ഒരുപാട് നാൾ ആലോചിച്ച ശേഷമാണ് ഈ തീരുമാനം … എന്നെ മനസ്സിലാക്കാൻ സുറുമിക്ക് കഴിയില്ല … അതുകൊണ്ട് തന്നെ തന്റെ സ്നേഹത്തിന് എനിക്ക് അർഹതയില്ല …

എഴുത്ത്:- ലച്ചൂട്ടി ലച്ചു

“പരീക്ഷ എങ്ങനെയുണ്ടായിരുന്നു പാത്തൂട്ടി ….??”

വിയർത്തുകുളിച്ച് ഉമ്മറപ്പടിക്കലേക്കോടിയെത്തി പാഠപുസ്തകങ്ങളെല്ലാം പഴയ പെട്ടിയിലേക്കെടുത്ത് മാറ്റുമ്പോഴായിരുന്നു ഉമ്മി പലഹാരവും കട്ടനുമായിട്ട് മുറിയിലേക്ക് വന്നത് …

“ഇപ്രാവശ്യം സ്കൂളിൽ ഫസ്റ്റ് ഞാനാണ് കേട്ടോ ഉമ്മി … എന്നാലും അവസാനത്തെ ചോദ്യം മുഴുവനാക്കണേനു മുന്നേ മാഷ് വന്ന് പേപ്പർ മേടിച്ചോണ്ട് പോയി ….!!”

അത് പറയുമ്പോൾ അവളുടെ ആദ്യവാചകത്തിൽ നിറഞ്ഞുനിന്നിരുന്ന ഉത്സാഹത്തിന്റെ ഏറ്റക്കുറച്ചിൽ ഉമ്മി ശ്രദ്ധിച്ചു …

“സരല്യ ന്റെ കുട്ടീ …..!!

എത്ര പഠിച്ചിട്ടെന്തിനാ വരുന്ന പെരുന്നാളിന് മുന്നേ അന്റെ നിക്കാഹ് വാപ്പച്ചി റിഹാനുമായിട്ട് പറഞ്ഞുറപ്പിച്ചേക്കണ്‌ ….

പിന്നെ ഇജ്ജ് മുൻപന്തിയിലായാലെന്താ പിന്നിലായാലെന്താ …!!

ഓന്റെ പൊരേല് ഓന്റെ ഇഷ്ടത്തിന് കഴിയേണം അത്രന്നെ ….”

ചിരിച്ചുകൊണ്ട് ഉമ്മി അവളുടെ താടിയിൽ തട്ടി പലഹാരപാത്രം കയ്യിലേൽപ്പിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി …

വാനോളമുയർന്ന പ്രതീക്ഷയുടെ നൂൽപ്പാട്ടങ്ങൾ പൊട്ടിയടർന്ന് വീണ പോലെ സുറുമി മെത്തക്കുള്ളിൽ ചമ്രം പിണഞ്ഞിരുന്നു …

പന്ത്രണ്ടാം ക്ലാസ്സിലെ വരയും കുറിയും നിരത്തി പഠിച്ച ഓരോ വാക്കുകളും തന്നെ നോക്കി അടക്കത്തിൽ ചിരിക്കുന്നതുപോലെ …!!

അടഞ്ഞു പോയ ഓരോ അദ്ധ്യായങ്ങളും തന്നെ നോക്കി കളിയാക്കുന്നത് പോലെ അവൾക്ക് തോന്നി …

“എനിക്കീ നിക്കാഹ് വേണ്ട ….!!”

ഓരോ പുസ്തകങ്ങളായി നെഞ്ചിലമർത്തിപിടിച്ചുകൊണ്ട് അവൾ ഏങ്ങിയേങ്ങി കരഞ്ഞു …

ആരോടും പറയാൻ പറ്റാത്ത വിഷമങ്ങളെ കറുത്ത പുറംചട്ടയിൽ പൊതിഞ്ഞ ഡയറിക്കുള്ളിൽ അവൾ കുത്തിക്കുറിച്ചു …

“പറിച്ചുനടപ്പെടുകയാണ് ഞാൻ …!!

അക്ഷരങ്ങളുടെ കൂട്ടിൽ നിന്നും അന്തിക്കൂട്ട് തേടിയെത്തുന്ന ആളിലേക്ക് …

സമവാക്യങ്ങൾക്കും പഠിച്ച ക്രിയകൾക്കും തന്റെ കണക്കുകൂട്ടലുകളെ ശരിപ്പെടുത്താനായില്ല …

അറിയാത്ത… കാണാത്ത …അതിലുപരി ഇഷ്ടപ്പെടാത്ത ഒരു അപരിചിതന്റെ കയ്യിൽ തന്റെ രാപ്പകൽ വിശ്രമമില്ലാതെ നേടിയെടുത്ത അറിവുകൾ ഞെരിഞ്ഞമരാൻ പോകുകയാണ് ….!!”

ഈറനണിഞ്ഞ മിഴികളോടെ സുറുമി ചിതറിക്കിടന്ന കടലാസുകഷങ്ങളെയും പുസ്തകക്കൂട്ടുകളെയും മാ റോടണച്ചു പിടിച്ചു ….

“മോളെ പാത്തൂട്ടി …!!

എന്തെടുക്കയാ നീയ് …??”

വാപ്പച്ചിയുടെ ശബ്ദം …

സുറുമി മിഴികളിറുക്കി തുടച്ച് തീന്മേശക്കപ്പുറം ചെന്ന് ഒതുങ്ങിനിന്നു …

പാത്രത്തിലെ നെയ്‌ച്ചോറിൽ കൈകൾ കുഴച്ചുകൊണ്ട് വാപ്പച്ചി നെറ്റിയിലെ വിയർപ്പ് തൂവാല കൊണ്ട് ഒപ്പിമാറ്റുന്നുണ്ടായിരുന്നു ….

“അയിഷാ ഇയ്യും ഇങ്ങട് വന്നോളിൻ …!!”

വിളി കേട്ടതും ഉമ്മി അടുക്കളയിൽ നിന്നു ഓടിപ്പിടച്ച് സുറുമിക്കടുത്തായി വന്നു നിന്നു …

“പാത്തൂട്ടി …!!

അങ്ങനെ അതും തീരുമാനായി …വരുന്ന ആഴ്ചയിൽ ബീരാനും കെട്ടിയോളും പിന്നെ ഓന്റെ ഇളയ മോളും ഇങ്ങോട്ടേക്ക് വരുന്നുണ്ട് … അന്നെ കാണാനെക്കൊണ്ട് …

ഇജ്ജ് ബേജാറാവണ്ട …ഓരിക്കൊക്കെ ഇഷ്ടായിക്കോളും …കസ്തൂരിമാമ്പഴം പോലുള്ള ൻ്റെ മുത്തിനെ ആർക്കാ ഇഷ്ടാണ്ടാവാതിരിക്കാ …!!”

സുറുമിയുടെ മുഖത്തെ വിഷാദം വേറൊരു രീതിയിലേക്ക് ചിന്തിക്കാനായിരുന്നു അദ്ദേഹത്തിനും ഇഷ്ടം …

തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ തന്നെ വാപ്പച്ചി എല്ലാ വിവരങ്ങളും അവൾ കേൾക്കെ ഉറക്കെ പറഞ്ഞുതുടങ്ങി …

“നിക്കാഹ് ഇവിടെ ഏതോ വലിയ ഹാളിൽ റിഹാൻ കുട്ടി തന്നെ ഏർപ്പാടാക്കി ക്കൊള്ളന്നു പറഞ്ഞു …!!”

“ഓൻ എപ്പഴെക്കാവും നാട്ടിലേക്ക് വരണേ …??”

ഉമ്മി പാത്രത്തിലേക്ക് വീണ്ടും നെയ്‌ച്ചോറ് പകർന്നുകൊണ്ട് വാപ്പച്ചിയോട് ചോദിക്കുന്നുണ്ട് …

“ഓനും അടുത്തയാഴ്ച്ച തന്നെ എത്തിയേക്കും …”

“എങ്കില് ഓർക്കെല്ലാം ഒത്തുവന്നേച്ചാ പോരായിരുന്നോ …”

അധികം വയ്‌ക്കേണ്ടി വരുന്ന ബിരിയാണിയുടെ അരിയുടെ വിലയോർത്ത് അവർക്ക് ഉത്കണ്ഠയുണ്ടായിരുന്നു ….

“ഓൻ പാത്തൂട്ടിയെ നേരത്തെ കണ്ടിരിക്കണേ അല്ലെ ആയിഷു ….പിന്നെന്തിനാ ഇപ്പൊ പ്രത്യേകിച്ചൊരു കാണല് …??”

ചർച്ചകൾ നീണ്ടുപോകുന്നുണ്ട് ….സുറുമി വീണ്ടും മുറിക്കുള്ളിലേക്ക് വലിഞ്ഞു ….

അപ്പുറത്തെ മുറിയിൽ പാത്രം വീണുടയുന്ന ശബ്ദം കേട്ട് അവളോടി അങ്ങോട്ടേക്ക് പോയി …

ഷാനു വെള്ളത്തിനായി കൈയെത്തിച്ചപ്പോൾ ഗ്ലാസ്സ് നിലത്തുവീണുടഞ്ഞതാണ് ….സുറുമി വേഗം ചെന്ന് ജാറിലെ വെള്ളം കുപ്പിയിൽ പകർന്ന് അവന്റെ ചുണ്ടോടടുപ്പിച്ചു …

അടുക്കളയിൽ നിന്ന്ഗ്ലാസ്സെടുക്കാനായി തിരിയുമ്പോഴും അവൾ ശ്രദ്ധിച്ചിരുന്നു …..

ബുദ്ധിയുറക്കാത്ത അവനിലും തിളങ്ങി നിന്ന ചെറിയൊരു പ്രതീക്ഷ ….ജനിച്ചപ്പോഴേ വളർച്ചയില്ലാത്ത കുട്ടിയായിരുന്നു അവൻ തന്നെക്കാൾ നാലു വയസ്സിനിളപ്പമുണ്ട് …

സംസാരവും നന്നേയില്ലെന്നു തന്നെ പറയണം …നാളിത്‌വരെയുള്ള അവന്റെ ചികിത്സക്ക് പണമൊഴുക്കാൻ വാപ്പച്ചിയുടെ ബാങ്ക്‌വിളികൾക്ക് കെല്പില്ലായിരുന്നു …

പ്രതീക്ഷകളറ്റ സമയത്താണ് പഴയ കൂട്ടുകാരന്റെ മകന്റെ ആലോചന തനിക്കായി വന്ന വിവരം പൂമുഖത്തെ റാന്തലിന്റെ വിളക്കിന്റെ വെട്ടത്തിൽ നിസ്കാര പായ മടക്കി വച്ചുകൊണ്ടിരുന്ന തന്റെ അടുത്തായി വന്നിരുന്ന് വാപ്പച്ചി ആഹ്ലാദത്തോടെ പറഞ്ഞത് …!!

പകരമായി ഷാനുവിന്റെ ചികിത്സാചെലവ് അവരുടെ ഉത്തരവാദിത്തമായി കൂടെ ഏറ്റെടുത്തത്തോടെ തനിക്കും ഒന്നും മിണ്ടാൻ പറ്റിയില്ല…

ഭാര്യ മരിച്ചുപോയ ഒരാൾക്ക് വേണ്ട അടുത്ത കൂട്ടായിരുന്നു താനെന്നറിഞ്ഞത് രണ്ടാഴ്ച കഴിഞ്ഞാണ് ….!!

ഒരുപാട് പറഞ്ഞുനോക്കി… വാശി പിടിച്ചു …മരിക്കാൻ വരെ ശ്രമിച്ചു …

നിക്കാഹിനു സമ്മതിച്ചില്ലെങ്കിൽ ഉസ്കൂളിൽ പോണ്ടെന്ന് കർശനമായി പറഞ്ഞ വാപ്പച്ചിയിൽ തന്റെ കണ്ണുനീർ വിലപ്പോയില്ല …

പിന്നീടുള്ള ഓരോ ദിവസങ്ങളിലും അവളെ പുതിയൊരു ജീവിതത്തിലേക്ക് ഉന്തിതള്ളിവിടാനുള്ള ശ്രമത്തിലായിരുന്നു ഉമ്മിയും വാപ്പച്ചിയും …

കാണാൻ വന്ന ചെക്കൻ വീട്ടുകാരുടെ സമ്മാനങ്ങളെല്ലാം മേശക്കപ്പുറത്തേക്ക് മാറ്റിയിട്ട് അവൾ രാവേറുവോളം പുസ്തകങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു ….

ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു ചെറുപ്പക്കാരൻ അവളുടെ വെറുപ്പിന്റെ അങ്ങേയറ്റം മനസ്സറിയാതെ നുകർന്നുകൊണ്ട് അവൾക്ക് മഹർ നൽകി ….!!

ഭർതൃവീട്ടിലേക്ക് പോകാൻ നേരവും കൈയിലടക്കിപ്പിടിച്ച ഡയറിയോട് മാത്രമായി സുറുമി സങ്കടങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു … നാത്തൂന്മാരുടെ കളിചിരികളും പുതുപെണ്ണിനെക്കുറിച്ചുള്ള വർണ്ണനകളും അവളെ ബാധിച്ചതേയില്ല …

കളിചിരികൾക്കൊടുവിൽ അവരെല്ലാം അവളെ ഉന്തിത്തള്ളി മണിയറയിലേക്ക് വിടുമ്പോഴേക്കും അവളുടെ മിന്നിനിന്ന അവസാനത്തെ പ്രതീക്ഷയുടെ കണികയും മങ്ങിപ്പോയിരുന്നു …

“മോളെ …അന്റെ വിഷമം ഉമ്മിക്കറിയാം ..പക്ഷേങ്കില് ഷാനുമോന്റെ കാര്യം ഒന്നാലോചിക്ക് ന്റെ മോള് …

അമേരിക്കയിലോ മറ്റോ കൊണ്ട് ചെന്ന് ചികില്സിക്കാന്ന് റിഹാ ൻ കുട്ടി വാക്കു തന്നേക്കണ് …

ഇയ്യ്‌ അതുമാത്രം ഓർത്താൽ മതി ….!!

പിന്നെ രണ്ടാം കെട്ട് …ഓൾക്കെന്തോ അസുഖമുണ്ടായിരുന്നതാ മറച്ചുവച്ച് ബന്ധം നടത്തി ..അതിനധികം ആയുസുണ്ടായിരുന്നില്ല ….”

ഉമ്മിയുടെ ഓരോ വാക്കുകളും മനസ്സിൽ പതിപ്പിക്കാൻ ശ്രമിച്ചെങ്കിലും തന്റെ സ്വപ്നങ്ങളെ കുഴിച്ചുമൂടേണ്ടി വന്ന ആഘാതത്തിൽ നിന്നും ഇനിയും മുക്തയാവാൻ സാധിച്ചിട്ടില്ല …

“വലുതാവുമ്പോൾ ആരാകണമെന്നാണ് സുറുമിയുടെ ആഗ്രഹം ….??”

ആറാംക്ലാസ്സിൽ വച്ച് അബ്ദുമാഷ് ചോദിക്കുമ്പോൾ ഡോക്ടറാവണം എന്ന് പറഞ്ഞ തന്നെ നോക്കി അപ്പുറത്തിരുന്ന റംലയും ഷഹനായും പല്ലിളിച്ചു ….

“അന്നെ പതിനെട്ടു കഴിയുമ്പോളേക്കും കെട്ടിക്കൂലേ പിന്നെ ഓന്റെ കുട്ടിയോളുടെ ഡോക്ടർ ആവാം ട്ടോ …!!”

അന്നതൊരു തമാശയായി തോന്നിയെങ്കിലും വീണ്ടും നിണം പൊടിഞ്ഞ വ്രണം പോലെ ആ വാക്കുകൾ നീറ്റലേൽപ്പിച്ചുകൊണ്ട് മുന്നിൽ തെളിഞ്ഞുനിൽക്കുന്നു …

മുറിയിൽ ആരുമില്ലായിരുന്നു ….പാൽ ഗ്ലാസ് വാഷ്‌ബേസനിലേക്ക് കമിഴ്ത്തി വേക്കളഞ്ഞുകൊണ്ട് അവൾ കട്ടിലിനു താഴെ പായ് വിരിച്ചു …

പുറത്തുനിന്ന് കാൽപ്പെരുമാറ്റം കേട്ടതും കണ്ണടച്ചുതിരിഞ്ഞു കിടന്നു …

നിക്കാഹ് കഴിഞ്ഞ് ഏഴാം നാൾ വിമാനത്തിൽ കയറുമ്പോഴും പുതുമോടികൾ ക്കിടയിലെ അപരിചിതത്വം തുടർന്നു …

തന്റെ സ്വപ്നങ്ങളെ മഹർ തന്ന് ചവിട്ടിമെതിച്ച റിഹാനോട് സുറുമിക്ക് വെറുപ്പായിരുന്നു ….പലവട്ടം സംസാരിക്കാൻ ശ്രമിച്ചിട്ടും അവൾ മുഖം കൊടുത്തതേയില്ല …

“എനിക്ക് തന്നോടൽപ്പം സംസാരിക്കാനുണ്ട് …!!”

ബെഡിൽ ഷീറ്റ് വിരിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു റിഹാൻ അവളെ സമീപിച്ചത് … അയാൾ അടുത്തേക്ക് വരുംതോറും സുറുമിയുടെ ഹൃദയം നുറുങ്ങി …..

“അറിയാം എന്താണെന്ന് ..!!

നിങ്ങളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങിത്തരുന്ന ഒരു ഭാര്യയാവണം ഞാൻ അല്ലേ …

എന്റെ കൂടപ്പിറപ്പിനെ രക്ഷിക്കാൻ വാപ്പച്ചിയുടെ കയ്യിൽ നിന്നും വിലക്ക് വാങ്ങിയ നിങ്ങളുടെ അടിമയാണല്ലോ ഞാൻ ….!!”

തികട്ടി വന്ന രോഷം അവൾ ബലപ്പെട്ട് മനസ്സിലൊതുക്കി …

“എന്നെ നിങ്ങൾ സ്വന്തമാക്കിയതോടെ എനിക്ക് സ്വന്തമായുണ്ടായിരുന്ന കിനാവുകളെയാണ് നിങ്ങൾ ഖബറടക്കിയത് ….!!”

കോപം കൊണ്ട് ചുവന്ന അവളുടെ മുഖവും ജ്വലിച്ച വാക്കുകളും അത്ഭുത ത്തോടെ അനുഭവിക്കുകയായിരുന്നു റിഹാൻ …

“ഇനി നിങ്ങൾക്കെന്താ വേണ്ടത് എന്റെ ശരീരമോ …!!എടുത്തോളൂ …

പക്ഷേ കൊതി തീർന്നു മതിയാകുമ്പോൾ ബാക്കിവച്ചേക്കരുത് …. കൊത്തി വലിച്ചെടുത്തേക്കണം …. മറ്റൊരുത്തിയുടെ എച്ചിലിന്റെ ബാക്കി ഭക്ഷിച്ച് രുചിക്കാൻ പിന്നെ സുറുമിക്കൊരു ജീവിതം ഈ ദുനിയാവില് വേണ്ട ….”

മൗനം പാലിച്ചുനിന്ന റിഹാനു മുൻപിൽ ആദ്യമായി തൻ്റെ മനസ്സ് തുറന്നടിച്ച സംതൃപ്തിയോടെ സുറുമി മുറിക്ക് പുറത്തേക്കിറങ്ങിപ്പോയി …

ഒരുമിച്ചൊരു ജീവിതം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും റിഹാനുമായൊരു സൗമ്യമായ ഇടപെടലിൽ നിന്നും പലപ്പോഴും സുറുമി ഒഴിഞ്ഞുമാറി …

ഒരു വീട്ടിൽ രണ്ടപരിചിതരായി കഴിഞ്ഞു … പലപ്പോഴായി സംസാരിക്കാനൊരു അവസരം തേടി വന്ന റിഹാനെ അവൾ പൂർണ്ണമായും അവഗണിച്ചു …

റിഹാ ൻ ജോലിക്ക് പോയാൽ പിന്നെ ആകെയുള്ള കൂട്ട് ഷെൽഫിൽ അടുക്കി യടുക്കി വച്ചിരിക്കുന്ന എണ്ണമെത്താത്ത പുസ്തകങ്ങളാണ് …

അവയോരോന്നും പലായാവർത്തി വായിച്ചിട്ടും പുതുതായി ഓരോ കാര്യങ്ങൾ പങ്കുവയ്ക്കാൻ വന്ന റിഹാനോടുള്ള വിരസത അവൾ നിലനിർത്തി …

ഷാനുവിന്റെ ചികിത്സക്കായുള്ള എല്ലാ ഏർപ്പാടും ചെയ്തു്വെന്ന വർത്തയു മായായിരുന്നു ഒരു ദിവസം റിഹാൻ കയറി വന്നത് ….

കേട്ടപ്പോൾ സന്തോഷം ഉളവായെങ്കിലും പരുക്കൻമട്ടിൽ അവൾ അതു പ്രകടിപ്പിക്കാതെ നിന്നു … നാട്ടിൽ ഷാനുവിനെകൂട്ടിക്കൊണ്ടുവരാനായി അവർ പോയി …. അനുവദിച്ചുകിട്ടിയ ചുരുങ്ങിയ കാലയളവിലെ ലീവിനുള്ളിൽ വച്ച് തിരിച്ചുപോകാനായൊരുങ്ങുന്ന അവളുടെ അടുത്തേക്കായി റിഹാന്റെ ഉമ്മ വന്നു …

“മോളെ …ഉമ്മക്കൊരു കൂട്ടം പറയാനുണ്ട് …”

“എന്താണ് ഉമ്മ ….??”

“മോളുടെയും റിഹാന്റെയും ജീവിതം സ്വൈര്യത്തോടെയാണോ അല്ലയോ എന്നൊന്നും ഉമ്മാക്കറിഞ്ഞുടാ …

പക്ഷേങ്കില് ഒരു കാര്യം ഉമ്മ പറയാം ..എന്റെ റിഹാ ൻ പാവാണ് …ഓന്റെ ആദ്യത്തെ ബീവി …ഓളൊരു വർക്കത്തുള്ളോള് തന്നെയായിരുന്നു …പക്ഷെ ഓൾടെ വീട്ടുകാര് എന്റെ ചെക്കന്റെ ജീവിതം വച്ചായിരുന്നു കളിച്ചത് …ജന്മനാ ഉണ്ടായിരുന്നു ഓൾക്ക് കുരുക്ക് …!!”

“എന്താണ് ….??”

സുറുമി സംശയഭാവത്തിൽ ചോദിച്ചു …

“മറ്റേ താക്കോല് പിടിപ്പിച്ച് അടക്കണ അസുഖാ മോളെ ….നിക്കാഹ് കഴിഞ്ഞെന്റെ അന്ന് അവരുടെ വീട്ടില് വച്ചുതന്നെ ഓൾക്ക് അത് വന്നു … ഉപേക്ഷിക്കാൻ ഞാനടക്കം എല്ലാരും ഓനോട്‌ പറഞ്ഞതാ ..എന്നാലും ഓൻ അത് കേട്ടില്ല …
ഞങ്ങളൊക്കെ ഓൾടെ കുടുംബക്കാരെ പഴി പറയുമ്പോഴും എന്റെ മോൻ ഓളെ ചേർത്തുപിടിച്ചു …. കഴിയാവുന്ന ചികിത്സയെല്ലാം നോക്കി …പക്ഷെ …”

അവർ കണ്ണ് തുടച്ചു …

“ഒരു പ്രാവിശ്യം ജീവിതം ഉടഞ്ഞുപോയതാ …ആ ചില്ലുകൾ കൂട്ടിച്ചേർക്കാൻ പടച്ചോനയച്ച മോളായിട്ടാ അന്നെ ഞാൻ കാണുന്നെ ….ഓന്റെ ഖൽബും കണ്ണും നനയ്ക്കാതെ ഇയ്യ്‌ നോക്കണം …!!”

അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അവർ പറഞ്ഞപ്പോഴേക്കും സുറുമിക്കും ദുഃഖം തോന്നിയിരുന്നു …

വേണ്ടിയിരുന്നില്ല …താനെന്തൊക്കെയാണ് പറഞ്ഞത് … മറ്റൊരാളെ വിവാഹം കഴിച്ചതും ആ കുട്ടി മരിച്ചതിലുമൊക്കെ അയാളെ എങ്ങനെ കുറ്റം കാണാനാകും …

ഇങ്ങനെയൊരു ജീവിതമായിരുന്നു അയാൾ അനുഭവിച്ചതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ …

അവൾ നെടുവീർപ്പിട്ടു …

നടക്കാനാകാതെ ആടിക്കിടക്കുന്ന വരണ്ട കാലുകളെ നോക്കി കണ്ണീർവാർത്ത ഷാനുവിനെ കൈകളിൽ കോരിയെടുത്തു വീൽച്ചെയറിലേക്കിരുത്തുന്ന റിഹാനിൽ അവൾ ആദ്യമായി നന്മ കണ്ടു തുടങ്ങി …

എല്ലാ ദിവസവും മുടങ്ങാതെ തന്നെക്കാൾ കൃത്യനിഷ്ഠതയോടെ അവന്റെ മരുന്നും ഭക്ഷണവും യഥാക്രമം എത്തിച്ചുകൊണ്ടിരുന്ന റിഹാന്റെ നല്ല മനസ്സിനെ പിന്നീടവൾ നോക്കിക്കാണുകയായിരുന്നു ….

പരസ്പരം യാതൊന്നും മിണ്ടാഞ്ഞിട്ടുകൂടി സുറുമിയുടെ ഒരു കാര്യത്തിനും വീഴ്ച വരാതിരിക്കാൻ റിഹാൻ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ കുറ്റബോധം കൊണ്ടവളുടെ ഉള്ളു നീറി ….

ദിവസങ്ങളോരോന്നായി കൊഴിഞ്ഞിട്ടും പക്ഷെ തമ്മിലുള്ള അകലം വെട്ടിമാറ്റാൻ അവൾക്കു കഴിഞ്ഞില്ല ….

അവൾ വായിക്കുന്നുണ്ടെന്ന് അറിഞ്ഞോ അറിയാതെയോ പുതിയ പുസ്തകങ്ങൾ ഷെൽഫുകൾക്കിടയിൽ സ്ഥാനം പിടിച്ചു …

രണ്ടുപേരും മിണ്ടുന്നത് ഷാനുവിനോട് മാത്രമായി …

തിരിച്ചൊന്നും പറയാതെ മൂകനായി ഇരിക്കുന്ന അവനിലൂടെ മിഴികൾ പായിച്ചുകൊണ്ട് മനസ്സിലെ മൊഴികൾ അവർ ഇരുവരും ഗ്രഹിച്ചെടുത്തു …..

ആശുപത്രി വാസത്തിനായി കുറച്ചുനാളേക്ക് ഷാനുവിനെ വീട്ടിൽ നിന്ന് മാറ്റുമ്പോഴും രാത്രി വൈകുവോളം കരഞ്ഞുതളർന്നുറങ്ങുന്ന സുറുമിക്ക് കൂട്ടായി റിഹാൻ ഉറക്കത്തെ പിണക്കിയയച്ചു …

ഓരോ ദിവസത്തെയും ചികിത്സയിലുണ്ടാവുന്ന മാറ്റങ്ങളുടെ കടലാസുകൾ നിത്യേനെ തീന്മേശയിൽ പ്രത്യക്ഷമായി …

മറുപടിയായി ഒന്ന് നന്ദിവാക്ക് പറയാൻ അവൾ കൊതിച്ചപ്പോൾ മുഖം താഴ്ത്തി അയാൾ നടന്നു ….

പൂർണ്ണമായും ശരിയായ ആരോഗ്യസ്ഥിതിയിൽ എത്തപ്പെടാനാകില്ലെങ്കിലും പ്രതീക്ഷിച്ചതിനേക്കാൾ ഉണ്ടായ ഷാനുവിലെ മാറ്റം കണ്ട് വാപ്പച്ചിയും ഉമ്മിയും റിഹാനെ വാനോളം പുകഴ്ത്തുമ്പോഴും അകമഴിഞ്ഞ നന്ദിയറിയിച്ച് അനുഗ്രഹിക്കുമ്പോഴും ഒരു വാക്കെങ്കിലും മിണ്ടാൻ വെമ്പിക്കൊണ്ട് അവൾ ഒളികണ്ണെറിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു അയാളെ ….

ആശുപത്രിയിലെ റിസൾട്ടിനോടൊപ്പം മടങ്ങിയിരുന്ന മറ്റൊരു കടലാസ്സ് വിറയ്ക്കുന്ന അവളുടെ വിരലുകളിലൂടെ അന്ന് ഊർന്നിറങ്ങിയപ്പോഴേക്കും പ്രതീക്ഷകളൊക്കെ അസ്തമിച്ചതുപോലെ തോന്നിപോയി സുറുമിക്ക് …!!

“ഒരുപാട് നാൾ ആലോചിച്ച ശേഷമാണ് ഈ തീരുമാനം … എന്നെ മനസ്സിലാക്കാൻ സുറുമിക്ക് കഴിയില്ല … അതുകൊണ്ട് തന്നെ തന്റെ സ്നേഹത്തിന് എനിക്ക് അർഹതയില്ല … നിക്കാഹിനു മുൻപേ തന്റെ സമ്മതം ചോദിക്കാതെ പോയത് എന്റെ തെറ്റായിരുന്നു ….!!

ഒരു പെൺകുട്ടിയേ കൂടെ കൂട്ടുമ്പോൾ അവളുടെ സ്വപ്നങ്ങൾക്ക് കാവൽ ക്കാരനാകണമെന്നായിരുന്നു എന്റെ ആഗ്രഹ൦ …എന്നാലിവിടെ തന്റെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാണ് ഞാൻ …!!

തലാക്കിന്റെ കടലാസ്സിൽ ഞാൻ ഒപ്പുവച്ചിട്ടുണ്ട് … താൻ പോയി കാണാൻ ഞാനാഗ്രഹിക്കുന്നില്ല … രണ്ടുദിവസത്തേക്ക് ഞാനൊരു യാത്ര പോവുകയാണ് …

കഴിയുമെങ്കിൽ യാത്രയാക്കാൻ ഞാനുമുണ്ടാകും …

സ്നേഹത്തോടെ … റിഹാൻ …”

വായിച്ചുതീർന്നതും തന്റെ മനസ്സിന്റെ പരുക്കൻ പാറക്കെട്ടുകളിൽ നിന്നും ദുഃഖം അണപൊട്ടിയൊഴുകുന്നത് അവളറിഞ്ഞു …

അലറിക്കരഞ്ഞുകൊണ്ട് ഒരു ഭ്രാന്തിയെപ്പോലെ അവൾ നിലത്തേക്ക് വീണു …

കൈവിട്ടുപോയത് നേടിയെടുക്കാനാവാത്ത സങ്കടം ചിതറിത്തെറിച്ചുകിടന്ന പുസ്തകങ്ങളിലേക്ക് അവൾ തീർത്തു …

ഓരോ നിമിഷവും റിഹാനെ തേടി അവൾ ….!!

അറപ്പോടെ മാത്രം നോക്കിയ അയാളുടെ ഉടുപ്പുകളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു …

പുതപ്പിൽ നിറഞ്ഞു നിന്ന അയാളുടെ വിയർപ്പിനെ ശ്വസിച്ചുകൊണ്ടുറങ്ങാൻ തുടങ്ങി …

രണ്ടുദിവസം കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങണം ….

തന്നെ യാത്രയാക്കാൻ വരുമെന്ന് മാത്രം അവസാനത്തെ വരികളിൽ കണ്ടു …

അതുവരെ തന്നെ കാണാതിരിക്കാനുള്ള വഴിയാണ് ഈ യാത്ര …

എവിടെയാണെന്നൊന്നു തിരക്കാൻ ഫോൺ നമ്പർ പോലുമറിയില്ലല്ലോ എന്നത് അവൾക്ക് അവളോട് തന്നെ അവജ്ഞ തോന്നിപ്പിച്ചു ….

കാത്തിരുന്ന ദിവസങ്ങളിലൊന്നും വരാഞ്ഞപ്പോൾ ഇനിയൊരിക്കലും വരില്ലെന്നവൾ തിരിച്ചറിഞ്ഞു …

തുറന്ന ബാഗുകളിൽ റിഹാന്റെ ഷർട്ടുകളും ഷൂസുകളും ഫോട്ടോകളും മാത്രമായി കുത്തിനിറക്കുമ്പോഴും അവൾ പിന്നെയും പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു ….

യാത്രയയക്കാൻ പോലും കാണാഞ്ഞപ്പോൾ അവൾ അണച്ച ഹൃദയത്തോടെ നാട്ടിലേക്ക് വന്നിറങ്ങി …

ഓടിവന്ന് ഉമ്മിയുടെ മടിയിൽ കിടന്ന് ഏങ്ങിയേങ്ങിക്കരഞ്ഞതുകൊണ്ട് അവരുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാനായില്ല …

കൊഴിഞ്ഞുപോയ നാളുകളോരോന്നും അവൾ പുസ്തകങ്ങളെ മറന്നു …കണ്ട കിനാവുകളെ വെടിഞ്ഞു …!!

കട്ട പുറംചട്ടയുള്ള പുസ്തകങ്ങളെ വീണ്ടും നീട്ടിയൊതുക്കി റിഹാന്റെ ഓർമ്മകളെ കെട്ടിപ്പിടിക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ മനസ്സിലാക്കിത്തുടങ്ങിയിരുന്നു അവളറിയാതെ അവൾ അയാളെ പ്രണയിച്ചുതുടങ്ങിയെന്ന് …!!

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് അവൾ അവസാന ആശ്രയത്തിനായി ഡയറി പരതി …

എവിടെയും കാണാഞ്ഞ് ചങ്കു പിടഞ്ഞവൾ അടിത്തട്ടിലെവിടെയോ വിടർന്നു കിടന്ന തലാക്കിന്റെ കടലാസ്സ് മെല്ലെ തുറന്നുനോക്കി …

ഒരുവശത്തുകണ്ട മഷിയടയാളം അവളുടെ നൊമ്പരത്തെ വീണ്ടും വീണ്ടും കീറിമുറിച്ചു ….

വാടിക്കരിഞ്ഞ മുഖത്തോടെ അവൾ അടുത്ത ഭാഗത്തും ഒപ്പുവച്ചതും പിന്നിൽ നിന്നാരോ എത്തിവന്നു കടലാസ്സ് പിടിച്ചെടുത്ത് നെറുകെ പിളർത്തിയതും ഒരുമിച്ചായിരുന്നു …

“റി..ഹാ ..ൻ …”

വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ മന്ത്രിച്ചു …

വിങ്ങിപ്പൊട്ടിക്കൊണ്ട് അയാളുടെ മാറിലേക്ക് തളർന്നുവീഴുമ്പോൾ അവളെ ഇറുകെ പുണരുന്നുണ്ടായിരുന്നു റിഹാൻ …

“എവിടായിരുന്നു നിങ്ങള് …??

ഞാൻ …ഞാനെവിടെല്ലാം തിരഞ്ഞു …ഒന്ന് കാണാൻ …എന്നെ ഒറ്റയ്കാകീട്ട് എന്തിനാ പോയെ …!!”

ദേഷ്യവും വിഷമവും കൊണ്ട് അയാളുടെ ഷർട്ടിന്റെ അതിർവരമ്പുകൾ ലംഖിച്ച് നെഞ്ചത്ത് അവളുടെ നീണ്ട നഖങ്ങൾ ആഴ്ന്നിറങ്ങി …

അയാൾ മെല്ലെ അവളുടെ തട്ടത്തിൽ പൊതിഞ്ഞ മുഖം തന്നിലേക്കടുപ്പിച്ചു …

“എന്നിട്ടാണോ …??ഇത്രയും ഇഷ്ടം ഉള്ളിലുണ്ടായിട്ടാണോ ഇതിലൊപ്പുവെക്കാൻ പോയെ ഇയ്യ്‌ …”

“ഇങ്ങളൊപ്പുവച്ചില്ലേ… എന്നെ വേണ്ടാഞ്ഞിട്ടല്ലേ അത് …”

അയാളുടെ കൈകളിൽ ശിരസ്സിട്ടടിച്ചുകൊണ്ട് അവൾ തേങ്ങി …

“അല്ലെടോ പാത്തൂട്ടി ..അന്റെ മൊഹബ്ബത്തിന്റെ ആഴമളക്കാനായിരുന്നു അത് …!!

കുറച്ചീസം എന്നെ കാണാണ്ടായപ്പോൾ ഇയ്യ്‌ സ്വയം കാണാണ്ടായപോലായില്ലേ …

അതീന്ന് എനിക്ക് മനസ്സിലായി …”

“എന്ത് മനസ്സിലായീന്ന്…??”

അവൾ സംശയത്തോടെ പുരികം വളച്ചു …

മറുപടിയായി അവളുടെ വിടർന്നുകൂമ്പിയ ഇമകളിൽ അയാൾ ചുംബനം നൽകി …

“ഈ കഴിഞ്ഞുപോയ തന്റെ കിനാവുകളിലെല്ലാം എന്റെ മുഖത്തിനായിരുന്നു ഏറ്റവും വലിയ സ്ഥാനമെന്ന് ….!!!”

നാണത്തോടെ വിടർന്ന അവളുടെ കണ്ണുകളിൽ നോക്കി അയാൾ തുടർന്നു …

“എനിക്ക് വേണമെടോ …എന്റെ കുട്ടിയോളെ നോക്കാൻ ഒരു ഡോക്ടറെ …

എന്നെ നോക്കാൻ ഒരു മൊഞ്ചത്തിയെ …..!!”

അമ്പരന്നുനിന്ന അവളുടെ കയ്യിൽ കറുത്ത ഡയറി തിരികെയേൽപ്പിച്ചുകൊണ്ട് റിഹാൻ അവളുടെ കാതുകളിൽ അധരങ്ങൾ ഒളിപ്പിച്ചു …

“എന്റെ പ്രണയത്തിന് മറുമരുന്ന് നല്കാൻ ഈ ഉമ്മച്ചിക്കുട്ടിക്കെ കഴിയുള്ളൂ …!! അതോണ്ട് എന്റെ പെണ്ണ് ആ വൈദ്യം പഠിക്കാൻ തയ്യാറെടുത്തോളൂ …ഞാനുണ്ട് തന്റെ കൂടെ …!!”

മിഴികളടച്ചുകൊണ്ട് അയാളിൽ അലിയുമ്പോഴും സുറുമി പുതിയ കിനാവുകൾ കണ്ടുതുടങ്ങിയിരുന്നു ……

(പരസ്പരമൊന്ന് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളായിരിക്കും ഒരുപക്ഷെ മൗനം പാലിക്കുന്നതിലൂടെ വലിയ മുറിവുകളായി മാറുന്നത് … മറ്റേയാൾക്ക് എന്ത് തോന്നുമെന്ന സംശയത്തിൽ ഉള്ളിലുള്ള സ്വപ്നങ്ങളെ അടിച്ചമർത്താതിരിക്കണം എന്നുള്ള എന്റെ അഭിപ്രായം കഥയായി പറഞ്ഞുവെന്നു മാത്രം …ഈ കഥ എത്രത്തോളം നിങ്ങളുടെ മനസ്സിലെത്തിക്കാൻ കഴിഞ്ഞെന്നറിയില്ല …സുറുമിയെ ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു …
ലച്ചു …😇)

Related Posts

Leave a Reply

Your email address will not be published. Required fields are marked *