ഞാൻ നമ്മൾ തമ്മിലുള്ള ഇഷ്ടത്തെപ്പറ്റി ഇന്ന് അമ്മയോട് പറഞ്ഞു അതിൻ്റെ പുകിലാ നീ കണ്ടത്ജീ വൻ രക്ഷപെട്ടത് ഭാഗ്യമായി…….

എഴുത്ത്:- രാജു പി കെ കോടനാട്

നമ്മുടെ സ്നേഹത്തിന് അതിരുകളില്ല മോന് അമ്മയോട് എന്തും തുറന്ന് പറയാം അമ്മയുണ്ടാവും എന്തിനും എപ്പോഴും കൂടെ എന്ന് പറയാറുള്ള അമ്മയോടാണ്, ആ മടിയിൽ തല ചായ്ച്ച് പുന്നാരവും പറഞ്ഞ് തലോടലും ഏറ്റ് കിടക്കുമ്പോൾ അയൽവാസിയും അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ മകളുമായ മിനിക്കുട്ടിയുമായുള്ള ഇഷ്ടത്തെപ്പറ്റി പറയുന്നത്. തലോടിയിരുന്ന കയ്കളുടെ അടിയുടെ ചൂടേറ്റു വാങ്ങിയതും ചാടി എഴുന്നേറ്റ് അമ്പരപ്പോടെ അമ്മയെ നോക്കി.

നിനക്ക് വേറെ ആരെയും കിട്ടിയില്ല പ്രേമിക്കാൻ അല്ലേടാ എന്ന ചോദ്യവുമായി അകത്തേ മുറിയിലേക്ക് വല്ലാത്ത വേഗതയിൽ ഓടിയതും അച്ഛൻ പാമ്പിനെ കൊ ല്ലാനായി വാങ്ങി വച്ചിട്ടുള്ള വലിയ ചൂരൽ വടിയുമായി അലറിക്കൊണ്ടോടി വരുന്നത് കണ്ടതും പ്രാണരക്ഷാർത്ഥം വാരിപ്പിടിച്ച മുണ്ടുമായി പൂമുഖപ്പടിയിൽ നിറഞ്ഞ് കത്തുന്ന നിലവിളക്കിന് മുകളിലൂടെ ഉയർന്ന് ചാടിയതും വിളക്കിൽ കാലുടക്കിയതും ഒരുമിച്ചായിരുന്നു അകത്ത് നടക്കുന്ന സംഘർഷമൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ലന്ന വിധം കോലായിൽ കിടന്നുറങ്ങുന്ന അമ്മയുടെ പ്രാണനായ പൂച്ചപ്പട്ടി കൈസറിൻ്റെ മുകളിലേക്കാണ് വിളക്കുമറിഞ്ഞ് വീഴുന്നത്

അല്പദൂരം ഓടി പതിയെ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് ഉയർത്തിപ്പിടിച്ച ചൂരൽ വടിയുമായി നിൽക്കുന്ന അമ്മ പൂടക്ക് തീപിടിച്ച് മണ്ണിൽ കിടന്ന് ഉരുളുന്ന കൈസറിനേയും പേപിടിച്ച പോലെ ഓടുന്ന മകനേയും നോക്കി തലയ്ക്ക് തീപിടിച്ച പോലെ നിൽക്കുന്ന കാഴ്ച്ചയാണ്..

രംഗം പന്തിയല്ലെന്ന് കണ്ടതും തിരിഞ്ഞ് നോക്കാതെ പിന്നെ ഒരോട്ടമായിരുന്നു.

നേരിയ നിലാവത്ത് പാടവരമ്പിലെ അലക്കു കല്ലിൽ അച്ഛൻ വരുന്നതും കാത്തിരിക്കുമ്പോഴാണ് തൊട്ടുപിറകിൽ നിന്നും കൊലുസ്സിൻ്റെ മണികിലുക്കം കേൾക്കുന്നത്.

തിരിഞ്ഞു നോക്കുമ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് മിനിക്കുട്ടി എന്തു പറ്റി ഉണ്ണിയേട്ടാ വല്ലാതെ വിയർത്ത് കുളിച്ച് എന്തോ പേടി തട്ടിയ മട്ടുണ്ടല്ലോ…?

ചിരിച്ചു കൊണ്ടവൾ പറഞ്ഞപ്പോൾ ദേഷ്യത്തോടൊപ്പം സങ്കടവും വന്നു.

ഞാൻ നമ്മൾ തമ്മിലുള്ള ഇഷ്ടത്തെപ്പറ്റി ഇന്ന് അമ്മയോട് പറഞ്ഞു അതിൻ്റെ പുകിലാ നീ കണ്ടത്ജീ വൻ രക്ഷപെട്ടത് ഭാഗ്യമായി.

എൻ്റെ വീട്ടിൽ എന്തായാലും അമ്മ സമ്മതിക്കില്ല നിൻ്റെ വീട്ടിലും മറിച്ചാവില്ല അവസ്ഥ അതുകൊണ്ട് നമുക്ക് ഇതൊക്കെ മറക്കാം നല്ല കൂട്ടുകാരായി തുടരാം..

എന്താടാ ഉണ്ണിയേട്ടാ നീ പറഞ്ഞത് ഇന്ന് നിന്നെ കൊ ല്ലും ഞാൻ എന്നിട്ട് ഞാനും ചാ വും കഴു ത്തിൽ മുറുകുന്ന അവളുടെ വിരലുകളിൽ എൻ്റെ ശ്വാസം നിശ്ച്ചലമായപ്പോൾ പ്രണയത്തിന് മരണം എന്ന മറ്റൊരു മുഖം കൂടി ഉണ്ടെന്ന് ആദ്യമായി ഞാൻ അറിയുകയായിരുന്നു.

ആ വിരലുകൾ ബലമായി വേർപെടുത്തുമ്പോൾ സങ്കടം ഉള്ളിൽ ഒതുക്കാൻ കഴിയാതെ മിനിക്കുട്ടിയുടെ കണ്ണുകൾ പെയ്ത് തോരുന്നുണ്ടായിരുന്നു.

ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ അതിന് നീ ഇങ്ങനെ കരയല്ലേ എന്ന് പറഞ്ഞ് അവളെ നെഞ്ചോട് ചേർത്തതും

ഉണ്ണീ.. എന്നുള്ള അമ്മയുടെ ഉച്ചത്തിലുള്ള വിളിയും ഒപ്പമായിരുന്നു പെട്ടന്നവളെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി പതിയെ നടന്നകലുമ്പോൾ പൂമുഖത്തെ ചാരുകസേരയിൽ ചുണ്ടിൽ ഒളിപ്പിച്ച ഒരു ചിരിയുമായി അച്ഛനുണ്ടായിരുന്നു എന്നെയും കാത്ത്.

അടുത്തെത്തിയ എന്നെ ചേർത്ത് പിടിച്ച് അച്ഛൻ പറഞ്ഞു “ഇതൊക്കെ ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും ഉള്ളതാ പണ്ട് എനിക്കും…”
ജനൽ പാളിയുടെ വിടവിൽ അമ്മയുടെ മുഖം കണ്ടതും പറയാൻ വന്നത് പൂർത്തിയാക്കാതെ അച്ഛൻ തുടർന്നു.

“ഇപ്പോൾ പഠിക്കേണ്ട സമയമാണ് വിദ്യയാണ് ജീവിതത്തിലെ ഏറ്റവും വലിയ ധനം മറ്റെല്ലാം ജീവിതം കൊണ്ടും ജീവിതാനുഭവങ്ങൾ കൊണ്ടും നമുക്ക് നേടാവുന്നതാണ് ഇനിയും ഒരു വർഷമുണ്ട് ഡിഗ്രി പൂർത്തിയാവാൻ അത് കഴിഞ്ഞ് ഒരു ജോലിയൊക്കെക്കിട്ടി സ്വന്തം കാലിൽ നിൽക്കുന്ന സമയത്തും ഈ പ്രണയം ഇതുപോലെ നിങ്ങളുടെ രണ്ടു പേരുടേയും ഉള്ളിൽ ഉണ്ടെങ്കിൽ ആരെതിർത്താലും അച്ഛനുണ്ടാവും എൻ്റെ ഉണ്ണിയോടൊപ്പം.”

എന്നെയും ചേർത്ത് പിടിച്ച് അച്ഛൻ അകത്തേക്ക് നടക്കുമ്പോൾ. പുഞ്ചിരിക്കിടയിലും മുഖത്ത് വരുത്തിയ കൃത്രിമ ദേഷ്യത്തിൽ അമ്മ അച്ഛനോട് ചോദിക്കുന്നുണ്ട് “ഇന്നെനിക്കറിയണം ആരാ നിങ്ങൾ ഇതുവരെ എന്നോട് പറയാത്ത ആ പ്രണയിനി എന്ന്…!”

Related Posts

Leave a Reply

Your email address will not be published. Required fields are marked *