ദൂരേ നിന്ന്, വാർത്തകൾ അറിഞ്ഞവർ ഉറുമ്പിൻക്കൂട്ടം വരുന്നതു പോലെ, ആ വീട്ടിലക്ക്……

പ്രണയം

Story written by Santhosh Appukuttan

അന്ന് രാവിലെ അലാറത്തിനു പകരം അമ്മയുടെ അലറൽ കേട്ടാണ് അമൽ ഉറക്കത്തിൽ നിന്നു ചാടിയെഴുന്നേറ്റത്.

“വടക്കേല ഗീതു ഓടി പോയെന്ന് കേൾക്കുന്നടാ”

കേട്ടപാതി ,കേൾക്കാത്ത പാതി ബെഡ്ഡിൽ നിന്ന് ചാടിയെഴുനേറ്റ അമലിൽ നിന്നും ഉടുമുണ്ട് അഴിഞ്ഞു പോയപ്പോൾ അമ്മയുടെ മുഖത്ത് ഒരു ലോഡ് പുച്ഛം!

” നല്ലതൊന്നു വാങ്ങിക്കൂടെ ടാ”

അതും പറഞ്ഞ് അമ്മ തിരിഞ്ഞു നടന്നപ്പോൾ അമൽ മനസ്സിൽ മന്ത്രിച്ചു.

“ചത്തക്കിളിക്കെന്തിന് ഇനി കൂട്”

മുഖമൊന്നു കഴുകിയെന്നു വരുത്തി വടക്കേലേക്ക് ഓടുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു.

” വരുമ്പോൾ കാദിർക്കാടെ കടയിൽ നിന്ന് സേമിയ വാങ്ങിക്കാൻ “

“എൻ്റെ പതിനാറാടിയന്തിരത്തിന് പായസം വെക്കാനാണോയെന്നുള്ള ചോദ്യഭാവത്തോടെ അമൽ അമ്മയെ നോക്കിയപ്പോൾ ആ മുഖത്ത് ഒരു ആക്കിയ ചിരി.

ഗീതുവിൻ്റെ പറമ്പിലേക്ക് കാലെടുത്ത് വെച്ചതും, അവൻ്റെയുള്ളിൽ ഒരു വിഷാദരാഗം അലയടിച്ചു.

തെങ്ങോല പട്ടകളിലിരിക്കുന്ന ബലി കാക്കകളെ പോലെ, ഗീതുവിൻ്റെ ഇളയച്ഛനും, അമ്മാവനും, വല്യച്ഛനുമൊക്കെ പറമ്പിൻ്റെ ഓരോ കോണിൽ നിൽക്കുന്നുണ്ട് .

അവർക്കൊക്കെ വിഷാദം ചേർത്ത ഒരു വരണ്ട ചിരി നൽകിക്കൊണ്ട് അവൻ പതിയെ വിറയ്ക്കുന്ന കാലടികളാടെ ഗീതുവിൻ്റെ വീട്ടിലേക്ക് കയറി.

അടൂർ ഗോപാലകൃഷ്ണൻ്റെ സിനിമ കാണുന്നതുപോലെ, ജാലകപ്പഴുതിലൂടെ ദൂരേയ്ക്ക് നോക്കി കവിളിൽ കൈയും ചേർത്തിരിക്കുന്ന ഗീതുവിൻ്റെ അച്ഛൻ.

വെട്ടിയിട്ട വാഴ പോലെ അകത്തളത്ത് വെറും നിലത്ത് കിടക്കുന്ന ഗീതുവിൻ്റെ അമ്മ!

അവൻ ഒന്നു ദീർഘമായി ശ്വാസം ഉള്ളിലേക്കെടുത്തു.

ഗീതുവിൻ്റെ സുഗന്ധം ഉള്ളിലേക്കെത്തിയതുപോലെ തോന്നിയപ്പോൾ അവൻ്റെ കണ്ണു നിറഞ്ഞു.

ദൂരേ നിന്ന്, വാർത്തകൾ അറിഞ്ഞവർ ഉറുമ്പിൻക്കൂട്ടം വരുന്നതു പോലെ, ആ വീട്ടിലക്ക് വരുന്നത് കണ്ണീരിലോടെ അവൻ കണ്ടു.

അവൻ പതിയെ ഗീതുവിൻ്റെ റൂമിലേക്ക് കയറി.

ഷോക്കെയ്സിലിരിക്കുന്ന വില കൂടിയ സാധനങ്ങൾ അവൻ നോക്കി.

എല്ലാം താൻ ലോണെടുത്ത് വാങ്ങിച്ചു കൊടുത്ത സമ്മാനങ്ങൾ.

ഗീതു കിടന്നിടത്തു ഒരു പൂടപോലും കാണാതെ അവൻ്റെ നെഞ്ച് പൊട്ടി.

എന്തെങ്കിലും തുമ്പ് കിട്ടുമെന്ന പ്രതിക്ഷയിൽ, സേതുരാമയ്യരെ പോലെ പിന്നിൽ കൈയ്യും പിണച്ചു ആ മുറിയിലൂടെ തലങ്ങും വിലങ്ങും നടക്കുമ്പോൾ ആരോ പറയുന്നത് കേട്ടു.

” തേപ്പ്കിട്ടിയവനാ “

പറഞ്ഞവനു നേരെ ഒന്നു നോക്കിയിട്ട്, അവൻ പതിയെ ആ മുറിയിൽ നിന്നിറങ്ങി.

” ഒറ്റ മോളാണെങ്കിലും ഉലക്ക ക്കൊണ്ട് അടിച്ചു വളർത്താതിൻ്റെ ദോഷാ അവൾ കാണിച്ചത് “

തളർന്നു കിടക്കുന്ന അമ്മയെ വീണ്ടും തളർത്താനുള്ള ഗൂഢലക്ഷ്യത്തോടെ ഏതോ ഒരു സ്ത്രീ പറഞ്ഞത് കാതിൽ മുഴങ്ങി.

“ചിലപ്പോൾ അവൾ അവളുടെ ഫ്രണ്ട്സിനെ കാണാൻ പോയതാണെങ്കിലോ?”

ആരോ ഒരു സംശയമുന്നയിച്ചപ്പോൾ, ശ്വാസം കിട്ടാതെ പിടയുന്നവന് ഓക്സിജൻ മാസ്ക്ക് കിട്ടിയതുപോലെ ഒരു ഉണർവ് വന്നു!

ആ ഉണർവ്, വെട്ടിയിട്ട വാഴ പോലെ വീഴുന്നതിനു മുന്നോടിയായിട്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് ഗീതുവിൻ്റെ അച്ഛൻ്റെ മൊബൈൽ ശബ്ദിച്ചപ്പോഴാണ്

ഫോണെടുത്ത് സംസാരിക്കുന്ന അച്ചൻ്റെ മുഖത്ത് വിരിയുന്ന നവരസങ്ങളിലേക്ക് ആകാംക്ഷയോടെ, നെഞ്ചിൽ കൈയ്യും വെച്ച് നോക്കി നിന്നു

നവരസങ്ങളിലൂടെ പലവട്ടം മാറിമറിഞ്ഞ ആ മുഖത്ത് അവസാനം “ശോകം” ലാൻ്റ് ചെയ്തപ്പോൾ, അവൻ പതിയെ മുറി വിട്ടിറങ്ങി.

” അവൾ ചതിച്ചെടി -ശാരദേ! അവൾ അവൾക്ക് ഇഷ്ടപ്പെട്ടവൻ്റെ കൂടെ ഇറങ്ങി പോകാണെന്ന് – ഇനി അവളെ അന്വേഷിക്കണ്ടായെന്ന് “

പറഞ്ഞതും ഗീതുവിൻ്റെ അച്ഛൻ സോഫയിൽ വീണു സേഫായെങ്കിലും, കാലിടറി പടിയിൽ തലയിടിച്ചു വീണ അവനു ചുറ്റും ചോര ചിതറി’

” ആരെങ്കിലും ആ ചെക്കനെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോ”

ബോധം മറയുന്നതിനു മുമ്പ് ,ആരോ പറയുന്നത് കേട്ട അവൻ്റെ കണ്ണുകൾ പതിയെ അടഞ്ഞു.

ബോധം വന്നപ്പോൾ കണ്ണുകൾക്കു മുന്നിൽ തെളിഞ്ഞത്, സ്റ്റാൻഡിൽ ഘടിപ്പിച്ച ബോട്ടിലിൽ നിന്നും ഇറ്റിറ്റു വീഴുന്ന ഗ്ലൂക്കോസ്തുള്ളികളായിരുന്നു.

‘ഒരു പെണ്ണു പോയെന്നു വെച്ചു ഇങ്ങിനെ ബോധം കെട്ടാലോ അളിയാ! ആണുങ്ങളുടെ പേര് കളയാൻ “

അഞ്ചു,തേപ്പ് കിട്ടിയിട്ടും പന പോലെ നിൽക്കുന്ന ചങ്കിൻ്റെ ചോദ്യം കേട്ടപ്പോൾ അവൻ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.

“അതല്ല അളിയാ! അവൾ പോയതിൽ വിഷമമുണ്ട്. അതിനെക്കാളും കൂടുതൽ വിഷമം അവൾക്ക് വേണ്ടി ഞാൻ എടുത്ത ലോൺ ഇനി എങ്ങിനെ തിരിച്ചടക്കുമെന്ന് ഓർത്താണ്”

പറഞ്ഞു തീർന്നതും അവൻ നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞു.

“മാല, കമ്മൽ.ചുരിദാർ, വാച്ച് ….

ചോദിക്കുന്നതൊക്കെ ഒരു മുടക്കം കാണിക്കാതെ വാങ്ങിച്ചു കൊടുത്ത എന്നോടു തന്നെ….

അവൻ്റെ കണ്ണീർ ഒഴുകുന്നത് കണ്ടപ്പോൾ ചങ്കുകൾക്ക് വിഷമമായി.

” അവൾ ആരോടൊപ്പം പോയതാണെന്നു നിനക്ക് വല്ല ഊഹമുണ്ടോ?”

ചങ്കിൻ്റെ ചോദ്യത്തിന് മുന്നിൽ അമൽ, കഴിഞ്ഞ ഏതാനും ദിവസത്തെ കാര്യങ്ങൾ റിവൈൻഡ് ചെയ്തു നോക്കി.

കാവിലെ പൂരത്തിന് പോയപ്പോൾ, ആകാശത്ത് മത്താപ്പൂക്കൾ പൊട്ടി വിരിഞ്ഞതും നോക്കി ഹായ് പച്ച, മഞ്ഞ, ചോപ്പ് എന്നു പറഞ്ഞ് ഒന്നിച്ച് കൈക്കൊട്ടിയ നിമിഷങ്ങൾ…

കൂൾബാറിൻ്റെ അകത്തിരുന്നു ഷാർജ ഷെയ്ക്ക് പങ്കിട്ടു കഴിക്കുമ്പോൾ..

ചാറൽമഴയിലൂടെ ബൈക്കോടിച്ച് നനഞ്ഞു കുതിർന്ന നിമിഷങ്ങൾ…

തട്ടുകടയിൽ വെച്ച് ഒരു പാത്രത്തിൽ നിന്ന് ഓംലെറ്റ് നുള്ളിയെടുക്കുമ്പോൾ…

അപ്പോഴെല്ലൊം അവൾക്ക് വിശുദ്ധമായ പ്രണയത്തിൻ്റെ ഭാവങ്ങളായിരുന്നു.

പിന്നെയെപ്പോഴാണ് തങ്ങൾക്കിടയിലേക്ക് ഒരു മാരീചൻ വേഷം കെട്ടി വന്നത്?

മുകളിൽ കറങ്ങുന്ന ഫാനി നോടൊപ്പം, അവൻ്റെ ചിന്തകളും കറങ്ങി ക്കൊണ്ടിരിക്കെ, ചങ്കിൻ്റെ കൈ അവൻ്റെ മേൽ വീണു.

“നീ വിഷമിക്കാതിരിക്ക് – കമ്മലിട്ടവൾ പോയാൽ കടുക്കനിട്ടവൾ വരും “

“എന്തായിരുന്നു പുകഴ്ത്തൽ? നിതംബം മറയുന്ന കാർകൂന്തൽ, കാച്ചെണ്ണ, അളന്നുതുക്കിയ സംസാരം, ഭൂമിയെ നോവിക്കാതെയുള്ള നടപ്പ് മണ്ണാങ്കട്ട”

മറ്റൊരു ചങ്ക് അമർഷത്തോടെ പറഞ്ഞപ്പോൾ ” ഇനിയെന്നെ അപമാനിക്കല്ലേ ” എന്നൊരു ഭാവമുതിർന്നു അമലിൻ്റെ മുഖത്ത്.

“ഇത്തിരി സ്റ്റൈലിൽ നടക്കുകയും, വായാടിത്തത്തോടെ സംസാരിക്കുമെന്ന് പറഞ്ഞാണ് ഇവൻ, ദിവ്യയുടെ പ്രണയം കണ്ടില്ലെന്ന് നടിച്ചത്?”

അമൽ വിഷമത്തോടെ കണ്ണുകൾ അടച്ചു.

“ഒന്നില്ലേല്ലും നിൻ്റെ മുറപ്പെണ്ണല്ലേ അവൾ? കുട്ടിക്കാലം മുതൽ നിന്നെ ഇഷ്ടപ്പെടുന്നവളല്ലേ?

അമൽ ചങ്ക് പറയുന്നതും നോക്കി സങ്കടത്തോടെ കിടന്നു.

” ഒരു പെണ്ണിൻ്റെ വേഷങ്ങളിലോ, സംസാരത്തിലോ നോക്കി അവരുടെ സ്വഭാവം തീരുമാനിക്കരുതെന്ന് ഇപ്പോൾ മനസ്സിലായല്ലോ?”

ചങ്കിൻ്റെ ചോദ്യത്തിനു മുന്നിൽ അമൽ പതിയെ തലയാട്ടി.

“അതൊക്കെ പോട്ടെ – അവൾക്കൊരു പണി കൊടുക്കണം അമൽ “

ചങ്ക് പറഞ്ഞപ്പോൾ അമൽ അവനെ നോക്കി.

” അവൾ നിന്നെ നൈസായിട്ട് തേച്ച് പോയതല്ലേ? അവൾ പോയാൽ നിനക്ക് പുല്ലാണെന്ന് അവളെ ബോധ്യപ്പെടുത്തണം”

‘ എങ്ങിനെ?”

അമൽ സംശയത്തോടെ ചങ്കിനെ നോക്കി.

“നിൻ്റെ വിവാഹം നടക്കണം. അതും ആർഭാടമായിട്ട്! പക്ഷെ അതിനു മുൻപ് നീയും, നീ വിവാഹം ചെയ്യാൻ പോകുന്ന പെൺക്കുട്ടിയുടെ ഫോട്ടോയും മീഡിയയിൽ വരണം – അവൾ അത് കണ്ട് ഞെട്ടണം”

സങ്കടത്തിനിടയിലും അമൽ പൊട്ടിച്ചിരിച്ചു ചങ്കിനെ നോക്കി.

“നീ നടക്കുന്ന കാര്യം വല്ലതും പറയ് – ഇത്ര പെട്ടെന്ന് ഒരു പെൺക്കുട്ടിയെ എങ്ങിനെ കണ്ടെത്താനാണ്?”

“അതൊക്കെ ഞങ്ങൾ കണ്ടെത്തിക്കോളാം! ആദ്യം ഞങ്ങൾ eപായി നിൻ്റെ അമ്മയോടും, അച്ചനോടും സംസാരിക്കട്ടെ “

ചങ്കുകൾ എഴുന്നേറ്റപ്പോൾ അമൽ അവരെ വിഷമത്തോടെ നോക്കി.

“ടാ ഞാൻ ഇവിടെ ഒറ്റയ്ക്ക് “

” അമലേ ഗീതുവിനെ പറ്റിയുള്ള ഓർമ്മകൾ കണ്ണീരായി ഒഴുക്കി നീ ഇവിടിരിക്ക്. അവളെ കുറിച്ചുള്ള അവസാനത്തെ ഓർമ്മയും കണ്ണീരായി നിന്നിൽ നിന്നു ഒഴുകി തീരുമ്പോഴേക്കും ഞങ്ങൾ ഇവിടെ എത്തും “

പറഞ്ഞു തീർന്നതും അവർ കൊടുങ്കാറ്റ് പോലെ പുറത്തേക്ക് കുതിച്ചു.

അവർ പോയതും ഗീതുവിനെ കുറിച്ചുള്ള ഓർമ്മകൾ അവനിലേക്ക് വന്നു.

എത്ര വിദഗ്ദമായാണ് അവൾ തന്നെ പറ്റിച്ചത്?

തൻ്റെ പൈസകൊണ്ട് അവൾ മറ്റൊരു പ്രണയ സാക്ഷാത്ക്കാരത്തിന് വഴിയൊരുക്കുകയായിരുന്നു.

ഓരോന്നും ആലോചിച്ച്, സങ്കടത്തോടെ കുനിഞ്ഞിരുന്ന അമലിൻ്റെ കണ്ണീർ തറയിൽ വീണു ചിതറി.

അരികിൽ കിടന്നിരുന്ന,മൊബൈൽ അടിക്കുന്നത് കേട്ട് അവൻ നോക്കിയപ്പോൾ “ഗീതു കോളിങ്ങ് ” എന്ന് കണ്ടതും അവൻ ആകാംക്ഷയോടെ എടുക്കാൻ കൈ നീട്ടിയതും, അതിനു മുൻപ് മറ്റൊരു കൈവന്ന് ആ മൊബൈൽ എടുത്തു.

അമ്പരപ്പോടെ അവൻ തലയുയർത്തിയപ്പോൾ കണ്ടത് പുഞ്ചിരിച്ചു നിൽക്കുന്ന ദിവ്യയെയാണ്.

അവനെ നോക്കി ഒന്നു കണ്ണിറുക്കി, അവൾ ഫോൺ ചെവിയോരം ചേർത്തു:

“ഏയ് അതോർത്തിട്ടു നീ വിഷമിക്കണ്ട ഗീതു. നിന്നെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടുമെന്ന് നീ പറയുന്നതിനു മുന്പ് തന്നെ അമലിന് പെണ്ണിനെ കിട്ടി.

ആരാണെന്നോ? നിങ്ങളൊക്കെ നയൻതാര എന്നു വിളിക്കുന്ന ദിവ്യ തന്നെ.

അതേ! സംസാരിക്കുന്നതും ആ ദിവ്യ തന്നെയാണ്.

“പിന്നെ ഒരുപാട് നന്ദിയുണ്ട് ട്ടാ ഗീതുവിനോട് ! എന്തിനാണെന്നോ, നിന്നെ എങ്ങിനെങ്കിലും ഒഴിവാക്കാൻ നോക്കുകയായിരുന്നു ഞാനും,അമലും. അതിനിടയിൽ നീ സ്വയമങ്ങ് ഒഴിവായപ്പോൾ ഞങ്ങൾക്ക് വല്ലാത്ത സന്തോഷം. അത് ആഘോഷിക്കുന്നത് ഇപ്പോൾ കൂൾബാറിലിരുന്നു ഐസ് ക്രീം പരസ്പരം വാരികൊടുത്തിട്ടാ!”

വെക്കല്ലേ ഒരു കാര്യം കൂടി, ആരോടൊപ്പമാണ് നീ പോയതെന്നറിയില്ല. നിന്നെ കൊണ്ടുപോയവൻ ഏതെങ്കിലും കാരണത്താൽ നിന്നെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതിനു മുൻപ്, നീ അവനെ ഉപേക്ഷിക്കണം ട്ടാ! അമലിനെ ചെയ്തതുപോലെ.

നമ്മൾ പെണ്ണുങ്ങൾക്ക് അങ്ങിനെയങ്ങ് തോറ്റു കൊടുക്കാൻ പറ്റോ ഗീതൂ?”

പറഞ്ഞു തീരുന്നതിന് മുൻപ് ഫോൺ ഡിസ്കണക്ട് ആയതറിഞ്ഞ് ദിവ്യ മൊബൈൽ ബെഡ്ഡിലേക്കിട്ടു.

അമലിൻ്റെ കണ്ണുകളിലേക്ക് അവൾ രണ്ട് നിമിഷം തറപ്പിച്ചു നോക്കി.

” നമ്മൾ സ്നേഹിക്കുന്നവരെയല്ല, നമ്മളെ സ്നേഹിക്കുന്നവരെയാണ് പരിഗണിക്കേണ്ടതെന്ന് ആരോ പറഞ്ഞിട്ടുണ്ട്; അങ്ങിനെ ഇല്ലാത്തിടത്തൊക്കെ ഇങ്ങിനെ ചില തേപ്പ് കിട്ടിയെന്നു വരും അതിന് മോങ്ങിയിട്ടോ, ബോധംകെട്ട് വീണു തല പൊട്ടിച്ചിട്ടോ കാര്യമില്ല:

പറഞ്ഞു തീർന്നതും അവൾ പുറത്തേക്ക് നടക്കാനൊരുങ്ങിയപ്പോൾ ആ കൈ പിടിച്ചു അമൽ.

“സ്നേഹിക്കുന്ന പുരുഷന് ഇങ്ങിനെ ചങ്ക് പറിച്ചു കൊടുക്കുന്ന പെണ്ണുങ്ങളുണ്ടോ ദിവ്യാ “

പറഞ്ഞു തീർന്നതും, അവളെ പിടിച്ചു, തൻ്റെ ദേഹത്തേക്ക് വലിച്ചിട്ടു അമൽ.

” ആത്മാർത്ഥമായ പ്രണയം ഒരിക്കലും തോറ്റു പോകില്ലെന്നു അമലിന് ഇപ്പോൾ മനസ്സിലായില്ലേ?”

അമലിൻ്റെ നെറ്റിയിൽ ചുണ്ട് ചേർത്ത് ദിവ്യയത് ചോദിക്കുമ്പോൾ, അതുവരെ അമർത്തിപ്പിടിച്ചിരുന്ന അവളുടെ സങ്കടങ്ങളൊക്കെ, കണ്ണീരായ് അവൻ്റെ ശിരസ്സിലൂടെ ഊർന്നു വീഴുകയായിരുന്നു.

ശുഭം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *