ഒന്നരവർഷം കഴിയാൻ ഒന്നരപതിറ്റാണ്ടിന്റെ ദൈർഗ്യം അനുഭവപെട്ടു …. വല്ലപ്പോഴും ഉമ്മാനെ ഒന്ന് വിളിക്കും എന്നല്ലാതെ ആരുമായും ഒരു ബന്ധവും ഇല്ലാതെ………..

നൂറാ ഫാത്തിമ ….

എഴുത്ത്:- സൽമാൻ സാലി

എത്രതന്നെ മറവിയുടെ ആഴങ്ങളിൽ കുഴിച്ചുമൂടിയാലും ഇടക്കിടക്ക് മുളച്ചുപൊങ്ങുന്ന എന്റെ നഷ്ട്ടപ്രണയത്തിന്റെ പേര് .”നൂറാ ഫാത്തിമ …

അന്ന് ഡിഗ്രി ഫസ്റ്റ് ഇയർ ആദ്യ ദിവസം .ടൗണിൽ ബസ്സിറങ്ങി കുറച്ചു നടക്കാനുണ്ട് കോളേജിലേക്ക് .കുത്തനെയുള്ള കയറ്റം കയറി വേണം കുന്നിന്മുകളിലുള്ള കോളേജിലേക്ക് എത്താൻ .ആദ്യ ദിവസം ആയതുകൊണ്ട് തന്നെ പരിചയക്കാരായിട്ട് ആരുമില്ലാത്തതിനാൽ ഓട്ടോ പിടിച്ചു കോളേജിലേക്ക് പോയി …

കയറ്റം പകുതി എത്തിയപ്പോൾ ഓട്ടോക്കാരൻ ഇക്കയുടെ ചോദ്യം ”മോന് ബുദ്ധിമുട്ടില്ലെങ്കിൽ ആ കുട്ടിയെ കൂടി കയറ്റാം ..

ഓട്ടോയിൽ നിന്നും പുറത്തേക്ക് നോക്കിയപ്പോൾ നീലചുരിദാർ ഇട്ട് ഒരു പെൺകുട്ടി കോളേജിലേക്ക് നടക്കുന്നു ….

എന്റെ മൗനം സമ്മതമായി കൂട്ടി ഇക്ക ഓട്ടോ നിർത്തി ..

”മോള് കോളേജിലേക്കാണെങ്കിൽ കേറിക്കോളു …?

അപരിചിതമായ മുഖം ആയതു കൊണ്ട് അവൾ ഒന്ന് മടിച്ചെങ്കിലും ഇക്ക ഒന്നൂടെ പറഞ്ഞപ്പോൾ അവൾ ഓട്ടോയിൽ കേറി …

ഒരു പുഞ്ചിരി നൽകികൊണ്ട് സീറ്റിന്റെ അറ്റത്ത് പുറത്തേക്ക് നോക്കികൊണ്ട് അവൾ ഇരിപ്പുറപ്പിച്ചു …

കോളേജ് ഗേറ്റിനു മുന്നിൽ ഓട്ടോ നിർത്തി അവളുടെ പിന്നാലെ ഞാനും ഇറങ്ങി ഓട്ടോ കാശ് കൊടുത്തു കഴിഞ്ഞപ്പോൾ ഒരു പുഞ്ചിരി നിറച്ച താങ്ക്സ് പറഞ്ഞു അവൾ ഉള്ളിലേക്ക് നടന്നു …

ക്ലാസ് മുറിയിൽ കേറുമ്പോൾ ആദ്യബെഞ്ചിലെ അവസാനമായി ഇരുന്ന നീലചുരിദാറുകാരിയെയാണ് എന്റെ കണ്ണിലുടക്കിയത് ….എന്നെ കണ്ടതും നേരത്തെ തന്ന അതെ പുഞ്ചിരി വീണ്ടും തന്നു …

ഗീത മാം എല്ലാവരോടും സെൽഫ് ഇൻട്രോ പറഞ്ഞപ്പോൾ അവളുടെ ഊഹത്തിനായി കാത്തിരുന്നത് എന്തിനായിരുന്നെന്ന് ഇപ്പോഴും അറിയില്ല …

”നൂറാ ഫാത്തിമ ….ആദ്യമായി അവളുടെ പേര് എന്റെ കാതുകളിൽ പതിഞ്ഞത് അല്ല ഹൃദയത്തിൽ പതിഞ്ഞത് അന്നാണ് …

പിന്നീട് നാലഞ്ച് ദിവസം പാതിവഴിയിൽ വെച്ച് അവളേം കൂട്ടിയുള്ള ഓട്ടോ യാത്ര തുടർന്നു …

രണ്ടാഴ്ചകൊണ്ട് ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം ഉടലെടുത്തിരുന്നു ..

നൂറയോടൊപ്പം സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ കോളേജിലേക്കുള്ള കയറ്റം അറിഞ്ഞിരുന്നില്ല ….

എന്റെ പൊട്ടത്തരം കേട്ട് കൊന്ത്രം പല്ല് കാട്ടി ചിരിക്കുന്ന ഓളെ കാണാൻ വല്ലാത്തൊരു മൊഞ്ചാണ്… ഓൾടെ ചിരിക്കാണാൻ വേണ്ടി വീണ്ടും വീണ്ടും എന്തേലും പൊട്ടത്തരം പറഞ്ഞുകൊണ്ടേയിരിക്കും …

ഓൾടെ വീട്ടിലെ കുഞ്ഞു കാര്യങ്ങൾ പോലും വിടാതെ എന്നോട് വന്നു പറയുമ്പോൾ ഞാൻ അവളുടെ നല്ലൊരു കേൾവിക്കാരനായി നിന്നുകൊടുക്കാറുണ്ട് ..

അതികം വൈകാതെ തന്നെ എന്റെ കോളേജും ക്യാമ്പസും എല്ലാം അവളിലേക്ക് മാത്രമായി ചുരുങ്ങി ..

ഇഷ്ടമാണെന്ന് രണ്ടുപേർക്കും അറിയാമായിരുന്നിട്ടും ഇഷ്ട്ടം പറയാതെ അറിഞ്ഞുകൊണ്ടുള്ള രണ്ട് വർഷം …

എപ്പോഴും അവളോട് മിണ്ടണം അവളുടെ ഒപ്പം നടക്കണം എന്നൊരാഗ്രം കൊണ്ട് അവധി ദിവസങ്ങൾ വരുമ്പോൾ എല്ലാത്തിനോടും വെറുതെ ദേഷ്യം പിടിക്കാൻ തുടങ്ങിയിരുന്നു ….

പക്ഷെ അവളുടെ സൗഹൃദം നഷ്ടമാകുമോ എന്ന് ഭയന്ന് ഇഷ്ടമാണെന്ന് മാത്രം അവളോട് പറഞ്ഞില്ല ..

ഡിഗ്രി അവസാന വർഷം ….കോളേജ് ഡേ യുടെ അന്ന് പ്രോഗ്രാമുകൾ കഴിഞ്ഞു കോളേജിൽ നിന്നിറങ്ങുമ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിടുന്നു …

അവളോടൊപ്പം കുന്നിറങ്ങി വരുമ്പോൾ എതിരെ വന്ന ഓട്ടോ ഞങ്ങളെ കടന്നുപോവാൻ വേണ്ടി സൈഡിലോട്ട് മാറിയപ്പോളാണ് അവളുടെ കൈവിരലുകൾ അറിയാതെ എന്റെ കൈകളിൽ തട്ടിയത് .. നടത്തത്തിനിടെ വിരലുകൾ തമ്മിൽ കോർത്തിണങ്ങിയപ്പോൾ വിടുവിക്കാൻ തോന്നിയതുമില്ല .. ഹൃദയമിടിപ്പ് കൂടിവന്നു നിമിഷം ..അറിയാതെ ഞാൻ അവളെ വിളിച്ചു പോയി ..

”നൂറാ …തൊണ്ടവരണ്ടുള്ള ആ നൂറാ വിളിക്ക് ഒരു മൂളൽ മാത്രമാണ് അവളിൽ നിന്നും കേട്ടത് …

” എടീ …മരണം വരെ നിന്റെ കൈപിടിച്ച് നടന്നാലോ എന്നാലോചിക്കുവാ ഞാൻ ..!!

പറയണം എന്ന് കരുതിയതും പറയാൻ കൊതിച്ചതോ അല്ല എങ്കിലും എവിടെനിന്നോ വന്ന ധൈര്യത്തിൽ വായിൽ നിന്നും വീണുപോയ വാക്കുകൾക്ക് മറുപടി അറിയാൻ അവളുടെ ശബ്ദം വേണ്ടി വന്നിരുന്നില്ല ..

എന്റെ ചെറുവിരലിൽ മുറുകെ പിടിച്ച അവളുടെ കൈവിരലുകളിൽ നിന്നും അറിയാമായിരുന്നു അവളും ആഗ്രഹിക്കുന്നുണ്ടെന്ന് …

തെരുവുവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ അവളുടെ കൊന്ത്രം പല്ല് കാട്ടിയുള്ള ചിരിയിൽ അന്ന് ആദ്യമായി നാണവും കണ്ണുകളിൽ തിളക്കവും ഞാൻ കണ്ടു ….

പിന്നീടുള്ള ദിവസങ്ങളിൽ സംസാരത്തിലെ വിഷയങ്ങൾ മാറിത്തുടങ്ങി ….ഒന്നിച്ചുള്ള ജീവിതവും ആഗ്രഹങ്ങളും ഒന്നിച്ചിരുന്നു സ്വപ്നം കണ്ടുതുടങ്ങിയ നാളുകൾ ……ഫൈനല് ഇയർ എക്സാം കഴിയും വരെ ഉള്ള ദിവസങ്ങൾ ആയിരുന്നു ജീവിതത്തിൽ കഴിഞ്ഞുപോയ ഏറ്റവും മനോഹരമായ നിമിഷങ്ങൾ …

എക്സാം റിസൾട്ട് വന്നതിന് ശേഷം വാപ്പ ജോലി ചെയ്യുന്ന കമ്പനിയിൽ എനിക്കൊരു ജോലി ശരിയായപ്പോൾ ആദ്യം മടിച്ചെങ്കിലും പിന്നെ പോകാൻ തീരുമാനിചത് അവധിക്ക് വന്നാൽ കല്യാണം ആലോചിക്കലോ എന്ന് അവൾ പറഞ്ഞപ്പോളാണ് …

അബുദാബിയിലേക്ക് പോകുന്നതിന്റെ തലേ ദിവസം അവളെ ഒന്ന് കാണാൻ വേണ്ടി അവളുടെ വീട് വരെ പോയെങ്കിലും കാണാൻ പറ്റാതെയാണ് അന്ന് പോയത് … ജോലിക്ക് കേറി രണ്ടാം ദിവസമാണ് ആദ്യമായി ഗൾഫിൽ നിന്നും അവളെ വിളിച്ചത് ……അന്ന് ഒരുപാട് നേരം സംസാരിച്ചിരുന്നു ….

പിന്നീട് രണ്ടു മൂന്ന് വട്ടം വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു … ഒന്ന് സംസാരിക്കാൻ ഒരുപാട് ശ്രമിച്ചു നോക്കിയിട്ടും നിരാശ മാത്രമായിരുന്നു ഫലം ..

നാടും വീടും പ്രണയിനിയും ഇല്ലാത്ത ഏകാന്തമായ ഗൾഫ് ജീവിതം ….ഒരുതരം പ്രാന്ത് പിടിക്കുന്ന അവസ്ഥ …ആരോടും ഒന്നും മിണ്ടാതെ റൂമിൽ തനിച്ചിരുന്നു ഓർമകളെ കൂട്ടുപിടിച്ചു കരഞ്ഞു തീർത്ത ദിനങ്ങൾ …

ഒടുവിൽ മനസ്സ് കൈവിട്ട് പോകുമെന്നായപ്പോൾ കമ്പനിയിൽ എമെർജൻസി ലീവിന് അപ്ലൈ ചെയ്തപ്പോളാണ് ആറ്‌ മാസം പ്രോബോഷൻ പിരീഡ് ആണെന്നും ലീവ് കിട്ടില്ലെന്നുമറിഞ്ഞത് ….വിസ ക്യാൻസൽ ചെയ്താൽ കമ്പനിക്ക് നഷ്ടപരിഹാരമായി വലിയ പൈസ കൊടുക്കേണ്ടി വരുമെന്നറിഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ അവിടെ ജോലി തുടർന്നു …

ഒന്നരവർഷം കഴിയാൻ ഒന്നരപതിറ്റാണ്ടിന്റെ ദൈർഗ്യം അനുഭവപെട്ടു …. വല്ലപ്പോഴും ഉമ്മാനെ ഒന്ന് വിളിക്കും എന്നല്ലാതെ ആരുമായും ഒരു ബന്ധവും ഇല്ലാതെ ഏകാന്തമായി റുവൈസിലെ ക്യാമ്പിൽ മുറിക്കുള്ളിൽ ഒതുങ്ങികൂടിയ ഒന്നരവർഷം …

നാൽപ്പത്തിയഞ്ച് ദിവസത്തെ ലീവിന് നാട്ടിൽ പോകുമ്പോൾ ഒരൊറ്റ ലക്ഷ്യം മാത്രം ന്റെ നൂറയെ ഒന്ന് കാണണം അവളോട് കുറെ നേരം സംസാരിക്കണം …. അവളും എന്നെ കാത്തിരിക്കുന്നുണ്ടാകും എന്നൊരു നേരിയ പ്രതീക്ഷ മനസ്സിൽ എവിടെയോ മുളപൊട്ടിയിരുന്നു …

നാട്ടിലെത്തി പിറ്റേദിവസം രാവിലെ എണീറ്റ് നൂറയുടെ വീട്ടിലേക്ക് ചെന്നത് ….

മുറ്റത്തേക്ക്‌ കയറുമ്പോൾ ഹൃദയമിടിപ്പ് കൂടി കൂടി വരുന്നത് ഞാനറിയുന്നുണ്ടായിരുന്നു …

കാളിംഗ് ബെല്ലടിച്ചു അല്പം കഴിഞ്ഞിട്ടാണ് നൂറയുടെ ഉമ്മ വാതുക്കലേക്ക് വന്നത് …

” ആരാ …!?

നൂറയുടെ ഉമ്മാക്ക് എന്നെ മനസിലായിട്ടില്ല കോളേജിൽ പഠിക്കുമ്പോൾ ഒരുപാട് വട്ടം നൂറയോടൊപ്പം വീട്ടിൽ വന്നിട്ടുണ്ട് ….ഒന്നര വർഷം കൊണ്ട് എന്നിലെ മാറ്റം ഉമ്മാക്ക് എന്നെ മനസിലായിട്ടില്ല …

”ഉമ്മാ നൂറ ഇല്ലേ …. ? ഞാൻ ഓളോടി പഠിച്ച സൽമാനാ ….

എന്റെ പേര് കേട്ടതും ഉമ്മാക്ക് എന്നെ മനസിലായി .. പക്ഷെ ആ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചിരുന്നു ..

നൂറയുടെ ഉപ്പാക്ക് സ്ട്രോക്ക് വന്നു ഒരു ഭാഗം തളർന്നുപോയി കിടപ്പിലാണെന്നും എട്ട് മാസം മുൻപ് നൂറയുടെ കല്യാണം കഴിഞ്ഞെന്നും അറിഞ്ഞാണ് അവിടെ നിന്നിറങ്ങിയത് …

പിന്നെ നാട്ടിൽ നിന്ന ഓരോ നിമിഷവും എനിക്ക് എന്നെത്തന്നെ നഷ്ടമാവുക യായിരുന്നു … എല്ലാത്തിനോടും വെറുപ്പും ദെഷ്യവും ….ഒരുതരം ഭ്രാന്തമായ അവസ്ഥ ……എട്ടാം ദിവസം ലീവ് മതിയാക്കി അബുദാബിയിലേക്ക് തിരിച്ചു മടങ്ങിയത് ശരിക്കും പറഞ്ഞാൽ ഒരു ഒളിച്ചോട്ടമായിരുന്നു ….നാട്ടില് നിൽക്കുന്ന ഓരോനിമിഷവും അവളുടെ ഓർമകൾ മനസ്സിനെ കൊളുത്തിവലിക്കാൻ തുടങ്ങിയിരുന്നു …

നാലര വർഷം നാട്ടിൽ പോകാതെ കമ്പനിയിൽ തുടർന്നു .. എത്രതന്നെ മറക്കാൻ ശ്രമിക്കുമ്പോളും വീണ്ടും വീണ്ടും മനസ്സിൽ അവളുടെ മുഖം തെളിയുന്ന ദിവസം എന്തിനെന്നറിയാതെ കരഞ്ഞു തീർത്തിട്ടുണ്ട് ……

ജീവിതത്തിൽ കല്യാണം തന്നെ വേണ്ടെന്ന് വെച്ചതായിരുന്നു ..ഒടുവിൽ ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഷാഹിയെ കല്യാണം കഴിക്കുമ്പോളും മനസ്സിൽ നൂറ മാത്രമായിരുന്നു …

സ്നേഹം കൊണ്ടും സൗഹൃദം കൊണ്ടും നൂറക്ക് മുന്നിലെത്താൻ ഷാഹിക്ക് കഴിഞ്ഞെങ്കിലും ഇപ്പോഴും മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും നൂറ ഫാത്തിമ എന്ന എന്റെ നഷ്ടപ്രണയം എന്നെ ഇടയ്കിടെക്ക് കുത്തി നോവിക്കാറുണ്ട് ….

**************

Related Posts

Leave a Reply

Your email address will not be published. Required fields are marked *