ഒരുകണക്കിന് പറഞ്ഞാൽ അത് നന്നായി. ദിവാകരന് എല്ലാവരും അടുത്ത് വന്ന് പരിചരിച്ച്, കണ്ട്, മക്കളുടെ കൈയിൽനിന്നും വെള്ളം വാങ്ങിക്കുടിച്ച് പോകാനുള്ള……

ചുമരിലെ ഞാൻ

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

ദേ.. ഇതുകണ്ടോ..

പേപ്പ൪ എടുത്തു കൊണ്ടുവന്ന് അവളെന്നെ കാണിച്ചു.

നമ്മുടെ മേലേടത്തെ ദിവാകരൻ മരിച്ചുപോയി. അവൾ ചരമക്കോളം നോക്കി വായന തുട൪ന്നു. മക്കളുടെ വിവരങ്ങളെല്ലാം കൊടുത്തിട്ടുണ്ട്.

സുശീല ബാംഗ്ലൂർ ആയിരുന്നില്ലേ… അവളെപ്പോഴാണ് ഹൈദരാബാദിലേക്ക് പോയത്… അതെന്താ നാളെ മാത്രമേ ബോഡി എടുക്കുകയുള്ളൂ.. അവന്റെ മകൻ ഷാർജയിൽനിന്നും മടങ്ങിവന്ന് നാട്ടിൽ സെറ്റിൽ ആയതാണല്ലോ.. ദൂരെനിന്ന് ആരാ വരാനുള്ളതാവോ..

ദേ.. ഞാൻ നാളെ പോകാൻ നിൽക്കുന്നില്ല.. ഇന്ന് വൈകിട്ട് സുമതിയെ ഒന്ന് കണ്ടിട്ട് വരാം. അവളോട് രണ്ട് ആശ്വാസവാക്ക് പറഞ്ഞില്ലെങ്കിൽ എനിക്കിന്ന് ഉറങ്ങാൻ പറ്റില്ല..

അവളതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.

ഞാനോ൪ക്കുകയായിരുന്നു, ഇവളെപ്പോൾ മുതലാ പേപ്പ൪ വായിക്കാൻ തുടങ്ങിയത് എന്ന്..

ദേ, നിങ്ങളുടെ പത്രം വന്നു ട്ടോ..

ചെടികൾ നനച്ചുകൊണ്ട് അവൾ അകത്തേക്ക് വിളിച്ചുപറയും. അപ്പോഴാണ് കാപ്പിക്കപ്പുമായി താൻ പൂമുഖത്തേക്ക് ഇറങ്ങുന്നതുതന്നെ.

നീ കണ്ടോ..? നമ്മുടെ സരോജിനി അമ്മായിയുടെ അനിയത്തി മരിച്ചുപോയി. പേപ്പറിലുണ്ട്..

വായിച്ചേ..

എത്ര മക്കളാ.. എപ്പഴാ സംസ്കാരം..? എത്ര വയസ്സായിരുന്നു..?

അവളുടെ ചോദ്യങ്ങൾ നീളും.

നീ സമയം കിട്ടുമ്പോൾ ഇരുന്ന് വായിച്ചുനോക്ക്..

അതിന് എനിക്കെവിടെയാ സമയം..? അടുക്കളപ്പണി കഴിയുമ്പോൾ ഉച്ചയാവും. ഒന്ന് തലചായ്ച്ചു ഉണരുമ്പോൾ വീണ്ടും അടുക്കളയിൽ കയറാനാകും..

തൊടിയിലെ കറിവേപ്പിൻതണ്ട് ഒടിച്ച് വടക്കുവശത്തുകൂടെ അടുക്കളയിൽ കയറാനായി അവളോരോന്നും പറഞ്ഞുകൊണ്ടങ്ങനെ നടന്നുപോകും.

ദേ.. ചോറും കറിയും തൈരും മേശപ്പുറത്ത് എടുത്തു വെച്ചിട്ടുണ്ട് കേട്ടോ..

നീയെവിടെ പോക്വാ.. എനിക്ക് വിളമ്പിത്തരാറല്ലേ പതിവ് .?

ഞാനിങ്ങ് ചുമരിലൊരു ഫോട്ടോ ആയി ഫ്രെയിം ചെയ്തുവന്നതോടെ അവളുടെ ദിനചര്യയൊക്കെ മാറി.

പകലുറക്കം കട്ടിലിൽനിന്ന് മാറ്റി തന്റെ ചാരുകസേരയിലാക്കി. തന്നെ നോക്കി ഇടയ്ക്ക് പറയും:

കാലിന് വേദനയുണ്ടെങ്കിൽ ഇങ്ങോട്ട് നീട്ടിവെയ്ക്കൂ, ഞാൻ തടവിത്തരാം.

ഞാനൊരിക്കലും നിന്നോട് ചോദിക്കാത്ത ചോദ്യം എന്ന് എന്റെ കരളിൽ ഒരു ഗദ്ഗദം വന്ന് തടയും.

എന്റെ ചായയും മേശപ്പുറത്ത് അടച്ചുവെച്ച് ഒന്നും പറയാതെ ഇവളിതെങ്ങോട്ടാ… ഓ, ഇനി സുമതിയെ കാണാനാണോ.. ആയിരിക്കും.

നീയില്ലാതെ ഇവിടിങ്ങനെ ഒരു രസവുമില്ലെടീ.. ഒന്ന് വേഗം വന്നൂടെ..

സുമതിയുടെ ചുറ്റിലും ഇന്ന് ഒരുപാടുപേ൪ കാണും.. ഞാനല്ലേ ഇവിടെ തനിച്ച്..

ഗേറ്റ് തുറന്ന് വരുന്നതാരാ.. അവൾ തന്നെയാവും..

ദേ, സുമതി എന്നെ കണ്ടപ്പോൾ കരച്ചിലോട് കരച്ചിൽ. ഞാൻ പറഞ്ഞു: അധികം കിടന്ന് കഷ്ടപ്പെടാണ്ട് പോയതല്ലേ നല്ലത്..

അപ്പോഴാ അവൾ പറഞ്ഞത്:

നാല് ആഴ്ചയായി ആസ്പത്രിയിലായിരുന്നത്രേ..! ഞാനൊന്നുമറിഞ്ഞില്ല കേട്ടോ.. അല്ല,‌ എന്നോടാരാ ഇതൊക്കെ പറയാൻ…

കിഴക്കേതിലെ ഷീല അമ്പലത്തിലേക്ക് പോകുമ്പഴാ ഒന്ന് നാട്ടുവ൪ത്താനം പറയുന്നത്. അവളെ ഇപ്പോഴങ്ങനെ കാണാറുമില്ല.. ഇനി അവൾക്കും വയ്യാതായി കിടപ്പിലാണോ എന്തോ..

ഒരുകണക്കിന് പറഞ്ഞാൽ അത് നന്നായി. ദിവാകരന് എല്ലാവരും അടുത്ത് വന്ന് പരിചരിച്ച്, കണ്ട്, മക്കളുടെ കൈയിൽനിന്നും വെള്ളം വാങ്ങിക്കുടിച്ച് പോകാനുള്ള ഭാഗ്യമുണ്ടായല്ലോ.. എന്നെപ്പോലെ നിമിഷനേരം കൊണ്ട് പ്രാണൻ പോയിലിലല്ലോ..

രാത്രി കിടന്നതാത്രേ.. രാവിലെ നോക്കുമ്പോൾ ജീവൻ മാത്രമുണ്ട്.. അനങ്ങാൻ പറ്റണില്ല. ഇത്രേം ദിവസം ഐസിയുവിലായിരുന്നു..

അയ്യോ.. അത് കഷ്ടായിലോ.. അവന് സുമതി എഴുന്നേൽക്കുമ്പോഴേക്കും പോയി പാലും വാങ്ങിവന്ന് ചായയിട്ട് കൊടുക്കുന്ന ശീലമാ.. ഇനി അതൊക്കെ ഓ൪ത്താവും സുമതിയുടെ രാവിലെകൾ ഈറനണിയുന്നത്..

ദേ.. നിങ്ങളുടെ ഫ്രന്റില്ലേ, ചായപ്പീടികയിലെ കൃഷ്ണേട്ടൻ.. എന്നെക്കണ്ടപ്പോൾ ഒരു മുന്നൂറ് ഉറുപ്പിക എടുത്തിട്ട് എന്റെനേ൪ക്ക് നീട്ടിയിട്ട് പറയ്യ്വാ, ഞാനങ്ങേ൪ക്ക് കൊടുക്കാനുള്ളതാ, ബാക്കി പിന്നീട് തരാമെന്ന്.. ഞാനെങ്ങും വാങ്ങിയില്ല.. അതൊക്കെ നിങ്ങള് തമ്മിലുള്ള എടപാടല്ലേ കൃഷ്ണേട്ടാ എന്നും പറഞ്ഞ് ഞാനിങ്ങ് പോന്നു.

പോടീ, അവനെനിക്ക് മൂവായിരത്തി എണ്ണൂറ് രൂപ തരാനുണ്ട്. നിനക്കത് വാങ്ങി അപ്പുറത്തെ വരുണിന് പുസ്തകം വല്ലതും വാങ്ങിക്കൊടുത്തൂടെ..?

അവനിന്നലെ സ്കൂളിൽ നിന്ന് വന്നപ്പോതൊട്ട് കരച്ചിലായിരുന്നു, നോട്ട് തീ൪ന്നെന്നും പറഞ്ഞ്..

ദേ.. ആ ആവണിയുടെ ഒതുക്ക് കല്ലിറങ്ങി വേഗം വരാന്ന് വെച്ചപ്പോൾ കാലിലൊരു മുള്ള് കൊണ്ടതുപോലെ..ചോ ര പൊടിഞ്ഞുകിടക്കുന്നു..

നിനക്ക് റോഡിലൂടെ വന്നാൽമതിയായിരുന്നില്ലേടീ.. പാമ്പൊക്കെ ഉള്ള സ്ഥലമാ.. വൈകാതെ നിന്നെയും ചുമരിൽ തൂങ്ങിയ ഫ്രെയിമിനുള്ളിൽ കാണേണ്ടിവരുമോ..

ഞാൻ അടിച്ചുവാരി വിളക്ക് കത്തിച്ചിട്ട് വരട്ടെ.. അമ്പലത്തിൽ പാട്ട് വെച്ചു.

നീയങ്ങ് പോകല്ലേ.. ഇത്തിരിനേരം കൂടി ഇവിടിരിയെടീ.. എനിക്കെന്തോ ഒറ്റയ്ക്ക് തീരെ വയ്യ..

******************

Related Posts

Leave a Reply

Your email address will not be published. Required fields are marked *