കുടുംബത്തിൽ ഒരാഘോഷമോ മറ്റെന്തെങ്കിലും ചടങ്ങുകളോ നടന്നാൽ പലരും അവരെ അകറ്റിനിർത്തി. ആർക്കെങ്കിലും ദയതോന്നി പറഞ്ഞറിഞ്ഞു ചെന്നാലോ….

Story written by Sumi

മുന്നോട്ട് ജീവിക്കാൻ മാർഗ്ഗമില്ലാതെ സിന്ധു പലരുടെ മുന്നിലും കൈനീട്ടി. ചെറുതെങ്കിലും ഒരു ജോലിയുണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് കരുതിയാണ് പലരോടും കെഞ്ചി നോക്കിയതും. പക്ഷെ ഒരാൾക്കും അവളുടെ മനസ്സ് കാണാനോ, അവസ്ഥ മനസ്സിലാക്കാനോ കഴിഞ്ഞില്ല. ഒരു ജോലിയ്ക്കായി കൈനീട്ടുമ്പോൾ ചിലരുടെ മുഖത്തെ പരിഹാസ ഭാവം അവളെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു. എങ്കിലും മുന്നോട്ട് ജീവിക്കാൻ നിർബന്ധിതയായിരുന്നു അവളും.

രോഗിയായ ഭർത്താവിനെയും പഠിക്കാൻ മിടുക്കരായ മക്കളെയും സംരക്ഷിക്കേണ്ടത് സിന്ധു എന്ന സ്ത്രീയുടെ ചുമതലയായി മാറിയിരിക്കുന്നു. ഒരാളുടെ മുന്നിലും കൈനീട്ടേണ്ടി വരരുത്, ആർക്കും ഒരു ഭാരമാകരുത് എന്നൊക്കെ ചിന്തിച്ചു തുടങ്ങിയ ജീവിതം, പക്ഷെ ഇന്ന് മറ്റുള്ളവർക്ക് ഒരു ശല്യമായിരിക്കുന്നു. എന്തു ചെയ്യുമെന്നോ എങ്ങോട്ട് പോകുമെന്നോ അറിയില്ല. വിശന്നു കരയുന്ന മക്കളെ നെഞ്ചോടു ചേർത്ത് നിശബ്ദമായി തേങ്ങിയ രാവുകളിൽ നിറഞ്ഞുവന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു. ആ ഹൃദയത്തിന്റെ നൊമ്പരം കാണാൻ ആരുമുണ്ടായിരുന്നില്ല.

ബാധ്യതയുടെയും കൊടുത്ത സ്ത്രീധനത്തിന്റെയും കണക്കുപറഞ്ഞ് സ്വന്തം വീട്ടുകാർ അകറ്റി നിർത്തിയപ്പോൾ അവരിൽ നിന്നും മൗനമായി പിന്മാറിയവൾ. സിന്ധു ഒരു സ്ത്രീയാണ്. ഭർത്താവിന്റെ രോഗാവസ്ഥയും ബാധ്യതകളും മുതലെടുത്ത് പലരും അവളുടെ ശ രീരത്തിന് വിലപേശി. എന്തു സഹായത്തിനും ഒന്നു വിളിച്ചാൽ ഓടിയെത്താമെന്നു പറഞ്ഞ് പല മാന്യന്മാരും വെളുക്കെ ചിരിച്ചുകൊണ്ട് അവളെ സമീപിച്ചു. പക്ഷെ ശരീരം വി റ്റ് ജീവിക്കാൻ അവൾ ഒരിക്കലും തയ്യാറായിരുന്നില്ല.

കുടുംബത്തിൽ ഒരാഘോഷമോ മറ്റെന്തെങ്കിലും ചടങ്ങുകളോ നടന്നാൽ പലരും അവരെ അകറ്റിനിർത്തി. ആർക്കെങ്കിലും ദയതോന്നി പറഞ്ഞറിഞ്ഞു ചെന്നാലോ കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും കൊണ്ട് ചിലരെങ്കിലും അവളെ വേദനിപ്പിക്കും. അവിടെയും ഒറ്റപ്പെട്ട്, ഒരു അനാഥയെപ്പോലെ നിറകണ്ണുകളുമായി വീട്ടിലേയ്ക്ക് മടങ്ങും. ജീവിതം ഒരു ചോദ്യചിഹ്നംപോലെ അവൾക്കുമുന്നിൽ നിറഞ്ഞു നിന്നു.

പല സ്ഥലങ്ങളും പൊളിഞ്ഞു വീണുതുടങ്ങിയ ആ ചെറിയ വീട്ടിൽ മക്കളെയുംകൊണ്ട് കിടക്കാൻ തന്നെ അവൾക്ക് പേടിയായിരുന്നു. ആകെയുള്ള രണ്ടു മുറികളിൽ ഒന്നിൽ കിടപ്പുരോഗിയായ ഭർത്താവ്. പിന്നെയുള്ള ഒരു മുറിയിലാണ് ആഹാരം ഉണ്ടാക്കുന്നതും കിടക്കുന്നതുമെല്ലാം. കാറ്റൊന്ന് ആഞ്ഞു വീശിയാൽ ഒരുപക്ഷെ അത് തകർന്ന് വീണാലോ എന്ന് പേടിച്ച് കുട്ടികളെയും നെഞ്ചോട്‌ ചേർത്ത് കിടക്കും. എല്ലാംകണ്ട് നിശബ്ദനായി ഒരു മുറിക്കുള്ളിൽ, ഒന്ന് തിരിഞ്ഞു നോക്കാൻപോലും കഴിയാതെ കിടക്കുന്ന അജയന്റെ കണ്ണുകളിൽ നിന്നും നീർതുള്ളികൾ ഒഴുകികൊണ്ടേയിരിക്കുന്നുണ്ടാകും.

നിശബ്ദനായി കിടക്കുന്ന ആ മനുഷ്യന്റെ മനസ്സിൽ പഴയ ജീവിതത്തെകുറിച്ചുള്ള ചിന്തകൾ ഓടിയെത്തും. ആഡംബരങ്ങൾക്ക് നടുവിൽ അല്ലെങ്കിലും പട്ടിണിയില്ലാതെ അന്തസ്സായിട്ടാണ് അയാൾ തന്റെ ഭാര്യയെയും രണ്ടു കുട്ടികളെയും നോക്കിയിരുന്നത്. ഓട്ടോ ഡ്രൈവറായ അജയൻ ഏറെ മോഹിച്ചാണ് സിന്ധു എന്ന പെണ്ണിനെ സ്വന്തമാക്കിയത്. വളരെ പാവപ്പെട്ട വീട്ടിലെ പെൺകുട്ടി, അത്യാവശ്യം നന്നായി പഠിക്കുകയും ചെയ്യും. കൂലിപ്പണിക്കാരായ മതാപിതാക്കൾക്ക് മകളെ പഠിപ്പിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ആറു പെൺകുട്ടികളിൽ മൂത്തവൾ. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ വീട്ടുകാർ അവൾക്ക് വേണ്ടി വിവാഹാലോചനകൾ തുടങ്ങിയിരുന്നു. അങ്ങനെ ആ നാട്ടിൽ തന്നെയുള്ള അജയൻ എന്ന ചെറുപ്പക്കാരൻ പതിനേഴു വയസ്സുള്ള സിന്ധുവിന്റെ കഴുത്തിൽ താലിചാർത്തി. വളരെ ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ടുപോയ മകൻ, അമ്മയുടെ സംരക്ഷണയിലാണ് വളർന്നതും പഠിച്ചതും. കൂലിവേല ചെയ്ത് മകനെ പഠിപ്പിച്ച അമ്മയുടെ കഷ്ടപ്പാട് കുട്ടിയായിരുന്നപ്പോൾ തന്നെ അജയനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. മുതിർന്നപ്പോൾ അമ്മയെ വീട്ടിലിരുത്തി ആ മകൻ ജോലിക്കിറങ്ങിത്തുടങ്ങി. ആദ്യമൊക്കെ ചെറിയ കൂലിപ്പണികൾ ചെയ്തു. പിന്നീട്‌ ഓട്ടോ ഓടിക്കാൻ പഠിച്ചു. ആകെയുണ്ടായിരുന്ന അഞ്ചു സെന്റും വീടും പണയം വച്ച് ഒരു ഓട്ടോ വാങ്ങി. നന്നായി അധ്വാനിച്ച് കടം വീടുകയും അമ്മയെ സംരക്ഷിക്കുകയും ചെയ്തു വന്നു. അതിനിടയിലായിരുന്നു വിവാഹം. അഞ്ചു പവൻ സ്വർണം സ്ത്രീധനമായി അയാൾക്ക് കിട്ടി. കിട്ടിയത് കുറഞ്ഞുപോയതിന്റെ പേരിൽ ഭാര്യയെ കുറ്റപ്പെടുത്താൻ അജയനോ മരുമകളെ അക്ഷേപിക്കാനും ഉപദ്രവിക്കാനും ആ അമ്മായിഅമ്മയോ മുതിർന്നില്ല. അവർ അവളെ പൊന്നുപോലെ നോക്കി. കാരണം കഷ്ടപ്പാടുകൾ അറിഞ്ഞു ജീവിച്ചവരായിരുന്നു ആ അമ്മയും മകനും. അതുകൊണ്ട് തന്നെ അവർക്ക് മനുഷ്യരുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കനുള്ള ഹൃദയമുണ്ടായിരുന്നു.

ആദ്യമായി പ്രണയം തോന്നിയ പെണ്ണിനെ സ്വന്തമാക്കിയപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു. അയാളുടെ പ്രണയത്തെക്കുറിച്ച് വിവാഹത്തിന് ശേഷമാണ് അവൾ അറിഞ്ഞതും. പിന്നീടങ്ങോട്ട് സന്തോഷകരമായ ജീവിതം. പരസ്പരം മനസ്സിലാക്കിയും സ്നേഹിച്ചും മുന്നോട്ടു പോകുന്നതിനിടയിൽ രണ്ട് പെൺകുട്ടികളും ജനിച്ചു. ഭാര്യയുടെയും മക്കളുടെയും സന്തോഷത്തിനു വേണ്ടി പകലന്തിയോളം പണിയെടുക്കാൻ ഒരു മടിയുമില്ലാത്ത മനുഷ്യൻ. പരാതിയും പരിഭവങ്ങളുമില്ല. ഓട്ടോ ഓടികിട്ടുന്ന വരുമാനത്തിൽ ഒതുങ്ങിയ ലളിതമായ ജീവിതത്തിൽ ആ കുടുംബം അതീവ സന്തുഷ്ടരായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞപ്പോൾ അജയന്റെ അമ്മ അവരെ വിട്ടുപോയി. അമ്മയുടെ വേർപാടിൽ അയാൾക്ക് ഒരുപാട് വേദന തോന്നി. അമ്മയുടെ കഷ്ടപ്പാടുകളിൽ സഹതാപവും വിഷമവും തോന്നിയ മനസ്സായിരുന്നതുകൊണ്ടുതന്നെ ഭാര്യയുടെ മനസ്സ് കാണാനും അവളെ സ്നേഹിക്കാനും അയാൾക്ക് കഴിഞ്ഞു. അങ്ങനെ കുഴപ്പങ്ങളൊന്നുമില്ലാതെ അവരുടെ ജീവിതം മുന്നോട്ട് പോയ്കൊണ്ടിരുന്നു.

പിന്നെയും രണ്ടുമൂന്ന് വർഷങ്ങൾ കഴിഞ്ഞുപോകെ, കോരിച്ചൊരിയുന്ന മഴയും ഇടിമിന്നലും കാറ്റുമുള്ള ഒരു രാത്രി. ഓട്ടം പോയി മടങ്ങി വരുന്ന വഴിയിൽ അജയന്റെ ഓട്ടോയിൽ ഒരു കാർ വന്നിടിക്കുകയും ഓട്ടോ റോഡിലേയ്ക്ക് മറിഞ്ഞു വീഴുകയും ചെയ്തു. ആ സംഭവത്തിൽ നട്ടെല്ലിനു പരിക്കുപറ്റിയ അയാൾ പിന്നെ കട്ടിലിൽ നിന്നും എഴുന്നേറ്റിട്ടില്ല. ഒരുപാട് ചികിത്സയൊക്കെ ചെയ്തെങ്കിലും അതുകൊണ്ടൊന്നും ഒരു നേട്ടവും ഉണ്ടായില്ല. ഒന്നനങ്ങാൻ പോലും വയ്യാതെ കിടക്കുന്ന ആ മനുഷ്യന്റെ ഹൃദയത്തിന്റെ നൊമ്പരം കാണാൻ ആർക്കും കഴിയില്ല. സഹായത്തിനുപോലും ആരുമില്ലാതെ കഷ്ടപ്പെടുന്ന ഭാര്യയെയും മക്കളെയും കാണുമ്പോൾ അയാളുടെ മനസ്സ് വല്ലാതെ നൊമ്പരപ്പെടും. അത് കണ്ണുനീരായി കവിളിലൂടെ ഒഴുകുന്നുണ്ടാകും.

മൂത്ത മകൾ ശ്രേയ ഇപ്പോൾ ഒൻപതാം ക്ലാസ്സിലും ഇളയ മകൾ ശിഖ ഏഴിലും പഠിക്കുന്നു. അച്ഛനെ ജീവനെപ്പോലെ സ്നേഹിക്കുന്ന മക്കൾ. ഈ കിടപ്പിലും അച്ഛന്റെ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെയാണ് അവർ നോക്കുന്നതും. അടുത്തുള്ള വീടുകളിൽ ജോലിയ്ക്ക് പോയി സിന്ധു കൊണ്ടുവരുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. കുറച്ചുകൂടി വരുമാനം കിട്ടുന്നൊരു ജോലിയ്ക്ക് വേണ്ടി പലരോടും അപേക്ഷിച്ചു നോക്കി. ആരും അവളെ സഹായിക്കാൻ തയ്യാറായില്ല. സ്വന്തം വീട്ടിലേയ്ക്ക് പോകാനും കഴിയില്ല. സിന്ധുവിന് താഴെയുള്ള അനുജത്തിമാരിൽ ഇനിയും വിവാഹം കഴിക്കാത്ത രണ്ടുപേർകൂടി പുരനിറഞ്ഞു നിൽക്കുന്നതിന്റെ പരാതിയുമായി അമ്മ നിൽക്കുന്നുണ്ടാകും.

പൊളിഞ്ഞു വീഴാറായ വീടൊന്നു ശരിയാക്കി കിട്ടാൻ അധികാരികൾക്ക് പിന്നാലെ അപേക്ഷയും അഭ്യർത്ഥനയുമായി നടന്ന് അവൾ മടുത്തു. അങ്ങോട്ടൊന്ന് തിരിഞ്ഞു നോക്കാൻപോലും ആരും ഉണ്ടായിരുന്നില്ല. സഹതാപം പറയുന്നവരെ കാണുമ്പോൾ അവൾക്ക് പുച്ഛമായിരുന്നു. മക്കൾക്ക് വേണ്ടിയും ഭർത്താവിന് വേണ്ടിയും അവൾ നിശബ്ദമായി എല്ലാം സഹിച്ചു. എന്നെങ്കിലുമൊരിക്കൽ ഒരു നല്ല ദിവസം തങ്ങളുടെ കുടുംബത്തിലേയ്ക്കും എത്തുമെന്ന പ്രതീക്ഷയോടെ അവർ കാത്തിരുന്നു.

പിന്നീട് ഒരു പകൽ തകർത്തു പെയ്ത മഴയുടെ ഭാരം താങ്ങാൻ കഴിയാതെ ആ ചെറിയ വീട് തകർന്ന് വീണപ്പോൾ ഓടി രക്ഷപ്പെടാൻ കഴിയാതെ അതിനുള്ളിൽ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യ ജീവനെ ഓർത്ത് ഒരമ്മയും മൂന്ന് മക്കളും നിലവിളിച്ചപ്പോൾ ചുറ്റുംകൂടി നിന്നവരിൽ ചിലർ സഹതാപത്തോടെ പറഞ്ഞു,

” പാവം…..” മറ്റുചിലർ പറഞ്ഞു…… ” ഹും….. ഇനിയിപ്പോൾ അമ്മയ്ക്കും മക്കൾക്കും സുഖമായല്ലോ….. ആ പാവപ്പെട്ടവന്റെ ശല്യം തീർന്നുകിട്ടിയല്ലോ”……

അപ്പോഴും…..

ആ മഴ പെയ്തത് ഒരു രാത്രി ആയിരുന്നെങ്കിൽ അതിനുള്ളിൽ മൂന്ന് ജീവനുകൾകൂടി പെട്ടുപോകുമായിരുന്നില്ലെ എന്നാരും ചിന്തിച്ചില്ല. പകൽ സമയം ആയതുകൊണ്ട് സിന്ധു വീട്ടു ജോലിയ്ക്കും മക്കൾ പഠിക്കാനും പോയിരുന്നതുകൊണ്ട് മാത്രം ആ അമ്മയും മക്കളും രക്ഷപ്പെട്ടല്ലോ എന്നാരും ആശ്വസിച്ചില്ല.

ചേർത്തു പിടിക്കാൻ മനസ്സുകാണിച്ചവന്റെ തളർച്ചയിൽ കൈവിട്ടുകളയാതെ നെഞ്ചോട്‌ ചേർത്തു സ്നേഹിച്ച പെണ്ണിന്റെ മനസ്സ് കാണാൻ ആരും ഉണ്ടായില്ല.

മുന്നോട്ട് ജീവിക്കാൻ മാർഗ്ഗമില്ലാതെ, തലചായ്ക്കാൻ ആകെയുണ്ടായിരുന്ന കൂരയും നഷ്ടപ്പെട്ട്, രണ്ട് പെൺകുട്ടികളെയും കൊണ്ട്, എന്തു ചെയ്യണമെന്നറിയാതെ വിലപിക്കുന്ന സിന്ധുവിന്റെ സങ്കടം ആരും കണ്ടില്ല…….

ഇതാണ് മനുഷ്യർ. സഹായിക്കാൻ മനസ്സില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ വെറുതെ സഹതപിക്കുന്ന ചിലർ……..

സങ്കടങ്ങളിൽ തളർന്നുപോകുന്നവരെ ആശ്വസിപ്പിക്കുന്നതിനു പകരം കുറ്റപ്പെടുത്തുന്ന ചിലർ…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *