പക്ഷേ ഇപ്പൊ ഒറ്റയ്ക്ക് നിന്നൊരു കടല് കണ്ട് പേടിച്ചു നിലവിളിക്കാൻ തിരയോടുങ്ങാത്തൊരു കടലിന്റെ സാന്നിധ്യം ആവശ്യമില്ലാത്തൊരുവളാണ് ഞാൻ…….

കടൽ

എഴുത്ത്:- ബിന്ധ്യ ബാലൻ

ഡോ…

നിനക്ക് അമ്മയെക്കുറിച്ച് ഓർക്കുമ്പോ ന്താ തോന്നാ..?

ന്ത്‌ തോന്നാൻ…?

ഒന്നും തോന്നില്യേ..?

നീ കടല് കണ്ടിട്ടുണ്ടോ….?

ഉണ്ടല്ലോ…

മൂവന്തി നേരത്ത് സൂര്യന്റെ കടും ചോപ്പ് നിറം പടർന്നൊലിച്ചു തിരകളാറിക്കെടക്കണ കടലല്ല…

കർക്കിടകം നെറഞ്ഞു പെയ്തു വീർത്ത് കറുത്തു കലങ്ങി ഇരമ്പി തിമിർക്കണ കടല്….

കാറ്റിനൊപ്പം ആടിതിമിർത്തു ഇരമ്പിയണച്ച്‌ നെഞ്ചിലെ നോവിനെ കരയിലേക്ക് എടുത്തെറിഞ്ഞു പൊട്ടിച്ചിരിക്കണ കറുത്ത നിറമുള്ള പെരുംകടല്….?

ഇല്ല.. കണ്ടിട്ടില്യ…. ന്തേ ഇപ്പൊ അങ്ങനെ ചോദിക്കാൻ…?

ന്നാ ഞാൻ കണ്ടിട്ടുണ്ട്….

ഒരു മഴക്കാലത്ത്…

ഞാനങ്ങനെ ആ കടലിലേക്ക് നോക്കി നിൽക്കുമ്പോ ഓർക്കാപ്പുറത്തൊരു തിര വന്ന് കുത്തി…

കാലടിയിലെ മണ്ണടക്കം എന്റെ ഉടുപ്പിലും കയ്യിലും കാലിലും ഒക്കെ പിടിച്ചു വലിച്ച് ചുഴി മാതിരി കറങ്ങണ വെളുത്ത പത നുരയണ ആ തിര എന്നെ അതിന്റെ ആഴത്തിലേക്ക് കൊണ്ട് പോയി..

കലങ്ങി മറിഞ്ഞു കറുത്ത് കരിനീലിച്ച ആ മഹാപ്രളയം, ക്ഷണ നേരമെന്റെ ആയുസ്സിനെ മരണനൂലിൽ മുറുക്കിയൊന്നു ശ്വാസം മുട്ടിച്ച്‌,ഒരു കവിൾ വെള്ളം കുടിപ്പിച്ചു കരയിലേക്ക് തന്നെ എന്നെ എടുത്തെറിഞ്ഞു…അത്ര പെരുത്ത് ഇഷ്ടം തോന്നാത്തോണ്ടാവും, കൂടെ കൊണ്ട് പോയില്ല

ഏയ്‌ അല്ല.. അന്ന് അമ്മ എന്റെ കയ്യിൽ മുറുകെ പിടിച്ചു കടലിനോട് ദേഷ്യപ്പെട്ടതോണ്ടാവും..

ന്തേ ഇപ്പൊ ഇങ്ങനെയൊക്കെ പറയാൻ..?

ഒന്നുമില്ലെടോ…..

പക്ഷേ ഇപ്പൊ ഒറ്റയ്ക്ക് നിന്നൊരു കടല് കണ്ട് പേടിച്ചു നിലവിളിക്കാൻ തിരയോടുങ്ങാത്തൊരു കടലിന്റെ സാന്നിധ്യം ആവശ്യമില്ലാത്തൊരുവളാണ് ഞാൻ…

ഒരു കാറ്റിന്റെ കൈ പിടിച്ച്‌ ഒരു മഴയുടെ തോളിലേറി അമ്മ പടിയിറങ്ങിപ്പോയ അന്ന് കണ്ടത് പോലൊരു പെരും കടല് പിന്നെ ഇന്നോളം കണ്ടിട്ടില്ല..

ഇന്നും ആ കടലിന്റെ കരയിലാടോ എന്റെ നിൽപ്പ്….

അമ്മയോർമ്മകൾ വന്ന് ഉള്ളം തൊടുമ്പോ തോന്നണത് കാൽച്ചോട്ടിലേക്കൊരു തിര വന്നു കുത്തണ പോലെയാ…

ചവിട്ടി നിൽക്കണ മണ്ണടക്കം കാലിൽ പിടിച്ചു ചുഴറ്റണ പോലെ, മനസിന്റെ അടിക്കാടടക്കം ഒന്നായുലച്ച്‌ ഓർമ്മകൾ ആ നെഞ്ചിലേക്കെന്നെ അമർത്തി പിടിക്കും…

ഒരു കവിൾ കണ്ണീരിന്റെ ഉപ്പ് വെള്ളം തൊണ്ടക്കുഴിയിൽ നിന്നു വായിലേക്ക് നിറച്ചു കണ്ണ് ചോപ്പിച്ച് ശ്വാസം മുട്ടിച്ച് ആ തിരയതിന്റെ ആയിരം കൈകൾ കൊണ്ടെന്നെ തലങ്ങും വിലങ്ങും എടുത്തെറിയും…

അമ്മേ എന്നൊരു നിലവിളി മുറിഞ്ഞു മുറിഞ്ഞു കാറ്റിനൊപ്പം അലിയു മ്പോഴേക്കും പാതി മൃതമായ എന്നെ നിന്നിടത്ത് തന്നെ കൊണ്ട് വന്നു നിർത്തും ചാവ് മണമുള്ള ഓർമ്മകൾ..

കാലുറയ്ക്കില്ല അന്നേരം….മനസും..

ആർത്തു നിലവിളിച്ച് നിലത്തേക്ക് ഊർന്നു വീഴുമ്പോൾ അമ്മയോടെനിക്ക് ദേഷ്യം തോന്നുമെടോ…

വല്ലാതെ വല്ലാതെ ദേഷ്യം തോന്നും…

ഒന്നും മിണ്ടാതെ പോയതോർത്ത്……

അമ്മമാരൊക്കെ മിണ്ടാതെ പൊയ്ക്കളഞ്ഞാൽ പിന്നെ ഒന്നും ഇല്ലടോ…

കരളിലൊരു പെരും കടലുമായി അലയുക തന്നെ…….

അല്ല… മറന്നു…

നീ നേരത്തെ ന്താ ചോദിച്ചേ…?

Related Posts

Leave a Reply

Your email address will not be published. Required fields are marked *