കുളിമുറിയിൽ, രാധാസിന്റെ മഞ്ഞൾ ഗന്ധമുയർന്നു. വിയർപ്പും അഴുക്കു മൊഴിഞ്ഞ ദേഹത്തേ തുടച്ചു വൃത്തിയാക്കി..എന്നിട്ട്, ബാത്റൂമിന്റെ ചുവരിലേ…….

ഉപഹാരം

എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട്

തീയാളുന്ന മീനവെയിലിൽ ചവുട്ടി, റെയിൽപ്പാളങ്ങൾ കുറുകേക്കടന്ന്, പാടം കയറി, തെങ്ങിൻ തോപ്പിലെ നടവഴിയിലൂടെ അവൾ വീട്ടിലെത്തിയപ്പോൾ, നട്ടുച്ച കഴിഞ്ഞിരുന്നു. അടുക്കു ചോറ്റുപാത്രം പര്യമ്പുറത്തേ കോലായിൽ വച്ച്, അടുക്കളയ്ക്കു പുറത്തേ അയയിൽ നിന്നും ഉൾവസ്ത്രങ്ങളും തോർത്തു മെടുത്ത്, വീടിനോടു ചേർന്ന കുളിമുറിയിലേക്കു കടന്നു. മുഷിഞ്ഞ പുടവകളേ ഓരോന്നായി ഉരിഞ്ഞെറിഞ്ഞു. അവയെല്ലാം, കുളിമുറിയുടെ മൂലയിലെ വലിയ ബക്കറ്റിൽ കുന്നുകൂടി. വിയർപ്പും, കളിമണ്ണിൽ കുഴച്ചു ചേർത്ത എണ്ണയും ചേർന്ന്, വിഴുപ്പുവസ്ത്രങ്ങളിൽ മറ്റൊരു ഗന്ധമുയരുന്നുണ്ടായിരുന്നു. ഓട്ടുകമ്പനികളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സഹജഗന്ധം.

കുളിമുറിയിൽ, രാധാസിന്റെ മഞ്ഞൾ ഗന്ധമുയർന്നു. വിയർപ്പും അഴുക്കു മൊഴിഞ്ഞ ദേഹത്തേ തുടച്ചു വൃത്തിയാക്കി..എന്നിട്ട്, ബാത്റൂമിന്റെ ചുവരിലേ വലിയ നിലക്കണ്ണാടിയിലേക്കു മിഴി പായിച്ചു. മുഖം വെയിലേറ്റു കരിവാളിച്ചു പോയിരിക്കുന്നു. മിഴികൾക്കു കീഴേ, കാളിമ കലർന്നിരിക്കുന്നു.

നാൽപ്പത്തിരണ്ടു വയസ്സെന്നു വിളംബരം ചെയ്ത്, ചെന്നിയിലെ മുടിയിഴകളിൽ വെള്ളനിറം പരന്നു കഴിഞ്ഞു. യൗവ്വനത്തിൽ ഏറെ മാംസളമായിരുന്ന കീഴ് വയറ്റിൽ, അദ്ധ്വാനഭാരം പേശികളെ ഉറപ്പിച്ചിട്ടുണ്ട്. മോന്റെ പഠനമുറിയുടെ ചുവരിൽ പതിപ്പിച്ച, ഏതോ വനിതാ ടെന്നിസ് താരത്തിന്റേതു പോലെ ദൃഢമായ ഉദരപേശികൾ.

പിഞ്ഞിയും, ഹുക്കടർന്നതുമായ അ ടിവസ്ത്രങ്ങൾക്കു മീതേ, മുഷിയാത്തൊരു സാരിയും ചുറ്റി അവൾ പുറത്തുകടന്നു. നടുവകത്തേ നിലക്കണ്ണാടിക്കു മുന്നിൽ ചെന്നുനിന്ന്, മുടി ചീകിക്കെട്ടി.ടാൽകം പൗഡർ ഇടതു കയ്യിലേക്കിട്ടു വലം കയ്യാൽ ചേർത്തു തിരുമ്മുമ്പോൾ, അദ്ധ്വാനകാലം പാരിതോഷികമായിത്തന്ന തഴമ്പുകൾ കൂട്ടിയുരസ്സി പരുക്കൻ ശബ്ദമുയർന്നു. പൊട്ടുതൊട്ടു , സാരിയുടെ ചുളിവുകൾ തീർത്തു പുറത്തിങ്ങും മുൻപേ, മോന്റെ മുറിയിലേക്കൊന്നു കടന്നുചെന്നു.

കാൽപ്പെരുമാറ്റം കേട്ടു കാണണം, അവൻ, മുറിയുടെ ജനലഴിയിൽ മുഖമമർത്തി തിരിഞ്ഞു നിന്നു.Nഓടുമേഞ്ഞ മുറിയുടെ തുലാത്തിൽ, ഫാൻ മുഴുവേഗത്തിൽ കറങ്ങിക്കൊണ്ടിരുന്നു. ജനലഴികൾക്കു മീതെയുള്ള നീല നിറമുള്ള വിരികൾ കാറ്റിലുലഞ്ഞു.അവൻ, തിരിഞ്ഞു നോക്കിയില്ല.

“അമ്മ, ടൗണിൽ പോകുകയാണ്. ചിട്ടിപ്പണം വാങ്ങാൻ, വരാൻ വൈകിയാൽ, ഫ്ലാസ്കിൽ ചായയിരിപ്പുണ്ട്. എടുത്തു കുടിച്ചേക്കണം.”

അവൻ അനങ്ങിയില്ല.

“അമ്മയ്ക്കു, മൊബൈൽ ഫോൺ വാങ്ങിത്തരാൻ കഴിയുമോ, ഇല്ലയോ?
എനിക്കതറിഞ്ഞാൽ മതി.”

“നീ പത്തിലേക്കു ജയിച്ചിട്ടല്ലേയുള്ളൂ, അതും തട്ടിയും മുട്ടിയും. നീ, നല്ല മാർക്കു വാങ്ങി പത്താംക്ലാസ് ജയിക്ക്;Nഅപ്പോൾ, അമ്മ സമ്മാനം തരും. നീയിപ്പോൾ ആവശ്യപ്പെട്ട കാൽലക്ഷം രൂപയുടെ ഫോൺ; ഇപ്പോളീ പണം കൊണ്ട്, സഹകരണ ബാങ്കിന്റെ ലോൺ മുടങ്ങിയത് അടയ്ക്കണം. ഇതു കൂടി ജപ്തി ചെയ്തു പോയാൽ, നമ്മളെവിടെ താമസിക്കും?”

അവൻ, തെല്ലു നേരം നിശബ്ദനായി നിന്നു.Nപിന്നേ, പതിയേ പറഞ്ഞു.

“അമ്മ പൊയ്ക്കോളൂ, തിരികേ വരുമ്പോൾ, അമ്മയ്ക്കായി ഞാനൊരു സർപ്രൈസ് കാത്തുവച്ചിട്ടുണ്ടാകും”

അവളതിനു മറുപടി നൽകാതെ, പിന്തിരിഞ്ഞു നടന്നു.

ടൗണിൽ നിന്നും മടങ്ങുമ്പോൾ, വെയിലാറിത്തുടങ്ങിയിരുന്നു. പ്രൈവറ്റു ബസ്സിന്റെ മുൻവാതിലിനോടു ചേർന്ന സീറ്റിൽ, അവൾ ചാരിയിരുന്നു. കയ്യിലെ പ്ലാസ്റ്റിക് കവറിലേക്ക്, ഒരാവർത്തി കൂടി നോക്കി. അതിൽ, നഗരത്തിലെ പ്രമുഖ മൊബൈൽ ഫോൺ ഷോപ്പിന്റെ നാമം മുദ്രണം ചെയ്യപ്പെട്ടിരുന്നു. കവറിൽ നിന്നും, ആ ബില്ലെടുത്ത് ഒരിക്കൽ കൂടി വായിച്ചു. വിവോ വൈ സെവൻത്രീ, ഇരുപത്തി അയ്യായിരം പിന്നിട്ട സംഖ്യ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു.

ഓരോ സ്‌റ്റോപ്പുകളിലും ചാടിയിറങ്ങുകയും, ഓടാൻ തുടങ്ങുന്ന ബസ്സിലേക്കു അതീവ വൈദഗ്ദ്ധ്യത്തോടെ പറന്നുകയറുകയും ചെയ്യുന്ന യുവാവായ ക്ലീനർ. ഓർമ്മകളിൽ, പഴയ കൗമാരക്കാരിയുണർന്നു.

നാട്ടിലെ ഏറ്റവും സാമ്പത്തികസ്ഥിതിയുള്ള വീട്ടിലെ പെൺകുട്ടിയുടെ കോളേജ് യാത്രകൾ. ബസ്സിലെ, മുൻവാതിലിന്നരികിലേ സീറ്റ്. ക്ലീനർപ്പയ്യന്റെ മിഴികളിൽ നിന്നും പ്രസരിച്ച പ്രണയത്തിന്റെ രശ്‌മികൾ. ആ പ്രണയവെളിച്ചത്തിന്റെ ഓരം പറ്റി തുടർന്ന ജീവിത യാത്ര. പാതിയിൽ മുറിഞ്ഞുപോയ പഠനം. അറ്റകന്ന രക്തബന്ധങ്ങൾ. ദേഹത്തേ, സുവർണാഭരണങ്ങളുടെ ശോഭ; വാടക വീടിന്റെ പരിമിതികൾ. പരിണയത്തിന്റെ വാർഷികത്തിൽ, കൂടെയുണ്ടായിരുന്ന ആൺകുഞ്ഞ്.

ഓർമ്മകളിൽ, വീണ്ടും നിഴലുകൾ പരന്നു. ബസ് സ്റ്റാൻഡിൽ, പുറകോട്ടെടുത്ത ബസ്സിലെ പിൻ ചക്രങ്ങളിൽ പുരണ്ട ര ക്തം.മുറിഞ്ഞ ആർത്തനാദം. മോന്റെ ഇത്തിരി വിരലുകളിൽ അണിയിക്കപ്പെട്ട ദർഭമോതിരം. എള്ളും, ഉണക്കലരിയും കുഴച്ച് ബലിയിട്ട്, ഒരിക്കലും വരാത്ത കാക്കകൾക്കായി കാത്തത്.

ഓട്ടുകമ്പനി..പക്കമില്ലിന്റെ കടകട ശബ്ദങ്ങൾ;.കയ്യും മെയ്യും തളർന്നു വീണ ആദ്യദിനം. കുഴഞ്ഞെഴുന്നേറ്റു ജോലി തുടർന്നത്, അത്രമേൽ വീറോടേയും വാശിയോടേയുമായിരുന്നു. മകന്റെ ഉന്നതി;.അതു മാത്രമായിരുന്നു വ്രതം. ഓരോ ഋതുപ്പകർച്ചകളിലും, ശരീരം എന്തിനൊക്കെയോ ദാഹിച്ചു..കുത്തുന്ന നോട്ടങ്ങളും, കടക്കണ്ണു കൊണ്ടുള്ള ക്ഷണങ്ങളും കണ്ടില്ലെന്നു നടിച്ചു. മകരത്തിൽ, മേനിയാകെ തണുപ്പാൽ വലഞ്ഞപ്പോൾ വലിയ തലയിണകളേ നെഞ്ചോടു ചേർത്ത്, അവയുടെ മേലെ കാൽക്കയറ്റി വച്ചു കിടന്ന്, ഉള്ളിലൂർന്ന ഉന്മാദരസങ്ങളെ അറിഞ്ഞില്ലെന്നു ഭാവിച്ചു.

മോൻ മിടുക്കനാണ്. പഠനത്തിൽ ഈയിടയ്ക്കാണ് അൽപ്പം പുറകോട്ടു പോയത്. പുതിയ കുറേ സൗഹൃദങ്ങൾ, ഈ അടുത്ത കാലത്തായി വന്നു ചേർന്നിട്ടുണ്ട്.. അതിന്റെ പരണിതഫലമാണ് ഈ അലസത. ഈ വർഷം, പത്താം ക്ലാസിലാണ്.. നന്നായി പഠിക്കാതെ നിവർത്തിയില്ല. അതിനു വേണ്ടിയാണ്, പത്തിലെ പാടവത്തിനു സെൽഫോൺ വാഗ്ദാനം ചെയ്തത്.

പക്ഷേ, അവനിപ്പോൾ തന്നേ ഫോൺ വേണമത്രേ. അവന്റെ പുതിയ കൂട്ടുകാർക്ക്, എല്ലാവർക്കുമുണ്ട് ഫോൺ.

അവരവനേ പരിഹസിക്കുന്നു പോലും..എന്താണവനു നൽകാത്തത്?.ഏറ്റവും വിലപിടിപ്പുള്ള വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ, പുതിയ മോഡൽ സൈക്കിൾ, കമ്പ്യൂട്ടർ ഇന്റർനെറ്റ് കണക്ഷൻ. എത് ഉന്നതരായ മാതാപിതാക്കൾ, ഇത്തരം സ്വാതന്ത്ര്യങ്ങൾ അനുവദിയ്ക്കും..രാവും പകലും താൻ ഹൃദയത്തിൽ ചേർത്തു വച്ച കനവുകൾ;.എല്ലാം അവനെന്ന സൂര്യനെ ഭ്രമണം ചെയ്തിട്ടായിരുന്നു.

സന്ധ്യ കനത്തു. വീടാകെ ശ്യാമം പുതച്ചു നിന്നു. ഒതുക്കുകൾ കയറി, പാതി ചാരിയിട്ട വാതിൽ തുറന്ന് അവൾ അകത്തു കടന്നു. നടയകത്തേ ലൈറ്റിട്ടു. പ്രകാശം പരന്നു. മോന്റെ മുറിയിൽ നിന്നും, ഫാൻ കറങ്ങുന്ന ശബ്ദം കേൾക്കാം. പതിയെച്ചെന്നു വാതിൽ തുറന്നു.

“ഇതാ മൊബൈൽ ഫോൺ,.ഇനിയിതില്ലാതെ, നീ വിഷമിക്കേണ്ട..എനിക്കു നിന്നേക്കാൾ വലുതല്ല മറ്റൊന്നും. ദാ, നോക്ക്…. നീ പറഞ്ഞ ഫോൺ തന്നെയാണ്;.ഇപ്പോൾ, സന്തോഷമായില്ലേ?”

അവൻ, അടച്ചിട്ട ജനലഴികളോടു ചേർന്നു നിന്നു. ഒന്നും മിണ്ടാതെ,.മുറിയാകെ ഇരുട്ടു പരന്നുകിടന്നു. അവൾ കയ്യെത്തിച്ചു സ്വിച്ചിട്ടു..വെട്ടം മുറിയകത്തു നിറഞ്ഞു..ഫാനിന്റെ കാറ്റിൽ, ജാലകവിരികൾ ഉലഞ്ഞുകൊണ്ടിരുന്നു.
ഒപ്പം,.അവന്റെ ദേഹവും..അവന്റെ പാദങ്ങൾ, തറയിൽ സ്പർശിക്കുന്നു ണ്ടായിരുന്നില്ല. കഴുത്തിൽ നിന്നും, ജനലഴികളിലേക്കു വലിഞ്ഞു മുറുകി നിന്ന സാരി.

പ്ലാസ്റ്റിക് കവറിൽ നിന്നും, മൊബൈൽ ഫോണിന്റെ കൂടു തെറിച്ചു ദൂരെ വീണു. പുറകേ, അവളും. കണ്ണുകളിൽ കൂടിയ ഇരുട്ടു, വലിയൊരു വാഹനമായി രൂപാന്തരപ്പെട്ടു. അത്, അവളുടെ കനവുകളുടെ സ്നിഗ്ദതയിലേക്ക് ഉരുണ്ടിറങ്ങി. ചോ ര ചിതറി. കനവുകളുടെ ചോ ര. അതു പിന്നേ, പ്രവാഹമായി. അവളതിൽ പൂണ്ടു കിടന്നു. ഒന്നു ചലിക്കാനോ, ഉരിയാടാനോ കഴിയാതെ.

ഭൂമിയിലും, അവളുടെ ഭാവിയിലും ഇരുട്ടു പൊതിയുകയായിരന്നു. ഇനിയേതു വെട്ടത്തിനും, ഭേദിക്കാനാകാത്ത കനത്ത തമസ്സ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *