ദേ, ഈ കുട്ടി രാവിലെ വന്നപ്പോ മുതൽ ഒരേ കിടപ്പാ. ഈ സമയം വരെ അതൊരു തുള്ളി വെള്ളം കുടിച്ചു കണ്ടില്ല. വീട്ടീന്ന് ആരും വരില്ലേന്ന് ചോദിച്ചപ്പോ…….

മഴവില്ലഴകുള്ളൊരു കിനാവ്

Story written by Sindhu Manoj

“സുധീ , അമ്മക്ക് കഞ്ഞി വാങ്ങിക്കാൻ പോകുമ്പോ ഒരാൾക്ക് കൂടി ഉള്ളത് വാങ്ങിച്ചോട്ടോ.”

ആർക്കാ ?

“ദേ, ഈ കുട്ടി രാവിലെ വന്നപ്പോ മുതൽ ഒരേ കിടപ്പാ. ഈ സമയം വരെ അതൊരു തുള്ളി വെള്ളം കുടിച്ചു കണ്ടില്ല. വീട്ടീന്ന് ആരും വരില്ലേന്ന് ചോദിച്ചപ്പോ അറിയില്ലന്നൊരു മറുപടി. എനിക്കെന്തോ അതിന്റെ കിടപ്പ് കണ്ടിട്ടൊരു വല്ലായ്മ.

തൊട്ടടുത്ത ബെഡിലേക്ക് ചൂണ്ടി രാധ സുധിയോട് പറഞ്ഞു.

ഒരു പെൺകുട്ടി അവിടെ കിടപ്പുണ്ടായിരുന്നു.അവൾ ഉടുത്തിരിക്കുന്നത് മെട്രോ സിൽക്‌സ്ന്റെ യൂണിഫോം സാരിയാണല്ലോ എന്നവൻ തിരിച്ചറിഞ്ഞു.

“അമ്മയെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ നോക്കാൻ പോകുന്നെ.സ്വന്തം കാര്യം നോക്കാൻ പറ്റുന്നില്ല. എന്നിട്ട വല്ലവന്റേം കാര്യത്തിൽ ഇടപെടുന്നേ.

മനുഷ്യന്റെ കാര്യമല്ലേ മോനെ. ഓരോ ഗതികേട് ആർക്കും ഏത് സമയത്തും വന്നു കൂടാം.ഇത്തിരി കഞ്ഞിയല്ലേ. വേറെ ഒന്നുമല്ലല്ലോ.

കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നെങ്കിലും അവരുടെ സംസാരം കേട്ടപ്പോൾ കീർത്തന കണ്ണു തുറന്ന് അവരെ നോക്കി.

“എനിക്കാണോ കഞ്ഞി മേടിക്കുന്ന കാര്യം പറയുന്നേ.?

“അതേ മോളെ. മോള് വന്നിട്ട് ഈ നേരം വരെ ഒന്നും കഴിച്ചില്ല ല്ലോ.

“സാരമില്ലമ്മേ. എനിക്കിപ്പോ ഒന്നും വേണ്ട.”

“എന്ത്യേ കുട്ടീടെ അമ്മ പോലും ഇങ്ങോട്ട് വന്ന് കണ്ടില്ല.?

“അമ്മക്ക് നല്ല സുഖമില്ല. പിന്നെ വരാനുള്ളത്‌ അപ്പച്ചിയും, രാജേഷ് ഏട്ടനുമാ. അപ്പച്ചിയുടെ മോൻ… ആരെങ്കിലും വരുമായിരിക്കും.

മോൾക്കിത് എന്ത് പറ്റിയതാ ?

“ഷോപ്പിന്റെ മുകൾ നിലയിൽ കുറച്ചു മൈന്റൈൻസ് പണികൾ നടക്കുന്നുണ്ട്. മുകളിലെ സ്റ്റോറിലേക്ക് പോയതാ. അവിടെ കൂട്ടിയിട്ടിരുന്ന സ്റ്റീൽബാറിൽ തട്ടി വീണു. ഗ്ലാസ്‌ കഷ്ണങ്ങൾക്ക് മേലെയാ ചെന്ന് വീണത്.നെറ്റി മുറിഞ്ഞു. സ്റ്റിച് ഇടേണ്ടി വന്നു.കാല് എവിടെയോ ശക്തിയിൽ ഇടിക്കേം ചെയ്തു. ഭാഗ്യത്തിന് ചതവേയുള്ളൂ. പൊട്ടൽ ഉണ്ടായിരുന്നെങ്കിൽ പ്ലാസ്റ്റർ ഇടേണ്ടി വന്നേനെ.

“ഉം… ഞാൻ കുളിമുറിയിൽ വീണതാ. മുട്ടിന്റെ ചിരട്ട തെന്നി മാറി.മാസമൊന്നായി ഇവിടെയീ കിടപ്പ് കിടക്കുന്നു. വീട്ടിൽ എത്തിയാലും ഇങ്ങനെ കിടക്കേണ്ടി വരും പ്ലാസ്റ്റർ എടുക്കുന്ന വരെ. ഓരോ കഷ്ടകാലങ്ങൾ. അല്ലാതെന്ത് പറയാനാ.

“വയസ്സ്കാലത്ത് ആരെയും കഷ്ടപ്പെടുത്തരുത് എന്നായിരുന്നു മോഹം. ഇപ്പൊ എല്ലാം ആ ചെക്കന്റെ തലയിലായി. ഞാനിനി എന്ന് എണീറ്റ് നടന്നിട്ടാ.

പുറത്തേക്കിറങ്ങിപ്പോകുന്ന സുധിയെ നോക്കി അവർ നെടുവീർപ്പിട്ടു.

അമ്മക്ക് പെണ്മക്കൾ ആരുമില്ലേ?

കീർത്തനയുടെ ചോദ്യം കേട്ടപ്പോൾ അവർ നിറഞ്ഞു വന്ന മിഴികൾ തുടച്ചു.

ഇല്ല മോളെ. അവന് ഞാനും എനിക്ക് അവനും മാത്രേയുള്ളൂ.

പിന്നെയവർ എന്തോ ഓർമ്മകളിൽ നിശബ്ദയായതറിഞ്ഞു അവളും മിഴികൾ പൂട്ടി.

വിശപ്പും ദാഹവുമല്ലായിരുന്നു അവളെ തളർത്തിയത്. മൂത്രം നിറഞ്ഞു അടിവയർ കനം തൂങ്ങി തുടങ്ങിയിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ച്‌ ബാൻഡേജിട്ട കാൽ നിലത്തു കുത്തിയപ്പോഴേക്കും സഹിക്കാനാകാത്ത വേദനകൊണ്ട് പുളഞ്ഞു പോയ്‌. ഒരടിപോലും നടക്കാൻ പറ്റുന്നില്ല.

ഇടയ്ക്കെപ്പോഴോ സിസ്റ്റർ അടുത്തു വന്നപ്പോൾ അവരോട് കാര്യം പറഞ്ഞു.

“ഇത് മെഡിക്കൽകോളേജാ. പ്രൈവറ്റ് ഹോസ്പിറ്റലല്ല. പേഷ്യന്റ്സിനെ ബാത്‌റൂമിൽ കൊണ്ട് പോകേണ്ടതൊന്നും ഞങ്ങളുടെ ഡ്യൂട്ടിയല്ല. ബൈസ്റ്റാൻഡേഴ്സ് ആരുമില്ലാതെ ഇവിടെയെന്തിനു അഡ്മിറ്റായി എന്ന് കലിതുള്ളി അവരങ്ങു പോയ്‌.

സുധി കഞ്ഞിയുമായി വരുമ്പോഴും കനം തൂങ്ങുന്ന അടിവയറുമായി ബെഡിൽ എഴുന്നേറ്റിരിക്കാൻ പോലുമാകാതെ നിറഞ്ഞ കണ്ണുകളോടെ കിടക്കുക യായിരുന്നു കീർത്തന.ആരുമില്ലാതെ പോയതിന്റെ നിസഹായതയോടെ.

“അമ്മേ എനിക്ക് കഞ്ഞി വേണ്ടാട്ടോ “

സുധി പ്ലേറ്റിൽ കഞ്ഞി വിളമ്പി അവൾക്കു മുന്നിലേക്ക്‌ നീക്കി വെക്കുമ്പോൾ അവൾ പറഞ്ഞു.

“ആ… വേണ്ടെങ്കി വേണ്ട. വെറുതെ മനുഷ്യനെ മിനക്കെടുത്താൻ.ഒൻപതു മണി കഴിഞ്ഞാ പിന്നെ വാർഡിൽ നിൽക്കാൻ പറ്റൂല. സെക്യൂരിറ്റി വന്ന് ഒച്ചയെടുക്കും. അമ്മ കഴിക്കുന്നെങ്കിൽ കഴിക്ക്.

“എനിക്കാ വീൽ ചെയർ ഒന്നെടുത്തു തരോ. ബാത്‌റൂമിൽ ഒന്ന് പോണമായിരുന്നു.”

അവളതു പറഞ്ഞപ്പോൾ സുധി അമ്മയെ നോക്കി.

ഒന്ന് ചെല്ല് മോനെ. ആ കുട്ടിക്ക് വയ്യാഞ്ഞിട്ടല്ലേ.

വീൽ ചെയർ ഉരുട്ടി ബാത്‌റൂമിലേക്ക് പോകുമ്പോൾ സേഫ്റ്റി പിന്നുകൾ കു ത്തി വലിച്ചുമുറുക്കിയുടുത്തിരുന്ന സാരി അവൾക്ക് വല്ലാത്ത അസ്വസ്ത്ഥത ഉണ്ടാക്കുന്നത് അവന് മനസ്സിലായി.

ബാത്‌റൂമിലേക്ക് കയറ്റി വാതിൽ ചാരി പുറത്തിറങ്ങുമ്പോൾ അവളുടെ നിറഞ്ഞൊഴുകുന്ന മിഴികൾ അവനിൽ ഒരു വേദനയുണർത്തി.

വാതിൽ കുറ്റിയിട്ടതും അവൾ പൊട്ടിപ്പിളർന്നു കരഞ്ഞു പോയ്‌. പുറത്തേക്ക് തെറിച്ചുവീഴുന്ന ഏങ്ങലടിയുടെ ചീളുകൾ സുധിയുടെ കാതിലും വന്നു വീഴുന്നുണ്ടായിരുന്നു.അവന്തോ വല്ലായ്മ തോന്നി.

തിരികെ ബെഡിൽ കൊണ്ടു പോയിരുത്തി അവൾക്കായി വിളമ്പിയ കഞ്ഞിയെടുത്തു മുന്നിൽ വെച്ചു.

“വേഗം കഴിക്ക്. ഇനിയും ഇവിടെ നിൽക്കാൻ പറ്റില്ല. സ്ത്രീകളുടെ വാർഡല്ലേ. പുറത്ത് പോയി കിടക്കണം.”

അതും പറഞ്ഞവൻ രാധയുടെ കട്ടിലിനു കീഴേക്ക് നീണ്ടു കിടന്ന യൂറിൻ ബാഗ് തുറന്ന് നിറഞ്ഞു നിന്ന മൂത്രം ചെറിയൊരു ബക്കറ്റിലേക്കൊഴിച്ചു ബാത്‌റൂമിലേക്ക് നടന്നു.

കീർത്തനക്ക് അത് കണ്ടപ്പോൾ അവനോട് വല്ലാത്തൊരു അലിവ് തോന്നി.

രാവിലെ ക്യാന്റീനിൽനിന്നും ചായയും വാങ്ങി വരുമ്പോൾ കീർത്തനയുടെ ബെഡിൽ അവളെപ്പോലെ യൂണിഫോം സാരിയുടുത്ത രണ്ടുപേർ ഇരിക്കുന്ന കണ്ട് അവൻ അവരെ നോക്കി ചിരിച്ചു.

“കൊള്ളാം, നല്ല കൂട്ടുകാരികൾ. ഒരുത്തിയെ ഇവിടെ കൊണ്ടിട്ടിട്ട് ജീവനോടെയുണ്ടോയെന്ന് തിരക്കാൻ ഇപ്പോഴേ സമയം കിട്ടിയുള്ളൂ ല്ലേ.?

എന്റെ പൊന്നു ചേട്ടാ, ഞങ്ങളുടെ കഷ്ടപ്പാട് ഞങ്ങൾക്കെ അറിയൂ.ഇവൾ ഇല്ലാത്തതുകൊണ്ടു ആ ജോലി കൂടി ഞങ്ങളുടെ തലയിലായി. പാതിരാക്കാ വീട്ടിൽ ചെന്ന് കയറിയെ. രാവിലെ മുതൽ ഒരേ നിൽപ്പിൽ നിന്ന് ജോലി ചെയ്യുന്നവരാ. എങ്ങനെയും വീടെത്തി ഒന്ന് കിടന്നാൽ മതിയെന്ന.വീട്ടിൽ കഞ്ഞിവെക്കാൻ വേറെയൊരു വഴിയും ഇല്ലാഞ്ഞിട്ട് ഒരുങ്ങി ഇറങ്ങുന്നതാ ഇതിന്.

പിന്നെ അതുമല്ല വിളിച്ചപ്പോഴൊക്കെ ഇവൾ അപ്പച്ചിയോ, ഏട്ടനോ വരും എന്ന് പറഞ്ഞിരുന്നു.

ഉം…ഈ കുട്ടിയിവിടെ സഹായത്തിനു ആരുമില്ലാതെ കഷ്ടപ്പെടുന്ന കണ്ടിട്ട് പറഞ്ഞു പോയതാ. എന്തായാലും വന്നതല്ലേ ബാത്‌റൂമിൽ കൊണ്ട് പോയി ആ സാരിയൊന്നു മാറ്റി കൊടുക്ക്‌.

അവൻ കയ്യിലിരുന്ന കവർ അവർക്ക് നേരെ നീട്ടി.

“ഒരു നൈറ്റിയാ. അളവൊന്നും എനിക്കറിയൂല.”

അവൻ പറഞ്ഞതു കേട്ട് രാധ കണ്ണ് മിഴിച്ചു പോയി.നീയാളു കൊള്ളാമല്ലോ എന്നവർ മനസ്സിലോർത്തു ഊറി ചിരിച്ചു.

കീർത്തനയും അവനെ അത്ഭുതത്തോടെ നോക്കി. കാലിന്റെ വേദനക്കൊപ്പം സാരി തരുന്ന അസ്വസ്ഥതയിൽ മുങ്ങിപ്പോയ തന്റെ മനസ്സ് എങ്ങനെയറിഞ്ഞു ഇയാൾ.

ഡ്രസ്സ്‌ മാറ്റി അവളെ കൊണ്ടു കിടത്തിയിട്ട് സുനിതയും, ജിഷയും ഡ്യൂട്ടി ടൈം ആയെന്ന ആവലാതിയോടെ, ചേട്ടാ ഞങ്ങളോട് ദേഷ്യമൊന്നും തോന്നല്ലേ നിവർത്തികേടുകൊണ്ടാ എന്നും പറഞ്ഞിറങ്ങിപ്പോയി.പോകും മുൻപ് മുതലാളി തന്നതാണെന്നും പറഞ്ഞു കുറച്ചു കാശെടുത്ത് അവളെ ഏൽപ്പിച്ചു.

“ഈ സെയിൽസ് ഗേൾസിന്റെ കാര്യം കഷ്ടാ അല്ലെ മോളെ. കാണുമ്പോ നിറപ്പകിട്ടുള്ള സാരിയും, യോഗ്യതയുമൊക്കെയുണ്ട്. പണിയെടുത്തു നടുവൊടിയുന്നത് ആരും അറിയുന്നില്ല.”

ശരിയാ അമ്മേ, ഓരോരുത്തരും വന്ന് ഷെൽഫിലുള്ള സാരി മുഴുവൻ വലിച്ചു വാരിയിടും. അതൊക്കെ മടക്കി വെച്ചിട്ട് വേണം വൈകുന്നേരം ഇറങ്ങി പോരാൻ. രാവിലെ വീണ്ടും ആരെങ്കിലും വന്ന് അതൊക്കെ വലിച്ചു വാരിയിടീക്കും.

ഉം.. കഷ്ടം തന്നെ. രാധ അവളെ സഹതാപത്തോടെ നോക്കി.

ജിഷയും, സുനിതയും പോയതിനു പിന്നാലെയാണ് രാജേഷ് കയറി വന്നത്.

വന്നതും അയാൾ സ്വാതന്ത്ര്യത്തോടെ ബെഡിലേക്കിരുന്ന്, എവിടെ കാല് കാണട്ടെ എന്ന് പറഞ്ഞ് കൊണ്ട് അവളുടെ നൈറ്റി തുടയോളം വലിച്ചു പൊക്കി.

“ഇതെന്തായീ കാണിക്കുന്നേ എന്ന ചോദ്യത്തോടെ, കീർത്തന പെട്ടന്ന് ചാടിയെണീറ്റു.

“എനിക്കിന്നലെ ഒരു ഓട്ടമുണ്ടായിരുന്നു. വീട്ടിൽ വന്നപ്പോൾ പാതിരാത്രിയായി. അമ്മ വിളിച്ചു പറഞ്ഞിരുന്നു നീ ഹോസ്പിറ്റലിൽ ആണെന്ന്. അത് മറക്കേം ചെയ്തു.”

നീ വല്ലതും കഴിച്ചോ ?

ഉം.. കീർത്തന താല്പര്യമില്ലത്ത പോലെ മൂളി.

“പിന്നെ… അമ്മായീടെ ഏതോ ഗുളിക തീർന്നെന്നു പറഞ്ഞു. അതിന്റെ ചീട്ട് നിന്റെ കയ്യിലാന്ന് അമ്മ പറഞ്ഞു. അതിങ്ങു തന്നേക്കു. ഞാൻ മേടിച്ചോളാം.

വൈകുന്നേരം ജോലി കഴിഞ്ഞു പോകുമ്പോൾ വാങ്ങിക്കാമെന്നു കരുതി ബാഗിൽ എടുത്തിട്ട പ്രിസ്ക്രിപ്ഷന്റെ കാര്യം അപ്പോഴാണവൾ ഓർത്തത്. ബാഗ് തുറന്ന് അതെടുത്തു കൊടുക്കുമ്പോൾ, നിന്റെ കയ്യിൽ കാശ് വല്ലതുമുണ്ടോയെന്ന ചോദ്യം കേട്ട്, വെറുപ്പോടെ അവളവനെ നോക്കി. പിന്നെ ബാഗിൽ നിന്നും പൈസയെടുത്തു നീട്ടി.

“കൊള്ളാം, വയ്യാതെ കിടക്കുന്ന അനിയത്തിയെ കാണാൻ വന്നിട്ട് അവളുടെ കയ്യിലിരിക്കുന്ന കാശും വാങ്ങിപ്പോകുന്ന സ്നേഹസമ്പന്നനായ ഏട്ടൻ ഇതായിരുന്നു ല്ലേ?

സുധിയുടെ പെട്ടന്നുള്ള ചോദ്യം കേട്ട് കീർത്തന വേണ്ട എന്നൊരു ഭാവത്തോടെ അവനെ നോക്കി. രാധയും അവന്റെ കയ്യിൽ ചെറുതായിട്ടൊരു അടി കൊടുത്തു, ശാസനയോടെ.

“അതിനിപ്പോ നിനക്കെന്താ പ്രശ്നം. നീയാരാ ഞങ്ങളുടെ കുടുംബകാര്യത്തിൽ ഇടപെടാൻ. ഇത് ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണാ. നീയാരാടാ എന്നെ ചോദ്യം ചെയ്യാൻ.”

രാജേഷ് ചാടിയെണീറ്റു, ഒരു പ്രത്യേക ഭാവത്തോടെ മുണ്ട് മാടിക്കുത്തി.

“ആ… ബെസ്റ്റ്. ഇവനെയൊക്കെ കെട്ടുന്ന നേരത്ത് നീ പോയി രാ ജധാനിക്ക് തbല വെക്ക് പെണ്ണേ. അതാ ഇതിൽ ഭേദം.”

പറഞ്ഞു കൊണ്ട് അവൻ വാർഡിന് വെളിയിലേക്ക് നടന്നു. പിന്നെയും അവിടെ നിന്നാൽ അവന്റെ കരണത്തടിച്ചു പോകും എന്ന് തോന്നി സുധിക്ക്.

രാധ പലവട്ടം അവന്റെ ഫോണിലേക്കു വിളിച്ചു നോക്കിയെങ്കിലും, മണിക്കൂറുകൾക്ക് ശേഷം ഉച്ചക്കുള്ള പൊതിച്ചോറുമായാണവൻ പിന്നെ കയറി വന്നത്.

ദേഷ്യം വന്നാൽ അവനങ്ങനെയാണെന്നറിയാവുന്നതു കൊണ്ട് രാധ അവനോടൊന്നും ചോദിച്ചില്ല.

“ഞാങ്ങനെ പറഞ്ഞതിൽ താൻ ദേഷ്യപ്പെടേണ്ട. അവനെയൊക്കെ കെട്ടി ജീവിതം കട്ടപ്പൊകയാക്കുന്നതിലും ഭേദം ആത്മഹ ത്യയാ. എനിക്കു നിങ്ങളുടെ കുടുംബകാര്യത്തിൽ കയറി ഇടപെടേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. പെട്ടന്ന് ദേഷ്യം വന്നു പോയി. സോറി.

കീർത്തനക്കുള്ള പൊതിച്ചോറ് അവളുടെ ബെഡിലേക്ക് വെച്ച് അവൻ പറഞ്ഞു.

“അതിന് ആര് സമ്മതിക്കുന്നു അയാളെ കല്യാണം കഴിക്കാൻ. വേറെയാരും സഹായിക്കാൻ ഇല്ലാത്തതു കൊണ്ട് മാത്രം പിണക്കാതെ നിൽക്കുന്നു എന്നേയുള്ളു.”

ഉം.. കൊള്ളാം നല്ല സഹായം തന്നെ.

ഏട്ടൻ ഇങ്ങനെയാണെങ്കിലും അപ്പച്ചി പാവമാ. അമ്മയെ വല്യ കാര്യമായിട്ടാ നോക്കുന്നെ. അതു തന്നെ ഏറ്റവും വലിയ സഹായം.

“അമ്മക്കെന്താ അസുഖം.?

രാധ ഇടക്ക് കയറി അവളോട്‌ ചോദിച്ചു.

“അച്ഛനും, വാവയും മരിച്ചേപ്പിന്നെ അമ്മ മറ്റൊരു ലോകത്താ. അവിടെയിപ്പോ ഞാനോ, ഞങ്ങളുടെ വീടോ ഒന്നുമില്ല. അമ്മയുടെ മാത്രമായൊരു ലോകം.”

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാ വാവയുണ്ടായത്. ഒരുപാട് വൈകി വന്നതുകൊണ്ടും, എല്ലാരുടെയും ആഗ്രഹം പോലെ ആൺകുഞ്ഞായതു കൊണ്ടും അവനെ തലയിലും താഴത്തും വെക്കാതെ കൊണ്ടു നടന്നു ഞങ്ങൾ മൂന്നു പേരും.

അന്നൊക്കെ അച്ഛൻ ഉച്ചക്ക് ചോറുണ്ണാൻ വരുമ്പോൾ വർക്ക്‌ഷോപ്പിൽ പണിക്കു കയറ്റിയ ഏതെങ്കിലും ഒരു ബൈക്കെടുത്തു വരുന്ന പതിവുണ്ടായിരുന്നു. അവന്റെ മൂന്നാം പിറന്നാളിന്റെ പിറ്റേന്ന് അതുപോലെ അച്ഛനൊരു ബൈക്കുമായ് വന്നു.

ഊണ് കഴിഞ്ഞു പോകാനിറങ്ങുമ്പോൾ അവന് അച്ഛനൊപ്പം പോകണമെന്ന് വാശി പിടിച്ചു.

“നീയങ്ങോട്ട് ഇറങ്ങി നിൽക്കു ലക്ഷ്മി ഞാൻ ഇവനെ വെറുതെ വഴിയോളം ഒന്ന് കൊണ്ടു പോയി വരാം എന്ന് അമ്മയോട് പറഞ്ഞിട്ട് അച്ഛൻ അവനെയും വണ്ടിയിൽ കയറ്റി റോഡിലേക്കിറങ്ങി.

കുറച്ചു കഴിഞ്ഞു അമ്മ ഗേറ്റിനരികിലേക്ക് ചെല്ലുമ്പോൾ ദൂരെ റോഡിൽ വലിയ ആൾക്കൂട്ടവും മറ്റും കണ്ടു. അച്ഛനും വാവയും ഒരു ടിപ്പർ ലോ റിക്കടിയിൽ പെട്ടുപോ യതായിരുന്നു. അതൊന്നും അറിയാതെ ഇത്ര നേരമായിട്ടും അവരെ കാണുന്നില്ല ല്ലോ എന്ന വേവലാതിയോടെ അമ്മയവരെ കാത്തു നിന്നു.

മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ചില ദിവസങ്ങളിൽ.അമ്മയിപ്പോഴും അവരെ നോക്കി ആ ഗേറ്റിനരികിൽ നിൽക്കും. വാവക്ക് കൊടുക്കാൻ പാല് കാച്ചി വെക്കും, അവനിഷ്ടമുള്ള പാപ്പമുണ്ടാക്കി വെക്കും.

ചില ദിവസങ്ങളിൽ മുറിയിൽ നിന്ന് പുറത്തെക്കിറങ്ങില്ല. ശൂന്യതയിലേക്ക് നോക്കി ഒരേയിരുപ്പ്. മറ്റു ചിലപ്പോൾ അടുക്കളയിൽ കയറി ചോറും കറിയും വെക്കാൻ തുടങ്ങും. പക്ഷേ വെള്ളം തിളച്ചു വറ്റിയാലും അരിയിടാതെ തീ കത്തിച്ചുകൊണ്ടേയിരിക്കും.

ഒരുപാട് ചികിത്സകളൊക്കെ ചെയ്തു. ഇടക്ക് ചെറിയ മാറ്റം കാണാം. അപ്പോഴൊക്കെ എന്നെ കെട്ടിപിടിച്ചു അച്ഛനും വാവയും നമ്മളെ ഒറ്റക്കാക്കിയല്ലോ എന്നും പറഞ്ഞു കരയും.

എല്ലാം കൂടിയായപ്പോ എന്റെ സമനിലയും തെറ്റി തുടങ്ങി.അതെന്റെ പഠനത്തെയുംബാധിച്ചു.പ്ലസ് ടു എക്സാം പോലും എഴുതാൻ കഴിഞ്ഞില്ല.

ആദ്യമൊക്കെ കൂടെനിന്ന് ആശ്വസിപ്പിക്കാൻ എല്ലാരും ഉണ്ടായിരുന്നു. പിന്നെ പതിയെപ്പതിയെ അവരും പടിയിറങ്ങി തുടങ്ങി.

അച്ഛൻ ഇല്ലാതായപ്പോഴാണ്, കുറെയേറെ കട ബാധ്യതകളെക്കുറിച്ചറിഞ്ഞത്. അങ്ങനെയാണ് ഈ ജോലിക്കിറങ്ങിയത്. ഞാൻ ഷോപ്പിലേക്ക് പോകുമ്പോൾ അപ്പച്ചി വരും അമ്മയ്ക്ക് കാവലിരിക്കാൻ. അവർക്കും മോനെക്കൊണ്ട് എന്നെ കല്യാണം കഴിപ്പിക്കാനുള്ള പൂതിയൊക്കെയുണ്ട്. പക്ഷേ എന്നോട് നേരിട്ടു പറയാൻ പേടിയാ. കാരണം മോന്റെ സ്വഭാവത്തെപ്പറ്റി നല്ല ബോധ്യമുണ്ട് അവർക്ക്.

അച്ഛനുണ്ടായിരുന്നെങ്കിൽ അങ്ങേരു വീടിന്റെ മുറ്റത്തു പോലും കാലു കുത്തില്ലായിരുന്നു ഈ കാര്യവും പറഞ്ഞ്.

ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ മറച്ചു കൊണ്ടവൾ ചിരിക്കാൻ ശ്രമിച്ചു.

സുധിയും, അമ്മയും ഒന്നും മിണ്ടാനാകാതെ അവളെ ഉറ്റു നോക്കിയിരിക്കുക യായിരുന്നു.

“ചില പിള്ളേരുടെ വിധി ഇങ്ങനെയൊക്കെയാ മോളേ. അച്ഛന്റെ സ്നേഹം വിധിച്ചിട്ടില്ല. ഇവൻ അച്ഛനെ കണ്ടിട്ട് പോലുമില്ല. ഞാൻ പെറ്റഴുന്നേറ്റു ഇവനെയും കൊണ്ടു കയറി ചെല്ലുമ്പോ എനിക്കു പകരം വേറൊരുത്തി. അപ്പൊ തന്നെ തിരിച്ചിറങ്ങി. അന്ന് തുടങ്ങിയ ഓട്ടമാ ജീവിക്കാൻ വേണ്ടിയിട്ട്. ഇപ്പോ സ്വസ്ഥമായൊന്നിരിക്കാനുള്ള ചാൻസ് കിട്ടിയപ്പോ അതിങ്ങനെയുമായി.

മതി.. ഇനി പഴംപുരാണം പറഞ്ഞിരിക്കാതെ ചോറുണ്ണാൻ നോക്ക്.

സുധി ഒരു മഗിൽ വെള്ളമെടുത്തു അവരുടെ കൈ കഴുകിച്ചു.

ഡോക്ടർ റൗണ്ട്സിന് വന്നപ്പോൾ വീട്ടിലെ കാര്യമൊക്കെ പറഞ്ഞ് ഡിസ്ചാർജ് ചോദിച്ചുടായിരുന്നോ നിനക്ക്.

ചോറുണ്ണുമ്പോൾ സുധി അവളോട് ചോദിച്ചു.

“ഞാൻ ചോദിച്ചിരുന്നു. ഇന്നൊരു ദിവസം കൂടി കിടക്കാൻ പറഞ്ഞു. വീട്ടിൽ ചെന്നാലും രണ്ടാഴ്ച കാലനക്കാതെ കിടക്കണം എന്ന പറയുന്നേ.

അവൾ വിഷമത്തോടെ പറഞ്ഞു.

പിറ്റേന്ന് രാവിലെ ഡോക്ടർ ഡിസ്ചാർജ് ഷീറ്റ് തന്നപ്പോൾ കീർത്തന രാജേഷിനെ വിളിച്ചു. വണ്ടിയുമായി വരാമെന്നേറ്റിട്ടും ഉച്ചയാകും വരെ അവനെത്തിയില്ല.

ഒടുവിൽ സുധി തന്നെ ഫർമസിയിൽ പോയി മരുന്ന് വാങ്ങി.

“നിനക്ക് ബൈക്കിൽ ഇരിക്കാൻ പറ്റോ?

എന്തിനാ സുധിയേട്ടാ?

ഇനിയും അവനെ കാത്തിരിക്കുന്നതിൽ കാര്യമൊന്നുമില്ല. നീ വാ ഞാൻ കൊണ്ട് വിടാം.

രാധയും അവളെ നിർബന്ധിച്ചു. മോള് പേടിക്കേണ്ട. ഇവൻ കൊണ്ട് വിടും. ധൈര്യമായിട്ട് പൊയ്ക്കോ.

അയഞ്ഞു തൂങ്ങിയൊരു നൈറ്റിയുമിട്ട് അവനൊപ്പം ബൈക്കിലിരിക്കുമ്പോ വല്ലാത്ത ജാള്യത തോന്നി അവൾക്ക്. മാറിയിടാൻ ഒരു ഡ്രസ്സ്‌ പോലും കൊണ്ടു തരാൻ ആരുമില്ലാതെ പോയല്ലോ എന്നോർത്ത് കരച്ചിലും വന്നു.

കീർത്തന വീട്ടിൽ വന്നു കയറിയപ്പോൾ അമ്മ പതിവുപോലെ ഗേറ്റിനരികിൽ നിൽപ്പുണ്ടായിരുന്നു. അവൾ വന്നതോ, രണ്ടു ദിവസം അവൾ ഹോസ്പിറ്റലിലായിരുന്നു എന്നതോ അവരഞ്ഞിട്ടില്ല എന്ന് തോന്നി.

സുധിക്ക് അവളെയോർത്തുവിഷമം തോന്നി. പാവം പെണ്ണ്. ഇത്രയും ചെറുപ്പത്തിലേ എന്തൊക്കെ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

ബൈക്കിന്റെ ശബ്ദം കേട്ട് അപ്പച്ചി ഓടിയിറങ്ങി വന്നു.

അപ്പച്ചി, അമ്മയെ അവിടുന്ന് വിളിച്ചോണ്ട് വാ. ഗേറ്റിൽ പിടിച്ചു നിൽക്കുന്ന ലക്ഷ്മിയെ നോക്കി കണ്ണീരോടെ അവൾ പറഞ്ഞു.

നീയൊരു സഞ്ചി ഇങ്ങോട്ടെടുക്ക്. അകത്തേക്ക് പിടിച്ചു നടത്തുമ്പോൾ അവൻ കീർത്തനയോട് പറഞ്ഞു.

എന്തിനാ ?

പോയി എടുത്തിട്ട് വാടി. ഇവിടെ കൊഞ്ചിക്കൊണ്ട് നിൽക്കാൻ നേരമില്ല. അവിടെ അമ്മ തനിച്ചാ.

കീർത്തന മെല്ലെ ചുവരിൽ പിടിച്ചു മുടന്തി നടക്കുന്നകണ്ടപ്പോൾ,സുധി അവളെയൊന്നു നോക്കിയിട്ട് അടുക്കളയിലേക്ക് നടന്നു.

“ദാ, സഞ്ചി കിട്ടിയിട്ടുണ്ട്. നീ കയറി കിടന്നോ. കാല് അനക്കണ്ട ഇനി.അപ്പച്ചിയോട് കുറച്ചു ചൂട് വെള്ളം ഉണ്ടാക്കാൻ പറ. എന്നിട്ട് നന്നായൊന്നു കുളിക്ക്.

അവനിറങ്ങിപ്പോകുന്നതും നോക്കി കീർത്തന പിന്നെയും അവിടെ തന്നെ നിന്നു.

ആ കുട്ടി പോയോ മോളേ. ഒരു ഗ്ലാസ്‌ ചായ പോലും കൊടുത്തില്ല ല്ലോ.

അപ്പച്ചിയുടെ ചോദ്യത്തിന് അറിയില്ല എന്നൊരുത്തരം കൊടുത്ത് അവൾ, ശൂന്യതയിലേക്ക് നോക്കി സോഫയിലിരുന്ന ലക്ഷ്മിക്കരുകിൽ ചെന്നിരുന്നു. അമ്മേ എന്ന് മൗനമായി കരഞ്ഞു കൊണ്ട്.

പത്തുമിനിറ്റ് കഴിഞ്ഞു സഞ്ചിയിൽ അരിയും, പച്ചക്കറിയും, കുറച്ചു പലവ്യഞ്ഞനങ്ങളുമായി അവൻ തിരികെ വന്നു.

“എന്തിനാ സുധിയേട്ടാ ഇതൊക്കെ. വേണ്ടായിരുന്നു.”

അവൾ വല്ലായ്മയോടെ പറഞ്ഞു.

“വേണ്ടെങ്കിൽ ആ തെങ്ങിന്റെ ചോട്ടിലേക്കിട്ടോ. ചിലപ്പോൾ രണ്ടു തേങ്ങ കൂടുതൽ കിട്ടും.

മുഖത്തടിച്ചതുപോലെയുള്ള അവന്റെ മറുപടി കേട്ട് അവൾ ചിരിച്ചു പോയി.

നിന്റെ ഫോണിങ്ങു താ.

എന്തിനാ എന്ന് ചോദിക്കാൻ വന്നെങ്കിലും ഇനിയും അവന്റെ വായിലിരിക്കുന്നത് കേൾക്കണ്ടല്ലോ എന്നോർത്ത് അവളതു വിഴുങ്ങി കൊണ്ട് ഫോണെടുത്തു കൊടുത്തു.

അവൻ ആ ഫോണിൽ നിന്നും അവന്റെ ഫോണിലേക്കു കാൾ ചെയ്തു.

നമ്പർ സേവ് ചെയ്തോളു. ഞാൻ രാത്രി വിളിക്കാം.

പറഞ്ഞുകൊണ്ട് അവൻ മുറ്റത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങുമ്പോഴാണ് രാജേഷിന്റെ ഓട്ടോ മുറ്റത്തേക്ക് കയറി വന്നത്.

“നീയാണോ ഇവളെ ഇവിടെ കൊണ്ടു വിട്ടേ. ഓട്ടോ സ്റ്റാന്ഡിലെ കൂട്ടുകാർ പറഞ്ഞു ഇവളൊരുത്തന്റെ ബൈക്കിൽ കയറി പോകുന്ന കണ്ടെന്ന്.”

അവനതിനു മറുപടി പറയാതെ ബൈക്ക് മുന്നോട്ടെടുത്തു. രാജേഷ് പെട്ടന്ന് ബൈക്കിനു മുന്നിൽ കയറി നിന്നു.

ചോദിച്ചതിന് മറുപടി പറഞ്ഞിട്ട് പോടാ നാ യിന്റെ മോനെ

അതേ.. അതിനിപ്പോ നിനക്കെന്ത് വേണം

നിന്നോട് ഇന്നലെ ഞാൻ പറഞ്ഞതല്ലെടാ എന്റെ കുടുംബകാര്യത്തിൽ കയറി ഇടപെടാൻ വരരുതെന്ന്.പിന്നെയും നീയെന്തിനാടാ ഇവിടെ കിടന്നു ആളാവാൻ നോക്കുന്നെ.

“തന്നെപ്പോലെ കഴിവു കെട്ട ഒരുത്തൻ രക്ഷകർത്താവ് ചമഞ്ഞു നടന്നാൽ അവളിനിയും അവൾക്കിഷ്ടമുള്ളവരുടെ ബൈക്കിൽ കയറിയെന്നിരിക്കും. അതിനു താനിങ്ങനെകിടന്നു തുള്ളിയിട്ട് ഒരു കാര്യവുമില്ല.

അവള് രാവിലെ മുതൽ തന്നെ വിളിക്കുന്നതല്ലേ ഡിസ്ചാർജ് ചെയ്തെന്നു പറഞ്ഞ്. എന്നിട്ട് താൻ എന്ത് ചെയ്തു.മാറിയിടാൻ ഒരു ഡ്രസ്സ്‌ പോലുമില്ലാതെ അവളവിടെ കിടന്നു കഷ്ടപ്പെട്ടപ്പോൾ താനെന്ത്‌ ചെയ്തു അവൾക്ക് വേണ്ടി.

ഓ… അപ്പൊ ഞാൻ ചെയ്യാത്തതു കൊണ്ടു നീയങ്ങു കയറി ചെയ്യാമെന്ന് വെച്ചു അല്ലെ.

അതേ.. ഇനിയങ്ങോട്ടും ഇങ്ങനെ തന്നെ ഇടപെടനാ എന്റെ തീരുമാനം. അവൾക്ക് ഇഷ്ടമുണ്ടെങ്കിൽ.

വഴക്കും ബഹളവും കേട്ട് കീർത്തന അപ്പോഴേക്കും മുറ്റത്തെത്തിയിരുന്നു.

“സുധിയേട്ടാ, മതി നിർത്ത്.

സുധിയേട്ടനോ, വെറും രണ്ടു ദിവസത്തെ പരിചയം കൊണ്ടു ഇവൻ നിനക്ക് സുധിയേട്ടാനായോ. കൊള്ളാം.. ത്ഫൂ

രാജേഷ് പുച്ഛം നിറഞ്ഞ ചേഷ്ടയോടെ കാർക്കിച്ചു തു പ്പി.

രണ്ടു ദിവസമാണെങ്കിലും രണ്ടു ജന്മം കൊണ്ട് എനിക്ക് ചെയ്തു തരാനുള്ളത് സുധിയേട്ടൻ ചെയ്തു തന്നു. ആരുമല്ലാത്തിരുന്നിട്ടും ഓരോ തവണയും വീൽ ചെയറിലിരുത്തി എന്നെ ബാത്‌റൂമിൽ കൊണ്ടു പോയത് ഓർത്താൽ മാത്രം മതിഎനിക്ക് ആ കാൽ ചുവട്ടിൽ പ ട്ടിയെപ്പോലെ ചുരുണ്ടു കിടക്കാൻ. യാതൊരു പരിചയവുമില്ലാത്ത ഒരുത്തിയോടെന്നപോലെയൊന്നുമല്ല എനിക്കു വേണ്ടി ഓരോന്നും അറിഞ്ഞു ചെയ്തത്. ഒരു നോട്ടം കൊണ്ട് പോലും എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടുമില്ല. അതിൽ കൂടുതൽ മറ്റെന്തുവേണം എന്നെപ്പോലെ നിസ്സഹായയായ പെണ്ണിന്.

ഞാൻ പറഞ്ഞിട്ടാ സുധിയേട്ടൻ എന്നെയിങ്ങോട്ട് കൊണ്ടു വന്നത്. ഇതെന്റെ വീടാ. എനിക്കു ഇഷ്ടമുള്ള പലരും ഇവിടെ വരും. നിങ്ങൾക്കതു ചോദിക്കാനുള്ള അവകാശമൊന്നും ഞാൻ തന്നിട്ടുമില്ല. അപ്പച്ചി അമ്മയെ നോക്കുന്നുണ്ടെങ്കിൽ, അതിലും ഇരട്ടിയായി നിങ്ങൾ നോക്കുന്നതിനേക്കാൾ ഭംഗിയായി ഞാൻ അവരെയും നോക്കുന്നുണ്ട് ഓരോ ആവശ്യങ്ങളും കണ്ടറിഞ്ഞു തന്നെ.

അതുകൊണ്ട് അധികം കയറി ഭരിക്കാൻ വരേണ്ട.

“മതി നീ പോയി കുളിച്ചിട്ട് വല്ലതും കഴിച്ചു കിടക്കാൻ നോക്ക്. കാല് ശ്രദ്ധിച്ചോ. നിനക്ക് നീയേ ഉള്ളുവെന്ന് ഓർമ്മ വേണം.

അവളോട് പറഞ്ഞു കൊണ്ട് ബൈക്ക് ഓടിച്ചു പോയി.

രാത്രി അത്താഴം കഴിഞ്ഞു കിടക്കാൻ നേരത്താണ് സുധിയുടെ കാൾ വന്നത്.

“നീ വല്ലതും കഴിച്ചോ ?

“ഉം.. കഴിച്ചു.

“മരുന്നോ?

“മരുന്നും കഴിച്ചു.

“ഉം… വാതിലും ജനലുമൊക്കെ നന്നായി അടച്ചോ “

ഉവ്വ് സുധിയേട്ടാ.

നിന്റെ അപ്പച്ചി വല്ലതും പറഞ്ഞോ ഞാൻ അവരുടെ മോനുമായി കൊമ്പ് കോർത്തതിന്.

“ഹേയ്.. അപ്പച്ചിക്ക് നോ പ്രോബ്ലം. നാട്ടുകാരുടെ കയ്യിന്നെങ്കിലും രണ്ടു കിട്ടിയിട്ട് നന്നാവുന്നെങ്കിൽ നന്നാവട്ടെ എന്ന പറഞ്ഞത്. പെണ്ണ് കെട്ടിച്ചു നന്നാക്കിയെടു ക്കാമെന്നുള്ള മോഹമൊക്കെ ഉപേക്ഷിച്ചത്രേ. എന്തിനാ ഒരു പെണ്ണിന്റ ജീവിതം കൂടി നശിപ്പിക്കാൻ നോക്കുന്നെ

ഓട്ടോ ഓടിച്ചു കിട്ടുന്നതോന്നും വീട്ടിൽ കൊടുക്കില്ല, അപ്പച്ചിക്ക് പെൻഷൻ കിട്ടുന്ന കാശ് വരെ തട്ടിപ്പറിച്ചു കൊണ്ടോവും. രാത്രിയിൽ ക ള്ളും കു ടിച്ചു വന്നു പൂര തെ റിവിളിയും.

ഇവിടെ നിൽക്കുന്നതാ അപ്പച്ചിക്കിഷ്ടം. സമാധാനമായി കിടന്നുറങ്ങാലോ എന്ന് പറയും.

“ജോലിക്ക് പോയി തുടങ്ങുന്നതുവരെ നീ ശ്രദ്ധിക്കണം ട്ടോ. പകൽ നേരത്തൊന്നും വാതിലും തുറന്നിട്ട്‌ കിടന്നുറങ്ങിയേക്കരുത്. അപ്പച്ചി ഉണ്ടെങ്കിലും അവൻ വന്നാൽ അകത്തു കയറാൻ അനുവദിക്കരുത്. അന്ന് ഞാനും നീയും പറഞ്ഞതിന്റെ യൊക്കെ ദേഷ്യം എങ്ങനെ തീർക്കും എന്നറിയില്ല ല്ലോ. അതും അവനെ പ്പോലൊരുത്തൻ.

അവന്റെ വാക്കുകൾ കേട്ടപ്പോൾ, അവനോടുള്ള സ്നേഹം അണപൊട്ടി ഒഴുകുന്നതും എന്തിനെന്നറിയാതെ ഒരു കരച്ചിൽ നെഞ്ചിലിരുന്നു വീർപ്പു മുട്ടുന്നതും അവളറിഞ്ഞു .അച്ഛനില്ലാതായതിൽപ്പിന്നെ ഇത്രയേറെ കരുതലും, സ്നേഹവും ഒരാളിൽ നിന്നും അനുഭവിച്ചറിഞ്ഞിട്ടില്ലല്ലോ എന്നവളോർത്തു.

എന്നുമിങ്ങനെ കൂടെയുണ്ടാകുമോ എന്ന് ചോദിക്കാൻ മനസ്സ് വെമ്പിയെങ്കിലും, തനിക്കതിനു അർഹതയുണ്ടോ എന്നാലോചിച്ചു അവൾ നിശബ്ദയായി.

അവളുടെ നിശബ്ദതയിൽ നിന്നും മൗനമായുള്ള കരച്ചിൽ അവൻ തിരിച്ചറിഞ്ഞു

“ഒന്നും ഓർത്തു വിഷമിക്കണ്ടട്ടോ.നിനക്കെന്നെ മടുക്കുവോളം ഞാനുണ്ട് കൂടെ. ഇനിയെന്നും.

അടക്കി വെച്ച സങ്കടത്തുള്ളികൾ പെരുമഴയായി പെയ്തു നിറയാൻ പിന്നെ താമസമുണ്ടായില്ല.

ആർത്തലച്ചു പെയ്യുമ്പോൾ,അവന്റെ സാന്ത്വനങ്ങളൊന്നും അവൾ കേൾക്കുന്നു പോലുമുണ്ടായിരുന്നില്ല.കേൾക്കാൻ ആഗ്രഹിച്ചതെന്തോ അതവൻ പറഞ്ഞു കഴിഞ്ഞു.

ഒടുവിൽ ഭാരമൊഴിഞ്ഞ മനസ്സ് അപ്പൂപ്പൻതാടിപോലെ മേലേക്ക് പറന്നുതുടങ്ങിയപ്പോൾ അവൾ മെല്ലെ മിഴികൾ പൂട്ടി, മഴവില്ലഴകുള്ളൊരു കിനാവിലേക്ക്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *