നെറ്റിയിൽ വെളുത്ത ഭസ്മം തൊട്ട, നേർത്ത കറുത്ത കരയുള്ള മുണ്ടും നേര്യതും ഉടുത്ത.. കയ്യിൽ കറുത്ത കരിവളയും മൂക്കിൽ ഒറ്റ വെള്ളക്കല്ല് മൂക്കുത്തിയും മാത്രമണിഞ്ഞ…

ദാവീദിന്റെ ചൊവ്വാ ദോഷം

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Story written by Bindhya Balan

ഇടവകപ്പള്ളീലെ പെരുന്നാളിന് പ്രദക്ഷിണം പോകുമ്പോഴാണ് വഴിയോരത്ത് കുരിശു രൂപത്തിൽ നോക്കി തൊഴു കയ്യോടെ നിൽക്കണ നെറ്റിയിൽ വെളുത്ത ഭസ്മം തൊട്ട പെണ്ണൊരുത്തിയെ ദാവീദ് ആദ്യമായി കാണുന്നത്….

ഇന്നാട്ടിലൊള്ളതല്ലല്ലോ എന്നൊരു ശങ്കയോടെ അവളെ തന്നെ നോക്കി നിൽക്കുമ്പോഴാണ് അറിയാതൊരു നോട്ടം വന്നു ദാവീദിന്റെ കണ്ണിലും അവിടുന്ന് നേരെ ചെന്ന് കരളിലോട്ടും വീണത്…

ഒറ്റ നോട്ടം നോക്കി, രണ്ടടി പിന്നാക്കം വച്ച് ഇരുളിലേക്ക് നൂണ് പോയവളെ തിരഞ്ഞ് പള്ളിപ്പറമ്പ് മുഴുവൻ നടന്ന് മടുത്ത് തിരികെ പോകാനൊരുങ്ങുമ്പോഴാണ് കണ്ടത് കിഴക്കേ മുറ്റത്തെ മാതാവിന്റെ കുരിശടിക്ക് മുന്നിൽ മെഴുകുതിരി കത്തിച്ചു കൈ കൂപ്പി കണ്ണടച്ച് നിൽക്കുന്നവളെ…

നിറഞ്ഞ കണ്ണുകൾ തുടച്ചു, മാതാവിനെ ഒരു നോട്ടം കൂടി നോക്കി തിരിയവേ ദാവീതിനെ കണ്ട്ഒ രു നിമിഷമൊന്നു ഞെട്ടി പിന്നെയൊരു നിർവികാരതയോടെ പെണ്ണങ്ങനെ തറഞ്ഞു നിൽക്കുമ്പോൾ നിറഞ്ഞ ചിരിയോടെ അവനവളെ നോക്കി കണ്ണു ചിമ്മി…

നെറ്റിയിൽ വെളുത്ത ഭസ്മം തൊട്ട, നേർത്ത കറുത്ത കരയുള്ള മുണ്ടും നേര്യതും ഉടുത്ത.. കയ്യിൽ കറുത്ത കരിവളയും മൂക്കിൽ ഒറ്റ വെള്ളക്കല്ല് മൂക്കുത്തിയും മാത്രമണിഞ്ഞ നിലാവ് പോലെ തിളങ്ങുന്ന മുഖമുള്ളവൾ….

ഒറ്റ നോട്ടത്തിലെ അവന്റെയുള്ളിൽ പ്രണയം കൊണ്ടൊരു വസന്തം വിരിച്ചവൾ…..

പെരുന്നാള് കൂടി തിരിഞ്ഞു നോക്കാതെ തിരിച്ചു പോകുന്നവളെ കണ്ണെടുക്കാതങ്ങനെ നോക്കി നിന്നു ദാവീദ്… ഊരോ പേരോ ചോദിക്കാതെ…

അവൾ പോയിക്കഴിഞ്ഞും, പൊന്ന് പോലുള്ള മുഖമവന്റെ ചങ്കിലേക്ക് പിന്നേം പിന്നേം തറഞ്ഞു കയറണതറിഞ്ഞപ്പൊ , പള്ളിക്കകത്തെ കുരിശു രൂപത്തിലേക്ക് നോക്കി അവളെ ഞാനെടുത്തോട്ടെ കർത്താവേ എന്ന് ചിരിച്ച മുഖത്തോടെ ചോദിച്ചു ദാവീദ്….

