പുറകിലേക്ക് നീക്കി വെച്ച് പാടവരമ്പിലൂടെ സിനിമാ സ്റ്റൈലിൽ നടക്കുന്നത് വൃത്തിയായി ഷൂട്ട്‌ ചെയ്തു മാമന്റെ മോൻ എന്റെ കൂടെത്തന്നെയുണ്ട്.

“ഒന്ന് വേഗം നടക്ക് മാമാ. ഇങ്ങനെ സ്ലോ മോഷനിൽ നടന്നാൽ നേരം സന്ധ്യയാവും. ഇരുട്ടായാൽ പിന്നെ വീഡിയോ പിടുത്തം നടക്കില്ല. സ്ലോ മോഷൻ ഞാൻ എഡിറ്റ്‌ ചെയ്തു ആക്കിക്കോളാം. “

അവന്റെ സംസാരം എനിക്കത്ര പിടിച്ചില്ലെങ്കിലും പിണക്കിയാൽ അവനാളത്ര വെടിപ്പല്ല എന്നറിയാവുന്നത് കൊണ്ട് തൽക്കാലം അനുസരിച്ചു. അല്ലെങ്കിൽ ചിലപ്പോൾ എഡിറ്റ്‌ ചെയ്തു നാറ്റിക്കും.

അവസാനം ഖാദറിന്റെ വീട്ടുമുറ്റത്തെത്തുമ്പോൾ മാമന്റെ മോൻ ക്യാമെറാ പൊസിഷൻ റെഡിയാക്കുകയായിരുന്നു. ഏതായാലും അവൻ ക്യാമറ സെറ്റ് ചെയ്തു ആക്ഷൻ പറഞ്ഞതും ഞാൻ കാളിങ് ബെല്ലടിച്ചു.

നരസിംഹത്തിലെ ബിജിഎം എന്റെ മനസ്സിൽ പ്ലേ ചെയ്യാൻ തുടങ്ങി.വാതിൽ തുറന്നയുടൻ മാസ്സ് ഡയലോഗ് പറഞ്ഞു സ്ലോ മോഷനിൽ തിരിഞ്ഞു നടക്കണം. അതാണ് സ്ക്രിപ്റ്റ്. ഡയലോഗ് ഞാനൊന്ന് കൂടി ഓർത്തു.

‘നിന്റെ തന്തയുടെ വകയാണോ പാലം’ !!!

സിമ്പിൾ…

ആറടിയിലേറെ ഉയരവും അതിനൊത്ത കരുത്തുറ്റ ശരീരവുമുള്ള ഖാദർ വാതിൽ തുറന്നതും മനസ്സിൽ പ്ലേ ചെയ്തു കൊണ്ടിരുന്ന ബിജിഎം കാസെറ്റിൽ റീല് കുടുങ്ങിയ പോലെയായി. പ്രതികാരം നാളെ ചെയ്താൽ പോരേ എന്ന് മനസ്സിനോട് തന്നെ ചോദിച്ചെങ്കിലും മാമന്റെ മോൻ കൂടെയുള്ളതിനാൽ തൽക്കാലം പിടിച്ചു നിന്നു.

ഖാദർ അല്പം ഗൗരവത്തോടെ ചോദിച്ചു.

“എന്താ കാര്യം? “.

ആ ചോദ്യം കേട്ടതും എന്ത് പറയണമെന്നറിയാതെ ഞാനൊന്ന് പരുങ്ങി. മനസ്സിൽ തോന്നിയ ഭയം പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു.

“ഉപ്പയില്ലേ ഇവിടെ? ഒന്ന് വിളിക്കാമോ? “

തെല്ലൊരു സംശയത്തോടെ ഖാദർ നീട്ടി വിളിച്ചു

“ഉപ്പാ “

അകത്തു നിന്നും മറുപടിയായി നല്ല കനത്തിലുള്ളൊരു മൂളലുമായി കടന്നു വന്ന ഖാദറിന്റെ ഉപ്പയെ കണ്ടതും ബാക്കിയുണ്ടായിരുന്ന ധൈര്യവും ചോർന്നു പോയി. ഒരു കൈലി മുണ്ട് മാത്രമെടുത്തു അർണോൾഡിനെ പോലെ വിരിഞ്ഞ നെഞ്ചുമായി അയാൾ വാതിൽക്കൽ വന്നു നിന്നു. ശരീരത്തിന്റെ എവിടെയൊക്കെയോ നനവ് അനുഭവപ്പെടുന്നു.! താഴെ ഒന്ന് തൊട്ട് നോക്കി. ദൈവമേ.. ആകെയുള്ള മൂന്നു ജെട്ടികളിൽ രണ്ടെണ്ണം ഉണക്കാനിട്ടിരിക്കുകയാണ്. ഇനി ഞാനെങ്ങനെ ഓഫീസിൽ പോവും.? പിന്മാറിയാൽ മാമന്റെ മോന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല.

പ്രതികാരം ചെയ്തിട്ടേ ഇനിയെനിക്ക് മടക്കമുള്ളൂ.

ഞാൻ മനസ്സിലുറപ്പിച്ചു. ശബ്ദത്തിനു അല്പം ഇടർച്ചയുണ്ടായിരുന്നെങ്കിലും ഞങ്ങൾ രണ്ടു പേരും മാത്രം കേൾക്കാൻ പാകത്തിൽ ഞാൻ ചോദിച്ചു.

“നിങ്ങളുടേതാണോ മേലേടത്തെ പാലം? “

അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി.

“അല്ല.എന്ത്യേ? “

ഖാദറിന്റെ തന്തയോട് തന്നെ നേരിട്ട് പ്രതികാര ഡയലോഗ് പറഞ്ഞ ആശ്വാസത്തിൽ ഞാൻ ശ്വാസം വിട്ടു .

“ഒന്നൂല്ല്യ. വെറുതെ അറിയാൻ വേണ്ടി ചോദിച്ചതാ.. എന്നാ ശരി “

ഇത്രയും പറഞ്ഞു ഞാൻ സ്ലോ മോഷനിൽ തിരിഞ്ഞു.നനഞ്ഞ ഭാഗം കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. മാമന്റെ മോന്റെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടതും നടത്തം സ്ലോ മോഷൻ മാറ്റി നോർമൽ സ്റ്റൈൽ ആക്കി. സ്ലോ മോഷൻ എഡിറ്റ്‌ ചെയ്യുമ്പോൾ അവനിട്ടോളും.

ക്യാമറയുമായി പുറകെ വന്ന അവൻ ചോദിച്ചു.

“മാമാ. ഡയലോഗ് കിട്ടിയില്ല. “

ഞാൻ ചിരിച്ചു.

“സാരമില്ലെടാ. നമുക്ക് എഡിറ്റ്‌ ചെയ്തു കേറ്റാം “

ഷർട്ട് ഇൻസൈഡ് ചെയ്തു പാടവരമ്പിലൂടെ നീങ്ങുമ്പോൾ ഒന്ന് കൂടി ഖാദറിന്റെ മുഖത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി. പക. അത് വീട്ടാനുള്ളതാണ് .

Related Posts

Leave a Reply

Your email address will not be published. Required fields are marked *