എപ്പോൾ വേണമെങ്കിലും ആർക്കും സംഭവിക്കാവുന്ന ഒന്ന്. അത് കൊണ്ട് തന്നെ അയാൾക്ക്‌ ഭ്രാന്താണ്…..

കഥയില്ലാത്തവൻ

Story written by Bindhya Balan

“ഹലോ കൂട്ടുകാരി… ഹലോ കൂട്ടുകാരാ… ഹലോ.. ഹലോ.. ല്ലാർക്കും ഹലോ…. ഹലോ… നടന്ന് പോണ കൂട്ടുകാരിക്ക് ഹലോ.. ല്ലാർക്കും ഹലോ… ഹലോ ഹലോ.. ല്ലാർക്കും ഹലോ .. ല്ലാ കൂട്ടുകാർക്കും ഹലോ………. “

രാവിലെ ബസ്റ്റോപ്പിൽ നിൽക്കുമ്പോഴുള്ള പതിവ് കാഴ്ചയായിരുന്നു എല്ലാവരോടും ഹലോ പറഞ്ഞു നടന്ന് പോകുന്ന അയാൾ.

ബസ്റ്റോപ്പിലും പരിസരത്തുമായി നിൽക്കുന്ന എല്ലാവർക്കും നിറഞ്ഞ ചിരിയോടെ കൈ വീശിക്കാണിച്ചു ഹലോ പറഞ്ഞു ധൃതിയിൽ പോകുന്ന അയാളെ ഞാൻ കൗതുകത്തോടെ നോക്കാറുണ്ട്.

നീണ്ടു മെലിഞ്ഞു പൊക്കമുള്ള, വെളുത്ത നിറവും നീണ്ടു വളർന്ന താടിയും മുടിയും.. കണംകാലിനു മുട്ടി നിൽക്കുന്ന രീതിയിൽ ഉടുത്ത മുഷിഞ്ഞ വെള്ള മുണ്ടും, ബട്ടണുകൾ തെറ്റിച്ചു നീളൻ കയ്യോടെ ഇട്ടിരിക്കുന്ന വെള്ള ഷർട്ടും. അതായിരുന്നു അയാളുടെ രൂപം. അയാളോരു ഭ്രാന്തനാണത്രെ… ഓർമ്മകൾ മുറിഞ്ഞുപോയൊരു മനസുമായി നാടിന്റെ ഉള്ളകങ്ങളിൽ അലഞ്ഞു നടക്കുന്ന ഭ്രാന്തൻ…

സ്വയം എന്തൊക്കെയോ തനിയെ പിറുപിറുത്തും, വഴിയിൽ കാണുന്നവർക്കെല്ലാം ഹലോ പറഞ്ഞും അയാൾ വേഗത്തിൽ നടന്ന് പോകും. അയാളുടെ നടപ്പും പറച്ചിലുമൊക്കെ കണ്ട് ആളുകളുടെ അമർത്തിപിടിച്ചുള്ള ചിരി കാണുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത തോന്നാറുണ്ടെനിക്ക്..

ഭ്രാന്ത് ഒരിക്കലുമൊരു രോഗമായി എനിക്ക് തോന്നിയിട്ടില്ല. എന്നേ സംബന്ധിച്ചിടത്തോളം, അതൊരു വിപ്ലവമാണ്.. വെളിവില്ലാത്ത ലോകത്തു, സ്വയം വെളിവുണ്ടെന്നു അഹങ്കരിക്കുന്നവർക്കെതിരെ നടക്കുന്നൊരു ഒറ്റയാൾ പോരാട്ടം.. എപ്പോൾ വേണമെങ്കിലും ആർക്കും സംഭവിക്കാവുന്ന ഒന്ന്. അത് കൊണ്ട് തന്നെ അയാൾക്ക്‌ ഭ്രാന്താണ് എന്ന് കേൾക്കുമ്പോഴെല്ലാം ഞാൻ അസ്വസ്ഥയാവും… അതേ സമയം അതിശയവും തോന്നുമെനിക്ക്. മനസ് കൈ വിട്ടുപോയൊരുവന് എങ്ങനെയാണ് ഭംഗിയായി ചിരിക്കാൻ കഴിയുന്നതെന്നോർത്ത്. അത്രമേൽ ഭംഗിയായിട്ടായിരുന്നു അയാൾ ചിരിക്കുന്നത്…

അയാളുടെ ആ ചിരി കണ്ടാൽ ആരും പറയില്ല അയാൾക്ക്‌ ഭ്രാന്താണെന്ന്… ചിരിയുടെ ആഴങ്ങളിൽ എന്തൊക്കെയോ ഒളിപ്പിച്ചു വച്ച് തുടരെ തുടരെ ഹലോ പറഞ്ഞു കൊണ്ട് വേഗത്തിൽ നടന്ന് മറയുന്ന അയാൾ നാടിനു പതിവ് കാഴ്ചയായിരുന്നു.

രാവിലെ ബസിൽ ഇരിക്കുമ്പോൾ ചിലപ്പോഴെല്ലാം കാണാം, ജോസപ്പപ്പാന്റെ ചായക്കടയുടെ ഉമ്മറത്ത് ഒരു കയ്യില് ചായയും മറ്റേ കയ്യിൽ ഒരു മുളക് വടയും പിടിച്ചു നിൽക്കുന്ന അയാളെ..

“ഒരു വട കൂടി തിന്ന് ” എന്ന് പറയുന്ന ജോസപ്പാപ്പനോട്, ” വേണ്ട കൂട്ടുകാരാ മതി ” എന്ന് പറഞ്ഞ് പല്ലുകൾ മുഴുവൻ കാട്ടി ചിരിക്കുന്ന അയാൾക്കപ്പോൾ ഒരു ഭ്രാന്തന്റെ മുഖമായിരിക്കില്ല. വിശപ്പിനു ആഹാരം കൊടുത്തവനോടുള്ള നന്ദിയും സ്നേഹവുമാണ് ആ മുഖത്ത് അന്നേരമുണ്ടാവുക. ചിലർ സഹതാപത്തോടെ ഒരു പരിപ്പ് വടയോ പാലപ്പമോ അയാൾക്ക്‌ നേരെ നീട്ടി,

” ന്നാ ഇതൂടെ തിന്നോ ” എന്ന് പറയുമ്പോൾ

“വേണ്ട കൂട്ടുകാരാ “

എന്ന് പറഞ്ഞ് അയാൾ വയറിൽ തൊട്ട് കാണിച്ച് ചിരിക്കും. ഒരു കുഞ്ഞ് വടയിൽ കൂടുതലായ് അയാൾക്ക്‌ ആരിൽ നിന്നും ഒന്നും വേണ്ട എന്നയാൾ പറയാതെ പറയും.

കടയിൽ വന്ന് പോകുന്ന എല്ലാവരോടും ചിരിച്ചു കൊണ്ട് ഹലോ പറയുമയാൾ . തിരിച്ചൊരു വാക്കോ ചിരിയോ പകരം കൊടുക്കാതെ, അയാളെ നോക്കി പരിഹാസത്തോടെ പോകുന്നവരെ കാണുമ്പോൾ, സത്യമായും എനിക്കന്നേരം വെറുപ്പ് തോന്നും. ഭ്രാന്ത് അയാൾക്കല്ല.. അയാളെ ചുറ്റി നിൽക്കുന്ന ഞാൻ അടക്കമുള്ള ഈ ലോകത്തിനാണ്.

ലോകത്തിന്റെ ഇത്തരം പരിഹാസങ്ങൾ ഗൗനിക്കാതെ ജോസപ്പാപ്പന്റെ കടയിൽ നിന്ന് ചായയും കുടിച്ച് വടയും കഴിച്ച് അയാൾ പിന്നെയും മുന്നോട്ട് നടക്കും കാണുന്നവർക്കെല്ലാമൊരു നിറഞ്ഞ ചിരിയെറിഞ്ഞു കൊടുത്ത്.

അയാളുടെ രാത്രിയുറക്കം എവിടെയാണെന്നോ പകൽ അയാൾ എവിടെ നിന്നാണ് വരുന്നതെന്നോ ആർക്കു മറിയില്ല. എത്ര ഭംഗിയായാണ് ആരും കാണാത്തിടത്തു അയാൾ മറഞ്ഞിരിരിക്കുന്നതെന്ന് പലപ്പോഴുമെനിക്ക് തോന്നിയിട്ടുണ്ട്. രാവിരുട്ടി വെളുക്കുമ്പോൾ എല്ലാവർക്കും അയാളെ കാണാം… എല്ലാവരോടും അയാൾക്ക്‌ സ്നേഹമാണ് തിരിച്ചൊന്നിനും കാത്തു നിൽക്കാതെ സ്നേഹം തന്ന് അയാൾ കടന്ന് പോകും…

ഒരിക്കൽ, ഒരാൾക്ക് ഹലോ പറഞ്ഞ് കടന്ന് പോകുമ്പോൾ ആയിരുന്നു ആദ്യമായി അയാളോട് ഒരു ചോദ്യം ചോദിച്ചത്

“നിങ്ങളുടെ പേരെന്താണ് കൂട്ടുകാരാ? “

തിരിഞ്ഞു നോക്കാതെ, നടക്കുന്നതിനടയ്ക്ക് അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു

“ഒരു പേരിലെന്തിരിക്കുന്നു കൂട്ടുകാരാ..എല്ലാവരും കൂട്ടുകാരാണ് കൂട്ടുകാരാ… എല്ലാവരോടും സ്നേഹമാണ്…. എല്ലാ കൂട്ടുകാരോടും സ്നേഹമാണ്… “

അതേ.. അയാൾക്ക്‌ എല്ലാവരോടും സ്നേഹമായിരുന്നു. അത് കൊണ്ട് തന്നെ അയാൾ ഒരിക്കൽപ്പോലും ആരോടും നില തെറ്റിയിട്ടില്ല.. ഒരിക്കൽപ്പോലും ആരെയും വേദനിപ്പിച്ചിട്ടില്ല.. ഒരിക്കൽപ്പോലും ആരെയും പരിഹസിച്ചിട്ടില്ല.. കൂട്ടുകാരാ കൂട്ടുകാരി എന്നല്ലാതെ ആരെയും ഒന്നും വിളിച്ചിട്ടില്ല… അയാൾക്ക്‌ നാട് മുഴുവൻ അയാളുടേ തായിരുന്നു.. എല്ലാവരും അയാളുടെ പ്രിയപ്പെട്ടവരായിരുന്നു..

കുറച്ചു നാൾ മുൻപ് നാട്ടിൽ നിന്ന് അമ്മ വിളിച്ച് വിശേഷങ്ങൾ പറയുന്ന കൂട്ടത്തിലാണ് പറഞ്ഞത്

“ആ ഭ്രാന്തൻ മരിച്ചു കേട്ടോ…. നെഞ്ച് വേദന വന്നതാണെന്നൊക്കെ ആരോ പറഞ്ഞു…. പാവം, ഭ്രാന്ത്‌ പിടിച്ചു നടന്ന് ഒടുക്കം ഏതോ കടത്തിണ്ണയിൽ കിടന്ന് മരിച്ചു… “

ഉറ്റവരാരോ മരിച്ചെന്നു കേൾക്കുമ്പോൾ ഉണ്ടാകുന്നൊരു പിടച്ചിൽ ആത്മാവിനെ എടുത്തിട്ട് കുടയുന്നത് പോലെയാണ് തോന്നിയതെനിക്ക് . കണ്ണുകൾ നിറഞ്ഞൊഴുകി വാക്കുകൾ തൊണ്ടയിൽ കുടുങ്ങി..അമ്മയോട് പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത്‌ നിർവികാരതയോടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ അയാളുടെ ആ ചിരിയേ ഓർത്തു ഞാൻ..

നാടിനെക്കുറിച്ചു ഓർക്കുമ്പോൾ എല്ലാം, ഉയിരിനോട് ചേർത്ത് വച്ച ഒത്തിരി കാര്യങ്ങളിൽ ഒന്നാണ് നാട് മുഴുവൻ ഭ്രാന്തനെന്നു വിളിച്ചൊരുവന്റെ നിറഞ്ഞ ചിരി.. നാടിന്റെ കൈ വഴികളിലൂടെ എല്ലാവർക്കും ഹലോ പറഞ്ഞു എല്ലാവരും എന്റെ കൂട്ടുകാരാണ് എന്ന് പറഞ്ഞു നടന്ന് നീങ്ങുന്ന അയാളെക്കുറിച്ചു ഓർക്കുംതോറും നെഞ്ച് വിങ്ങിപ്പൊട്ടി…

ഭൂതകാലത്തിൽ നിന്നൊരു ചോദ്യോത്തരം കേട്ടു ഞാനന്നേരം..

“ഏയ്‌ കൂട്ടുകാരാ തന്റെ പേരെന്താ? “

“ഒരു പേരിലെന്തിരിക്കുന്നു കൂട്ടുകാരാ.. ല്ലാരും ന്റെ കൂട്ടുകാരാണ്… ല്ലാരോടും സ്നേഹമാണ്.. “

‘ഒരു പേരിലെന്തിരിക്കുന്നു…’ ആഴമുള്ളൊരു ഓർമ്മപ്പെടുത്തലാണത്. എല്ലാവർക്കും എല്ലാവരോടും സ്നേഹമാ ണ്വേണ്ടതെന്നു എത്ര ഭംഗിയായാണ് അയാൾ പറഞ്ഞു വച്ചത്.

അയാൾക്ക്‌ ഭ്രാന്ത്‌ കല്പ്പിച്ചു കൊടുത്ത കാലത്തിനായിരുന്നു യഥാർത്ഥത്തിൽ ഭ്രാന്ത്‌. അയാൾ ഒരു കഥയില്ലാത്തവനായിരുന്നു. ഒരുപാട് കഥയുള്ളവർക്കിടയിൽ, ഒരു കഥയുമില്ലാതെ അയാൾ ഒറ്റതിരിഞ്ഞു നിന്നു.
അത് കൊണ്ട്തന്നെ എല്ലാവരോടും,എല്ലാത്തിനോടും അയാൾക്ക്‌ സ്നേഹമായിരുന്നു… എല്ലാവരെയും നോക്കി അയാൾ ചിരിച്ചു… അയാൾക്കെന്നുമാ ചിരിയുണ്ടായിരുന്നു.. ഈ ലോകത്തോട് തനിക്കു പറയാനുള്ളതെല്ലാം അയാൾ തന്റെ ചിരിയിൽ നിറച്ചു വച്ചു… എന്നിട്ട് സ്നേഹം മുഴുവൻ ചേർത്ത് എല്ലാവർക്കും അയാൾ ആ ചിരി പങ്കിട്ട് കൊടുത്തു.. ആരും അപ്പോഴും ഹൃദയം കൊണ്ട് അയാൾക്കൊരു മറുചിരി നൽകിയില്ല കാരണം അയാൾ ഭ്രാന്തനാണത്രെ…

ആ നാടിനി അയാളില്ലായിടമാണ്. അയാളുടെ ചിരി ഇനിയൊരിക്കലും ആ നാട് കാണില്ല… അർഹത യില്ലാത്തവർക്ക് നെഞ്ചിലേ സ്നേഹം മുഴുവൻ കൊടുത്ത് അയാൾ തിരിച്ചു പോയി.. ഇനിയൊരു മടങ്ങിവരവില്ലാതെ…

ഓർക്കുംതോറും എനിക്കെന്നോട് തന്നെ പുച്ഛം തോന്നി.. ഇനിയെന്നെങ്കിലും നാട്ടിലേക്ക് ചെന്നിറങ്ങുമ്പോൾ, അയാൾക്ക്‌ കൊടുക്കാതെ കൊടുക്കാതെ എന്നിൽ ബാക്കിയായിപ്പോയ ചിരിയേ അയാളുറങ്ങുന്നിടം ചെന്ന് നിന്ന് കണ്ണീര് കൊണ്ട് അയാളിലേക്ക് ചേർത്ത് വയ്ക്കണമെനിക്ക്.. അതേ അയാൾക്ക്‌ വേണ്ടി എനിക്കിനി ചെയ്യാനുള്ളൂ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *