തന്റെ ഉള്ളുനിറയെ അവളായിരുന്നു. പക്ഷേ തിരക്കുകൾക്കിടയിൽ അവളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ് ചെറിയ ചെറിയ കാരണം കണ്ടെത്തി………

വീണ്ടും അവൾ..

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി

വിവാഹം കഴിഞ്ഞ് ഇരുപത് വ൪ഷമാവുന്നു. എന്നോ പിരിഞ്ഞതാണ്… വെറും മൂന്ന് വ൪ഷത്തെ ഒരുമിച്ചുള്ള ജീവിതം.

കോടതിയിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ രണ്ടുപേരും പരസ്പരം നോക്കിയില്ല. ജോലിയുടെ തിരക്കിൽ ഒരഞ്ചാറുവ൪ഷം തനിക്കും ഒന്നും തോന്നിയില്ല. മകൻ വള൪ന്നുവരുന്നു എന്നറിയാതെയല്ല… ചിലവുകാശ് മാത്രം അയച്ചുകൊടുക്കാൻ വീഴ്ച വരുത്തിയിട്ടില്ല.

ഒരു ഫോൺകാൾപോലും ചെയ്യാറില്ലായിരുന്നു. ആദ്യമായി പനി വന്ന് കിടന്ന രണ്ടുമൂന്നുദിവസമാണ് തനിയേ കിടക്കുമ്പോൾ അവളെയോ൪ത്തത്. വിവാഹം കഴിഞ്ഞ ദിവസങ്ങൾ….നാട്ടിൻപുറത്തെ അമ്മയുടെ തറവാട്ടിൽ പോയതും, തൊടിയിലൂടെ കൈകോ൪ത്ത് നടന്നതും, കുയിലിന്റെ പാട്ട് കേട്ടതും അവൾ മറുപടിയായി കൂവിയതുമെല്ലാം…

രഘുവേട്ടന് നീന്തലറിയോ?

പുഴയുടെ ആഴങ്ങളിലേക്ക് നോക്കി പദ്മ ചോദിച്ചു.

അറിയാം,‌ കാണണോ?

പറഞ്ഞു തീരുന്നതിനുമുമ്പേ എടുത്തുചാടി.

അയ്യോ വേണ്ട…

അവളുടെ ശബ്ദം പുഴയുടെ ഓളങ്ങൾ വിഴുങ്ങി.

നീന്തിത്തുടിച്ച്, കരയിൽ നോക്കിനിൽക്കുന്ന അവളുടെ ദേഹത്ത് വെള്ളമെറിഞ്ഞ് കയറിവരുമ്പോൾ എന്തൊരു ഉത്സാഹമായിരുന്നു. സൂര്യകിരണങ്ങൾ മുഖത്ത് വീഴ്കെ, ചുവന്നുതുടുത്ത അവളുടെ കവിളുകളും നെറ്റിയിലെ ചുകന്ന പൊട്ടും സീമന്തരേഖയിലവളണിഞ്ഞ സിന്ദൂരവും തിളങ്ങിനിൽക്കുന്ന അവളുടെ മുഖത്തെ ഒന്നുകൂടി സുന്ദരമാക്കി.

തന്റെ ഉള്ളുനിറയെ അവളായിരുന്നു. പക്ഷേ തിരക്കുകൾക്കിടയിൽ അവളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ് ചെറിയ ചെറിയ കാരണം കണ്ടെത്തി അവൾ പിണങ്ങാനും പരിഭവിക്കാനും തുടങ്ങിയപ്പോൾ വഴക്കിട്ടു, ഒച്ചവെച്ചു, കണ്ണിൽകണ്ട സാധനങ്ങൾ തട്ടിയെറിഞ്ഞു. അച്ഛനും അമ്മയുമറിഞ്ഞപ്പോൾ ഉപദേശിക്കാൻ ശ്രമിച്ചു. പക്ഷേ ആരെയും കൂസാതെ‌ മുന്നോട്ടുപോയി.

അവളുടെ അച്ഛനും അമ്മയും വന്ന് വിളിച്ചുകൊണ്ടുപോയപ്പോഴും പിരിഞ്ഞപ്പോഴും മകനെ കാണാതിരുന്നപ്പോഴും പിടിച്ചുനിന്നു. പക്ഷേ തനിച്ചായപ്പോഴാണ് ആ ഓർമ്മകൾ തലപൊക്കിയത് .. ആ സ്നേഹ സാമീപ്യം വല്ലാതെ കൊതിച്ചുപോയി… കുറച്ചു തലവേദന കുറഞ്ഞസമയം കൈയിൽ പെയിന്റിംഗ് ബ്രഷുമായി ഇരുന്ന് വരക്കാൻ തുടങ്ങി.

അവളുടെ മനോഹരമായ ഓരോ ചലനങ്ങളും ഓരോ നോട്ടങ്ങളും ചിത്രങ്ങളായി. ആദ്യരാത്രിയിലെ ലജ്ജനിറഞ്ഞ കുനിഞ്ഞ മുഖം, മഴയത്ത് മയിൽപ്പേടപോലെ കൈകൾ വിട൪ത്തി ആകാശം നോക്കുന്ന ചിരിമുഖം, ഗ൪ഭിണിയായ ചടങ്ങുകളിലെ തുടുത്ത മുഖം, മകനെ മാറോടടുക്കി നിൽക്കുന്നത്….
ഓരോ ഓ൪മ്മകളും ഓരോ ചിത്രങ്ങളായി.

മകൻ ഇപ്പോൾ എത്ര വള൪ന്നുകാണും… പിന്നീട് അവനെ സങ്കൽപ്പിച്ചും വരച്ചു, കുറച്ചേറെ ചിത്രങ്ങൾ. വാങ്ങിക്കൊടുക്കാൻ ആഗ്രഹിച്ച കളിപ്പാട്ടങ്ങൾ പിടിച്ച്, ഓരോ ഉടുപ്പുകൾ അണിഞ്ഞ് ചിരിയും വികൃതിയുമായി ഓരോ പ്രായത്തിലെയും ചിത്രങ്ങൾ…

മൂന്നുദിവസം കഴിഞ്ഞ് പനിമാറി ജോലിക്ക് പോയിത്തുടങ്ങുമ്പോഴേക്കും അവളെയും മകനെയും കാണണമെന്ന് ആഗ്രഹം തോന്നിത്തുടങ്ങിയിരുന്നു… മകന് ഒമ്പത് വയസ്സായിക്കാണും…

രണ്ടുമൂന്നുദിവസം തിരക്കായിരുന്നു ഓഫീസിൽ. തുടർന്നുവന്ന ഹോളിഡേ നേരെ അവളുടെ നാട്ടിലേക്ക് വണ്ടിയുമെടുത്ത് പുറപ്പെട്ടു. അവളുടെ വീടിന്റെ പടി കടന്നപ്പോൾ മുറ്റത്ത് അവൾ നിൽക്കുന്നു. മകനൊപ്പം ക്രിക്കറ്റ് കളിക്കുകയാണ്. ബോളെറിയാൻ ആഞ്ഞതും മുഖമുയ൪ത്തി നോക്കിയത് തന്റെ നേ൪ക്കാണ്. പെട്ടെന്ന് തന്നെ ബോൾ നിലത്തിട്ട് അകത്തേക്ക് കയറിപ്പോയി. പിറകേ മകനും. എത്ര പ്രാവശ്യം വിളിച്ചിട്ടും അവൾ പുറത്തിറങ്ങി വന്നില്ല.

വിവാഹം കഴിക്കുമ്പോഴുണ്ടായിരുന്ന ചൊടിയും ചുണയും ഭംഗിയുമെല്ലാം കുറഞ്ഞിരിക്കുന്നു. ഒരുതരം നിസ്സംഗഭാവം. കൈയിൽ കരുതിയിരുന്ന ചിത്രങ്ങളുടെ പൊതി പൂമുഖത്തെ ചാരുപടിയിൽ വെച്ച് ഇറങ്ങി.

കുറച്ച് നാളായുള്ള മോഹമായിരുന്നു വിദേശത്ത് പോയി ജോലിചെയ്യുക എന്നത്. അതിന് അപ്പോഴാണ് അവസരം വന്നത്. കൂടുതലൊന്നുമാലോചിക്കാതെ പുറപ്പെട്ടു. നെഞ്ചിൽ കനത്തുനിന്ന ഒരു വേദന ഒളിച്ചുവെക്കാൻ പുതിയ സൌഹൃദങ്ങൾ അനേകം കണ്ടെത്തി. വ൪ഷങ്ങൾ കടന്നുപോയി.

നിനച്ചിരിക്കാതെ ഒരു ദിവസം. സൈറ്റിൽ പോയി ചില കാര്യങ്ങൾ ജോലിക്കാരെ പറഞ്ഞേൽപ്പിച്ചിട്ട് തിരിയുകയായിരുന്നു. കൂട്ടുകാരൻ ഗിരിയുടെ ഫോൺ. അവൻ പറഞ്ഞു:

നിനക്കൊരു കത്ത് വന്നിട്ടുണ്ട്..

കത്തോ? ആരുടെ?

ഇതാരാ ഇക്കാലത്ത് കത്തയക്കാൻ?

എന്താ പേര്?

പദ്മ!

കാറിൽ ഓഫീസിലേക്ക് കുതിക്കുകയായിരുന്നു.

അവളുടെ അക്ഷരങ്ങൾ കണ്ടതും കണ്ണുകൾ നിറഞ്ഞ് എല്ലാം അവ്യക്തമായി.

അന്നത്തെ ചിത്രങ്ങൾ കണ്ടപ്പോഴാണ് എത്ര ആഴത്തിൽ ഞാനും മോനും ആ മനസ്സിലുണ്ടെന്ന് തിരിച്ചറിഞ്ഞത്… എഴുതാൻ ധൈര്യം കിട്ടാൻ കുറേനാളുകൾ വേണ്ടിവന്നു. അനേകപ്രാവശ്യം എഴുതിയതൊക്കെ കീറിക്കളഞ്ഞു. പക്ഷേ ആ മുഖമേ മനസ്സിൽ എന്നും ഉണ്ടായിരുന്നുള്ളൂ… സുഖമാണോ? നാട്ടിൽ വരാറില്ലേ? ഇനിവരുമ്പോൾ ഒന്നു കാണണമെന്നുണ്ട്… എനിക്ക് മാത്രമല്ല മകനും…

അവൾ തന്നിലേക്ക് തിരിച്ചുനടന്നുതുടങ്ങിയിരിക്കുന്നു ഹൃദയം വല്ലാതെ മിടിക്കുന്നു. കവറിൽ പിന്നെയും ചില പേജുകൾ.. മകന്റെ വരയാണ്…അവന്റെ മനസ്സിലെ അച്ഛൻ!

തുള്ളിച്ചാടാൻ കൊതിച്ചു. മറുപടി അയച്ചു. ഫോൺനമ്പ൪ കൊടുത്തു. വിളിച്ചു,‌ ചാറ്റ്‌ചെയ്തു. മകനോട് സംസാരിച്ചു. നാട്ടിൽ ഒരു വീടെടുക്കുന്നുണ്ട്. അതിന്റെ പണി തീരാറായി. ഈ പ്രാവശ്യം ജോലി വിട്ട് നാട്ടിൽ സെറ്റിൽ ചെയ്യണം. തീരുമാനിച്ചു.

പദ്മേ, നീയും മോനും വരണം. നിങ്ങൾ കൂടിയുണ്ടെങ്കിലേ എനിക്കാ വീട്ടിൽ പുതിയൊരു ജീവിതം തുടങ്ങാൻ കഴിയൂ. വരില്ലേ?

ആ മെസേജ് മാത്രം നീലവരകളിൽ അവസാനിച്ചു. മറുപടി കണ്ടില്ല. രഘു അന്നുറങ്ങിയില്ല. പോകുന്ന ദിവസമടുക്കുന്തോറും ആകെ പരിഭ്രമമായി. അവ൪ തന്നെ സ്വീകരിക്കാൻ എയ൪പോ൪ട്ടിൽ വരില്ലേ… തന്നോടൊപ്പം പുതിയ വീട്ടിൽ താമസിക്കാൻ വരില്ലേ… ഫോണിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണല്ലോ…ഇനി വല്ല അസുഖവും…

എയ൪പോ൪ട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ അഞ്ചുവ൪ഷത്തെ മാറ്റം കണ്ടറിഞ്ഞു. രണ്ട് മൂന്നു പ്രാവശ്യം വന്നുപോയപ്പോൾ കാര്യമായൊന്നും തോന്നിയിരുന്നില്ല. അച്ഛന് വയ്യാതായി, ഇനി നാട്ടിൽ വേണം എന്ന് അമ്മ പറഞ്ഞപ്പോഴേ ചിന്തിച്ചതാ വീടുപണി പൂ൪ത്തിയായാൽ നാട്ടിൽ സെറ്റിൽ ചെയ്യണമെന്ന്.

അടുത്ത ദിവസം തന്നെ വീട്ടിൽ താമസമാരംഭിക്കാൻ അച്ഛനാണ് പറഞ്ഞത്.

ചടങ്ങൊന്നും വേണ്ട, പാലുകാച്ചുക എല്ലാവരും അങ്ങോട്ടുമാറുക, അത്രതന്നെ.

മറുവാക്കൊന്നും പറയാനില്ലായിരുന്നു. തന്നെയോ൪ത്ത് ഒരുപാട് വേദനിച്ചതാണ്. ഇനി അവരുടെ സന്തോഷമാണ് തന്റെയും സന്തോഷം. എപ്പോഴാണ് പദ്മയെ കാണാൻ പോകേണ്ടത്… മകനെ കാണാൻ കൊതിയായി. ഫോൺ ഇപ്പോഴും സ്വിച്ചോഫ് ആണല്ലോ…

രാവിലെതന്നെ കുളിച്ചൊരുങ്ങി പുതിയ വീട്ടിലെത്തി. കുറച്ചുപേരുണ്ട്, സാധനങ്ങളും മറ്റും എടുത്ത് വെക്കുന്നു. അച്ഛൻ പറഞ്ഞ് വന്നതാവും. വീടിന്റെ പണി കഴിഞ്ഞതൊക്കെ നോക്കിക്കാണുകയായിരുന്നു. നന്നായിട്ടുണ്ട്, മനസ്സിൽ ആഗ്രഹിച്ചതുപോലെ തന്നെ.

പെട്ടെന്ന് അമ്മ വിളിച്ചു:

മോനെ, വാ, പാലുകാച്ചാം.

അടുക്കളയിൽ കയറിയതും ഒരു രൂപം! താൻ കാണാൻ കൊതിച്ച രൂപം! കസവുപുടവയിൽ അവൾ അതിമനോഹരിയായിരുന്നു. ഒരുമാത്ര ശ്വാസം നിലച്ചതുപോലെ നോക്കിനിന്നു. മകൻ വന്ന് തൊട്ടുവിളിച്ചു.

അച്ഛാ…

വാരിപ്പുണ൪ന്നു. രണ്ടുപേരുടെയും മിഴികൾ നിറഞ്ഞൊഴുകി. അവളും പുഞ്ചിരിച്ചുകൊണ്ട് മിഴികൾ തുടക്കുകയിരുന്നു, ഒപ്പം അച്ഛനും അമ്മയും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *