ദിവസങ്ങൾ മുൻപോട്ടു പോകുവാൻ വളരെ യാദൃശ്ചികമായാണ് തൊട്ടടുത്ത വീട്ടിലെ ഒരു ചെറുക്കൻ തന്നെ  ശ്രദ്ധിക്കുന്ന തോന്നിയത്.. മകന്റെ അതേ പ്രായത്തിലുള്ള ഒരു ചെറുക്കൻ………

മുഖംമൂടിയണിഞ്ഞവൾ

എഴുത്ത്:-സാജുപി കോട്ടയം

“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ മോളേ മോൾക്ക് വല്ലവരുടെയും വീട്ടിലെ അടുക്കളപണിയൊന്നും  പറ്റില്ലെന്ന്”

തുണികൾ കഴുകിയും പാത്രങ്ങൾ കഴുകിയും പൊട്ടിപ്പൊളിഞ്ഞിരിക്കുന്ന രേവതിയുടെ  കയ്യിൽ പിടിച്ചു നോക്കികൊണ്ട് അമ്മിണിചേച്ചി വിഷമത്തോടെ പറഞ്ഞു.

” കയ്യൊക്കെ കുറച്ച് പൊട്ടിയാലെന്താ നാനൂറു  രൂപയൊക്കെ വൈകുന്നേരം കിട്ടുന്നത് ഈ സമയത്തൊരു  ആശ്വാസം അല്ലേ ചേച്ചി..? ”     മുഖത്ത് ചിരി വരുത്തിക്കൊണ്ട് രേവതി പറഞ്ഞു

”   എന്നാലും…… ”    നിറഞ്ഞു വന്ന കണ്ണീർതുള്ളികളെ പുറം കൈകൊണ്ട് അമ്മിണി തടഞ്ഞുനിർത്തി

” ഈ നശിച്ച രോഗം കാരണം എത്ര പേരാണ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് മാസ്ക്കിനുള്ളിൽ കൂടി അവർ പിറുപിറുക്കുന്നത് രേവതി കേട്ടു.

ലോകം മുഴുവൻ മഹാമാരി പെയ്തിറങ്ങി മാസങ്ങൾ പലതും കഴിഞ്ഞു സാധാരണ ജനങ്ങളുടെയും ഒരു വരുമാനത്തിൽ മാത്രം ആശ്രയിച്ച് കഴിയുന്ന പലർക്കും ജോലിക്ക് പോലും പോവാത്ത സ്ഥിതിയായി ആളുകൾ  നിത്യ  ചെലവിനായി ജീവിക്കാൻ പലരോടും കടം വാങ്ങുകയും എന്തെങ്കിലും ജോലിയൊക്കെ തിരക്കി പരക്കംപാഞ്ഞു നടക്കുകയാണ്.

രേവതി ഒരു സ്വകാര്യ സ്കൂളിൽ ഹൈസ്കൂൾ ടീച്ചറാണ് സ്കൂൾ അടച്ചതിനാൽ  ആ വഴിയുള്ള വരുമാനം നിലച്ചു… വീടിന്റെ ഏക വരുമാനമാർഗ്ഗമാണ്അടഞ്ഞത് വീട്ടുവാടക, കറണ്ട്, വെള്ളം, ഭക്ഷണം, നിത്യചെലവുകൾ  . ഇവയൊക്കെ രേവതിയെ നോക്കി വളരെ ക്രൂ രമായി പല്ലിളിച്ചുകൊണ്ടിരുന്നു… ഇനി മുൻപോട്ട് എങ്ങനെയെന്ന ചോദ്യത്തിനുമുന്നിൽ ഒരു ഉത്തരം കിട്ടാതെ പതറി  നിൽക്കുമ്പോഴാണ് നാളുകൾക്കു ശേഷം അമ്മിണി  ചേച്ചിയെ കാണുന്നത്

രേവതി പഠിപ്പിക്കുന്ന സ്കൂളിലെ തൂപ്പുകാരിയാണ് സ്കൂളോക്കെ അടച്ചത് കൊണ്ട്    ഇപ്പൊ എവിടെയോ പുറംപണിയും അടുക്കളപ്പണിയും ചെയ്തു വരികയാണ്

പരസ്പരം വിശേഷങ്ങൾ തിരിക്കുന്നതിനിടയിൽ രേവതി  അമ്മിണിയോട്  ചോദിച്ചു

” ചേച്ചി എനിക്ക് എന്തേലും പണി ഒപ്പിച്ചു തരാമോ…? “

കേട്ടപ്പോൾ അവർക്ക് അത്ഭുതം തോന്നിയെങ്കിലും ഈ ലോകത്തിലെ ഇപ്പോഴത്തെ അവസ്ഥയിൽ മനുഷ്യന്മാർ തെണ്ടാൻ പോലും മടിക്കില്ലെന്ന് സാധാരണക്കാരിയായ അമ്മിണിക്ക് പോലും നിശ്ചയമുണ്ടായിരുന്നു

” ഞാൻ വിചാരിച്ചാൽ എന്തു പണിയാണ് കുഞ്ഞേ വാങ്ങി  തരാൻ പറ്റുക “
അവർ ധർമ്മ സങ്കടത്തോടെ നോക്കി.

” എന്തെങ്കിലും പണി മതി ചേച്ചി വീട്ടുജോലിയായാലും മതി ഇവിടുത്തെ അവസ്ഥ അത്രയും മോശമാണ് “

രേവതി അമ്മിണി ചേച്ചിയുടെ കൈയിൽ പിടിച്ചു

ജോലിയൊക്കെ ശരിയാക്കാം കുഞ്ഞേ പക്ഷേ ഒരു കുഴപ്പമുണ്ട്…. മോളോരു ടീച്ചർ ആണെന്ന് അറിഞ്ഞാൽ ആരും ജോലി തരുമെന്ന് തോന്നുന്നില്ല…!

” അതൊന്നും സാരമില്ല ചേച്ചി അത് പറയാതിരുന്നാൽ പോരെ…?   ഇവിടുന്ന് കുറച്ച് എങ്ങോട്ടെങ്കിലുംദൂരെ മാറി നോക്കിയാൽ മതി വൈകുന്നേരം വീട്ടിലെത്തണം   അത്രേയുള്ളൂ”

ഒരു വീടുണ്ട് കുറച്ചു ദൂരെയാണ് നാളെ രാവിലെ പോകാം ഞാൻ വരുമ്പോൾ രാവിലെ ഒരുങ്ങി നിന്നോ ഒരു നൈറ്റി കൂടി ബാഗിൽ കരുതിവെക്കുക….. പിന്നെ തിരിഞ്ഞു പോലും നോക്കാതെ അമ്മിണി മുൻപോട്ടു നടന്നു.

അമ്മിണിക്ക് പ്രായോഗിക ബുദ്ധിയുണ്ട് മറ്റുള്ളവരുടെ വിഷമത്തിൽ കൂടെ നിന്ന് ആശ്വാസം പകരുന്നതിനേക്കാൾ ഇപ്പോൾ രേവതി ടീച്ചർക്ക് ഒരു ജോലി ആണ് വേണ്ടത് എന്ന് അവർക്ക് തോന്നിക്കാണും

പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് എന്നപോലെ ഒരുങ്ങുന്ന രേവതിയോട് അമ്മ

” ഇന്ന് സ്കൂൾ ഉണ്ടോ മോളെ “

” ഉണ്ട് അമ്മയെ ടീച്ചേഴ്സിന് ഓൺലൈൻ ക്ലാസ്സ് പരിശീലനം കുറച്ച് ദിവസത്തേക്കുണ്ട് മിക്കവാറും വൈകുന്നേരം വരെയും കാണും “

അമ്മയോട് പറയാനുള്ള കള്ളം നേരത്തെ തന്നെ രേവതി കരുതി വച്ചിട്ടുണ്ടായിരുന്നു

” ചോറു കൊണ്ടു പോകുന്നില്ലേ നീ? ” ” ഇന്നെന്തായാലും ഇത്രയും സമയമായില്ലേ അമ്മേ നാളെ മുതൽ കൊണ്ടുപോകാം “

വീട്ടുജോലിക്ക് പോകുന്ന പെണ്ണുങ്ങൾക്ക് പൊതി കെട്ടിക്കൊണ്ടു പോകണ്ടല്ലോ..! എന്ന് മനസിലും പറഞ്ഞു

എങ്കിലും അമ്മ നിർബന്ധിച്ചു തന്ന പൊതിച്ചോറ് ബാഗിനുള്ളിൽ ഭദ്രമായി വച്ചു.
അമ്മയോട് മോനോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ റോഡിൽ അമ്മിണിച്ചേച്ചി കാത്തുനിൽപ്പുണ്ടായിരുന്നു

വീടിനടുത്തു നിന്നും കുറെ ദൂരെയാണ് അമ്മിണിച്ചേച്ചി രേവതിയെ കൂട്ടിക്കൊണ്ടു പോയ വീട് എങ്കിലും യാത്രയിലുടനീളം ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ മാസ്ക് കൊണ്ട് മുഖം മറച്ചു.

” ചിലപ്പോൾ ഞാൻ പഠിപ്പിച്ച പിള്ളേരൊക്കെ ഇവിടെയൊക്കെ കാണും  “
രേവതി അമ്മിണി യോട്  പറഞ്ഞു

” ഈ വീട്ടിൽ ഒരു ചെറിയ കുട്ടി മാത്രമേ ഉള്ളൂ ബാക്കിയുള്ളവരൊക്കെ വലിയ വരാണ് അതുകൊണ്ട് ആർക്കും അറിയാൻ ചാൻസില്ല… തൊട്ടപ്പുറത്തെ വീട്ടിൽ രണ്ടു വലിയ കുട്ടികൾ ഉണ്ട്… പിന്നെ മാസ്കും വെച്ചിട്ടുണ്ടല്ലോ ഡ്രസ്സ് മാറിയിട്ട് നൈറ്റിയിട്ടാൽ പിന്നെ ഒട്ടും തിരിച്ചറിയില്ല മോളെ വേണമെങ്കിൽ പേരുമാറ്റി പറഞ്ഞേക്ക്…..   “

തന്റെ മുഖം തന്റെ പേര് തന്റെ പദവികൾ ഈ ഗേറ്റിന് ഉള്ളിലേക്ക് കയറുമ്പോൾ…. ഇവിടെ ഊർന്നു വീഴേണ്ട താണെന്ന്  ടീച്ചർക്ക് തോന്നി?ഇല്ലായ്മയുടെ നൃത്തം തന്നെക്കൊണ്ട് ഒരിക്കൽപോലും ബന്ധമില്ലാത്ത അവസ്ഥയിലേക്കെത്തി സ്വയം സമർപ്പണം ചെയ്യിപ്പിക്കുന്നു

” പേരെന്താണ്…? ” വീട്ടിലെ കാരണവരുടെ ആണ് ചോദ്യം

” ബിന്ദു ”      ആദ്യത്തെ കള്ളം അവിടെ തുടങ്ങി.

ഉം “…… അയാൾ ഇരുത്തി മൂളി

ഇവിടെ പാചകം ചെയ്യണം പാത്രങ്ങൾ കഴുകണം തുണി അലക്കണം വൃത്തിയാക്കണം പിന്നെ എന്നും രാവിലെ 8 മണിക്ക് വരണം 5 മണി വരെ ജോലി കഴിഞ്ഞു പോകാം.

ജോലികൾ നിർദേശിച്ച ശേഷം അയാൾ അകത്തേക്ക് പോയി..

രേവതി ആദ്യം അടുക്കളയിലേക്കാണ് പോയത്

അഞ്ചാറു പേരുണ്ട് വീട്ടിൽ ഓരോരുത്തരുടെയും രീതിക്കനുസരിച്ചും രുചിക്കനുസരിച്ചും പാചകം ചെയ്യണം പാത്രം കഴുകി തുടങ്ങിയാൽ ഷെൽഫിൽ വെറുതെയിരിക്കുന്ന പാത്രം വരെയും വാഷ്ബേസിനിലേക്ക് ഓടിയെത്തുന്നു അതിനുശേഷം തുണിയലക്കാൻ തുടങ്ങിയാൽ പിന്നെ വാഷിങ്മെഷീൻ ഉണ്ടെങ്കിലും അലക്ക് കല്ലിലക്കുന്ന വൃത്തികിട്ടില്ലെന്ന്‌ ഇല്ലെന്നു വീട്ടുകാർ.

നടുവും നരിയാണിയും പൊട്ടുന്ന വേദനയിലും ശരീരം പുറപ്പെടുവിക്കുന്ന ഞരക്കങ്ങൾ വായിൽ കൂടെ  പുറത്തേക്ക് വരാതിരിക്കാൻ ആവുന്നത് പോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.  

ശീലം ഇല്ലാത്തതു കൊണ്ടായിരിക്കാം കൊടുങ്കാറ്റ് പിടിച്ചൊരു തൈമരം പോലെ ചിലപ്പോഴൊക്കെ ആകെയൂലഞ്ഞു.

എങ്കിലും ആരോടും സംസാരിക്കാനും മുഖത്തെ മാസ്ക് ഒരു നിമിഷത്തേക്ക്പോലും മാറ്റുവാൻ തയ്യാറായില്ല.

ദിവസങ്ങൾ മുൻപോട്ടു പോകുവാൻ വളരെ യാദൃശ്ചികമായാണ് തൊട്ടടുത്ത വീട്ടിലെ ഒരു ചെറുക്കൻ തന്നെ  ശ്രദ്ധിക്കുന്ന തോന്നിയത്.. മകന്റെ അതേ പ്രായത്തിലുള്ള ഒരു ചെറുക്കൻ… രേവതിയും അവനെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ആ ചെറുക്കൻ അവരുടെ അടുത്തേക്ക് ചെന്നു.

” എന്റെ കൂട്ടുകാരന്റെ അമ്മയെ പോലെ ഇരിക്കുന്നു “

രേവതി മാസ്ക് ഒന്നൂടെ മുഖത്ത് ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം

” മോന്റെ കൂട്ടുകാരന്റെ പേരെന്താണ്…? “

മറുപടിയായി തന്റെ മകന്റെ പേര് പറഞ്ഞതിനുശേഷം അവന്റെ അമ്മ ഒരു ടീച്ചർ ആണെന്നും കൂടി പറഞ്ഞപ്പോൾ രേവതിയുടെ ഉള്ളിലേക്ക് ഒരു വിറയൽ അറിയാതെ കയറി.

കണ്ടുപിടിക്കപ്പെട്ടോ….?    ഏറ്റവും ഉയർന്ന സ്കൂളിൽ ഏറ്റവും ഉയർന്ന വിദ്യാഭ്യാസം ആണ് മകന് കൊടുക്കുന്നത്… ജീവിതത്തിൽ എന്തൊക്കെ കഷ്ടപ്പാടുകൾ സഹിച്ചിട്ടും ഉണ്ടെങ്കിലും അതൊന്നും നാളിതുവരെ അവനെ അറിയിക്കാൻ ഇടവരുത്തിയിട്ടില്ല.

എന്റെ അമ്മ ഒരു ടീച്ചറാണെന്ന് വളരെ അഭിമാനത്തോടുകൂടിയാണ് മറ്റുള്ളവരോട് പോലും പറയുന്നത്

ഈ കുട്ടിയെങ്ങാനും തിരിച്ചറിഞ്ഞ് അവനോട് ചെന്ന് പറഞ്ഞാലുള്ള അവസ്ഥ ഓർത്തു ഉള്ളിൽ സങ്കടം തോന്നി…. കുട്ടികളല്ലേ അവരുടെ മനസ്സ് ഈ പ്രായത്തിൽ വിഷമിച്ചു പെട്ടെന്നൊന്നും അവരുടെ മനസ്സിൽ നിന്നും മാഞ്ഞു പോകില്ല.

ദിവസേന മാറിമാറി അണിയുന്ന മുഖംമൂടി ക്കുള്ളിൽ  പോലും താൻ തിരിച്ചറിയപ്പെടാൻ പോകുന്നു…. ഇത് ജീവിതമാണ്… സമൂഹത്തിന്റെ മുമ്പിൽ ഇനിയും ജീവിക്കാൻ മുൻപോട്ടു പോയി മതിയാവൂ.. ഇനിയേതു മുഖംമൂടിയാണ് എനിക്ക് ചേരുക…?

തിരികെ പോകുന്ന വൈകുന്നേരങ്ങളിൽ സ്ഥിരമായി ബാഗിനുള്ളിൽ പൊതിച്ചോറിനായി കാത്തിരിക്കുന്ന   നായ്ക്കളുടെ മുന്നിലേക്ക് ചോറിട്ടു കൊടുത്തതിനു ശേഷം പാത്രം ഭദ്രമായി അടച്ചു ബാഗിൽ വെച്ചു.
അപ്പോഴാണ് മുഷിഞ്ഞ നൈറ്റി ബാഗിലിരിക്കുന്നത് കണ്ടത്……. അതും വഴിയിൽ ഉപേക്ഷിച്ചു. വീട്ടിൽ കൊണ്ടുപോയാൽ അമ്മയെങ്ങാനും കണ്ടാൽ  പിടിക്കപ്പെടും

ഓരോ പകലിനെയും ക്ഷീണവും തളർച്ചയും സങ്കടങ്ങളും ഒക്കെ തലവഴിഒഴിക്കുന്ന ഓരോ മഗ് വെള്ളത്തിലും ഒഴുകിപ്പോകുന്നത് രേവതി ആസ്വദിക്കാറുണ്ട്…. അന്ന് എത്രനേരം അങ്ങനെ നിന്നിട്ടുണ്ടെന്നറിയില്ല….

ലോകം മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്നു ഒപ്പം ഓടിയെത്താനാവാതെ പലരും നിന്ന് കിതയ്ക്കുന്നു..

ഉറക്കം വരാതെ കിടക്കുമ്പോൾ… തന്റെ അരികിൽ സുഖമായി കിടന്നുറങ്ങുന്ന മകനെ നോക്കി,.. തന്റെ കൈകൊണ്ട്  അവനെ സുരക്ഷിതമായി ചേർത്തുപിടിച്ചു. മുഖംമൂടി ഇല്ലാതെ നെറുകയിലൊരു മുത്തം നൽകി.

സുഖദുഖങ്ങൾ  വേർപിരിഞ്ഞ്യ ഥാർത്ഥ സുഖവും ദുഃഖവും   അനുഭവിക്കുന്ന   കാലം  അത്ര  വിദൂരമല്ല…….!

അന്ന് നിന്നോട് പറയാൻ  ഈ അമ്മയ്ക്ക് ഒരായിരം മുഖംമൂടിയുടെ കഥകളുണ്ടാവും 

☆☆☆☆☆☆☆☆☆☆

Related Posts

Leave a Reply

Your email address will not be published. Required fields are marked *