പാവപ്പെട്ട വീട്ട്ന്ന് പൈസക്കാരാട്ക്ക് കെട്ടിച്ച ഒരു ഫീൽ ആയിരുന്നു ഇവിടെ വന്നപ്പോ…. കുറേ സ്റ്റാഫും ഡോക്ടർമാരും ഇഷ്ടം പോലെ മരുന്നും…

അ വിഹിതം

Story written by shabna shamsu

ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നിട്ട് 8 മാസം ആവുന്നുള്ളൂ … അതിന് മുമ്പ് വളരെ ചുരുങ്ങിയ സൗകര്യങ്ങളുള്ള ഒരു ചെറിയ ഹെൽത്ത് സെൻ്ററിൽ ആയിരുന്നു.

പാവപ്പെട്ട വീട്ട്ന്ന് പൈസക്കാരാട്ക്ക് കെട്ടിച്ച ഒരു ഫീൽ ആയിരുന്നു ഇവിടെ വന്നപ്പോ…. കുറേ സ്റ്റാഫും ഡോക്ടർമാരും ഇഷ്ടം പോലെ മരുന്നും തിരക്കും ആകെക്കൂടി ഒരു ജഗപൊക..

ജോയ്ൻ ചെയ്ത് പിറ്റേ ആഴ്ച ഔട്ട് റീച്ച് മെഡിക്കൽ ക്യാമ്പിനായി ഒരു ആദിവാസി കോളനിയിലേക്ക് പോവുകയാണ്..സ്ഥിരമായി പൊയ്ക്കൊണ്ടിരുന്ന ആൾ അന്ന് ലീവായതിനാലാണ് എന്നെ ഇട്ടത്. ഹോസ്പിറ്റലിൻ്റെ തന്നെ പുരാതന സ്വത്തായ ജീപ്പിലാണ് യാത്ര…

ഡ്രൈവറെ കൂടാതെ ഡോക്ടറും ഒരു നഴ്സും ഒരു കമ്പോണ്ടറും പിന്നെ ഞാനും. നമ്മുടെ അകന്ന ബന്ധത്തിലൊക്കെ ആരേലും മരിച്ചാ ഓരോ വീട്ട്ന്ന് ഓരോ ആള് വെച്ച് നമ്മള് വണ്ടി വിളിച്ച് പോവൂലെ.. അത് പോലെയാണ് ആ യാത്ര എനിക്ക് തോന്നിയത്

ആരും ആരും ഒന്നും സംസാരിക്കുന്നില്ല..എനിക്കാണെങ്കി മിണ്ടാതിരുന്നിട്ട് ചുണ്ടും ചിറിയും വേദനായി തുടങ്ങി. മുമ്പിലിരിക്കുന്ന ഡോക്ടർ ജീപ്പിൻ്റെ ഡാഷ് ബോഡിൽ മനോഹരമായി താളം പിടിച്ച് തലയൊക്കെ ആട്ടി ആസ്വദിച്ചാണ് യാത്ര.

ആസ്വാദനം കണ്ടാലറിയാം, സാറിൻ്റെ ഉള്ളില് ഒരു ഗംഭീര കച്ചേരി നടന്നോണ്ടിരിക്കാണെന്ന്,,, ഞാനെൻ്റെ മുമ്പത്തെ പാവപ്പെട്ട വീട്ടിലെ മെഡിക്കൽ ക്യാമ്പിനെ കുറിച്ചോർത്തു. അഷറഫ്ക്കാൻ്റെ ജീപ്പില് പാട്ടൊക്കെ വെച്ചിട്ടാ ഞങ്ങള് പോവാ.

വീട്ട്ന്ന് കൊണ്ടോന്ന കോഴിയട വണ്ടീന്ന് എല്ലാരുടി തിന്നും. പോവുന്ന വഴിക്ക് ഗുഡ്സ് വണ്ടീല് ഓറഞ്ച് കാണുമ്പോ അത് വാങ്ങിക്കും..

അതും കഴിഞ്ഞ് മരുന്ന് പെട്ടിയൊക്കെ തലയിൽ ചുമന്ന് വണ്ടി പോവാത്ത വഴിയിലൂടെ കോളനികളിലേക്ക് പോവും….. ഹാ …. ഒരു ദീർഘ നിശ്വാസം,എ വിടന്നോ എന്തിനോ വേണ്ടി വന്നു.

അങ്ങനെ ഉന്തീം തള്ളീം ഉരുണ്ടുരുണ്ട് ജീപ്പ് കോളനിയിലെത്തി. ഡോക്ടറും നഴ്സും കമ്പോണ്ടറും കൂടെ വീടുകളിൽ പോയി പരിശോധന തുടങ്ങി. എന്നോട് ജീപ്പിൽ തന്നെ ഇരുന്ന് മരുന്ന് കൊടുത്തോളാൻ പറഞ്ഞു. രോഗികൾ അങ്ങോട്ട് വന്ന് വാങ്ങിക്കാൻ തുടങ്ങീ…

ഒട്ടും തിരക്കില്ല. ഭയങ്കര ബോറടി. ഡ്രൈവർക്കാണെങ്കി അപാര ഗമ.. ക…മാ… ന്ന് മുണ്ട്ന്നില്ല … കുറേ കഴിഞ്ഞ് അയാളൊന്ന് തിരിഞ്ഞ് നോക്കി.

“ജ്ജ് പുതിയ ആളാണോ “

“ആ ”

“ഇതിൻ്റെ മുമ്പ് കണ്ടീല്ല …അതാ ചോയ്ച്ചത്… എത്താപ്പോ അൻ്റെ പേര് “

” പേര് ഷബ്ന.. ഒരാഴ്ച ആയുള്ളൂ വന്നിട്ട് “

“അയ്സരി…. എവടായ്നു ഇത് വരെ “

“കൽപ്പറ്റ “

“അൻ്റെ വീടെവ്ടാ “

” കൽപ്പറ്റ “

“കല്യാണം കയിഞ്ഞ് ക്ക്ണാ “

“ആ “

“മാപ്പൾക്കെത്താ പണി “

“മെഡിക്കൽ ഷോപ്പാ “

“യേ…. രണ്ടാളൂടി മര്ന്ന് മ്മലാ കൂടീക്കണത് ലേ”

“ഹാ ” മെല്ലെയൊന്ന് ചിറി കോട്ടി . തിരിച്ചെന്തേലൊന്ന് ചോയ്ക്കണ്ടേന്ന് വെച്ച് ങ്ങള് മലപ്പൊർത്താണോന്ന് ചോദിച്ചു.

“ഹാ… ന്തെയ്നു… “

” അല്ല. ഭാഷ കേട്ടപ്പം ചോയ്ച്ചതാ … താമസം അപ്പോ എവിടെയാ “

“ഹോസ്പിറ്റൽൻ്റെ തായത്ത് കോട്ടേയ്സി ലാ …. പെണ്ണുങ്ങളും കുട്ടിയും നാട്ടിലാ”

“ഉം “

സംസാരിക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തില് ഞാൻ ഒന്നൂടി ഒന്ന് ഒതുങ്ങിയിരുന്നു. പേര് ചോയ്ച്ചില്ല… ഷുക്കൂറോ റഫീക്കോ ആയിരിക്കും. അപ്പളേക്കും മൂപ്പർക്കൊരു ഫോണ് വന്നു.

“എൻ്റെ അഞ്ചൂ… എത്ര നേരായി ഞാൻ വിളിക്കുണൂ… എവ്ടെയ്നു ജ്ജ്മെ സേജ് അയച്ച് ട്ടും കാണ്ന്നില്ല… ആപ്പാടെ ബേജാറായി “

അപ്പുറത്ത് ന്ന് എന്തോ പറഞ്ഞു. ” തന്നെ… അമ്മ ണ്ടോ …. ന്നാ പിന്നെ പോയിറ്റ് വിളിക്ക്… മറക്കല്ലെ ട്ടാ…”

പെട്ടെന്നാണ് എൻ്റെ ഉള്ളിലെ സദാചാ രം ഉണർന്നത്… മുസ്ലിമായ ഇയാൾ അഞ്ചൂനെ വിളിച്ച് അമ്മൻ്റെ കാര്യൊക്കെ ചോയ്ക്കണേൽ ഇത് അതെന്നെ,,,,,

-അ വിഹിതം –

അയ്യേ… ഇമ്മായിരിയാ ഇയാള് . പെണ്ണും കുട്ടിയും നാട്ടിലാണോലെ. മൂപ്പരിവിടെ കെട്ട്യോളെ വിളിക്കണ മാതിരി വേറെ പെണ്ണിനെ വിളിച്ച് കിന്നരിക്കാ….

ഇനിപ്പോ അമ്മ പോയിറ്റ് വിളിക്കാനാ രണ്ടാളേം പരിപാടി… മോശം മോശം ഇങ്ങൻത്തെ ടീമിനോട് മുണ്ട്ണതേ എനിക്കിഷ്ടല്ല….

അങ്ങനെക്യാമ്പൊക്കെ കഴിഞ്ഞ് ഞങ്ങള് തിരിച്ച് പോന്നു. പിന്നീട് ഒന്ന് രണ്ട് വട്ടം അയാളെ കണ്ടെങ്കിലും വല്യ മൈൻഡാ ക്കാനൊന്നും നിന്നില്ല.

രണ്ടാഴ്ച കഴിഞ്ഞ് ഡ്യൂട്ടിക്ക് ഞാനും നിഷാദും ഉള്ള ഒരു ദിവസം,.. ഇയാൾ തിരക്കിട്ട് പാഞ്ഞ് വരുന്നുണ്ട്.

” നിഷാ ദേ… മൂക്ക്ന്ന് ചീരാപ്പൊൽച്ച്ട്ട് തായോട്ടും മേലോട്ടും നോക്കാൻ വെയ്യ. ഈ മരുന്നൊന്ന് വേം കൊണ്ടാ,, നാട്ടില് പോവാ. പെണ്ണും പിള്ള ലേബർ റൂമിലാ…. അടുത്ത ആഴ്ചയാ date പറഞ്ഞത്… ഇന്ന് വേദന തുടങ്ങി കൊണ്ടോ യ് ക്കുണൂ”

ഓ….. നന്നായി.പെണ്ണും പിള്ളേനെ പെറാൻ മുട്ടിയപ്പളെങ്കിലും ഓർത്തല്ലോ..നല്ല കാര്യം… ഞാൻ മനസിൽ പറഞ്ഞു. നിഷാദ് ശീട്ട് എൻ്റെ കയ്യിൽ തന്ന്ട്ട് ഇതൊന്ന് വേഗം എടുത്ത് കൊടുക്കെന്ന് പറഞ്ഞു. ഞാൻ എല്ലാം എഴുതി പാക്ക് ചെയ്ത് ശീട്ടില് ടിക്ക് ഇടുമ്പോ ആണ് ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്.

പുഷ്പരാജ്.. വയസ്: 38

എൻ്റെ കണ്ണ് രണ്ടും തള്ളി ഏകദേശം പുറത്തോട്ട് വരാനായി. ഞാൻ നോക്കുമ്പോ അയാൾ ഏകദേശം 8 മാസമായ കുംബ പള്ളേല് കയ്യും വെച്ച് ബേജാറാണെങ്കിലും അതീവ നിഷ്ക്കളങ്കനായി നിക്കുന്നു.

“ഇവളെന്താ ഈ തൊള്ളേലോക്കി നിക്കണത്.. വേഗം കാട്ടിയാ…”

“അല്ലാ…. ഈ പുഷ്പരാജ് ആരാ”

“ഇയ്യെവ് ടുത്തെ ഫാർമസി സ്റ്റാ…. പുഷ്പരാജിൻ്റെ ശീട്ടില് സുലൈമാൻ ന്ന് എഴുതോ “

“അല്ലാ.. അപ്പോ ങ്ങള് മുസിൽമല്ലേ.. “

“ജാതിയൊക്കെ ഞാൻ വന്ന്ട്ട് പറയാ… അമ്മയും അഞ്ചും മാത്രേ ഉള്ളൂ ഹോസ്പിറ്റലിൽ…”

അതും പറഞ്ഞ് അയാൾ പുറത്തേക്കോടി. അന്ന് ഫോൺ വിളിച്ചത് സ്വന്തം ഭാര്യയെ ആയിരുന്നു …അമ്മേനേം കൂട്ടി ചെക്കപ്പിന് പോയിട്ട് വിളിക്ക് എന്നായിരുന്നു അന്ന് പറഞ്ഞത് …

ൻ്റെ റബ്ബേ…. പൃഥ്വിരാജിനേക്കാൾ ഭാര്യയെ സ്നേഹിക്കുന്ന പിണറായിയേക്കാൾ കരുതലുള്ള ഈ മനുഷ്യനെ ആണല്ലോ എൻ്റെ സദാചാരത്തിൻ്റെ വൃത്തി കെട്ട ചിന്തകൾ ചൂഴ്ന്ന് തിന്നതെന്നോർത്ത് ഞാൻ ലജ്ജാവതിയായി സൂർത്തുക്കളെ… ലജ്ജാവതിയായി….

❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *