ഒക്കെയുമൊരു നോവോടെ തിരിച്ചറിഞ്ഞ നാൾ മുതൽ അവരെയൊരു നോക്ക് കാണാൻ അത് വഴി പോകുമ്പോഴെല്ലാം ആ മതിൽക്കെട്ടിനകത്തേക്ക് എത്തി നോക്കും ഞാൻ….

ഒറ്റ വല്യമ്മ

Story written by Bindhya Balan

പടിഞ്ഞാറ്റു മുക്കിലെ പീറ്ററപ്പാപ്പന്റെ പീടികേടെ എടത് വശത്തൊരു വീടുണ്ട്…

‘ഒറ്റ വല്യമ്മ ‘ എന്ന് എല്ലാരും വിളിക്കണ കറുത്ത് കുറുകി ഇരുണ്ട മുഖമുള്ള എഴുപത് കഴിഞ്ഞ ഗ്രേസ് അമ്മാമ്മ തനിച്ചു താമസിക്കണ, രണ്ടാം നിലയുടെ പുറം ഭിത്തിയിൽ ഈശോ മിശിഹായുടെ വല്യേ പടം വരച്ചിട്ടുള്ളൊരു ഇളം നീല പെയിന്റ്ടിച്ച വീട്…..

വീടിനും അതിന്റെ ഇപ്പുറം പൊന്തകൾ വളർന്ന വല്യേ പറമ്പിനും നടുക്കൂടെ നീർന്നു കെടക്കണ ഇടവഴീക്കൂടെ, ഗിരിജാന്റീടെ മുറ്റത്തൂന്ന് പെറുക്കിയ കാരക്കയും തിന്നോണ്ട് സ്കൂളിൽ പോകുമ്പോ ആ വീട്ടു മുറ്റത്തേക്ക് എത്തി നോക്കാറുണ്ട് ഞാൻ …

ചെലപ്പോ അമ്മാമ്മ ചെടി നനയ്ക്കണത് കാണാം.. ചെലപ്പോ ഉമ്മറത്തിരിക്കണത് കാണാം…

അങ്ങനെ കാണുമ്പോഴെല്ലാം അമ്മാമ്മ ആരോടോ സംസാരിക്കുന്നുണ്ടാവും… ചെലപ്പോ ചെടികളോട്.. മുറ്റത്ത് ചിക്കിപ്പെറുക്കണ കോഴികളോട്. കുപ്പിച്ചില്ല് നിരത്തി വച്ച മതിലിന്റെ മോളിൽ പതിയെ വന്നിരുന്ന് കരയണ കണ്ടൻ പൂച്ചയോട്.. ഇവരൊന്നുമില്ലെങ്കിൽ ചുവരിലെ മിശിഹായോട്…

അപ്പോഴൊക്കെ വല്ലാത്തൊരു പേടി തോന്നും…

ഒറ്റയ്ക്ക് മിണ്ടണോർക്ക് ‘പ്രാന്ത് ‘ ആണെന്ന് നിബിക്കുട്ടനാണ് അന്നൊരിക്കൽ പറഞ്ഞത്…

‘പ്രാന്ത് ‘ ന്ന് വച്ചാ ന്താണെന്ന് അവനോട് ചോയ്ച്ചപ്പൊ അവൻ പറഞ്ഞത്

മരിച്ചു പോയോരെ കാണാൻ പ്രാന്ത് ഉള്ളോർക്ക് പറ്റൂത്രേ.. അവരോട് മിണ്ടാൻ പറ്റൂത്രേ.. അതാണെത്രെ അവര് ഒറ്റയ്ക്കിരുന്നു മിണ്ടണത് പോലെ നമുക്ക് തോന്നണത്..

അവൻ പറഞ്ഞതല്ലേ, നേര് തന്നെയാവും…..

പിന്നെ പിന്നെ അമ്മാമ്മയെ കാണാതിരിക്കാൻ, ആ വീടിന്റെ അടുത്ത് എത്തുമ്പോ ഒറ്റയോട്ടമാണ്…

ഓടിയില്ലെൽ അമ്മാമ്മേടെ കൂടെയുള്ള മരിച്ചു പോയൊര് ന്നേം പിടിച്ചോണ്ട് പോയാലോ….

ഒരീസം, പതിവ് പോലെ അമ്മാമ്മേടെ വീടിനടുത്തു എത്തിയപ്പൊ ഓടാൻ തുടങ്ങിയതും മുന്നിലെ കല്ലിൽത്തട്ടി കമിഴ്ന്നടിച്ചൊരു വീഴ്ച്ചയാരുന്നു..

വലിയ വായിലെന്റെ നിലവിളി കേട്ട് ഗേറ്റ് തുറന്നിറങ്ങിയോടി വന്നെന്നെ വാരിയെടുത്ത് വീടിന്റെ ഉമ്മറത്തു കൊണ്ടിരുത്തി കുടിക്കാൻ വെള്ളമെടുത്തു തന്നിട്ട് എന്റെ അടുത്ത് വന്നിരിന്നു അമ്മാമ്മ ചിരിച്ചോണ്ട് ചോദിച്ചത്എ ന്നും എന്തിനാ ഇങ്ങനെ ഓടുന്നത് എന്നാ….

വിക്കി വിതുമ്പി “നിക്ക് പേടിയാ ” എന്ന് പറഞ്ഞു കണ്ണ് നിറച്ചങ്ങനെയിരിക്കുമ്പോൾ അമ്മാമ്മേടെ മുഖത്തെ ചിരി മായണത് ഞാൻ കണ്ടു… ഒന്നും മിണ്ടാതെയിരിക്കണ അമ്മമ്മേടെയടുത്ത് നിന്ന് ഇറങ്ങിയോടുമ്പോൾ തിരിഞ്ഞു നോക്കിയില്ല ഞാൻ….

പിന്നെ ഒരിക്കൽപോലും ഞാൻ അങ്ങോട്ടേക്ക് നോക്കിയിട്ടില്ല….

അവർക്ക് ‘പ്രാന്ത് ‘ ആണെന്ന് എല്ലാർടേം പോലെ ഞാനും വിശ്വസിച്ചു…

കാലം ഓടിയോടിപ്പോയി..

ഇടവഴിത്തുമ്പത്ത് കല്ലിൽത്തട്ടി വീണ പത്തു വയസുകാരിയിൽ നിന്ന് വളർന്നു വലുതായി ജീവിത മെന്തെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മനസിലായത്ഗ്രേ സ് അമ്മാമ്മ ആരായിരുന്നു എന്ന്…

അവരനുഭവിച്ച ഏകാന്തത എന്തായിരുന്നു എന്ന്..

ആ ഏകാന്തതയ്ക്ക് മനസാക്ഷി മരവിച്ച നാട്ടുകാരിട്ട പേരായിരുന്നു ‘പ്രാന്ത് ‘ എന്ന്..

ജനിപ്പിച്ചവും ജീവിതം കൊടുത്തവരും ജന്മം കൊടുത്തവരും ചത്തും കെട്ടും ഉപേക്ഷിച്ചും തനിച്ചാക്കിയ ഗ്രേസ് അമ്മാമ്മ….

ഏകാന്തതകളിൽ, താൻ തനിച്ചല്ല എന്ന് സ്വയം ബോധ്യപ്പെടുത്താൻ ചുറ്റുമുള്ളതിനോടെല്ലാം സംസാരിച്ചവർ…..

തണൽ വേണ്ടിയിരുന്ന ആയുസിന്റെ പകലൊടുക്കങ്ങളിൽ ഏകാന്തതയുടെ മടുപ്പ് കുടിച്ച്‌, നീണ്ടു നീണ്ടു പോയ ആർക്കൊക്കെയോ വേണ്ടിയുള്ള കാത്തിരിപ്പുകളിൽ കറുത്ത് കരിനീലിച്ചു പോയ ആകാശത്തിനു കീഴിൽ കൂട്ടിനായി വരച്ചു ചേർത്ത മിശിഹായുടെ ചിത്രത്തിൽ മിഴിനട്ടിരുന്നവർ…..

ഒക്കെയുമൊരു നോവോടെ തിരിച്ചറിഞ്ഞ നാൾ മുതൽ അവരെയൊരു നോക്ക് കാണാൻ അത് വഴി പോകുമ്പോഴെല്ലാം ആ മതിൽക്കെട്ടിനകത്തേക്ക് എത്തി നോക്കും ഞാൻ…..

വാടിപ്പോയ ചെടികളും പ്രായമേൽപ്പിച്ച അവശതകളുമായി അടുക്കളമുറ്റത്ത് കിടക്കുന്ന വെളുത്ത കണ്ടൻ പൂച്ചയുമൊക്കെ ഗ്രേസ് അമ്മാമ്മയുടെ വാടിയ മുഖമെന്നേ ഓർമിപ്പിച്ചു.

ഒരുനാൾ, ഗേറ്റ് തുറന്നു ആ വീട്ടിലേക്ക് കയറിചെല്ലുമ്പോൾ ഞാൻ കണ്ടു, അകത്തെ മുറികളിലൊന്നിൽ എല്ലും തോലുമായൊരു രൂപം.. ഗ്രേസ് അമ്മാമ്മ…. ഹോം നഴ്സിന്റെ കനിവിൽ ഇനിയും ശ്വാസമെടുത്തങ്ങനെ…

മെല്ലെ ആ കട്ടിലിനരികിലേക്ക് കസേര നീക്കിയിട്ടിരുന്നു ആ മെല്ലിച്ച കൈകളിൽ തലോടി കണ്ണ് നിറയ്ക്കുമ്പോൾ മുഖം നിറയെ ഒരു ചിരിയോടെ അമ്മാമ്മ തിരക്കി, റീത്ത മോളാണോ…? മരിച്ചു പോയ അമ്മാമ്മയുടെ മകളെ അവരെന്നിൽ കണ്ടുവോ..? അതോ ആ മകൾ ആ വീട്ടിൽ ആ മുറിയിൽ അമ്മമ്മയെ കാണാൻ വന്നോ…? അറിയില്ല…. എങ്കിലും തെല്ലും ഭയം തോന്നിയില്ലെനിക്ക്..

ശോഷിച്ചു പോയ ആ കയ്യെടുത്തെന്റെ നെഞ്ചിലേക്ക് ചേർത്തൊന്നു ചുംബിച്ച് ഒന്നും മിണ്ടാതെ അവിടെ നിന്നിറങ്ങിപ്പോരുമ്പോൾ നെഞ്ച് വിങ്ങിപൊട്ടുന്നുണ്ടായിരുന്നു…

പിറ്റേന്ന്, പള്ളി മണികളുടെ അപ്രസന്നമായ മുഴക്കങ്ങൾ എന്നെ അറിയിച്ചു, കാത്തിരിപ്പുകൾക്ക് അറുതി വരുത്തി ഗ്രേസ് അമ്മാമ്മ പോയിരിക്കുന്നു എന്ന്…..

അന്ന് ആ വഴി പോകുമ്പോൾ, എന്നെ താണ്ടി മരണ വീട്ടിലേക്ക് കയറിപ്പോയൊരാൾ ആരോടോ ഫോണിൽ പറയുന്നത് കേട്ടു, “പടിഞ്ഞാറ്റു മുക്കിലെ ഒറ്റ വല്യമ്മ ചത്തു “

വല്ലാതെ ദേഷ്യം തോന്നിയെനിക്ക്..

മരണത്തിന്റെ കൈപിടിച്ച് മിശിഹായുടെ അടുക്കലേക്ക് പോകുന്ന നേരവും ആ പാവത്തിനോട് ഒരിറ്റ് കരുണയില്ലാത്തവരെ ഉള്ളിൽ ശപിച്ചു ഞാൻ..

അമ്മാമ്മയില്ലാത്ത ആ വീട്ടിലേക്ക് പിന്നെ ഞാനിന്നോളം എത്തി നോക്കിയിട്ടില്ല..

എങ്കിലും,കുറ്റബോധത്തിന്റെ ചൂടിൽ ഉരുകി വീണൊരു കണ്ണീർത്തുള്ളിയും, കൊടുക്കാൻ ബാക്കി വച്ചു അതിനു കഴിയാതെ പോയൊരു നേർത്ത ചിരിയും കരളിൽ കടം പോലെ കൊണ്ട് ഇന്നും ആ വഴി കടന്നു പോകാറുണ്ട് ഞാൻ ……..

Related Posts

Leave a Reply

Your email address will not be published. Required fields are marked *