പെരുന്നാള് കൂടാൻ വന്ന് പോയ പെണ്ണൊരുത്തി പെരുന്നാളിന്റെ കൊടിയിറങ്ങിയിട്ടും ദാവീതിന്റെ ചങ്കിൽ നിന്ന് ഇറങ്ങിയില്ല…

അവൾ പോയ വഴിയേയെല്ലാം അലഞ്ഞു തിരിഞ്ഞു ഒടുക്കം ഓടുമേഞ്ഞ ഒറ്റമുറി വീടിന്റെ ഉമ്മറത്തവളെ കണ്ടയന്ന്അ വന്റെ ചങ്കിനകത്ത് പിന്നേമൊരു പെരുന്നാളിന് കൊടി കേറി…

ഊരും പേരുമറിയാൻ കൊതിച്ചവന് അറിയാനായത്, പുടവ കൊടുത്തവൻ ഏഴിന്റെയന്നു കുളത്തിൽ വീണ് ചത്തതിന്റെ പഴിയും കേട്ട് കൊല്ലമൊന്നായ് വീട്ടിൽ വന്ന് നിൽക്കുന്ന വിധവയായ പെണ്ണിന്റെ ചൊവ്വാ ദോഷത്തിന്റെ കഥ…..

പള്ളിപ്പറമ്പിൽ വച്ച് കർത്താവു അരുൾ ചെയ്ത വാക്കുകൾ ഒരു കല്പനയായി നെഞ്ചിൽ കോറിയൊട്ടൊരു നാൾ ദാവീദ് അവളുടെ വീട്ടിലേക്കു കയറിച്ചെന്നു….

മുഖവുരയൊന്നുമില്ലാതെ പെങ്ങളെ ചോദിച്ചവന്റെ കുപ്പായകോളറിന് കുത്തിപ്പിടിച്ച് അവളുടെ ആങ്ങളയലറി കണ്ട ക്രിസ്ത്യാനികൾക്ക് കൊടുക്കാനിവിടെ പെണ്ണില്ല എന്ന്….

ചങ്കുറപ്പുള്ളവാനായിട്ടും, തിരിച്ചൊന്നു തല്ലാതെ അടികൊണ്ടു മുറിഞ്ഞ ചുണ്ടിലെ ചോര മുണ്ടിന്റെ തുമ്പ് കൊണ്ട് തൂത്ത് കളഞ്ഞൊരു നനഞ്ഞ ചിരിയോടെ ഇറങ്ങിപ്പോകുന്നവനെ നോക്കി തറഞ്ഞു നിന്നു പെണ്ണ്…

തോറ്റു കൊടുക്കാൻ തയ്യാറാവാതെ പിന്നെയും പിന്നെയും ആ വീട്ടിലേക്കവൻ കയറിച്ചെന്നു…

ഓരോ ഇറങ്ങിപ്പോകലുകളിലും അവൻ കയറിചെന്നത് അവളുടെ ഉയിരിലേക്കായിരുന്നു…

എങ്കിലും പ്രാണനായവന്റെ പ്രാണനൊരു പോറൽ പോലും ഏൽക്കരുതെന്ന് ചങ്ക് പൊട്ടി പ്രാർത്ഥിച്ച്‌, ഒരിക്കലവനിറങ്ങിപ്പോകെ പിന്നാലെ ചെന്ന്, ഇടവഴി മറവിൽ വച്ച്, കഴുത്തിൽ താലി കെട്ടിയവൻ പറമ്പിലെ കുളത്തിൽ ചത്തു മലച്ചു കിടന്നത് പെണ്ണിന്റെ ചൊവ്വാ ദോഷം കൊണ്ടാണെന്നു വിധിയെഴുതി അടിച്ചും ആക്ഷേപിച്ചും വലിച്ചെറിയപ്പെട്ടവൾ ഇങ്ങനെ നിന്നൊടുങ്ങിക്കോട്ടെ എന്ന് ചങ്ക് പൊട്ടി പറയണ പെണ്ണിനെ നോക്കി പല്ലിറുമ്മിക്കൊണ്ട് ദാവീദ് പറഞ്ഞത്
ചൊവ്വാ ദോഷമൊക്കെ നിങ്ങൾ ഹിന്ദുകൾക്കാണ്.. എനിക്കതില്ല…

അവന്റെ കണ്ണിലെ കനലിലേക് നോക്കി അമ്പരന്ന് നിൽക്കുന്ന അവളുടെ മുഖം കൈകളിലെടുത്ത് നനഞ്ഞ കണ്ണുകളിൽ ചുണ്ട് ചേർത്ത് ദാവീദ് പറഞ്ഞു, മിന്നു കെട്ടി ഏഴിന്റെയന്നു ചത്തു പോകാനാണ് വിധിയെങ്കിൽ തനിച്ചു കരയാൻ നിന്നെ വിട്ടേച്ചു ഞാനൊറ്റയ്ക്ക് പോകത്തില്ലെടി….

ഒരു പൊട്ടിക്കരച്ചിലോടെ നെഞ്ചിലേക്ക് വീണവളെ ചേർത്ത് പിടിച്ച് വീടിനും നാടിനും വേണ്ടാത്തവനായി സഭാ പ്രമാണം തെറ്റിച്ചു ദാവീദെന്ന ക്രിസ്ത്യാനിച്ചെക്കൻ അങ്ങനെ താരയെന്ന ഹിന്ദു പെണ്ണിനെ മിന്നു കെട്ടി….

മിന്നു കെട്ടിയാൽ, കെട്ടിയവൻ ഏഴിന്റെയന്നു പരലോകം പൂകുന്നത് കാണാൻ കാത്തിരുന്നവർക്ക് മുന്നിലൂടെ അവളെ ചേർത്ത് പിടിച്ചു നടന്നു ദാവീദ്….

മിന്ന് കെട്ടിയവളെ ചട്ടയും മുണ്ടും ഉടുപ്പിക്കാനും കൊന്തയിടീപ്പിക്കാനും അരയും തലയും മുറുക്കി വന്ന സഭാ പ്രമാണിമാരോട് മുഖം നോക്കാതെ ദാവീദ് പറഞ്ഞു എന്റെ പെണ്ണ് എങ്ങനാണോ അങ്ങനെ തന്നെ മതി ഇനിയും….

ഒറ്റയ്ക്ക് തോന്നിയിടം ജീവിക്കാനാണ് തീരുമാനമെങ്കിൽ പള്ളിയും പട്ടക്കാരും കൂടെക്കാണത്തില്ലെന്നൊരു ഭീഷണി മുഴക്കി ഇറങ്ങിപ്പോയ പ്രമാണിമാരോട്
ദാവീതിനു ജീവിക്കാൻ കർത്താവും ഇവളും മതിയെന്നൊരു ചിരിയോടെ പറഞ്ഞ് അവനവളെ പിന്നെയും ചേർത്ത് പിടിച്ചു….

പള്ളിയും പട്ടക്കാരുമൊന്നും കൂട്ടിനില്ലാതെ, ദാവീതും അവന്റെ പെണ്ണും ജീവിച്ചു…

കാലം പോകെ, അവർക്ക് മക്കളുണ്ടായിbകൊച്ച് മക്കളുണ്ടായി… ജാരനരകൾ ബാധിച്ചു കാഴ്ച്ച മങ്ങി പരസ്പരം താങ്ങായ ജീവിതത്തിന്റെ അവസാന നാളുകളിലും അവർ പ്രണയിച്ചു കൊണ്ടേയിരുന്നു…

ഒടുവിലൊരുനാൾ ദാവീദിനെ തനിച്ചാക്കി അവൾ യാത്രയാകുമ്പോൾ, നിതാന്ത നിദ്രയിലാണ്ട് പോയ അവളുടെ മുഖം കൈകളിലെടുത്തു ആ കണ്ണുകളിൽ ചുണ്ട് ചേർത്ത് അയാൾ പറഞ്ഞു തനിച്ചാക്കില്ല പെണ്ണെ, പേടിക്കരുത് ഞാനങ്ങു വരും….

******************

ഏഴിന്റെയന്നു തൊടിയിലെ ഒരു മാവ് കൂടി മുറിച്ചു.

എടിയേ ……….

മ്മ്…….

ഞാൻ വരാൻ വൈകിയോ…

മ്മ്…….ഏഴുദിവസം…..

ഓഹ് നീ അതങ്ങു ക്ഷെമിക്ക്

മ്മ്

എന്നാ ഒരു ചിരി.. നിങ്ങൾക്ക്

ഇന്ന് ചൊവ്വാഴ്ചയാന്ന്….

🌹🌹🌹🌹🌹🌹

Related Posts

Leave a Reply

Your email address will not be published. Required fields are marked *