പ്രായപൂർത്തിയാവാൻ നോക്കിയിരിക്കുകയാണ് ചില പെൺകുട്ടികൾ ഒന്ന് ചിരിച്ച് കാണിച്ചാൽ മതി ആരെങ്കിലും ഉടനെ അവനോടൊപ്പം ഇറങ്ങിത്തിരിച്ചോളും………

അമ്മ തിരക്കിലാണ്

Story written by Raju PK

ഇരുപത്തി ഒന്ന് വയസ്സ് പൂർത്തിയായതിൻ്റെ പിറ്റേ ദിവസം ഒരു പെൺകുട്ടിയുടെ കൈപിടിച്ച് വീട്ടിലേക്കു കയറുമ്പോൾ സ്നേഹത്തോടെനിറപറയും നിലവിളക്കുമായി അമ്മ അകത്തേക്ക് പിടിച്ച് കയറ്റില്ലെന്നറിയാമായിരുന്നു.

വീട്ടിലേക്ക് കാലെടുത്ത് വച്ചതും കിട്ടി അമ്മയുടെ നല്ലൊരടി.

നീ ഒരിക്കലും നന്നാവത്തില്ലെടാ മുടിഞ്ഞ് പോകത്തേയുള്ളൂ ഇവളെ നീ ഇങ്ങോട്ട് കൂട്ടുമ്പോൾ ഒരിക്കലെങ്കിലും നീ ഓർത്തോ നിൻ്റെ ഏട്ടനെ…?

ഇപ്പം ഇറങ്ങിക്കോണം ഈ മൂധേവിയേയും കൂട്ടി എനിക്കിനി എൻ്റെ സത്യൻ മാത്രമേയുള്ളൂ ഒരു മകനായി.

പ്രായപൂർത്തിയാവാൻ നോക്കിയിരിക്കുകയാണ് ചില പെൺകുട്ടികൾ ഒന്ന് ചിരിച്ച് കാണിച്ചാൽ മതി ആരെങ്കിലും ഉടനെ അവനോടൊപ്പം ഇറങ്ങിത്തിരിച്ചോളും അതുവരെ വളർത്തി വലുതാക്കിയ അച്ഛനമ്മമാരെയെല്ലാം മറന്ന് വല്ലാത്ത ഒരു കാലമാണല്ലോ ഈശ്വരാ…

എൻ്റെ ദേവേട്ടന് ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ ഈശ്വരാ..ഇതെല്ലാം കാണാനായി എന്നെ എന്തിനാ ഇങ്ങനെ ബാക്കിയിട്ടിരിക്കുന്നത്.

അമ്മ മുറ്റത്ത് നിന്ന് ഉറഞ്ഞ് തുള്ളുന്നത് കണ്ടു കൊണ്ടാണ് ഏട്ടൻ വീട്ടിലോട്ട് വരുന്നത്.

ഏട്ടനെ കണ്ടതും അമ്മയുടെ ശാപവാക്കുകൾ നിന്നു പകരം കരച്ചിൽ മാത്രമായി.

അമ്മയെ ചേർത്ത് പിടിച്ച് ഏട്ടൻ പറയുന്നുണ്ട് കഴിഞ്ഞത് നമുക്ക് മറക്കാം അമ്മ അകത്ത് പോയി നിലവിളക്കെടുത്ത് ഇവരെ അകത്തേക്ക് കൊണ്ടു പോവാൻ നോക്ക് അയൽവാസികൾ എല്ലാം നോക്കി നിൽക്കുന്നത് അമ്മ കാണുന്നില്ലേ…?

മൂത്ത മകനായ നീ പെണ്ണ് കെട്ടാതെ നിൽക്കുമ്പോൾ ഇവനെ ആനയിച്ച് അകത്തോട്ട് ഞാൻ കയറ്റില്ല എന്നെ അതിന് പ്രതീക്ഷിക്കുകയും വേണ്ട എന്ന അമ്മയുടെ മറുപടി എൻ്റെ മനസ്സിനെ വല്ലാതെ നോവിച്ചു.

പെട്ടന്ന് ഏട്ടൻ അകത്തേക്ക് കയറി നിറഞ്ഞ് കത്തിനിൽക്കുന്ന നിലവിളക്കുമായി പുറത്തേക്ക് വന്നു. വിളക്ക് മായയെ ഏൽപ്പിച്ചിട്ട് പറഞ്ഞു.

കരഞ്ഞത് മതി അമ്മ ഒരു പാവമാണ് ഇപ്പോൾ പറയുന്നതൊന്നും മായ കാര്യമാക്കണ്ട രണ്ടു പേരും വലതുകാൽ വച്ച് അകത്തോട്ട് കയറിക്കോ.

അനുഗ്രഹം വാങ്ങാൻ അമ്മയുടെ അടുത്തേക്ക് ചെന്നപ്പോൾ അമ്മ തിരിഞ്ഞ് നടന്നു.

നഷ്ടപ്പെട്ട അച്ഛൻ്റെ സ്ഥാനത്ത് ഏട്ടനെ കണ്ട് ആ കാലുകളിൽ തൊട്ട് അനുഗ്രഹം വാങ്ങുമ്പോൾ ഏട്ടൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു.

അകത്ത് കയറിയതും മായയെ ഇത്ര പെട്ടന്ന് കൂടെ വിളിച്ചിറക്കിക്കൊണ്ട് വരാനുണ്ടായ കാരണം അമ്മയോടും ഏട്ടനോടും പറഞ്ഞു. രണ്ടാനച്ഛൻ്റെ ശല്ല്യം സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ ഇനിയും വൈകിയാൽ എനിക്കിവൾ നഷ്ടപ്പെടും എന്നുറപ്പായപ്പോൾ എനിക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു. അത്രക്ക് ഇഷ്ടപ്പെട്ട് പോയിരുന്നു അതു കൊണ്ടാ ഞാൻ…

എന്നോട് ക്ഷമിക്കണം അമ്മയും ഏട്ടനും.

ഏട്ടൻ എൻ്റെ തോളിലൊന്ന് തട്ടി അകത്തേക്ക് പോയി.

ആകെ തകർന്ന് നിന്നിരുന്ന എനിക്ക് അതൊരു വലിയ ആശ്വാസമായിരുന്നു.

അമ്മ മായയോട് വലിയ അടുപ്പമൊന്നും കാണിച്ചില്ല.

നാട്ടിലെ ചെറിയ ജോലികൾക്ക് വല്ലപ്പോഴും പോയിരുന്ന ഞാൻ വിവാഹത്തോടെ ആകെ വലഞ്ഞു.

പിറ്റേന്ന് രാവിലെ ജോലിക്ക് പോകുന്നതിന് മുൻപ് എന്നെ വിളിച്ച് കുറച്ച് പണം ഏട്ടൻ കൈകളിലേക്ക് തരുമ്പോൾ അച്ഛൻ നഷ്ടപ്പെട്ടതിന് ശേഷം ഞാൻ അറിയുകയായിരുന്നു അച്ഛൻ്റെ സ്നേഹം.

സർവ്വീസിൽ ഇരിക്കുമ്പോൾ മരിച്ച അച്ഛൻ്റെ ജോലി അമ്മ എതിർത്തിട്ടും ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും

എം ബി എ കഴിഞ്ഞ ഏനിക്ക് ഇതിലും നല്ലൊരു ജോലി കിട്ടാതിരിക്കില്ല ഇപ്പോൾ നിനക്കാണ് ഒരു ജോലിയുടെ ആവശ്യം എന്നേക്കാൾ എന്നായിരുന്നു ഏട്ടൻ്റെ മറുപടി. അമ്മ എതിർത്തിട്ടും ഏട്ടൻ എനിക്കാ ജോലി നൽകുമ്പോൾ ഞാനറിയുകയായിരുന്നു പരസ്പരം അധികമൊന്നും സംസാരിച്ചിട്ടില്ലാത്ത എൻ്റെ കൂടപ്പിറപ്പിൻ്റെ മനസ്സിൽ എന്നോടുള്ള സ്നേഹം.

അനിയൻ്റെ വിവാഹം ആദ്യം കഴിഞ്ഞതാണെന്നുള്ള കാരണം കൊണ്ട് ഏട്ടന് വന്ന വിവാഹാലോചനകളിൽ പലതും പാതിവഴിയിൽ മുടങ്ങിയപ്പോൾ എൻ്റെ മനസ്സ് വല്ലാതെ നൊന്തു.

നീണ്ട അഞ്ച് വർഷം കാത്തിരിക്കേണ്ടി വന്നു ഒരേടത്തി അമ്മക്കായി അമ്മ പകർന്ന് നൽകിയ നിലവിളക്കുമായി വീട്ടിലേക്ക് ഏടത്തി കടന്ന് വരുമ്പോൾ അമ്മയുടെ കണ്ണുകളിൽ നിന്നും സന്തോഷം കൊണ്ട് കണ്ണുനീർ തുള്ളികൾ പൊട്ടി ഒഴുകുന്നുണ്ടായിരുന്നു.

ഏട്ടൻ്റെ വിവാഹം കഴിഞ്ഞിട്ട് മതി നമുക്ക് കുട്ടികൾ എന്ന മായയുടെ തീരുമാനം ശരിവയ്ക്കും വിധം എനിക്കും ഏട്ടനും പിറന്നത് ഇരട്ടക്കുട്ടികൾ.

ഇന്നമ്മയും വല്ലാത്ത ഓട്ടത്തിലാണ് കണ്ണൊന്ന് തെറ്റിയാൽ വഴിയിലോട്ടോടി ഇറങ്ങുന്ന കൊച്ചുമക്കളുടെ പിറകിലൂടെയുള്ള നെട്ടോട്ടം

രാജു പി കെ കോടനാട്

Related Posts

Leave a Reply

Your email address will not be published. Required fields are marked *