ഏതാ വീരപ്പാ അത് പുതിയ കേസ്സാണല്ലോ. മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ല…..

ബ്രോക്കർ

എഴുത്ത്:- ആർ കെ സൗപർണ്ണിക

“സാർ പത്ത് രൂപ തരുമോ?”

മുഷിഞ്ഞ സാരിയുടുത്ത് നിർവ്വികാരമായ കണ്ണുകളോടെ പതിഞ്ഞ ശബ്ദത്തിൽ അവളെന്നോട് ചോദിച്ചു.

കൈയ്യിൽ ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞ്….വിശന്നിട്ട് വലിയ വായിലെ കരഞ്ഞു കൊണ്ടിരുന്നു.

“നീ വരുന്നോ”

എന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുഞ്ഞിന്റെ കരച്ചിലടക്കാൻ ശ്രമിച്ചു കൊണ്ട് ധൃതി കൂട്ടി…കുഞ്ഞിന് എന്തെങ്കിലും കൊടുക്കണം..നീട്ടിയ കൈകൾ ഒരിക്കൽ കൂടി ചലിപ്പിച്ച് കൊണ്ടവൾ വീണ്ടും പറഞ്ഞു.

കീശയിൽ നിന്ന് ഇരുപതിന്റെ നോട്ടെരെണ്ണം..ഞാനവളുടെ കൈയ്യിലേക്ക് വച്ചു.

തട്ടിപ്പറിക്കും പോലെ അവളതെടുത്ത് ചായക്കടയിലേക്ക് വേഗത്തിൽ നടന്നു. കുഞ്ഞിന് വാങ്ങിയ “പാൽ” ചൂടാറ്റുന്ന തിരക്കിലും..കൈയ്യിലിരുന്ന “ബണ്ണ് ” അവൾ ആർത്തിയോടെ കഴിച്ച് കൊണ്ട് എന്നെ നോക്കി നന്ദിയോടെ പുഞ്ചിരിച്ചു.

“ഞാൻ അക്ഷമയോടെ കാത്ത് നിന്നു”

വളരെ നന്ദി സാർ…നല്ല വിശപ്പുണ്ടായിരുന്നു..രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല.

ഈ പാതിരാത്രിയിൽ നീ എവിടേക്കാണ്? ഈ സ്ഥലം അത്ര ശരിയല്ല…വരുന്നോ എന്റെ കൂടെ?വീണ്ടും ഞാൻ പ്രതീക്ഷയോടെ ചോദിച്ചു.

സംശയത്തോടെ ഒന്ന് മടിച്ചു നിന്ന ശേഷം അവളെന്റെ പുറകേ നടന്നു.

ലോഡ്ജിലേക്കുള്ള വഴിയിൽ പലരും ഒളിഞ്ഞും തെളിഞ്ഞും ശ്രദ്ധിച്ച് കൊണ്ടിരുന്നു.

റിസപ്ഷനിൽ ഇരുന്ന പയ്യൻ ഒന്നിരുത്തി മൂളിക്കൊണ്ട് ചോദിച്ചു?ഇതേതാ ചേട്ടാ പുതിയതാണല്ലോ?

എന്റെ ദേഷ്യത്തോടെയുള്ള തുറിച്ച് നോട്ടം കണ്ടാവണം പിന്നെയവൻ മുഖമുയർത്തിയില്ല.

മുഷിഞ്ഞ് നാറിയ തുണികൾ കട്ടിലിൽ നിന്നും വാരിയെടുത്ത് ഞാൻ താഴേക്കിട്ടു.

“താൻ ഇരിക്കെടൊ” അവളുടെ തോളിൽ പിടിച്ച് ഞാൻ കട്ടിലിലേക്കിരുത്തി.

വിശപ്പ് മാറിയിട്ടാവണം കുഞ്ഞ് ഉറങ്ങിയിരുന്നു…കുളിക്കണമെങ്കിൽ ആകാം… പണ്ട് തൂവെള്ള പോലെ വെളുത്ത…കറ പിടിച്ചു തോർത്ത് ഞാനവളുടെ നേരെ നീട്ടി.

ബീഡിയൊരെണ്ണം കത്തിച്ച് കൊണ്ട് വെളിയിലേക്കിറങ്ങുന്നതിനിടയിൽ അവളോട് പറഞ്ഞു കതകടച്ചേക്ക്.

ഏതാ “വീരപ്പാ” അത് പുതിയ കേസ്സാണല്ലോ…മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ല.

വഷളൻ ചിരിയോടെ “പാഴ് ഷാജിയെന്ന ” ഷാജി…പല്ല് കുത്തിക്കൊണ്ട് ചോദിച്ചു.

“ആരായാലെന്താ.. നിനക്കെന്ത് വേണം? സ്വരം അൽപ്പം കൂടി കടുപ്പിച്ച് ബീഡിപ്പുക അവന്റെ മുഖത്തേക്കൂതി കൊണ്ട് ഇഷ്ടപ്പെടാത്ത പോലെ ചോദിച്ചു.

കുളി കഴിഞ്ഞ് എന്റെ കൈലിയും ഷർട്ടും ധരിച്ച്.. കതക് പകുതി തുറന്ന് തല വെളിയിലേക്കിട്ട് തോർത്ത് നീട്ടിക്കൊണ്ടവൾ പറഞ്ഞു..കഴിഞ്ഞു.

ബീഡിത്തുണ്ട് ദൂരേക്ക് വലിച്ചെറിഞ്ഞ് ഞാനകത്തേക്ക് കയറി…ഏന്റെ പാകമാകാത്ത ഷർട്ടിനുള്ളിൽ കയറിയ ആ മെലിഞ്ഞ ശരീരം കണ്ടിട്ട്…പള്ളീലച്ചൻമാരുടെ”ളോഹ” പോലെ തോന്നി.

കുളി കഴിഞ്ഞ് നനഞ്ഞ തോർത്തും പുതച്ച്.. ഹോട്ടലിൽ നിന്ന് വാങ്ങിയ പോറോട്ടയുടെ പാഴ്സൽ തുറന്ന് പകുതി അവൾക്കായി വച്ച് നീട്ടിക്കൊണ്ട് പറഞ്ഞു..കഴിച്ചോ രാവിലെ മുതൽ വിശന്നിരിക്കുവല്ലേ?

“ചേട്ടന് ഇത് കൊണ്ട് നിറയുമോ”അവൾ സംശയത്തോടെ ചോദിച്ചു?

എന്നെ നിറയ്ക്കാൻ നീ ആരാ എന്റെ കെട്ടിയോളോ?മീശ പിരിച്ച് കൊണ്ട് കൃത്രിമ ദേഷ്യത്തോടെ ഞാൻ ചോദിച്ചു?

കുനിഞ്ഞ മുഖത്തോടെ അവളത് പതിയെ ആസ്വദിച്ചു കഴിച്ചു.

തുറന്ന ജനാലയിലൂടെ ബീഡിയുടെ അവസാന പുകയും വെളിയിലേക്ക് ഊതിക്കൊണ്ട് ഞാനവളോട് പറഞ്ഞു കിടക്കാം.

ചാരി വച്ചിരുന്ന പായെടുത്ത് നിലത്തേക്ക് വിരിച്ച് കൊണ്ട് അവളെന്നെ നോക്കി പറഞ്ഞു “മോൻ” ഉറക്കത്തിൽ പെടുക്കും.

കട്ടിലിലെ വിരിയുടെ ചുളിവ് കൈകൾ കൊണ്ട് തേച്ച് മാറ്റിയിട്ട് അവളെന്നെ നോക്കി.

ഉടുത്തിരുന്ന കൈലി മുണ്ടഴിച്ച് താഴേക്കിട്ട് കൊണ്ട് എന്നെ നോക്കി തലകുനിച്ച് നിന്നു.

ഉന്തി തുടങ്ങിയ അവഴുടെ വയറ്റിൽ ജീവനുള്ള എന്തോ ഒന്ന് അവശേഷിക്കും പോലെ തോന്നി.

ആരോഗ്യം നശിച്ച ശരീരം.. അസുഖം വന്നു തളർന്നവരെപ്പോലെ ശോഷിച്ചിരുന്നു.. കരൾ രോഗിയെപ്പോലെ വീർത്തുന്തി തുടങ്ങിയ വയറു മാത്രം തെളിഞ്ഞ് നിന്നു.

താഴേക്ക് കുനിഞ്ഞ് അഴിഞ്ഞ് വീണ കൈലിമുണ്ടെടുക്കുന്നതിനിടയിൽ കാലുകളിലെ “കറുത്ത് കരുവാളിച്ച” പാടുകൾ അവളുടെ ഭൂതകാലത്തിന്റെ അവശേഷിപ്പുകൾ പോലെ തോന്നി.

കൈലിമുണ്ട് അവളുടെ കൈയ്യിലേക്ക് കൊടുത്ത്..പ്ളാസ്റ്റിക് പായിലേക്ക് കൈ ചൂണ്ടി ആഞ്ജ പോലെ ഞാൻ പറഞ്ഞു ഉറങ്ങിക്കോ.

കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ഞാനവളോട് ചോദിച്ചു? എന്താ നിന്റെ പേര്?

“സ്റ്റെല്ല”അവളുടെ ശബ്ദം ചെറുകാറ്റു പോലെ നേർത്തതായിരുന്നു.

എവിടെയാ നിന്റെ നാട്?ഈ രാത്രിയിൽ നീ എവിടെ പോകാൻ ഇറങ്ങിയതാ?

വീടങ്ങ് ഇടുക്കിയിലാ…നാല് നാള് കണ്ട് പരിജയപ്പെട്ടവനോട്..പ്രേമം തോന്നി ഇറങ്ങിത്തിരിച്ചതാ…പുതു മോടി കഴിഞ്ഞപ്പോൾ പ്രേമം തീർന്നു.

പിന്നെ..അടിയും,തൊഴിയും കൊണ്ട് കുറ്റപ്പെടുത്തലുകളും കേട്ടങ്ങ് ജീവിച്ചു രണ്ട് വർഷം.

ദേ ഈ കിടക്കുന്നത് പോരാത്തതിന് വയറ്റിൽ ഒന്ന് കൂടി… തീരെ വയ്യാതെ വന്നപ്പോ കുഞ്ഞിനേം എടുത്തങ്ങ് ഇറങ്ങി.

കൈയ്യിലുള്ള പൈസ തീരും വരെ കണ്ണിൽ കണ്ട ഓരോ ബസും മാറിമാറി കയറി ഇവിടെയെത്തി.

നിനക്ക് ചോദിക്കാനും പറയാനും ആരും ഇല്ലേ?അവളുടെ നേരെ തിരിഞ്ഞ് കിടന്ന് കൊണ്ട് ഞാൻ ചോദിച്ചു?

അപ്പനേം,അമ്മയേം,ആങ്ങളമാരെയും ഉപേക്ഷിച്ചു…കുടുംബത്തിന് പേരുദോഷം കേൾപ്പിച്ച് ഇറങ്ങിപ്പോയവളെ ആർക്ക് വേണം?

അയാളെ കൊന്നാലോ എന്ന് ആലോചിച്ചതാ ഞാൻ…ഞാൻ ജയിലീ പോയാ എന്റെ മക്കളെ ആര് നോക്കും അവരാനാഥരാകില്ലേ?

ഞാൻ ചെയ്ത പോഴത്തരത്തിന് അവരെന്ത് പിഴച്ചു…ജീവിക്കണം എങ്ങനെ യെങ്കിലും.. എന്റെ മക്കളെ വളർത്തണം…അതിന് എന്ത് വേണമെങ്കിലും ഞാൻ ചെയ്യും.

അവസാനത്തെ വാക്കുകളോടൊപ്പം അവളുടെ തേങ്ങലുകളും ഉയർന്നു.

ഫോൺ നമ്പർ ഒന്നും ഇല്ലേ കൊച്ചേ നിന്റെ വീട്ടിലെ?

ഉണ്ട് എന്നാത്തിനാ സാറെ? ഇനിയും അവരെ നാണം കെടുത്താനോ ?സ്റ്റെല്ല” എങ്ങനെ ജീവിച്ചാലും..ആ നാട്ടിലേക്കില്ല.

“എടാ സാബു അല്ലേ”ആ ഒരു കോളത്തിട്ടുണ്ട് രാവിലെ വരണം..ഞാൻ ഫോൺ ചെയ്യുന്നതും നോക്കി നിർവികാരമായ മുഖത്തോടെ കുഞ്ഞിനെ ചേർത്ത് പിടിച്ച് അവൾ കിടന്നു.

ഉറങ്ങിക്കോ രാവിലെ എഴുനേൽക്കണം ഒരു സ്ഥലം വരെ പോകാനുണ്ട്… ഞാനവളോട് പറഞ്ഞിട്ട് ഉടുത്തിരുന്ന കൈലി അഴിയാതെ മുറുക്കി ഉടുത്തു.

സാറിന്റെ പേരെന്താ? എന്താ ജോലി…അവൾ കിടന്നിട്ട് ഉറക്കം വരാത്ത പോലെ എന്നോട് ചോദിച്ചു?

“ബ്രോക്കറാ”

എന്തിന്റെ ബ്രോക്കർ?സ്ഥലക്കച്ചവടമോ അതോ?

അങ്ങനെ ഒന്നുമില്ല വിൽക്കാവുന്ന എന്തിന്റേയും ബ്രോക്കർ…പാതി രാത്രിയിൽ ഓരോ സംശയങ്ങൾ തിരിഞ്ഞ് കിടന്ന് കൊണ്ട് ഞാൻ പിറുപിറുത്തു.

കയറ്..കാറിന്റെ ഡോർ തുറന്ന് പിടിച്ച് ഞാനവളോട് പറഞ്ഞു…അറക്കാൻ കൊണ്ടു പോകുന്ന മാടിനെ പോല സംശയത്തോടെ അവളെന്നെ നോക്കി.

ഇത് കൊള്ളാല്ലോ “വീരപ്പൻ സാറെ”പീസ് വിടലച്ചിരിയോടെ കോങ്കണ്ണൻ സാബു അവളെ നോക്കിപ്പറഞ്ഞു.

“സാബുവേ” നീ നിന്റെ ജോലി ചെയ്തേച്ചാ മതി കൂടുതൽ വിശേഷങ്ങള് ചോദിക്കാൻ ഇവള് നിന്റെ അമ്മായിന്റെ മോളൊന്നും അല്ലല്ലോ?ഒരു ജോലിക്കിറങ്ങുമ്പോഴാ അവന്റെ കിന്നാരം.

ഇടയ്ക്കിടെ എനിക്ക് വരുന്ന ഫോൺ കോളുകളും..വില ഉറയ്ക്കാതെയുള്ള ചീത്ത വിളികളും കേട്ട് പുറകിലെ സിറ്റിലവൾ വിരണ്ടിരുന്നു.

ഉറച്ചില്ലേ “വീരപ്പൻ സാറെ” സാബു കോങ്കണ്ണു കൊണ്ട് പുറകിലേക്ക് നോക്കി…എന്നോട് ചോദിച്ചു.

“ആ നഷ്ടക്കച്ചോടം ആന്നെടാ സാബുവേ?എന്നാലും വേണ്ടില്ല കിട്ടുന്നതാവട്ടെ….

അല്ലേലും എല്ലും തോലുമാ വയറിന്റെ പച്ചയെ ഉള്ളൂതലയിൽ നിന്ന് ഒഴിഞ്ഞ് പോകുന്നേൽ പോട്ടെ.

ആരാ ഇങ്ങനെ കൊണ്ട് നടക്കുന്നത്. കിട്ടുന്നതിന് അങ്ങ് തട്ടാം അല്ലാതെ പിന്നെ”

നിർത്ത് എനിക്കിറങ്ങണം പുകിലിരുന്ന് ഭയത്തോടെ അവൾ പറഞ്ഞു…

കേൾക്കാത്ത പോലെ ഞങ്ങൾ തുകയുടെ കാര്യത്തെ പറ്റി സംസാരിച്ച് കൊണ്ടിരുന്നു.

മംഗലാപുരത്ത് നല്ല മാർക്കറ്റാ വീരപ്പൻ ചേട്ടാ..അവിടെ വരെ കൊണ്ടെത്തിക്കാനാ പാട്..വഴി നീളെ പോലിസ് ചെക്കിങ്ങാ.

കിട്ടുന്നത് അവർക്ക് കൊടുക്കാനെ കാണു..സാബു നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.

വണ്ടി നിർത്ത് അല്ലേ ഞാനിപ്പം എടുത്ത് ചാടും..സ്റ്റെല്ല വലിയ വായിലെ കരഞ്ഞ് വിളിച്ച് ഡോർ തുറന്ന് കൊണ്ട്പറഞ്ഞു.

ഇന്നലെ നീ ഇതൊന്നും അല്ലല്ലോ പറഞ്ഞത്…എന്ത് ജോലി ചെയ്തും കുഞ്ഞുങ്ങളെ വളർത്തും ഏന്നോക്കെ ആയിരുന്നല്ലോ..മൊട കാണിക്കാതെ മിണ്ടാതെ ഇരിക്ക് കൊച്ചെ.

സാബു സൈഡ് ചേർത്ത് വണ്ടി നിർത്തി.

ചേർത്ത് പിടിക്കെടാ സാബുവേ അവളുടെ കൈയ്യും കാലും…അവളുടെ വായിലേക്ക് പഴം തുണി തിരുകി കൊണ്ട് ഞാൻ പറഞ്ഞു.

“വീരപ്പനോടാ” കളി കിടന്ന് കുതറാതെ കൊച്ചെ.

“എങ്ങോട്ടാ എന്നെ കൊണ്ട് പോകുന്നെ” വായിലെ തുണിയഴിച്ചതും കിതപ്പോടെ സ്റ്റെല്ല എന്നെ നോക്കി ദയനീയമായ് ചോദിച്ചു.

ഇരുട്ട് വീണ വഴിയിൽ ദിക്ക് ബോധമില്ലാത്തവളെ പോലെ സ്റ്റെല്ല നിന്നു.

“അമ്മച്ചീ”അലറി കരച്ചിലോടെ സ്റ്റെല്ല അമ്മച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

“സ്റ്റെല്ലയുടെ”അപ്പച്ചനും,അച്ചാച്ചൻമാരും മോനെ മാറിമാറി എടുത്ത് ഉമ്മ വയ്ക്കുന്നു.

പേരെന്താന്നാ പറഞ്ഞെ സ്റ്റെല്ലയുടെ അപ്പച്ചൻ എന്നെ നോക്കി ചോദിച്ചു?

“ഗോവിന്ദൻ”പക്ഷെ അങ്ങനെ പറഞ്ഞാ ആരും അറിയില്ല വീരപ്പനെന്ന് പറഞ്ഞാലെ അറിയൂ.

ഗോവിന്ദൻ ഞങ്ങളെ വിളിച്ചിരുന്നില്ലെങ്കിൽ..ഒന്നും ഞങ്ങളറിയില്ലായിരുന്നു.

എങ്ങനെ നന്ദി പറയണം എന്നറിയില്ല ആ കുടുംബം ഒന്നടങ്കം മാറി,മാറി എന്നോട് സ്നേഹം പ്രകടിപ്പിച്ചു കൊണ്ടിരുന്നു.

“പണ്ട് ഇത് പോലെ ഒരെണ്ണം ചാടിപ്പോയിട്ട് തിരികെ വന്നപ്പോൾ വീട്ടിൽ കയറ്റാഞ്ഞത് കൊണ്ടാ ഞാനിങ്ങനെ ഒറ്റയ്ക്കായതെന്ന് ഇവരറിയുന്നില്ലല്ലോ നെഞ്ച് പിടയുന്ന വേദനയോടെ ഞാനോർത്തു.

ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് ഞങ്ങൾ അവരോട് യാത്ര പറഞ്ഞിറങ്ങി.

സ്റ്റെല്ല അപ്പോഴും ഒന്നും മനസ്സിലാകാതെ സംശയത്തോടെ ഞങ്ങളെ നോക്കി ക്കൊണ്ടിരുന്നു.

ആയിരം കൂടെ കൂടുതലു കിട്ടിയാ കാച്ചിയേക്കാം.. അല്ലേടാ സാബുവേ?

“അല്ലാതെ പിന്നെ കറവ വറ്റിയ മാടിന് അതിലും കൂടുതലൊന്നും കിട്ടുകേല വീരപ്പൻചേട്ടാ” കോങ്കണ്ണു കൊണ്ട് എന്നെ നോക്കി സാബു പറഞ്ഞു…!

Related Posts

Leave a Reply

Your email address will not be published. Required fields are marked *