നാളെ രാവിലേയ്ക്കുള്ളിൽ പണം കൊടുത്തില്ലെങ്കിൽ തന്റെ അ ശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നാണ് സജിത്തിന്റെ ഭീഷണി……

എഴുത്ത്:- രാജീവ്‌ രാധാകൃഷ്ണപണിക്കർ

വൈകുന്നേരം മുതൽ തിമിർത്തു പെയ്തിരുന്ന മഴക്ക് അല്പം അയവു വന്നിരിക്കുന്നു.

ദൂരെയെങ്ങോ കാലൻ കോഴി കൂവുന്ന ശബ്ദം ഒരപശകുനം പോലെ കർണപുടങ്ങളിൽ പതിച്ചു

ഉറച്ച മനസ്സുമായി സാന്ദ്ര കട്ടിലിൽ നിന്നും എഴുന്നേറ്റു.

ഇനി ഈ ഭാരവും പേറി ജീവിക്കുവാൻ വയ്യ.

ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കണം.

നാളെ രാവിലേയ്ക്കുള്ളിൽ പണം കൊടുത്തില്ലെങ്കിൽ തന്റെ അ ശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നാണ് സജിത്തിന്റെ ഭീഷണി.

അവനിൽ നിന്നും ഇത്തരമൊരു ചതി പ്രതീക്ഷിച്ചതല്ല.

സജിത്തിനെ താൻ സ്നേഹിച്ചു എന്നത് നേരാണ്.

അവനോടൊപ്പം സ്വസ്ഥമായ ഒരു ജീവിതം. അത്രയുമേ ആഗ്രഹിച്ചുള്ളൂ.

അവനെ സംബന്ധിച്ചിടത്തോളം താൻ പലരിൽ ഒരുവൾ മാത്രമെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും തന്റെ സർവ്വസ്വവും അടിയറ വച്ചിരുന്നു.

അച്ഛനുമമ്മയും ഈ വിവരം അറിഞ്ഞാൽ അതോടെ അവർ ആത്മഹ ത്യ ചെയ്യും.അനുജത്തിയുടെ ഭാവി നശിക്കും.

താൻ കാരണം അച്ഛനുമമ്മയും ജീവനൊടുക്കുവാൻ പാടില്ല. അനുജത്തി കഷ്ടപ്പെടാൻ പാടില്ല.

തന്റെ മരണം ആ ഫോട്ടോകൾ പ്രസിദ്ധ പ്പെടുത്തുന്നതിൽ നിന്നും സജിത്തിനെ തടഞ്ഞേക്കാം.

സാന്ദ്ര മുറിയിൽ നിന്നും മെല്ലെ പുറത്തിറങ്ങി.

പെയ്തു തോർന്ന മഴയുടെ അവശിഷ്ട മെന്നോണം മുറ്റത്താകെ  കെട്ടിക്കിടന്ന വെള്ളം കവച്ചു വച്ച് അവൾ ഗേറ്റിന് പുറത്തു കടന്നു. താൻ ജനിച്ചു വളർന്ന വീട് ഒരിക്കൽ കൂടി നോക്കിയ ശേഷം ലക്ഷ്യത്തിലേക്ക് നടന്നു.

അയ്യപ്പൻ മുടിയിലേക്ക് നേരെ വഴി പോയാൽ ദൂരം കൂടുതലാണ്.

മാത്തൂട്ടി ചേട്ടന്റെ പറമ്പിലെ ഒറ്റയടി പാതയിലൂടെ പനടന്നാൽ സമയം ലഭിക്കാം.

ആ വഴിയെ പോയാൽ പെട്ടെന്നാരും കാണുകയുമില്ല.

യക്ഷിക്കാവിന് മുന്നിലൂടെയുള്ള ആ വഴിയിലൂടെ പകൽ പോലും ആൾ സഞ്ചാരം കുറവാണ്.

പക്ഷേ മരിക്കാൻ തുനിഞ്ഞിറങ്ങിയ തനിക്കെന്ത് യക്ഷി.

മൊബൈലിലെ ടോർച്ച് ഓണാക്കി അവളാ ഒറ്റയടി പാതയിലൂടെ നടന്നു.

പെട്ടെന്ന് ഒരു സീൽക്കാരം കേട്ട്  ഒരു നിമിഷം തരിച്ചു നിന്നു.

മുന്നിലായി പത്തി വിരിച്ചു നിൽക്കുന്ന മൂർഖൻ പാമ്പ്‌.

ഈ പാമ്പിന്റെ ദംശനമേറ്റ് താൻ മരിച്ചെങ്കിൽ.

അവൾ കണ്ണുകളടച്ചു നിന്നു.

പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത ഏതാനും നിമിഷങ്ങൾ.

അത്ഭുതമെന്നേ പറയാവു. കണ്ണ് തുറന്നു നോക്കുമ്പോൾ മൂർഖൻ പത്തി താഴ്ത്തി എതിർ ദിശയിലേക്ക് ഇഴഞ്ഞു പോകുന്നു

ആ പ്രതീക്ഷ അവസാനിച്ചു.പാമ്പിനു പോലും തന്നെ വേണ്ടാതായി.

പെട്ടെന്ന് അയ്യപ്പൻ മുടിയിൽ എത്തണം അവിടെ നിന്ന് താഴേക്ക് ചാടിയവരാരും രക്ഷപെട്ടിട്ടില്ല.

ബോഡി കിട്ടാൻ തന്നെ ദിവസങ്ങൾ എടുക്കും.

അവൾ നടപ്പിന് വേഗത കൂട്ടി

യക്ഷിക്കാവിന് മുന്നിലുള്ള ചെറിയ കവലയിൽ എത്തിയപ്പോഴേക്കും വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

കിതപ്പു മാറ്റാൻ ശ്വാസമെടുക്കാനായി അല്പസമയം നിന്നു.

പെട്ടെന്നാണ് മുന്നിലെ അവ്യക്തമായ രൂപത്തിൽ കണ്ണുടക്കിയത്

എന്താണെന്നറിയാനുള്ള ആകാംഷയോടെ ഏതാനും ചുവടുകൾ മുന്നോട്ടു വച്ചു.

കാവിന് മുന്നിലുള്ള വിജനമായ ഇടവഴിയിൽ തെരുവുവിളക്കിന് അടുത്ത് വെളുത്തവസ്ത്രങ്ങൾ ധരിച്ച ഒരു സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു.

മനസ്സൊന്നു കാളി.

ഇനി യക്ഷിയോ മറ്റോ

മുന്നോട്ടൊരു ചുവടു പോലും വയ്ക്കാനാവാതെ അവൾ നിന്നു വിറച്ചു

അർദ്ധ രാത്രി.

വിജനമായ വീഥി.

വെളുത്ത വസ്ത്രം ധരിച്ച സ്ത്രീ.

തല പെരുക്കുന്നു

കാഴ്ച മങ്ങുന്നു.

“കുഞ്ഞേ ഈ അസമയത്ത് നീ എങ്ങോട്ടാ”

ആ രൂപത്തിന്റെ സ്വരം മൃദുവായിരുന്നു.

“നിങ്ങൾ ആരാണ്. ഈ അസമയത്തിവിടെ?”

“ഞാനാരുമായിക്കൊള്ളട്ടെ. നീയിവിടെ ” അവരുടെ ശബ്ദം ശാന്തമെങ്കിലും ദൃഢ മായിരുന്നു.

“എനിക്ക് മരിക്കണം. എനിക്ക് മരിക്കണം.”

അവൾ പുലമ്പി.

“മുൻപൊരിക്കൽ അപമൃത്യു സംഭവിച്ചു യക്ഷിയായി തീർന്നവളാണ് ഞാൻ. കുഞ്ഞേ നീ തിരിച്ചു പോകു. ഞാനെല്ലാം മനസിലാക്കുന്നു.നിന്റെ മരണം കൊണ്ട് എല്ലാം അവസാനിക്കുമോ. ആത്മഹ ത്യ ഒന്നിനും പരിഹാരമല്ല. നീ മരിക്കേണ്ടവളല്ല . എല്ലാം ശരിയാവും”.

ഒരു നിമിഷം അവരുടെ കൈകൾ മൂർദ്ധാവിൽ തലോടുന്നത് പോലെ തോന്നി.

അവൾ ബോധരഹിതയായി നിലം പതിച്ചു.

****************

വാതിലിൽ ശക്തിയായി ആരോ തട്ടുന്ന ശബ്ദം കേട്ടാണ് സാന്ദ്ര ഉണർന്നത്.

ഇന്നലെ രാത്രി മരിക്കാനായി പുറത്തിറങ്ങിയ താൻ എങ്ങനെ മുറിയിൽ തിരിച്ചു വന്നു.

ഉറക്കച്ചവടുമായി അവൾ വാതിൽ തുറന്നു.

പരിഭ്രമിച്ച മുഖത്തോടെ അമ്മ

“എത്ര നേരായി വിളിക്കുന്നു എന്നറിയാമോ. ഫോണാണെങ്കി സ്വിച്ച് ഓഫും “

പുറത്തെ വെയിലിന് ശക്തി കൂടിയിരിക്കുന്നു.

താൻ വല്ലാത്ത ഉറക്കത്തിൽ ആയിരുന്നു.

അപ്പോൾ കണ്ടതെല്ലാം സ്വപ്നമായിരുന്നോ.

നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നു പറഞ്ഞു ആമി വിളിച്ചിരുന്നു. നിങ്ങടെ കോളേജിൽ പഠിക്കുന്ന ഒരു സജിത്ത് ഇന്നു വെളുപ്പിന് ബൈക്ക് ആക്‌സിഡന്റിൽ പെട്ടുവെന്ന്. കാലു രണ്ടും മുറിച്ചെന്നാ പറഞ്ഞത്. അവൾ തിരിച്ചു വിളിക്കാൻ പറഞ്ഞു.

സാന്ദ്ര സ്തബ്ദയായി നിന്നു.

കേട്ടത് സത്യമോ.

അപ്പോൾ ഇന്നലെ രാത്രി സംഭവിച്ചത്?

നടന്നതെല്ലാം സത്യമോ മിഥ്യയോ?

ആരോടാണ് ചോദിക്ക്യാ.

പറഞ്ഞാൽ ആരാണ് വിശ്വസിക്ക്യാ ?

വിറക്കുന്ന കൈകളോടെ അവൾ ഫോണെടുത്തു. ആമിയെ വിളിക്കാനായി.

വാൽകഷ്ണം:  ആശാന്തമായ മനസ്സിന്റെ തോന്നലാകാം യക്ഷിദർശനം. അനിവാര്യമായ വിധിയാകാം അപകടം

Related Posts

Leave a Reply

Your email address will not be published. Required fields are marked *