ഒരു തുലാമാസത്തിലായിരുന്നു ഞങ്ങളുടെ വിവാഹനിശ്ചയം. അക്കാലത്തിനുള്ളിൽ രണ്ടേ രണ്ടു പ്രാവശ്യമാണ് പ്രിയതമയെ നേരിട്ട് കണ്ടിട്ടുള്ളത്.ഒന്ന് പെണ്ണുകാണാൻ പോയപ്പോഴും……

സേവ് ദി ഡേറ്റ്

എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ

ഇന്നത്തെ കാലത്ത് യുവതീയുവാക്കൾ ‘സേവ് ദി ഡേറ്റ്’ എന്നൊക്കെ പറഞ്ഞു വിവാഹത്തിന് മുൻപ് കെട്ടിപ്പിടിച്ച് ഫോട്ടോയൊക്കെ എടുത്തു നടക്കണ കാണുമ്പോൾ മനസ്സിൽ ചെറിയൊരു അസൂയ തോന്നാറുണ്ട്. നമ്മുടെ കാലത്ത് ഇതിനൊന്നും കഴിഞ്ഞില്ലല്ലോ എന്നോർത്ത്.

നമുക്ക് ‘സേവ് ദി ഡേറ്റ്’ ഒക്കെയായിട്ട് ഒന്നുകൂടി കെട്ടിയാലോ എന്ന്‌ വാമഭാഗത്തോട് ഇടക്കൊന്നു ചോദിച്ചു നോക്കി.

“ആയിന് നിങ്ങക്കെന്നെ പൊക്കിയെടുത്തോണ്ട് ഫോട്ടോക്ക് പോസ് ചെയ്യാൻ പറ്റുമോ” എന്നായിരുന്നു മറു ചോദ്യം.

അതോടെ ആ ആഗ്രഹം ഉള്ളിലൊതുക്കി.

നമ്മളൊക്കെ വിവാഹം കഴിക്കുന്ന കാലത്ത് മൊബൈൽ ഫോൺ ഒക്കെ ഇറങ്ങി തുടങ്ങുന്നതേയുള്ളു. അതിന്റെ പ്രധാന ഉപയോഗം പട്ടിയെ എറിയാമെന്നതായിരുന്നു.

ലാൻഡ്‌ഫോൺ പോലും കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്ന കാലം

ഒരു തുലാമാസത്തിലായിരുന്നു ഞങ്ങളുടെ വിവാഹനിശ്ചയം. അക്കാലത്തിനുള്ളിൽ രണ്ടേ രണ്ടു പ്രാവശ്യമാണ് പ്രിയതമയെ നേരിട്ട് കണ്ടിട്ടുള്ളത്.ഒന്ന് പെണ്ണുകാണാൻ പോയപ്പോഴും പിന്നീട് നിശ്ചയത്തിനും.

അക്കാലത്തെ വധൂ വരന്മാരുടെ പ്രധാന ഹോബിയായ മസിലു പിടുത്തിൽ നിന്നും ഞങ്ങളും മോചിതരായിരുന്നില്ല.

കൂടുതൽ അയഞ്ഞു നിന്നാൽ ആളുകൾ നമ്മുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്താലോ.

എന്തായാലും നിശ്‌ചയദിവസം ഭാവി അളിയനിൽ നിന്നും അവരുടെ വീട്ടിലെ ഫോൺ നമ്പർ സൂത്രത്തിൽ ഒപ്പിച്ചെടുത്തു.

വീട്ടിൽ നിന്നും വിളിക്കാൻ പറ്റില്ല. അച്ഛനോ അമ്മയോ കേട്ടാൽ നാണക്കേടാണ്.

അനിയനാണെങ്കിൽ ചെവിയും കൂർപ്പിച്ചു നടക്കുകയാണ്. എന്തെങ്കിലും ഒന്ന് വീണു കിട്ടാൻ.

ബൂത്തു തന്നെ ആശ്രയം. ഇനി കഷ്ടപ്പെട്ട് വിളിച്ചാൽ തന്നെ പ്രിയതമ അവിടെ ഉണ്ടാവണമെന്നുമില്ല. ചിലപ്പോൾ അമ്മായിയമ്മയായിരിക്കും ഫോണെടുക്കുന്നത്.അപ്പോൾ എന്തെങ്കിലും ലോക കാര്യങ്ങളൊക്കെ പറഞ്ഞ് അവസാനിപ്പിക്കും.

അങ്ങിനെയൊക്കെയാണെങ്കിലും ആദ്യ ആഴ്ച്ച ഒന്നു രണ്ടു പ്രാവശ്യം പെണ്ണുമായി സംസാരിച്ചു കുറച്ചു കോൺഫിഡൻസ് ഒക്കെ ഉണ്ടാക്കി.

അപ്പോഴേക്കും ശബരിമല സീസൻ ആയി.എല്ലാവർഷവും മലക്ക് പോകുന്നതിനാൽ ആ വർഷവും വ്രതം തുടങ്ങി.

സ്ത്രീ ചിന്തകളും ഇടപഴകലുകളും നിഷിദ്ധമായതിനാൽ വ്രതം തുടങ്ങിയതോടെ കെട്ടാൻ പോകുന്നവളെ കുറിച്ചുള്ള ചിന്ത കളെല്ലാം മനസ്സിൽ നിന്നും കാറ്റിൽ പറത്തി. നാല്പത്തിയൊന്നു ദിവസത്തെ വ്രതം ഒരു മുൻധാരണ പ്രകാരം ഒരു മാസമായി ചുരുക്കി.

സന്തോഷമായിത്തന്നെ മലക്ക് പോയി വന്നു.

തിരിച്ചു വീട്ടിൽ വന്നപ്പോൾ മുതൽ വീണ്ടും ഭാവിവധുവിനെ കുറിച്ചുള്ള സുഖമുള്ള ചിന്തകൾ മനസ്സിനെ ലോലമാക്കി.

വീട്ടിൽ നിന്നും ഫോൺ ചെയ്യാൻ മടി. ഹാളിലാണ് ഫോൺ ഇരിക്കുന്നത്. അതിനു ചുറ്റും TV കാണാനും മറ്റുമായി എപ്പോഴും ആരെങ്കിലുമൊക്കെയുണ്ടാകും.

പിറ്റേന്ന് ഓഫീസിൽ പോകുമ്പോൾ വിളിക്കാമെന്ന് തീരുമാനിച്ചു. അങ്ങിനെ ഓഫീസിൽ നിന്നും ഇറങ്ങിയ വൈകുന്നേരം ഞാൻ പ്രിയ മാനസിയെ വിളിച്ചു.

ഭാഗ്യത്തിന് ഫോൺ എടുത്തത് ആശിച്ചവൾ തന്നെ. മനസ്സിൽ ലഡ്ഡു പൊട്ടി.

ഫോൺ എടുത്ത വഴി തന്നെ അവൾ “അച്ഛനുണ്ട് കൊടുക്കാം” എന്നുപറഞ്ഞു.

മനസ്സിൽ പൊട്ടിയ ലഡ്ഡു കൂട്ടിയോജിപ്പിച്ചു കൊണ്ട് ഞാൻ സീരിയസ് ആയി.

“അച്ഛാ ഞാൻ രാജീവ് ആണ്. ശബരിമലക്കു പോയേക്കുകയായിരുന്നു.ഇന്നലെയാണ് വന്നത് “എന്നു പറഞ്ഞു.

“ഞാനും ശബരിമലക്ക് പോയേക്കുകയായിരുന്നു മോനെ. ഇന്നലെയാണ് വന്നത്” അങ്ങേ തലക്കൽ നിന്നും മറുപടി വന്നു.

‘ഇങ്ങേരിതെപ്പോ മലക്ക് പോയി എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ’ എന്ന ശങ്ക മനസ്സിലുദിച്ചു.

“തിരക്കുണ്ടായിരുന്നോ അച്ഛാ. നല്ല വണ്ണം തൊഴുകാൻ പറ്റിയോ”

എല്ലാ ശബരിമലക്കാരോടും ചോദിക്കുന്ന സ്ഥിരം ചോദ്യം ഞാൻ അമ്മായിഅച്ഛനോട് ആവർത്തിച്ചു.

“അത് നിനക്കറിഞ്ഞു കൂടെ നമ്മൾ ഒന്നിച്ചല്ലേ പോയത്.” അങ്ങേ തലക്കൽ നിന്നും കേട്ട ചോദ്യം എന്നെ ഞെട്ടിച്ചു.

ഞാൻ എപ്പോഴാണ് ഇങ്ങേരുടെ കൂടെ മലക്ക് പോയത്?

ഞാൻ ഒന്നും മിണ്ടാതെ ആലോചിച്ചു നിന്നു

അപ്പോൾ അങ്ങേ തലക്കൽനിന്നും പൊട്ടിച്ചിരിയോടെ പ്രതിശ്രുത വധുവിൻ്റെ ശബ്ദം മുഴങ്ങി

“ചേട്ടാ എന്റെ അച്ഛനല്ല ഇതു ചേട്ടന്റെ അച്ഛനാ”

അവൾ വീണ്ടും അച്ഛന് ഫോൺ കൈമാറി.

“മോനേ ഇതു ഞാനാടാ.നിന്റെ അച്ഛൻ ഞാനും അമ്മയും കൂടെ മോൾക്ക് ശബരിമല പ്രസാദം കൊടുക്കാൻ വന്നതാ. ഞങ്ങൾ ഇപ്പോൾ തന്നെ തിരിക്കും. വീട്ടിൽ വച്ചുകാണാം

“ഞാൻ പ്ലിങ്ങോട് പ്ലിംഗ്.

എന്തായാലും ആ ദിവസം ഞാനെന്റെ മനസ്സിൽ സേവ് ചെയ്തു.

‘സേവ് ദി ഡേറ്റ്’

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *