എന്നെ പോലെ വലിയ ബാധ്യതയൊന്നും ഇല്ലാത്ത ഒരാൾക്ക് വീട് വാടകക്ക് കൊടുക്കാം എന്ന് ആഗ്രഹിച്ചിരി ക്കുമ്പോഴാണ് നമ്മളാ മുന്നിൽ ചെന്നു പെടുന്നത്…..

എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണ പണിക്കർ

ക്രിസ്തുവർഷം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടാമാണ്ട്

വർഷങ്ങളോളം നീണ്ട പഠനം കഴിഞ്ഞ് അല്പം വിശ്രമം ആവാം എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് അച്ഛന്റെ സുഹൃത്തിന്റെ കമ്പനിയിൽ ജോലി തരമാകുന്നത്.

അതും ലിമിറ്റഡ് കമ്പനി.

ആ കാലഘട്ടത്തിൽ ഒരു സ്ഥിര ജോലി എന്നൊക്കെ പറഞ്ഞാൽ ചില്ലറ കാര്യമൊന്നുമല്ല.

ചാലക്കുടിയിൽ നിന്നും വീണ്ടും പത്തു പതിനഞ്ചു കിലോമീറ്റർ ഉള്ളിലേക്ക് യാത്രയുള്ള ഒരു ഓണം കേറാ മൂലയിൽ ആണ് കമ്പനി.

നിത്യവും വീട്ടിൽ നിന്നും പോക്ക് വരവ് അസാധ്യം.

വീട്ടിൽ നിന്നും മാറിനിൽക്കാൻ അല്പം പോലും താത്പര്യമില്ലാതിരുന്നെങ്കിലും ഇത്ര ചെറുപ്പത്തിൽ സ്ഥിര ജോലി എന്ന ബന്ധു മിത്രാദികളുടെ ബ്രെയിൻ വാഷിന് മുന്നിൽ സമ്മതം മൂളുകയല്ലാതെ മറ്റൊന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല.

പക്ഷേ ജോയിൻ ചെയ്തു കഴിഞ്ഞപ്പോഴാണ് ഓരോ പ്രശ്നങ്ങൾ തലപൊക്കുന്നത്.

കമ്പനിക്ക് കോർട്ടേഴ്‌സ് ഇല്ല.

തത്കാലം അവിടത്തെ ഒരു സഹപ്രവർത്തകന്റെ വീട്ടിൽ അഡ്ജസ്റ്റ് ചെയ്യാൻ തീരുമാനമായി.

പുള്ളിക്കാരന്റെ ഭാര്യ അച്ഛന് സുഖമില്ലാതെ ഒരു മാസമായി വീട്ടിൽ പോയിരിക്കയാണ്‌.

അവർ തിരികെ വരുന്നതിനു മുൻപ് പുതിയൊരു ലാവണം തേടണം.

എന്തായാലും ഒന്ന് രണ്ടാഴ്ച സമയമുണ്ട്. അതിനിടയിൽ ഒരെണ്ണം സംഘടിപ്പിക്കാമെന്ന് കൂടെയുള്ളവർ ഉറപ്പു തന്നു.

അങ്ങനെ രാമകൃഷണൻ ചേട്ടന്റെ കൂടെ താമസമാക്കി.

വളരെ സാധുവായ ദുഃശീലങ്ങൾ ഒന്നുമില്ലാത്ത മനുഷ്യൻ.

പക്ഷേ കഷ്ടകാലം എന്ന് പറയട്ടെ ഞാൻ ചെന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മിസ്സിസ് രാമകൃഷ്ണനും മകളും തിരിച്ചെത്തി.

രണ്ടു മുറികൾ മാത്രമുണ്ടായിരുന്ന വീട്ടിൽ മകളുടെ മുറിയാണ് എനിക്ക്‌ തന്നിരുന്നത്.

വീട്ടുകാർ തിരിച്ചെത്തിയെങ്കിലും എന്നോട് പെട്ടെന്നൊഴിയാൻ പറയാൻ രാമകൃഷ്ണൻ ചേട്ടനൊരു മടി.

അതുകൊണ്ട് തന്നെ മകളെ തങ്ങളുടെ മുറിയിൽ കിടത്തി അവർ പ്രശ്ന പരിഹാരം കണ്ടു.

ഒരു മാസം കൂടി കണവന്റെ സമീപം വന്നിട്ട് പത്തിൽ പഠിക്കുന്ന മകളെ തങ്ങളുടെ കൂടെ കിടത്തുന്നതിന്റെ നീരസം മിസ്സിസ് രാമകൃഷ്ണന്റെ മുഖത്തു നിന്ന് നിത്യവും രാവിലെയും വൈകിട്ടും അനുഭവിച്ചറിഞ്ഞ ഞാൻ എങ്ങനെയെങ്കിലും വീട് മാറാൻ തീരുമാനിച്ചു.

അങ്ങനെയാണ് തദ്ദേശീയനായ ദിവാകരേട്ടന്റെ കൂടെ ആ വീട് കാണാൻ പോകുന്നത്.

കമ്പനിയിൽ നിന്നും അത്ര ദൂരെയല്ലാതെ വയലിനു സമീപം സ്ഥിതി ചെയ്യുന്ന പഴയൊരു വീട്.

ഗ്രാമ പ്രദേശങ്ങളിൽ സ്ഥിരമായി കാണുന്നതരത്തിലുള്ള ഇരുനില മാളിക വീട്.

ചുറ്റുപാടും വേറെ വീടുകൾ ഒന്നുമില്ല.

ഉടമസ്ഥന് പട്ടണത്തിൽ ജോലിയായ കാരണം സ്ഥിര താമസം അവിടെയാണ്.

എന്നെ പോലെ വലിയ ബാധ്യതയൊന്നും ഇല്ലാത്ത ഒരാൾക്ക് വീട് വാടകക്ക് കൊടുക്കാം എന്ന് ആഗ്രഹിച്ചിരി ക്കുമ്പോഴാണ് നമ്മളാ മുന്നിൽ ചെന്നു പെടുന്നത്.

എന്താലും മുങ്ങിച്ചാകാൻ പോകുന്നവന് കച്ചിത്തുരുമ്പു കിട്ടിയ പോലെ എന്നെ സംബന്ധിച്ചിടത്തോളം ആ വീട് സ്വർഗ്ഗ സമാനമായിരുന്നു.

അപ്പോൾ തന്നെ അഡ്വാൻസും കൊടുത്ത് വീട് വൃത്തിയാക്കാൻ ദിവാകരൻ ചേട്ടനെ ഏൽപ്പിച്ചു പിറ്റേന്ന് ഞായറാഴ്ച തന്നെ താമസം മാറ്റി.

സ്വർഗത്തിൽ എത്തിയ പ്രതീതിയായിരുന്നു.

മുന്നിൽ പരന്നു കിടക്കുന്ന വയലേലകൾ. ചുറ്റും തെങ്ങും കവുങ്ങും ജാതിയും വിളഞ്ഞു നിൽക്കുന്ന ഏക്കർ കണക്കിന് വരുന്ന പുരയിടം.

ഇടുങ്ങിയതെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മുറികൾ.

കാൽവയ്ക്കുമ്പോൾ കരകര ശബ്ദമുയർത്തുന്ന കോണി കയറി മച്ചിന് മുകൾ നിലയിൽ എത്തിയാൽ വിശാലമായ മുറി.

അവിടെ ജനാലക്കരുകിൽ ഇട്ടിരിക്കുന്ന ചാരുകസേരയിൽ ഇരുന്നാൽ നെൽക്കതിരുകളെ തലോടി വരുന്ന ഇളം കാറ്റ്.

കൊണ്ടുവന്ന സാധനങ്ങളെല്ലാം അടുക്കി പെറുക്കി വച്ചു കഴിഞ്ഞപ്പോൾ വൈകുന്നേരമായി.

മച്ചിൻ പുറത്തെ ചാരു കസേരയിൽ കിടന്ന് ക്ഷീണം തീർക്കാമെന്നു കരുതി ചാരിക്കിടന്നതേ ഓർമയുള്ളു.

കുറച്ചു ദിവസമായി അന്യമായി നിന്ന ഉറക്കം കൺപോളകളെ തഴുകിയെത്തി.

ആരുടെയോ പാദനിസ്വനം കേട്ടാണ് കണ്ണ് തുറന്നത്.

ചുറ്റും കൂരാക്കൂരിരുട്ട്.

ആകെ ഒരു സ്ഥലകാല ഭ്രമം.

താൻ എവിടെയാണ്.

ആ വീട്ടിലേക്ക് വന്നതും ഇനിയങ്ങോട്ട് സ്ഥിര താമസമാക്കാൻ പോകുന്നതുമെല്ലാം മനസ്സിന്റെ മെമ്മറിയിൽ നിന്നും പോയ്‌ മറഞ്ഞിരുന്നു.

ആരുടെയോ കാലൊച്ചകൾ ചുറ്റിനും കേൾക്കുന്നു.

ആരായിരിക്കും

ലൈറ്റിടാനായി എഴുന്നേറ്റ് ചുറ്റും പരതി.

പക്ഷേ സ്വിച്ച് എവിടെയെന്നറിഞ്ഞു കൂടാ.

ശരീരം വെട്ടി വിയർത്തു. ചുറ്റുമുള്ള കാലൊച്ചകൾ മനസ്സിൽ ഭീതിയുടെ വിത്തുകൾ വിളയിച്ചു.

ദൈവമേ ഞാൻ എവിടെയാണ്. ആരാണ് എനിക്ക് ചുറ്റും.

ദൈവത്തെ ഉറക്കെ വിളിച്ചു.

പെട്ടെന്ന് മനസ്സിലേക്ക് ആ വീട്ടിലേക്ക് താമസം മാറ്റിയതും മുകൾ നിലയിലേ മുറിയിലെ കസേരയിൽ വന്നിരുന്നതുമെല്ലാം ഓർമ്മ വന്നു.

കാവിലമ്മേ ഇനിയിത് വല്ല പ്രേതഭവനവുമാണോ.

ആരാണ് തനിക്കൊപ്പം മുറിയിലുള്ളത്. ഭയം നിറഞ്ഞ മനസ്സോടെ അർജുനപ്പത്തു ചൊല്ലിക്കൊണ്ട് ചുമരിൽ ഒന്നു കൂടെ പരതി.

എങ്ങനെയോ സ്വിച്ച് ബോർഡിൽ കൈ തടഞ്ഞു.

പഴയ കാലത്തുള്ള കറുത്ത സ്വിച്ച് ആണ്.

ഒരു വിധത്തിൽ ഓൺ ആക്കി.

വാട്ടേജ് കുറഞ്ഞ ബൾബിന്റെ പ്രകാശത്തിൽ മച്ചിൻ പുറം അവ്യക്തമായി കണ്ടു.

പക്ഷേ അവിടെ യക്ഷിയെയും പ്രേതത്തെയുമൊന്നും കാണാൻ കഴിഞ്ഞില്ല.

പെട്ടെന്നുണ്ടായ പ്രകാശത്തിൽ ഓടിയകലുന്ന കൂറ്റൻ പന്നിയെലികൾ.

തുറന്നു കിടക്കുന്ന ജാലകത്തിലൂടെ പുറത്തേക്ക് പറക്കാൻ വെമ്പുന്ന നരച്ചീറുകൾ.

അപ്പോൾ ഈ ശബ്ദങ്ങളാണ് കേട്ടത്.

‘ഇനി വെളിച്ചം വന്നപ്പോൾ യക്ഷിയോ മറ്റോ ഉണ്ടെങ്കിൽ അപ്രത്യക്ഷമായതാണോ’

ശരീരത്തിന്റെ വിറ നിന്നെങ്കിലും മനസ്സ് ആകുലപ്പെട്ടു.

ഒരു വിധത്തിൽ കോണിയിറങ്ങി താഴെ നിലയിൽ എത്തി.

കിടക്കാൻ നിശ്ചയിച്ചിരുന്ന മുറിയിൽ കയറി കതകടച്ചു.

മേശ പ്പുറത്തു വച്ചിരുന്ന ഭദ്രകാളിയുടെ ഫോട്ടോയിൽ ഒരു ചന്ദനത്തിരി കത്തിച്ച് അറിയാവുന്ന മന്ത്രങ്ങൾ ഉറക്കെ ചൊല്ലി കിടന്നു.

ഉറക്കം ഒഴിഞ്ഞു നിന്ന ഒരു രാത്രി കൂടെ.

എത്ര ഭയന്നാലും പോകാൻ മറ്റൊരിടമില്ലെന്ന തിരിച്ചറിവോടെ അന്നാ രാത്രി കഴിച്ചു കൂട്ടി.

പിറ്റേന്ന് സഹപ്രവർത്തകരിൽ ആരെയെങ്കിലും കൂടെ വിളിച്ചു കിടത്താം എന്ന പ്രത്യാശയോടെ.

മംഗളം

വാൽക്കഷ്ണം : പിറ്റേന്ന് തന്നെ ഒരു സഹപ്രവർത്തകനെ പ്രലോഭനങ്ങൾ കൊണ്ട് മൂടി സഹ താമസക്കാരൻ ആക്കി❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *