നീയൊക്കെ എന്തിനാടാ പഠിക്കാൻ വരുന്നേ ? സ്‌കൂളിന് പേരുദോഷം വരുത്താനായിട്ട് ഒരാളേലും ഉണ്ടായിക്കോളും . നീയിത്തവണ എസ് എസ് എൽ സി……..

a + b)2= ലോനപ്പൻ കുട്ടി

Story written by Sebin Boss J

” ലോനപ്പൻ കുട്ടി സ്റ്റാൻഡ് അപ്പ് ”

മാളവിക ടീച്ചറുടെ അലർച്ച കേട്ടതും ബാക്ക് ബെഞ്ചിലിരുന്ന് മയങ്ങുകയായിരുന്ന ലോനപ്പൻ ഞെട്ടിയെണീറ്റു നിന്ന് ടീച്ചറെ നോക്കി .

”എ പ്ലസ് ബി ഓൾസ്‌ക്വയർ ടൂ … ഹമ് പറയ് ” യുദ്ധമുന്നണിയിൽ നിൽക്കുന്ന എതിരാളിയെപോലെ ലോനപ്പൻ ടീച്ചറെ നോക്കി .

” മാത്‍സിന്റെ നോട്ട് ബുക്ക് എവിടെടാ … നീ ഹോം വർക്ക് ചെയ്തോ ?”

നിസ്സംഗതയോടെ തന്നെ നോക്കി നിൽക്കുന്ന ലോനപ്പന്റെ അടുത്തേക്ക് കലിതുള്ളി വന്ന മാളവിക ടീച്ചറുടെ കയ്യിലേക്ക് അവൻ യാന്ത്രികമായി നോട്ട് ബുക്ക് നീട്ടി

”നീയൊക്കെ എന്തിനാടാ പഠിക്കാൻ വരുന്നേ ? സ്‌കൂളിന് പേരുദോഷം വരുത്താനായിട്ട് ഒരാളേലും ഉണ്ടായിക്കോളും . നീയിത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതണ്ട . മനുഷ്യരിവിടെ ഊണും ഉറക്കോം കളഞ്ഞു പഠിപ്പിക്കുന്നത് മിച്ചം . ഒന്നാമത് മാനേജ്‌മെന്റ് നൂറുമേനി നൂറുമേനി എന്നും പറഞ്ഞു സ്വൈര്യം തരുന്നില്ല .നീയൊരുത്തൻ തോറ്റാൽ മതിയല്ലോ നൂറുശതമാനം വിജയം നഷ്ടപ്പെടാൻ . അല്ല , ഞാൻ പറഞ്ഞത് കുറ്റമാണോയെന്ന് നോക്ക് പിള്ളേരേ . ഓണപ്പരീക്ഷക്ക് മുൻപുള്ള നോട്സ് മാത്രം കംപ്ലീറ്റ് ചെയ്തിട്ടുള്ളൂയിവൻ , ബാക്കിയൊക്കെ തഥൈവ !! ആഴ്ചയിൽ ഒന്നോ രണ്ടോ കേറിവരും അറ്റൻഡൻസ് പോകാതിരിക്കാൻ . ” മാളവിക ടീച്ചർ ലോനപ്പന്റെ നോട്ട് ബുക്ക് മറ്റുള്ള കുട്ടികളെ വിടർത്തികാണിച്ചു കൊണ്ട് തുടർന്നു .

” പഠിക്കുന്ന പ്രായത്തിൽ നിങ്ങൾക്ക് ഭയങ്കരമായ മടുപ്പ് തോന്നാം . മൊബൈൽ ഫോൺ , ടിവി എന്നിവയിലൊക്കെയാണ് പഠിക്കുന്നതിനേക്കാളേറെ സമയവും ഇപ്പോഴത്തെ കുട്ടികൾ വിനിയോഗിക്കുന്നത് . ഇതൊക്കെ വേണം , പക്ഷെ പഠന സമയത്തിനിടയിലുള്ള അഞ്ചോ ആറോ മിനുട്ട് വിശ്രമ സമയത്തെ കാണാവൂ .”’ മാളവിക കുട്ടികളുടെ നേരെ തിരിഞ്ഞു പറഞ്ഞു

” റീൽസ് കാർട്ടൂൺ മാത്രമല്ല ന്യൂസ് , സ്പോർട്സ് , സാമൂഹികമായ കാര്യങ്ങളിൽ കൂടി നിങ്ങളുടെ ശ്രദ്ധയുണ്ടാകണം . നിങ്ങൾക്ക് ഇവിടെ ഒരു ടൈം ടേബിളുണ്ട് . ഓരോ പീരിയഡും ഉള്ള ക്‌ളാസുകളുടെ വിവരങ്ങൾ . നിങ്ങളെത്രപേർ നിങ്ങളുടെ ദിനചര്യക്കായി ഒരു ടൈം ടേബിളുണ്ടാക്കിയിട്ടുണ്ട് ? പുലർച്ചെ എണീറ്റ് പഠിക്കുന്നവരെത്രപേരുണ്ട് ? നിങ്ങളുടെ ഈ പഠനകാലയളവിൽ ഒരു അടുക്കും ചിട്ടയുമുണ്ടായാൽ ജീവിതത്തിലെന്തെങ്കിലും ഒക്കെ ആയി തീരാം . നമുക്ക് നമ്മുടെ ഭാവിയിലേക്കൊരു കണ്ണ് വേണം . കേട്ടിട്ടില്ലേ കുന്നോളം ആഗ്രഹിച്ചാലേ കടുകുമണിയോളം കിട്ടൂവെന്നത് .നീതു നിനക്ക് എന്താകണം എന്നാണാഗ്രഹം ”

”ഡോക്ടർ ടീച്ചർ ”

” ഗുഡ് .. ക്‌ളാസ് വൺ ആയതുകൊണ്ടത് നടക്കും .’ ലക്ഷ്മിക്കൊ ?”

”നേഴ്‌സ് ”

” എൻജിനീയർ ..”

കുറ്റകളോരോന്നായി അവരുടെ ആഗ്രഹങ്ങൾ പറഞ്ഞുതീർത്തു . അവസാന ബെഞ്ചിലിരിക്കുന്ന ലോനപ്പൻ കുട്ടി എണീറ്റപ്പോൾ മാളവിക ടീച്ചർ സാകൂതം അവനെ നോക്കി .

”പത്രക്കാരൻ ”

” യൂ സീറ്റ് ഡൌൺ ” മാളവിക കലിപ്പോടെ ഡെസ്കിലടിച്ചുകൊണ്ടവനെ നോക്കി .

” കണ്ടോ .. അവനതിൽ പോലും ഒരു കോൺഫിഡൻസില്ല . ഒരു ആത്മവിശ്വാസം വേണം എന്തിനുമേതിനും ലോനപ്പൻ ..നീ നാളെ നിന്റെ അച്ഛനെ വിളിച്ചോണ്ട് വന്നിട്ട് ക്‌ളാസിൽ കേറിയാൽ മതി ”

” ടീച്ചർ … ” അവനൊന്ന് പരുങ്ങി .

”എന്താടോ ?”

” ടീച്ചർ …. അപ്പച്ചന്റെ കാലൊടിഞ്ഞിരിക്കുവാ ”

” ഓഹോ ..നീ തല്ലിയൊടിച്ചതാകും . ”’ മാളവിക പരിഹാസത്തോടെ അവനെ നോക്കിപ്പറഞ്ഞു

”’ എന്തേലും ഒഴികഴിവ് പറയൂന്നെനിക്കറിയാം . ഇങ്ങോട്ട് വരാനല്ലേ ബുദ്ധിമുട്ട് . ഞാൻ അങ്ങോട്ട് വന്നോളാം .എവിടാ നിന്റെ വീട് ”

ലോനപ്പൻ ഒരു പരുങ്ങലോടെ അഡ്രസ് പറഞ്ഞുകൊടുത്തു.

രണ്ടിലോ മൂന്നിലോ പഠിക്കുന്ന പ്രായമുള്ള ഒരു പെൺകുട്ടിയെ ആണ് മാളവിക പിറ്റേന്ന് ലോനപ്പൻ പറഞ്ഞു കൊടുത്ത അഡ്രസ്സിൽ ചെന്നപ്പോൾ കാണുന്നത് .

ഓടിട്ട ഒരു ചെറിയ വീട് . നീളത്തിലുള്ള ചെറിയ വരാന്തയിലിരുന്ന് ആ പെൺകുട്ടി എന്തോ എഴുതുന്നുണ്ട് .കഴുക്കോലിൽ നിരനിരയായി തൂക്കിയിട്ട ബോട്ടിലുകളിൽ നിറയെ പൂക്കൾ . പലവിധ കളറുകളിലുള്ള ആ പൂക്കളേക്കാൾ മാളവികയെ ആകർഷിച്ചത് ആ ചില്ലുകുപ്പികളിൽ ഉണ്ടായിരുന്ന ഡിസൈനുകളാണ് .

” മോളെ .. ഇതല്ലേ ലോനപ്പൻ കുട്ടിയുടെ വീട് ?’

സ്‌കൂട്ടറിൽ നിന്നിറങ്ങി കുത്തുകല്ല് കയറിവന്ന മാളവികയെ കണ്ട് പരുങ്ങലോടെ നിന്ന ആ പെൺകുട്ടിയോട് മാളവിക ചോദിച്ചു

” ചേട്ടായീ ..ദേ ടീച്ചറ് ” കരിമ്പനടിച്ച പെറ്റിക്കോട്ടിട്ട ആ പെൺകുട്ടി അകത്തേക്ക് ഓടിപ്പോയതും മാളവിക അകത്തേക്ക് കയറി . ഒരു പ്ലാസ്റ്റിക് മേശയും രണ്ട് കസേരകളും ഇട്ടിരിക്കുന്ന ചെറിയൊരു ഹാൾ . അതിന്റെ ഇരുവശത്തുമായി കതകുകൾ ഇല്ലാത്ത വാതിൽ . പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേൾക്കുന്ന ഇടത്തെ വശത്തേക്ക് മാളവികയെത്തി നോക്കി .

ധൃതിപിടിച്ചു അടുപ്പിനുമുകളിലെ കലത്തിലേക്ക് കഴുകി വാരിയ അരി ഇട്ട് തിരിഞ്ഞ ലോനപ്പനെ കണ്ടപ്പോൾ മാളവികയുടെ മുഖം വിളറി .

” അച്ഛനെന്തിയെടാ … അമ്മ ?”’ പെട്ടന്ന് മനഃസാന്നിധ്യം വീണ്ടെടുത്ത മാളവിക ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് കയറി .

ആണിയടിച്ചുറപ്പിച്ച ഒരു തടി മേശ മാത്രമായിരുന്നു അവിടുത്തെ ഫർണിച്ചർ. അതിൽ ചളുങ്ങിയ സ്റ്റീൽപാത്രങ്ങളും കലങ്ങളുമൊക്കെ അടുക്കി വെച്ചിരിക്കുന്നു. മേശയിലേക്ക് ചാരി നിന്നിട്ട് മാളവിക ആ പെൺകുട്ടിയെ കൈപിടിച്ചു തന്നിലേക്ക് ചേർത്തുനിർത്തി

” എന്താ മോൾടെ പേര് ? എത്രയിലാ പഠിക്കുന്നെ ?”

” ലീന … ലീനാ മാത്യൂസ് ” . ആ പെൺകുട്ടി അലക്കിത്തേച്ച സാരിയുടുത്തു നിൽക്കുന്ന ടീച്ചറുടെ ശരീരത്തിൽ നിന്ന് മാറിനിൽക്കാൻ ശ്രമിച്ചു .

” ആറിലാ ടീച്ചറെ . നമ്മുടെ സ്‌കൂളിൽ തന്നെയാ ” ലോനപ്പൻ ഒരു പ്ളേറ്റിൽ പുഴുങ്ങിയ കാച്ചിലും ചമ്മന്തിയുമെടുത്തു വിളമ്പി ലീനക്ക് കൊടുത്തിട്ട് മാളവികയെ ഒരു പരുങ്ങലോടെ നോക്കി .

” ടീച്ചർക്ക് … ?”

” വേണ്ടടാ ..എന്റെ ഫേവറൈറ്റാ കാച്ചിൽ . ഞാൻ കഴിച്ചിട്ടാ വന്നേ .അല്ലെങ്കിൽ വിടൂല്ലായിരുന്നു’ മാളവിക ഒരു കഷണം കാച്ചിൽ അടർത്തിയെടുത്ത് വായിലിട്ടിട്ട് ചിരിച്ചു .

” അപ്പൂസേ … ”’ അടുക്കളപ്പുറത്തുനിന്നൊരാളുടെ ശബ്ദം കേട്ടതും ലോനപ്പൻ അങ്ങോട്ടേക്കോടി

”ടീച്ചറെ വരുന്നേയ് … അമ്മൂ ..ടീച്ചറിന് കസേരയിട്ട് കൊടുക്ക്

”ടീച്ചറെ വാ” ലീന പറഞ്ഞിട്ട് ഹാളിലേക്ക് നടന്നപ്പോൾ മാളവിക അടുക്കള മുറ്റത്തേക്ക് ഒന്നെത്തി നോക്കി .

ഇഷ്ടിക കെട്ടിപ്പൊക്കി വെറുതെയൊരു തകരഷീറ്റ് കൊണ്ട് മറച്ച ബാത്റൂമിന്റെ തുണികൊണ്ടുള്ള വാതിൽ മറവ് നീക്കി ലോനപ്പന്റെ തോളിൽ തൂങ്ങി ഒരുകാൽ കുത്തി നടന്നു വരുന്ന ആളെ കണ്ടതും മാളവിക കണ്ണുകൾ ചെറുതായി . പൊടുന്നനെ അവൾ മുറ്റത്തേക്കിറങ്ങി

”ഡാ മാത്തൂ ..നീയോ ?”

” മാളൂ … മാളവിക . നീയെന്ന ഇവിടെ ?” ലോനപ്പന്റെ കൂടെയുണ്ടായിരുന്നയാളുടെ മുഖം വിടർന്നു .

”എന്റെ ടീച്ചറാ അപ്പച്ചാ ” ലോനപ്പൻ പറഞ്ഞു തീരുന്നതിനു മുൻപേ മാളവിക മാത്തുക്കുട്ടിയുടെ ഇടതുവശത്തെ കൈ എടുത്തു തന്റെ തന്റെ ഷോൾഡറിലൂടെ ഇട്ടിരുന്നു

” മാളൂ ..സോറി ടീച്ചറെ വേണ്ട . ഞാൻ വന്നോളാം ”

”പോടാ ഒന്ന് .. എന്ന് വെച്ചാൽ നീ ആരാ? . ഇത്ര മസിൽ പിടിക്കല്ലേടാ മാത്തൂ”’ ഓടിവന്ന് ഒരു കൂടപ്പിറപ്പിനെ പോലെ അപ്പച്ചനെ തോളിൽ കയ്യിട്ട മാളവികയുടെ പ്രവർത്തി കണ്ട ലോനപ്പൻ അമ്പരപ്പിൽ നിന്ന് മാറിയിട്ടില്ലായിരുന്നു .

”എന്താടാ അപ്പൂസ് അന്തം വിട്ടുനിക്കുന്നെ ? നിന്റെയപ്പനും ഞാനും ഒന്നാം ക്‌ളാസ് മുതലൊന്നിച്ചു പഠിച്ചതാ പത്തുവരെ . ഞങ്ങളൊന്നിച്ചാ സ്‌കൂളിൽ പോയി വന്നിരുന്നതുമൊക്കെ ”’ മാളവിക ലോനപ്പനെ നോക്കി വിശദീകരിച്ചു .

”’ നീയിന്നലെ അപ്പൂസിനെ വഴക്ക് പറഞ്ഞെന്ന് അവൻ പറഞ്ഞു . ” മുൻവശത്തെ നീളൻ വരാന്തയിൽ ഇരുന്നു കൊണ്ട് മാത്തുക്കുട്ടി പറഞ്ഞു .

മാളവിക അവനെ നോക്കികൊണ്ട് തൊട്ടടുത്തുതന്നെയുണ്ടായിരുന്നു .

” അവനാകെ മെന്റലി വീക്ക് ആണ് . കഴിഞ്ഞ വർഷമാണ് അവന്റെ അമ്മ മരിച്ചത് . അതിന്റെ കൂടെ എന്റെയീ ആക്സിഡന്റ് കൂടിയായപ്പോൾ അവനൊന്നിനും സമയമില്ലാതെയായി . തടി ലോറിയിൽ നിന്ന് വീണതാ . ആറുമാസത്തിനിടെ രണ്ട് ഓപ്പറേഷൻ . അതൊക്കെ കൂട്ടുകാർ സഹായിച്ചും മറ്റും കഴിഞ്ഞു .നിത്യച്ചിലവിന് ഉള്ളത് അപ്പൂസ് ഓരോ പണിയെടുത്താണ് നടത്തുന്നത് . ഇപ്പൊത്തന്നെ പത്രവിതരണം കഴിഞ്ഞാണവൻ നിൽക്കുന്നത് . ഒരു ഏജന്റിന്റെ സബ് ആയത് കൊണ്ട് പൈസയൊക്കെ കുറച്ചേയുള്ളൂ . അതുകൊണ്ടവൻ കാറ്ററിംഗും മറ്റുമുണ്ടെൽ അതിന് പോകും . അതാണ് ക്‌ളാസിൽ ഇടക്ക് വരാൻ പറ്റാത്തത് ”

മാളവികയുടെ മുഖം വിളറി .

” എനിക്ക് അവന്റെ അവസ്ഥയൊന്നുമറിയില്ലായിരുന്നല്ലോടാ മാത്തൂ . നിനക്കറിയോ ? B ed കഴിഞ്ഞുടനെ ഒരു ജോലിക്ക് കയറി കുടുംബത്തിനൊരു താങ്ങാകാമെന്ന് ചിന്തിച്ചിരുന്നപ്പോൾ ജോലി കിട്ടാൻ മാർക്കോ മികവോ ഒന്നും പോരാ ലക്ഷങ്ങൾ ഡൊണേഷൻ എന്ന പേരിൽ കൊടുക്കണമെന്ന് . ശക്തമായ രാഷ്ട്രീയ ശുപാർശയില്ലാതെ റാങ്ക് ലിസ്റ്റിലുണ്ടായിട്ടും കാര്യമൊന്നുമില്ല . . വീട് പണയപ്പെടുത്തി ഡൊണേഷനുള്ള പണമുണ്ടാക്കിയതാ അച്ഛൻ . എനിക്ക് താഴെയുമുണ്ട് രണ്ട് അനിയത്തിമാർ . അതോർത്തപ്പോൾ ഞാനത് വേണ്ടന്ന് വെച്ചവരെ പഠിപ്പിച്ചു . ഇപ്പൊ അവർക്കൊരു ജോലിയായപ്പോ നിർബന്ധിച്ചെന്നെ ജോലിക്ക് കയറ്റിയതാ . കൊടുത്ത ലക്ഷങ്ങൾ സാലറിയിനത്തിൽ തന്നെ തിരിച്ചുകെട്ടണമെങ്കിൽ വർഷങ്ങൾ പിടിക്കും . അത് മാത്രമോ ? ഒരു കുട്ടി പുറകോട്ടായാൽ ടീച്ചറുടെ തലയിലേക്കാണ് മാനേജ്‌മെന്റും രക്ഷിതാക്കളും, അപ്പോൾ ഡൊണേഷൻ മേടിച്ച ലക്ഷങ്ങളൊന്നുമോർക്കില്ല . മൊത്തം കോമ്പറ്റിഷൻ അല്ലെ ? നൂറുശതമാനം വിജയമില്ലായെങ്കിൽ പിള്ളേരെ വിടാൻ പോലും ആളുകൾക്ക് മടിയാ. ഈ ഭാരമെല്ലാം ചുമക്കുന്നത് ഞങ്ങളും പിള്ളേരും . ”

”’ ഞാൻ നിന്നെ കുറ്റപ്പെടുത്തില്ല മാളൂ . ഏതൊരു ടീച്ചറും പറയുന്ന കാര്യങ്ങളാണ് നീ പറഞ്ഞെ .ടീച്ചർമാർക്കും സ്‌കൂൾ മാനേജ്‌മെന്റിനും തങ്ങളുടെ സ്‌കൂൾ നൂറുമേനി കൊയ്യണമെന്നേയുള്ളൂ . ഒരു കുട്ടി ഏത് സാഹചര്യത്തിൽ നിന്നാണ് വരുന്നതെന്നോ അവന്റെ കുടുംബ പശ്ചാത്തലമോ അവർക്ക് അറിയേണ്ട കാര്യമില്ല . വിജയമാണ് അവരുടെ ആവശ്യം . അതിനായി അവർ അൽപം മോശം പെർഫോമൻസ് ഉള്ള കുട്ടികളെ ഒൻപതിൽ തോൽപ്പിക്കും അതുമൂലം അവരുടെ ഒരു വർഷം പോകുന്നതല്ലാതെ എന്ത് പ്രയോജനമാണുള്ളത് ? നൂറിൽ നൂറുപേരും ഒരേ പോലെ പഠനമികവ് പുലർത്തുന്നവരല്ലല്ലോ മാളൂ . ഇപ്പോഴത്തെ പഠനച്ചിലവ് നോക്കിയാൽ ഒരു നല്ല ജോലിക്കുള്ള കോഴ്സോ മറ്റോ കിട്ടുന്നത് സാധാരണ ക്കാരന് ബമ്പറടിക്കുന്ന പോലെയാണ് . പിന്നെ ജീവിത പശ്ചാത്തലമാണ് ഏറ്റവും നല്ല പാഠം . എല്ലാവിധ സുഖസൗകര്യങ്ങളോടെ നന്നായി പഠിക്കുന്നൊരു കുട്ടി കൊറോണ പോലെ പെട്ടന്ന് മാറിമറിയുന്നൊരു സാഹചര്യമുണ്ടായാൽ അസ്വസ്ഥപെടുമെങ്കിൽ ഈ പ്രായത്തിൽ ഒരു കുടുംബം നോക്കുന്ന അപ്പൂസ് ,അവനേത് സാഹചര്യത്തിലും ജീവിക്കുമെന്നെങ്കിക്കുറപ്പുണ്ട് .എനിക്കൊന്നേ പറയാനുള്ളൂ , ഈ നൂറുശതമാനം വിജയം എന്നുള്ള ലക്ഷ്യത്തിൽ അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും ഇതേപോലെയുള്ള കുട്ടികൾക്ക് നിക്ഷേധിക്കരുത് . ”’

”’നിന്റെ കെട്യോൾക്കെന്ത് പറ്റിയതാരുന്നെടാ ? അവൾക്ക് വല്ല ജോലി യുമുണ്ടായിരുന്നോ ?” മാളവിക ആശ്വസിപ്പിക്കാനെന്നവണ്ണം മാത്തുക്കുട്ടിയുടെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് ചോദിച്ചു

” ” മാളൂ … വിവാഹകമ്പോളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രണ്ട് കാര്യങ്ങളാണ് സമ്പത്തും സൗന്ദര്യവും . ഇതൊന്നുമല്ല സ്വഭാവമഹിമയാണ് വേണ്ടത് എന്നൊക്കെ നമ്മൾ പറയുമെങ്കിലും ആദ്യത്തെ ചോദ്യം തന്നെ ജോലി എന്തെന്നാവും ? പിന്നെ പുരയിടമോ ഒക്കെ . വല്ല പ്രണയമോ മറ്റോ ആണെങ്കിൽ സൗന്ദര്യം വേണം . ഇതൊന്നുമില്ലാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ഒരുനിബന്ധനകളുമുണ്ടാവില്ല . എന്നെപ്പോലൊരു സാധാരണ കുടുംബത്തിൽ ജനിച്ചതാണ് സെലീനയും . തൊഴിലുറപ്പിനൊക്കെ പോകുമായിരുന്നു . രണ്ട്‌ വർഷം മുൻപാണ് ഒരു കിഡ്നിക്ക് തകരാർ വന്നത് . ഉണ്ടായിരുന്ന സമ്പാദ്യവും കടം വാങ്ങിയുമൊക്കെ ചികിൽസിച്ചു . ഓപ്പറേഷൻ മാത്രമേ മുന്നിലുള്ളൂ എന്ന ഘട്ടം വന്നപ്പോൾ അമ്മേടെ വീതത്തിലുള്ള ഈ പഴയ വീട്ടിലേക്ക് മാറി കുറച്ചകലെ ചെറിയൊരു വീടും സ്ഥലവും ഉണ്ടായിരുന്നത് വിറ്റ് കുറച്ചൊക്കെ കാശ് ഒപ്പിച്ചു ഓപ്പറേഷന് തയ്യാറായതാ . എന്റെ കിഡ്‌നി പറ്റുമെന്ന് ക്രോസ് മാച്ചിങ്ങിൽ അറിഞ്ഞതാണ് . . പക്ഷെ അതിനൊക്കെ കാത്തുനിൽക്കാതെയവളങ്ങു പോയി ” മാത്തുക്കുട്ടി ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി

” പോട്ടെടാ … എല്ലാവർക്കുമെല്ലാം കൊടുക്കില്ലെന്ന് നമ്മൾ പറഞ്ഞു കേട്ടിട്ടുള്ളതല്ലേ ? അന്ന് നമ്മൾ തമ്മിലല്ലായിരുന്നോ പഠിത്തത്തിൽ മത്സരം . ഞാനോർത്തത് നീ നല്ല നിലയിലെങ്ങാനും എത്തിക്കാണുമെന്നാ ..പിന്നെ കോൺടാക്ട് ചെയ്യാൻ അന്ന് ഫോണോ ഫോണോ ഒന്നുമില്ലായിരുന്നല്ലോ ”

” തലേവരെ കൂടി ശെരിയാകണം മാളൂ . ഡിഗ്രി ഒരുവർഷം പോയി . പിന്നെ നിർത്തി . അന്നത്തെ അവസ്ഥ ആതായിരുന്നു . എന്തേലും സൈഡായി പഠിക്കാൻ ഇന്നത്തെപ്പോലെ അന്ന് ഇത്രമാത്രം കോഴ്‌സുകൾ ഒന്നുമില്ലായിരുന്നല്ലോ . പിന്നെയതോർത്തു ദുഖിച്ചിട്ടുണ്ട് .അത് കൊണ്ടെന്ത് കാര്യം . ജീവിക്കാൻ പഠിപ്പിക്കുന്നൊരു കോഴ്സ് ആയിരുന്നു എനിക്കൊക്കെ വേണ്ടത് . ”

” ചേട്ടാ ..ഫോൺ ” കുളിച്ചിട്ട് അയയിൽ ധരിച്ചിരുന്ന ഡ്രെസ് വിരിക്കുകയായിരുന്ന ലോനപ്പന്റെ കയ്യിലേക്ക് അനിയത്തി ലീന നോക്കിയയുടെ പഴയ ഒരു ഫോൺ കൊടുത്തതും ലോനപ്പൻ എന്തോ സംസാരിച്ചിട്ട് അകത്തേക്കോടി വേഗന്ന് ഒരു പഴകിയ ഒരു പാന്റും ബനിയനുമിട്ടോണ്ട് മുറ്റം ചാടി കടന്നൊടുന്നതിനിടെ വിളിച്ചുപറഞ്ഞു

” ടീച്ചറെ ഞാനിന്ന് ലീവാട്ടോ .. ഒരു പണിയുണ്ട് ”

” അടുത്തമാസം പ്ലാസ്റ്റർ വെട്ടും മാളൂ . ചെറിയൊരു പൊട്ടൽ കൂടിയുണ്ടായിരുന്നു .അത് തനിയെ കത്തിക്കൂടുമെന്നാ ഡോക്ടർ പറഞ്ഞെ . അല്ലെങ്കിൽ ഓപ്പറേഷൻ . പിന്നെ ഇനിയെനിക്ക് പണ്ടത്തെപ്പോലെ ഓടിച്ചാടിയൊന്നും പണിയെടുക്കാൻ വയ്യ . അത്രക്കുണ്ട് സ്റ്റീൽ കാലിനുള്ളിൽ ” മാത്തുക്കുട്ടി ചെറു ചിരിയോടെ പറഞ്ഞപ്പോൾ മാളവിക വിളറിയ മുഖത്തോടെ അയാളെ നോക്കി യിരുന്നതേയുള്ളു .

” പഞ്ചായത്തിൽ ഒരപേക്ഷ കൊടുത്തിട്ടുണ്ട് . എന്തേലും ധനസഹായം കിട്ടിയാൽ മെയിൻ റോഡിന്റെ സൈഡിലെങ്ങാനും ഒരു ചെറിയ പെട്ടിക്കട ഇടണം . അതിനുവേണ്ടിക്കൂടിയാ അപ്പൂസ് ഇങ്ങനെ ഓടുന്നെ . സഞ്ചരിച്ച നാൾ വഴികളിലൊന്നും നാം പഠിച്ച എ പ്ലസ് ബി ഓൾസ്‌ക്വയറോ കാകളി മഞ്ജരി വൃത്തങ്ങളോ ഞാൻ കണ്ടുമുട്ടിയില്ലടോ ? പഠിച്ചതൊന്ന് ജീവിച്ചത് മറ്റൊന്ന് . ഇനി പെട്ടിക്കട ഇടുമ്പോഴെങ്ങാനും ആവശ്യം വന്നാലായി ”

”പോടാ ഒന്ന് . വെറുതെ പഠിപ്പിക്കാമെന്നല്ലാതെ എനിക്കും ഈ വകകൊണ്ടൊന്നും ഉപകാരമുണ്ടായിട്ടില്ല . എല്ലാം നടക്കും മാത്തുക്കുട്ടീ . ഞാനും സഹായിക്കാം . ഞാനിറങ്ങട്ടെ സ്‌കൂൾ സമയമാകുന്നു . എവിടെ അമ്മൂസ് ?”’

മാളവിക എണീറ്റ് അകത്തേക്ക് നടന്നു .

വരാന്തയുടെ അങ്ങേയറ്റത്ത് അമ്മൂസിന്റെ മുടി വകച്ചിലിട്ട് ചീകിക്കൊ ടുക്കുമ്പോൾ മാളവിക തിരിഞ്ഞു നോക്കിപ്പറഞ്ഞു .

” സ്‌കൂൾ സമയംകഴിഞ്ഞുള്ള സമയത്ത് ഫ്രീയാകുമ്പോ നീ പിള്ളേരെ എന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടേക്ക് . ഞാൻ പഠിപ്പിച്ചുകൊടുത്തോളാം . നീയക്കാര്യം പേടിക്കണ്ട . ”

അമ്മുവിനെയും പുറകിലേന്തി മാളവികയുടെ സ്‌കൂട്ടർ റോഡിലേക്കിറങ്ങുമ്പോൾ ശാന്തമായ മനസോടെ മാത്തുക്കുട്ടി വരാന്തയിലിരിക്കുന്നുണ്ടായിരുന്നു .

-സെബിൻ ബോസ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *