ഞങ്ങളുടെ കല്യാണം ഉറപ്പിക്കാൻ എന്റെ വീട്ടിൽ വന്ന സമയത്ത് അമ്മായിയമ്മ പറഞ്ഞൊരു കാര്യമുണ്ട്.. അവരുടെ പറമ്പിലെവിടെയോ ഒരു…….

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

“കറ്റാർവാഴ നടാൻ വേണ്ടി മുറ്റത്ത് കുഴിയെടുത്ത യുവതിയ്ക്ക് സംഭവിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും….

ഞെട്ടുവോ…??

ഞെട്ടുവാണെങ്കി പറയാം….!!

ഞങ്ങടെ വീട്ടിൽ എത്ര കൊണ്ട് നട്ടാലും ഒരു മുള പോലും പൊട്ടിക്കിളിക്കാത്ത ഒരേയൊരു ചെടി കറ്റാർവാഴയാണ്… എവിടെയെങ്കിലും,, ആരുടെയെങ്കിലും വീട്ടിൽ പോകുമ്പോ ചിലയിടങ്ങളിൽ ഈ കറ്റാർവാഴ പ്രാന്ത് പിടിച്ചു വളർന്ന് നിക്കുന്നത് കണ്ടിട്ടുണ്ട്..ആ വീട്ടുകാര് അറിഞ്ഞും അറിയാതെയും ഞാൻ അതിന്റെ തൈ ഇവിടെ കൊണ്ട് വന്നു നടും.. രണ്ടൂസം കഴിയുമ്പോ അതങ്ങു കരിഞ്ഞു പോവേം ചെയ്യും.. കൊച്ചിന്റെ മുടിയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കറ്റാർവാഴയായതുകൊണ്ട് അതെങ്ങനെയെങ്കിലും വീട്ടിലൊന്നു മുളപ്പിച്ചെടുക്കണം എന്നെനിക്ക് വല്ലാത്തൊരു വാശിയുണ്ട്… പക്ഷേ കിളിക്കുന്നില്ല..

അങ്ങനിരിക്കുമ്പോ അടുത്തുള്ളൊരു ചേച്ചിയോട് ഞാനീ സംഭവം പറഞ്ഞു..

“ന്റെ പൊന്നെടീ,, ഈ കറ്റാർവാഴ നല്ല മനസൊള്ളോരടെ വീട്ടിൽ പിടിക്കത്തില്ല.. നിനക്കതൊന്നും അറിഞ്ഞൂടായോ..

എങ്ങനിരിക്കുന്ന്….??

എത്ര കൊണ്ട് നട്ടാലും പിന്നെ കിളിച്ചു വരുവോ..നമ്മള് കഷ്ടപ്പെട്ടതേ മിച്ചം… എന്നാലും ഞാൻ ശ്രമം ഉപേക്ഷിച്ചില്ല കേട്ടോ…

മിനിഞ്ഞാന്ന് വൈകിട്ട് അങ്ങേര് ജോലി കഴിഞ്ഞു വന്നപ്പോ എവിടുന്നോ രണ്ട് തൈ വീട്ടിൽ കൊണ്ടന്ന്… ഇച്ചിരിയേയുള്ളു.. ന്നാലും ആവട്ടെ.. ഇതെങ്കിലും ഒന്ന് പിടിച്ചു കിട്ടിയാൽ മതിയാരുന്നു…

“ഇത് ഞാൻ കുഴിച്ചു വെച്ചോളാം.. നീയാ കൊഞ്ച് തൊലിച്ച് കറിയാക്കാൻ നോക്ക്..

തൂമ്പായും എടുത്ത് ചെടി കുഴിച്ചു വെയ്ക്കാനിറങ്ങിയ എന്നെ അങ്ങേര് തടഞ്ഞു.. ന്നാപ്പിന്നെ അങ്ങനാവട്ടെന്ന് ഞാനും..

അങ്ങേര് ചെടി കുഴിച്ചു വെയ്ക്കാനും ഞാൻ കൊഞ്ച് തൊലിക്കാനും തുടങ്ങി..

കൊറേക്കഴിഞ്ഞു കൊഞ്ച് തൊലിച്ച വെള്ളം താഴോട്ടു കളയാൻ മുറ്റത്തോട്ടിറങ്ങിയപ്പോ ലങ്ങേര് ചെടി എവിടാ കുഴിച്ചു വെച്ചേക്കുന്നതെന്ന് കാണണോ…??

തുണി കഴുകുന്നിടത്തെ സോപ്പും വെള്ളം വീഴുന്ന സ്ഥലത്ത്…!!!

ഇങ്ങേർക്കിത്ര ബോധമില്ലാതായോ.. മാസങ്ങൾക്കു മുൻപ് കൊറച്ചു സോപ്പും വെള്ളം ഉള്ളിൽ പോയപ്പോ ഞാനനുഭവിച്ച കഷ്ടപ്പാടിന് കണക്കില്ല.. ഇങ്ങേരും അത് കണ്ടോണ്ടിരിക്കുവല്ലാരുന്നോ.. ഒരു മനുഷ്യനായ എനിക്ക് അത് താങ്ങാൻ പറ്റിയില്ല.. അപ്പൊ സ്ഥിരമായി സോപ്പും വെള്ളം വീഴുന്ന ഇച്ചിരിയുള്ള ഈ ചെടിയുടെ അവസ്ഥ എന്തുവാരിക്കും..ഇങ്ങേർക്കത് മനസിലാവില്ല.. ഇങ്ങേരുടെ ശരീരത്തിൽ നിന്നല്ലല്ലോ അന്ന് ലോഡ് കണക്കിന് കുമിളയും പതയുമൊക്കെ വെളിയിൽ പോയത്..

അതവിടുന്ന് മാറ്റി നടാൻ പറഞ്ഞിട്ട് ഇങ്ങേര് കൊന്നാലും സമ്മയ്ക്കില്ല.. രാത്രിയല്ലിയോ.. വഴക്ക് വേണ്ടെന്ന് ഞാനും കരുതി.. അയലോക്കക്കാര് കേട്ടാൽ മോശവല്ലേ.. ഇങ്ങേര് രാവിലെ ജോലിക്ക് പോകുമ്പോ മാറ്റി നടാവല്ലോ…ഇന്നൊരു രാത്രി കഴിഞ്ഞാൽ ഇങ്ങേര് ചെടിയുടെ കാര്യമൊക്കെ മറക്കുമെന്നെ നിക്കറിഞ്ഞൂടെ..

പിറ്റേന്ന് രാവിലെ ഇതിയാൻ ജോലിക്ക് പോയപ്പോ ഞാൻ മുറ്റത്തിന്റെ വേറൊരു സൈഡിലോട്ട് മാറ്റിയൊരു കുഴിയെടുത്തു..ചെടിയെ അങ്ങോട്ട് മാറ്റി.. വെള്ളമൊക്കെ ഒഴിച്ച്…

ജോലി കഴിഞ്ഞു അതിയാൻ രാത്രി വന്നപ്പോ ഓടിച്ചെന്ന് സോപ്പ് കുഴിയിൽ നോക്കി.. അങ്ങേരുടെ കുഴിയിൽ ചെടി കാണാഞ്ഞപ്പോ എന്നെയൊന്നു നോക്കി.. ഞാൻ മറ്റേ കുഴിയിലോട്ട് ചൂണ്ടിക്കാണിച്ചു..

വായിൽ വന്നത്രേം അന്യായങ്ങൾ എന്നെ പറഞ്ഞേമ്മച്ച് അങ്ങേര് ആ ചെടി എന്റെ കുഴിയിൽ നിന്നെടുത്ത് അങ്ങേര്ടെ പഴേ കുഴിയിൽ കൊണ്ട് വെച്ച്.. ചെടി അപ്പോഴേക്കും ഒരു വിധം ക്ഷീണിച്ച്..

ഇനി ആ ചെടി അവിടുന്നെടുത്ത് മാറ്റിയാൽ എന്റെ കൈവെട്ടി വയലിൽ കളയും പോലും…

നമ്മളെയങ്ങു പീച്ചണിപ്പെടുത്തുവാ…!!!!

അങ്ങനെയങ്ങു വിട്ടുകൊടുത്താൽ പറ്റില്ലല്ലോ… എന്നാലും ഞാൻ മിണ്ടീല.. വഴക്കുണ്ടാക്കേണ്ട.. അയലോക്കാക്കാര് കേട്ടാൽ മോശവല്ലേ….

ഇന്ന് രാവിലെ അങ്ങേര് ജോലിക്ക് പോയി.. ഉച്ചയാവുമ്പോളേക്കും തിരിച്ചു വരുമെന്ന്.. ഉച്ച കഴിഞ്ഞു സിനിമയ്ക്ക് പോകാമെന്നു പറഞ്ഞിട്ടുണ്ട്…

രാവിലെ നേരത്തെ എണീറ്റ് ഞാൻ ജോലിയൊക്കെ തീർത്തു.. മുറ്റത്ത് വേറൊരു സൈഡിലോട്ട് ചെടിയെ മാറ്റാൻ തീരുമാനിച്ചു.. അങ്ങേര് ഉച്ചയ്ക്ക് വരുമ്പോ കണ്ടാലും എന്നെ ചീ ത്ത പറയാൻ ഇടവരാത്ത ഒരു സ്ഥലം ഞാൻ നോക്കി വെച്ച്… പെങ്കൊച്ച് സിറ്റൗട്ടിലിരിക്കുവാ.. കൊച്ചെർക്കൻ എന്റെ കൂടെയുണ്ട്..

ഞാൻ തൂമ്പായെടുത്ത് തറയിലൊരു വെട്ട് കൊടുത്തു.. മണ്ണിന് യാതൊരു അനക്കവുമില്ല… കെട്ടിയോന്റെ അമ്മയ്ക്ക് അവരുടെ അമ്മായിയമ്മ കൊടുത്ത തൂമ്പായാണ്.. എന്റെ അമ്മായിയമ്മ അതെനിക്ക് തന്നു.. തലമുറകൾ കൈമാറി വന്ന കുടുംബ തൂമ്പായുടെ മൂർച്ചയൊക്കെ പണ്ടേയ്ക്ക് പണ്ടേ തേഞ്ഞു തീർന്നയാണ്.. പത്തു വെട്ട് വെട്ടുമ്പോ ഒരെണ്ണം കൊണ്ടാൽ കൊണ്ട്. അത്രേയുള്ളൂ..

ഇത്തിരി ആഴത്തിൽ കുഴിയെടുത്ത് നട്ടാൽ ചെടിയുടെ വേരൊക്കെ നന്നായി പടർന്നു പിടിക്കുവല്ലോ… ഞാൻ ആഞ്ഞൊരു വെട്ട് കൊടുത്തപ്പോ തൂമ്പാ എന്തിലോ ചെന്ന് കൊണ്ട്..

പാറയാന്നോ..,??

ഒന്നൂടെ വെട്ടി…

അല്ലല്ലോ.. പാറയിൽ തൂമ്പാ കൊള്ളുന്ന ശബ്ദമല്ലല്ലോ.. ഇത് വേറെയേതാണ്ടാ…

ഒന്നൂടെ വെട്ടിയപ്പോ തൂമ്പാ വലിച്ചെടുക്കാൻ ഇത്തിരി പാട് പെട്ടു…

ഞങ്ങളുടെ കല്യാണം ഉറപ്പിക്കാൻ എന്റെ വീട്ടിൽ വന്ന സമയത്ത് അമ്മായിയമ്മ പറഞ്ഞൊരു കാര്യമുണ്ട്.. അവരുടെ പറമ്പിലെവിടെയോ ഒരു നിധിയുണ്ടെന്ന്.. അന്ന് ഞാനത് വിശ്വസിച്ചില്ല..

പക്ഷേ ഇപ്പൊ,,, അമ്മ പറഞ്ഞ നിധി ഇവിടിരിക്കുവാരുന്നു… കഷ്ടപ്പാട് കണ്ട് ദൈവം അനുഗ്രഹിച്ചതാ..നിധി പൊങ്ങി വരുമ്പോ അതിന്റെ മേലോട്ട് മൂത്രമൊഴിക്കുകയോ തുപ്പുകയോ ചെയ്തില്ലെങ്കിൽ പൊങ്ങി വന്ന നിധി അതേപോലെ താണ് പോകുമെന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്..

കൊച്ചർക്കനെ പിടിച്ച് അടുത്തോട്ടു നിർത്തി.. പെട്ടെന്ന് മൂത്രം കിട്ടാനുള്ള സെറ്റപ്പൊക്കെ റെഡിയാക്കി…മൂത്രം വീഴാത്ത കാരണം നിധി കുഴീലോട്ട് തിരിച്ചു പോണ്ടാ..

നിധിയുടെ കാര്യം പറഞ്ഞിട്ട് കൊച്ചുങ്ങള് വിശ്വസിയ്ക്കുന്നില്ല… ന്നാലും അവരെന്റെ കൂടെ നിന്ന്…

തൂമ്പായെടുത്ത് ഞാനൊന്ന് വെട്ടി.. വെട്ട് കൊണ്ടിട്ടുണ്ട്.. മണ്ണിൽ ചെറിയ നനവ്… ഞാൻ ആഞ്ഞൊരു വെട്ട് കൂടെ കൊടുത്തതും വെള്ളം ചീറ്റിത്തെറിച്ചു.. കൊച്ചെർക്കൻ പേടിച്ചു പുറകോട്ട് മാറി..

“ങ്‌ഹേ.. ഇതെന്തുവാ.. ഭൂഗർഭ ജലമോ..

ഞാൻ അന്തംവിട്ട് നോക്കി..

“ഭൂഗർഭ ജലമല്ല.. ടാങ്കീന്ന് മുറ്റത്തെ പൈപ്പിലോട്ട് വെള്ളം വരാൻ മണ്ണിനടീക്കൂടെ കൊടുത്ത പൈപ്പാ അമ്മച്ചി വെട്ടി പൊട്ടിച്ചേ ..അച്ഛൻ അന്നേരെ പറഞ്ഞയാ മുറ്റത്തൊന്നും ഇട്ട് വെട്ടി കുഴിക്കരുതെന്ന്..

വെള്ളം ചീറ്റിത്തെറിക്കുന്നതിനിടെക്കൂടെ ആ പെങ്കൊച്ചു കിടന്നങ്ങു ചെലയ്ക്കുവാ.. ഞാൻ നാട്ടിലില്ലാത്ത സമയത്താ പൈപ്പൊക്കെ കുഴിച്ചിട്ടേ.. എവിടെ എന്തൊക്കെ കുഴിച്ചിട്ടിട്ടൊണ്ടെന്ന് ഞാനെങ്ങനെ അറിയും..

നെഞ്ച് പടപടാന്ന് കിടന്ന് അടിക്കുവാ.. ഇങ്ങനെ പേടിക്കുന്നതെന്തിനാണെന്നാ എനിക്ക് മനസിലാവാത്തെ…

ഓടിപ്പോയി പൈപ്പിലോട്ട് വെള്ളം വരാനുള്ള സുനയൊക്കെ ഞാൻ ഓഫ് ചെയ്തു.. ഞാനേതാണ്ട് മഹാപാരാധം ചെയ്തൊരു ഭാവമാ കൊച്ചുങ്ങളുടെ മുഖത്ത്.. വെല കൊറഞ്ഞ പൈപ്പ് വാങ്ങിച്ചു വെച്ചാൽ ഇങ്ങനൊക്കെ വരും..

കറ്റാർവാഴതൈ എന്റേട്ടന്റെ കുഴിയിൽ തന്നെ കൊണ്ട് വെച്ചിട്ടുണ്ട്.. അവിടാവുമ്പോ തുണി കഴുകുന്ന വെള്ളം വീണ് എപ്പോളും നാനവൊക്കെ കിട്ടുവല്ലോ.. ചെടി നന്നായി വളരുവേം ചെയ്യും…

ഉച്ചയ്ക്ക് സിനിമയ്ക്ക് പോയിട്ട് തിരിച്ചു വരുമ്പോ പുനലൂര്ന്ന് ഇച്ചിരി മുല്ലപ്പൂവ് വാങ്ങിക്കണം… മുല്ലപ്പൂവ് എന്റേട്ടന് ഭയങ്കര ഇഷ്ടവാ…ഇനിമുതൽ അങ്ങേര് പറയുന്നതിനപ്പുറം എനിക്കൊരു വാക്കില്ല.. അങ്ങേര് വരയ്ക്കുന്ന വരയ്ക്കപ്പുറം ഞാൻ പോവത്തുമില്ല..

“ന്നാലും ഈ പൈപ്പ് വെട്ടി പൊട്ടിച്ചതിന് ഞാനെന്ത് സമാധാനം പറയും ദൈവമേ….മുല്ലപ്പൂവിൽ അങ്ങേരങ്ങു ശാന്തനായാൽ മതിയാരുന്നു ..!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *