ഒരു മഴയുള്ള രാത്രിയായിരുന്നു ഇത്താത്തയ്ക്ക് വേദന തുടങ്ങിയത്. ഹോസ്പിറ്റലിലേക്ക് പുറപ്പെടാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ പുറത്ത് മിക്കുവിന്റെ……..

എഴുത്ത് :- വൈദേഹി വൈഗ

ഗർഭിണിയായ പെങ്ങളെ പ്രസവത്തിനു വേണ്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന അന്നേദിവസമാണ് തവിട്ടിൽ ചാരനിറം കലർന്ന ആ നായയും വീട്ടിലെത്തിയത്. പൊതുവെ മൃഗങ്ങളെ ഇഷ്ടമല്ലാത്ത ഉപ്പയും ഉമ്മയും എവിടുന്നോ കേറിവന്നൊരു തെരുവുപട്ടിയായിരുന്നിട്ടുകൂടി അതിനെ ആട്ടിയകറ്റുകയോ ഇറക്കിവിടുകയോ ചെയ്യാത്തതിൽ എനിക്ക് അത്ഭുതം തോന്നാതിരുന്നില്ല.

ഇത്ത വന്നതോടെ വീട് ശരിക്കുമൊരു വീടായി മാറി, നിക്കാഹ് കഴിഞ്ഞ് അവളീ വീട് വിട്ട് പോയപ്പോൾ കെട്ടുപോയ സന്തോഷത്തിന്റെ വിളക്കുകൾ ഉന്തിയ വയറും വീർത്ത കാലുമായി ഓടിനടന്നു തെളിയിക്കുന്നത് നോക്കിയിരുന്നു കണ്ണു നിറഞ്ഞത് ഞാൻ പോലുമറിയാതെയായിരുന്നു. അപ്പോൾ ഉള്ളിന്റെയാഴങ്ങളിൽ നിന്നെവിടെയോ നിന്നൊരു കുസൃതി കൊഞ്ചൽ എന്റെ കാതിൽ വന്നലച്ചു,

അടുക്കളയിൽ ഉമ്മ വറുത്തു കോരിയ നെയ്‌മുറുക്കിന്റെ വാസന മൂക്കു തുളച്ചപ്പോൾ, ഇതുവരെ ഒരു തോട്ടി കൊണ്ടുപോലും മാങ്ങയടത്തിട്ടില്ലാത്ത വാപ്പ തൊടിയിലെ മാവിൽ നിന്നും നിലംതൊടാത്ത നല്ല പുളിയുള്ള പച്ചമാങ്ങയുമായി കേറിവന്നപ്പോൾ, ഇന്നേവരെ അവൾ ഈ വീട്ടിലുണ്ടെന്ന് മൈൻഡ് പോലും ചെയ്യാതിരുന്ന ഈ ഞാൻ പോലും അവളുടെ ബെഡും കിടക്കവിരിയും തട്ടിക്കുടഞ്ഞപ്പോൾ, ഞാനോർക്കുകയായിരുന്നു… “ഒരു സ്ത്രീ ഗർഭം ധരിക്കുമ്പോൾ, അവളോടൊപ്പം അവളുടെ കുടുംബവും ഗർഭം ധരിക്കുന്നു…..”

അവളുടെ ഇഷ്ടങ്ങളൊക്കെ മാറിയിരിക്കുന്നു. പണ്ട് ഒരു പൊരിച്ചമീൻ ഞാൻ എടുത്തതിനു ഈ വീട് ഇളക്കിമറിച്ചവളാണ്, ഇന്നവളുടെ പ്ളേറ്റിലെ പൊരിച്ചമീനൊക്കെയും എനിക്ക് തന്നിട്ട് സ്നേഹത്തോടെ നെറുകയിൽ തലോടിയത്…. കണ്ണുനിറഞ്ഞത് ചിക്കന്റെ എരിവ് കൊണ്ടാണെന്ന് പറഞ്ഞെങ്കിലും പറഞ്ഞത് കള്ളമാണെന്ന് അവൾക്കും മനസിലായത് കൊണ്ടായിരിക്കും അവളുടെ കണ്ണും നിറഞ്ഞത്……

ഊണ് കഴിഞ്ഞു വീടൊന്ന് മയങ്ങിയപ്പോൾ ഞാൻ വടക്കുപുറത്തേക്ക് വെറുതെ കാറ്റുകൊള്ളാനിറങ്ങി, അപ്പോഴാണ് ഉമ്മച്ചി നായയ്ക്ക് ചിക്കന്കറിയും കൂട്ടി ചോറ് കൊടുക്കുന്നത് കണ്ടത്. ഈ ഉമ്മച്ചിക്കിതെന്ത് പറ്റി?, രണ്ട് ദിവസം മുൻപ് ഒരു പൂച്ചയെ കൊണ്ടുവന്നാലോ എന്ന് ചോദിച്ചതിന് ഉപ്പയും ഉമ്മയും കൂടി ഇനിയെന്നെ പറയാനൊന്നും ബാക്കി വച്ചിട്ടില്ല, എന്നിട്ടാണിപ്പോ…. എന്റെ ഉള്ളിൽ രോഷം പതഞ്ഞു പൊങ്ങി.

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്, ആർത്തിയോടെ ആഹാരം കഴിക്കുന്ന നായയുടെ തവിട്ട് രോമമുള്ള ഉന്തിയ വയറ്, ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോൾ വീർത്ത വയറിലെ അനക്കവും ഞാൻ കണ്ടു, എന്റെ ദേഹമാകെ കോരിത്തരിച്ചു. അമ്മക്ക് ആഹാരം കൊടുത്തതിന്റെ നന്ദിപ്രകടനമാണോ ഗർഭപാത്രത്തിന്റെ ഉള്ളിൽ കിടന്ന് ആ കുരുന്നുജീവൻ കാട്ടിയത് എന്നോർത്തപ്പോൾ എന്റെ ശ്വാസം വിലങ്ങി…

ദിവസങ്ങൾ പലത് കടന്നു, അടുക്കളയിൽ വറുത്തു കോരുന്ന പലഹാരങ്ങളിലും കറികളിലുമൊരു പങ്ക് ആ ജീവനായ് മാറ്റി വയ്ക്കൽ പതിവായി, എല്ലാവരു മറിഞ്ഞൊരു രഹസ്യമായി പറമ്പിലും അടുക്കളപ്പുറത്തും പരിസരത്തുമായി അവൾ സ്വൈര്യം വിഹരിച്ചു. അവൾക്ക് മിക്കുവെന്ന് പേരിട്ടത് ഇത്താത്തയും ഉമ്മച്ചിയും കൂടിയായിരുന്നു. വിളിപ്പേര് സ്ഥിരമായപ്പോഴാണ് പേരിന്റെ ഉപജ്ഞാതാവ് ഉപ്പച്ചിയായിരുന്നു എന്ന സത്യം വെളിപ്പെട്ടത്. അതെന്നെയും ഇത്തയെയും കുറച്ചൊന്നുമല്ല ഞെട്ടിച്ചത്….

ഒരു മഴയുള്ള രാത്രിയായിരുന്നു ഇത്താത്തയ്ക്ക് വേദന തുടങ്ങിയത്. ഹോസ്പിറ്റലിലേക്ക് പുറപ്പെടാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ പുറത്ത് മിക്കുവിന്റെ ഞരക്കം കേട്ടു, പുറത്തേക്കിറങ്ങി നോക്കാതിരിക്കാൻ എനിക്കായില്ല, ചുവരിനോട് ചേർന്നു മഴയിൽ കിടക്കുകയായിരുന്നു അവൾ, പ്രസവവേദനയിൽ പുളയുകയായിരുന്നു മിക്കുവും….

കോരിച്ചൊരിയുന്ന മഴയിൽ അവളെ അങ്ങനെ ഉപേക്ഷിച്ചു പോകാൻ എനിക്കാകുമായിരുന്നില്ല. ചായ്പ്പ് തുറന്നു കൊടുത്ത്, നിലത്ത് എന്റെയൊരു പഴയ ടീഷർട്ടും വിരിച്ചു കൊടുത്തിട്ടാണ് ഞാൻ കാറെടുക്കാനായി മുറ്റത്തേക്ക് ഓടിയത്. തുണിയിലേക്ക് കയറിക്കിടന്ന് എന്നെ നന്ദിയോടെ നോക്കുന്ന മിക്കുവിന്റെ മഴനനഞ്ഞ മുഖം ഒരു മിന്നായം പോലെയേ കണ്ടുള്ളൂവെങ്കിലും ആഴത്തിൽ മനസിനെ സ്പർശിക്കുന്നതായിരുന്നു,

ഇരട്ടിമധുരം പോലെ അന്നേരാത്രിയിൽ കുടുംബത്തിലെ രണ്ട് പെണ്ണുങ്ങൾ പ്രസവിച്ചു. പക്ഷെ സന്തോഷത്തിന് പടച്ചോൻ അധികം ആയുസ്സ് തന്നില്ല. മാലാഖ പോലൊരു ചോരക്കുഞ്ഞിനെ കൈയിൽ തന്നിട്ട് ഇത്താത്ത അങ്ങ് പോയി ;

കണ്ണുനീരോടെ കുഞ്ഞിനേയും കൊണ്ട് വീട്ടിൽ വന്നുകേറിയ ഞങ്ങളെ കാത്തിരുന്നതും നൊമ്പരമായിരുന്നു. പെങ്ങളെ യാത്രയാക്കി, അവൾ ബാക്കി വച്ചുപോയ ശൂന്യതയിൽ ഇരുന്നപ്പോഴാണ് നേരിയ, ദീനമായൊരു കരച്ചിൽ കേട്ടത്. ചായ്പ്പിൽ നിന്നാണാ കരച്ചിൽ എന്ന് മനസിലായപ്പോൾ ഉള്ളൊന്നു നീറി.

ഓടിച്ചെന്നു നോക്കുമ്പോഴേക്കും അവളും പോയിരുന്നു, ഇനിയൊരിക്കലും തിരികെവരാനാകാത്തത്രയും ദൂരത്തേക്ക്….

അമ്മ മരിച്ചത് പോലുമറിയാതെ ആ തണുത്തുറഞ്ഞ ശരീരത്തോട് ചേർന്ന് കരയുന്ന കുഞ്ഞിനെ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ആ ശൂന്യതയിൽ തറഞ്ഞു നിന്നപ്പോൾ പിന്നിലൊരു കാൽപ്പെരുമാറ്റം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ഉപ്പച്ചിയാണ്, ആ കണ്ണുകളും തുളുമ്പിയിരുന്നു…

“അമ്മയില്ലാത്ത കൊച്ചിനെ വളർത്തുന്നത് കഷ്ടപ്പാടാ… പക്ഷെ അതൊന്നും അറിയിക്കാതെ വളർത്തണം… നമുക്ക് വളർത്തണം നമ്മടെ കൊച്ചുങ്ങളെ….”

ഇടർച്ചയോടെ ഉപ്പച്ചിയത് പറയുമ്പോൾ ആ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയാനേ അന്നേരം എനിക്കായുള്ളൂ….

വർഷങ്ങൾക്കിപ്പുറം വീട്ടുമുറ്റത്ത് ഒരു മൂന്നരവയസ്സുകാരിയും അതേ പ്രായത്തിലൊരു നായയും ഓടിക്കളിക്കുന്നതും നോക്കി ഈ ഉമ്മറത്തിങ്ങനെ യിരിക്കുമ്പോൾ, ഓർമ്മകൾ പുകമറയായി ചുണ്ടോരം ചേർന്നൊരു പുഞ്ചിരി സമ്മാനിച്ചു…

അപ്പോൾ കാണാമറയാതെവിടെയോ ഇരുന്ന് ഇത്താത്തയും മിക്കുവും എന്നെ നോക്കുന്നുണ്ടെന്ന് എനിക്ക് തോന്നി, കണ്ണുനിറയുന്നുണ്ടായിരുന്നുവെങ്കിലും മനസ്സ് നിറയെ സന്തോഷമായിരുന്നു അന്നേരം………

Related Posts

Leave a Reply

Your email address will not be published. Required fields are marked *