എൻ്റെ ഭാര്യയ്ക്ക് ആവശ്യമുള്ളതെല്ലാം കൊടുത്തിട്ട് തന്നെയാണ് ഞാൻ നിൻ്റെയടുത്തേക്ക് വരുന്നത്…

Story written by Saji Thaiparambu

ഇന്നെനിക്ക് കുറച്ച് കൂടുതൽ കാശ് തരണം കെട്ടോ

മുടി വാരിക്കെട്ടിവച്ച് കൊണ്ട് മീന, പുറത്തേയ്ക്ക് പോകാനൊരുങ്ങുന്ന സ്ഥിരം പറ്റുകാരനായ ഡേവിസിനോട് പറഞ്ഞു.

അതെന്താടീ ഇന്നെന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നത്തേയും പോലെ തന്നെയല്ലേ ഇന്നും

അല്ല ഇന്നത്തോടെ ഞാനീ തൊഴില് നിർത്തുവാ ,ഏതൊരു തൊഴിലാളിക്കും താൻ വർഷങ്ങളായി ജോലി ചെയ്യുന്ന സ്ഥാപനത്തിൻ നിന്ന് പിരിഞ്ഞ് പോകുമ്പോൾ ശിഷ്ടകാലം ജീവിക്കാനുള്ള ഒരു തുക കൊടുക്കാറുണ്ടല്ലോ

എന്താ നീ പറഞ്ഞത്, തൊഴില് നിർത്താൻ പോണെന്നോ? നിനക്കെന്താ ഭ്രാന്തുണ്ടോ, എടീ മറ്റെല്ലാ തൊഴിൽ സ്ഥാപനങ്ങളും അടച്ച് പൂട്ടി മനുഷ്യരെല്ലാം വറുതിയിലായിട്ടും, ഇപ്പോഴും നിൻ്റെയടുത്തേക്ക് വരുന്നവരുടെ ഒഴുക്കിന് വല്ല കുറവുമുണ്ടോ? ഇഷ്ടം പോലെ വരുമാനവുമുണ്ട്, പിന്നെ വേറെന്തെല്ലാം നേട്ടങ്ങളുണ്ട് ,തൊഴിൽ കരമില്ല, ജി എസ് ടി ഇല്ല, എന്നിട്ടും നീയിത് നിർത്താൻ പോകുന്നതെന്തിനാ

നിർത്തുന്നതിനെക്കുറിച്ചുള്ള തീരുമാനം ഞാൻ പെട്ടെന്നെടുത്തതല്ല, വളരെയധികം ആലോചിച്ചിട്ട് തന്നെയാണ് ,നിങ്ങളെപ്പോലെയുള്ള വളരെ ചുരുങ്ങിയ ആൾക്കാർ മാത്രം എന്നെ തേടി ഇങ്ങോട്ട് വരുമ്പോൾ ,സമൂഹത്തിലെ മറ്റുള്ളവരൊക്കെ എന്നെ നോക്കുന്നത് അറപ്പോടെയും വെറുപ്പോടെയും മാത്രമാണ് ,എനിക്കതൊന്ന് മാറ്റിയെടുക്കണം

നീയിങ്ങനെ കടുത്ത തീരുമാനമെടുത്താൽ എന്നെപ്പോലെയുള്ളവർ
എന്ത് ചെയ്യും, എൻ്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് വച്ച്, കണ്ട തെരുവിലൊക്കെ അലയാൻ പറ്റുമോ ? നിനക്ക് ഞാൻ തരുന്നത് പോരെങ്കിൽ പറ എത്ര വേണമെന്ന്, ഞാൻ കൂട്ടി തരാം

എനിക്ക് വേണ്ടത് പണമായത് കൊണ്ടും, അത് ആവശ്യത്തിലധികം നിങ്ങളുടെ കൈയ്യിലുള്ളത് കൊണ്ടും, എന്നെ തൃപ്തിപ്പെടുത്താൻ നിങ്ങൾക്ക് കഴിയും, പക്ഷേ ഒരു ഭർത്താവിൽ നിന്ന് കിട്ടേണ്ട പലതും, ലഭിക്കാതിരിക്കുന്ന ഭാര്യമാർ എവിടേക്ക് പോകും, അഥവാ അങ്ങനെ ഒരിടമുണ്ടെങ്കിൽ തന്നെ, ഒരിക്കലെങ്കിലും അവിടേക്ക് പോയ ഭാര്യയെ ,നിങ്ങൾ ആണുങ്ങൾ തിരിച്ച് വീട്ടിൽ കയറ്റുമോ ?വേ ശ്യയെന്ന് മുദ്രകുത്തി നിങ്ങളവളെ പടിക്ക് പുറത്താക്കില്ലേ ,സത്യത്തിൽ ഭാര്യയും ഭർത്താവും ചെയ്യുന്നത് ഒരു തെറ്റ് തന്നെയല്ലേ? എന്നിട്ടെന്താ രണ്ട് തരം നീതി

എൻ്റെ ഭാര്യയ്ക്ക് ആവശ്യമുള്ളതെല്ലാം, കൊടുത്തിട്ട് തന്നെയാണ് ഞാൻ നിൻ്റെയടുത്തേക്ക് വരുന്നത്, അത് കൊണ്ട് അവൾ മറ്റൊരുവനെ അന്വേഷിച്ച് എങ്ങും പോകില്ല ,എന്നെനിക്ക് നല്ല ഉറപ്പുണ്ട്

ആ ഉറപ്പ് നിങ്ങളുടെ വിശ്വാസം മാത്രമാണെന്ന് ഞാൻ പറഞ്ഞാൽ, അല്ലെങ്കിൽ ഞാനത് തെളിയിച്ചാൽ?

എങ്കിൽ ഞാനവളെ ജീവനോടെ വച്ചേക്കില്ല

ഹ ഹ ഹ കണ്ടോ? ഞാനത് വെറുതെ പറഞ്ഞപ്പോൾ തന്നെ, നിങ്ങളുടെ രക്തം തിളച്ചു ,അപ്പോൾ നിങ്ങളീ പറയുന്ന അന്തസ്സും, ആത്മാഭിമാനവുമൊക്കെ സത്രീകൾക്കുമില്ലേ? ഇഷ്ടപ്പെടാത്തത് കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ, അവര് കല്ലിൽ കൊത്തിവച്ച പ്രതിമയൊന്നുമല്ലല്ലോ ?

അല്ലാ.. നീയിത് വർഷങ്ങളായി ചെയ്യുന്ന ഒരു തൊഴിലല്ലേ ? ഇപ്പോൾ മാത്രം ഇങ്ങനെ തോന്നാൻ, എന്തുണ്ടായി?

നിങ്ങൾ വരുന്നതിന് കുറച്ച് മുമ്പ്, ആദ്യമായി ഇവിടെയൊരു സത്രീ വന്നു, അവർക്ക് അവരുടെ ഭർത്താവിനെ തിരിച്ച് കിട്ടണമെന്ന്, ഇല്ലെങ്കിൽ അവർക്ക് ഞാൻ മറ്റൊരു പുരുഷനെ സംഘടിപ്പിച്ച് കൊടുക്കണമെന്ന് ,അപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി, വികാരങ്ങൾ അടക്കിവയ്ക്കാൻ, കഴിയാത്തത് ഭർത്താക്കൻമാർക്ക് മാത്രമല്ല, ഭാര്യമാർക്കുമുണ്ടെന്ന്

ആരായിരുന്നു അവൾ എന്താ അവളുടെ പേര്?

നിങ്ങൾ രോഷം കൊള്ളണ്ട, അവളുടെ ചോദ്യങ്ങൾ ന്യായമാണെന്ന് എനിക്ക് തോന്നിയത് കൊണ്ടും ,അവളുടെ ആവശ്യം ,ഒരു പാട് ഭാര്യമാരുടെയുള്ളിൽ നിന്നും പുറത്ത് ചാടാൻ വെമ്പി നില്ക്കുന്ന ഒരു പൊതു വികാരവുമാന്നെന്ന് മനസ്സിലായത് കൊണ്ടും, ഞാനവളോട് പേരും ഊരും ഒന്നും ചോദിച്ചില്ല ,ചോദിച്ചിരുന്നെങ്കിൽ അഥവാ അത് നിങ്ങളുടെ ഭാര്യയായിരുന്നെങ്കിൽ, ഒരു പക്ഷേ നിങ്ങളെ എനിക്ക് എൻ്റെ അവസാനത്തെ അതിഥിയാക്കാൻ മടി തോന്നിയേനെ, ആദ്യമായി എൻ്റയടുത്ത് വന്ന പുരുഷന് തന്നെ, അവസാന ട്രീറ്റ് കൊടുക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു

മതി നിർത്ത് ,ദാ നീ ചോദിച്ച കാശ് ഞാൻ പോകുവാ

ങ്ഹാ പിന്നേ … വീട്ടിൽ ചെന്ന് ഇവിടെ വന്നിട്ട് പോയത്, ഭാര്യയാണോന്ന് ചോദിച്ച്, അവളോട് വഴക്കിടാൻ നില്ക്കണ്ട കെട്ടോ

പേഴ്‌സിൽ ഉണ്ടായിരുന്ന നോട്ടുകൾ മുഴുവനുമെടുത്ത്, അലങ്കോലമായി കിടന്ന കട്ടിലിലേക്കെറിഞ്ഞിട്ട്, ഒരു കൊടുങ്കാറ്റ് പോലെ അയാൾ പുറത്തേക്ക് പോയപ്പോൾ, അയാളുടെ മനസ്സിലെ കനല് ആളിക്കത്തിക്കാനുള്ള, ഇന്ധനം നിറയ്ക്കാൻ അവൾ മറന്നില്ല .

Related Posts

Leave a Reply

Your email address will not be published. Required fields are marked *