പക്ഷേ കോളേജിൽ നിന്നും പുറത്തായി . വാർത്ത അറിഞ്ഞു വാപ്പ എത്തും എന്ന് കരുതിയെങ്കിലും വെറുതെയായി .ഒന്നും സംഭവിക്കാത്ത……

വാപ്പാന്റെ മോൻ…..

Story written by Shanavas Jalal

അന്ന് , പോണ്ടിച്ചേരി എഞ്ചിനീയറിങ് കോളേജിൽ നിന്നും വീട്ടിലേക്ക് എത്തിയപ്പോൾ മാഞ്ഞതാണ് വാപ്പാടെ മുഖത്തെ ചിരി . ഇഷ്ടമില്ലെന്ന എന്റെ വാക്ക് കേൾക്കാതെ എന്നെ എഞ്ചിനീയറിംഗ് എന്ന ബാലി കേറാമലയിലേയ്ക്ക് തള്ളി വിട്ടപ്പോൾ എന്തോ ഒരു വെറുപ്പ് എനിക്ക് എന്നോട് തന്നെ തോന്നി തുടങ്ങിയിരുന്നു .

മൂന്ന് സെമസ്റ്ററിലും നല്ല പരാജയം ഏറ്റു വാങ്ങിയത് കൊണ്ട് തന്നെ വീട്ടിൽ നിന്നും കൊണ്ട് കിട്ടുന്ന പോക്കറ്റ് മണിയിലും പ്രകടമായ ഏറ്റകുറച്ചിലുകൾ ഉണ്ടായിരുന്നു

പോണ്ടിച്ചേരി പോലെയൊരു സ്ഥലത്ത് ജീവിക്കാൻ പണം വേണം എന്നത് കൊണ്ട് തന്നെ പറ്റുന്ന എന്ത് ജോലിക്കും ഞാൻ പോയി തുടങ്ങിയിരുന്നു . അതിലെന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ഉറ്റ സുഹൃത്ത് ശരവണന്റെ ഇടപെടലുകൾ ആയിരുന്നു. ഇടയ്ക്ക് ഒക്കെ ഡെലിവറി ബോയിയായും പെട്രോൾ പമ്പിലെ സഹായിയായും ഒക്കെ ജീവിത മാർഗം കണ്ടെത്തിയ എനിക്ക് ഒരു സ്ഥിര വരുമാനം ആക്കി തന്നതും അവൻ തന്നെയാണ്. ശരവണിന്റെ അച്ഛന്റെ “റെന്റ് എ കാറുകളുടെ ” ബിസിനസ്സിൽ എന്നേ കൂടി ഒരു ഭാഗമാക്കിയതും അവന്റെ കരുതൽ ഒന്ന് കൊണ്ട് മാത്രമായിരുന്നു.

അത്യാവശ്യം നല്ല നല്ല രീതിയിൽ വണ്ടി ഓടിക്കും എന്നത് കൊണ്ട് ലോങ്ങ് ട്രിപ്പൊക്കെ അവന്റെ അച്ഛൻ എന്നേ ആയിരുന്നു ഏല്പിച്ചിരുന്നത്. ഇഷ്ടമുള്ള ജോലി ആയതു കൊണ്ടോ അതോ എന്നേ വിശ്വസിക്കാനും ചേർത്തു പിടിക്കാനും ആളുകൾ ഉണ്ടെന്ന തോന്നല് കൊണ്ടാണോ എന്നറിയില്ല. അക്കാലത്തു ഞാൻ ഏറ്റവും സന്തോഷവാനായിരുന്നു. ഉള്ളിലൊരു സങ്കടകടൽ ആഞ്ഞടിക്കുന്നു ണ്ടായിരുന്നുവെങ്കിലും.

അന്നും പതിവ് പോലെ ഗോവയിലേക്ക് പോകേണ്ട ഒരു ടീമിനെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാനുള്ള ഡ്യൂട്ടി എനിക്ക് ആയിരുന്നു. ഇത്തരം യാത്രകൾ പതിവായിരുന്നത് കൊണ്ട് തന്നെ യാതൊരു ടെൻഷനും ഇല്ലാതെയാണ് യാത്ര തുടങ്ങിയത്.

പക്ഷേ..

ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് പിന്നീട് കുറച്ചു മണിക്കൂറുകളിൽ എന്റെ ജീവിതത്തിൽ ഉണ്ടായത്. വഴിയിൽ പോലീസ് ചെക്കിങ് കണ്ട യാത്രക്കാർ വണ്ടി നിർത്തിച്ചു ഇറങ്ങിയോടി . ഇത് കണ്ട പോലീസുകാർ ഓടി വന്നു എന്നേയും വണ്ടിയേയും തൂക്കി സ്റ്റേഷനിലേക്ക് പോയി . എത്ര കരഞ്ഞു പറഞ്ഞിട്ടും അവർ ചെവി കൊണ്ടില്ല , കൂടാതെ വണ്ടിയിൽ നിന്നും കിട്ടിയ ലഗേജിൽ നിന്നുമുള്ള മ യക്ക് മ രുന്നിന്റെ ഉറവിടം ചികയാൻ എന്നെ ഒരു ഇരുട്ട് റൂമിലേക്ക് കയറ്റി .

രണ്ട് മൂന്ന് ഇടി കൊണ്ടതിനു ശേഷവും

“എനിക്കൊന്നും അറിയില്ല സാറേ”……!

എന്നെന്റെ നിലവിളി കേട്ടിട്ട് യാതൊരു കുലുക്കവും ഇല്ലാതെ ചുറ്റുമുള്ള പോലീസുകാർക്ക് നേരെ കണ്ണ് കൊണ്ട് ആജ്ഞ കൊടുത്തു, മുറിയിൽ നിന്നും എസ്. ഐ വെളിയിലേയ്ക്ക് ഇറങ്ങിയപ്പോഴേക്കും ശരവണിന്റെ അച്ഛന്റെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു .

“ഉമ്മ നോറ്റ നോമ്പിന്റെ പുണ്യം ഒന്ന് കൊണ്ട് മാത്രം കേസിൽ നിന്നും ഊരി പോരാനായി.

പക്ഷേ കോളേജിൽ നിന്നും പുറത്തായി . വാർത്ത അറിഞ്ഞു വാപ്പ എത്തും എന്ന് കരുതിയെങ്കിലും വെറുതെയായി .ഒന്നും സംഭവിക്കാത്ത ഒരു രാപകൽ എന്നിലൂടെ കടന്ന് പോയി. ചിന്തകൾക്ക് കനം കൂടിയപ്പോൾ മനസ്സില്ല മനസ്സോടെ വണ്ടി കയറി വീട്ടിൽ എത്തി …

പിന്നീട് അങ്ങോടുള്ള എട്ട് വർഷം , ഉപ്പയുടെ മുന്നിൽപെടാതെ , നാട്ടുകാരുടെ കളിയാക്കലുകളിൽ തകരാതെ എങ്ങനെ വീട്ടിൽ താമസിച്ചുവെന്ന് എനിക്ക് അറിയില്ല , ചിലപ്പോൾ ഉപ്പ കാണാതെയുള്ള ഉമ്മയുടെ സ്നേഹവും , കണ്ണുനീരുമൊക്കെയാകും എന്നെ അവിടെ പിടിച്ചു നിർത്തിയത് ……

ഒന്ന് രണ്ട് മാസത്തെ റൂമിലെ ഏകാന്തതക്ക് വിരാമമിട്ടത് സുഹൃത്ത് ഷാജോണിന്റെ വരവോടെയായിരുന്നു . അവനോടൊപ്പം അറിയാവുന്ന ഡ്രൈവർ പണിക്ക് പോയി തുടങ്ങി . രാവും പകലും കഷ്ടപ്പെട്ടു . മുന്നിലൊരു വല്യ ലക്ഷ്യമുണ്ടെന്ന് മനസ്സ് ഇടക്ക് ഇടക്ക് ഓർമ്മിപ്പിച്ചത് കൊണ്ടാകണം ക്ഷീണം എന്താണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല ..

” ഷെഫീഖേ…. നീ വീട്ടിലേയ്ക്ക് പോകുന്നില്ലേ.. “

സുഹൃത്തിന്റെ വിളി കേട്ടാണ് കണ്ണ് തുറന്നത്.

“എന്നാടാ ഇതു കണ്ണൊക്കെ നിറഞ്ഞല്ലോ ,” ഇപ്പോഴും ഉപ്പയെ ഓർത്തിട്ടാകും അല്ലേടാ”

എന്നവന്റെ കളിയാക്കൽ കേട്ട് ചെറുതായി ഒന്ന് ചിരിച്ചെങ്കിലും ,

“ഡാ നിനക്ക് അറിയുമോ ഈ കഴിഞ്ഞ വർഷങ്ങളിൽ ഞാൻ ഏറ്റവുമധികം പ്രാർത്ഥിച്ചത് എന്റെ ഉപ്പയുടെ ദീർഘായുസ്സിനു വേണ്ടി മാത്രമാണ് . കാരണം നിനക്ക് അറിയാമല്ലോ ” എന്നെന്റെ ചോദ്യത്തിന് അവന്റെ കണ്ണുകൾ പതിച്ചത് നാളെ ഉത്ഘാടനം ചെയ്യാൻ പോകുന്ന എന്റെ ട്രാവൽസ്ന്റെ ബോർഡിലേക്കായിരുന്നു ….

“ഉമർ ടൂർസ് ആൻഡ്‌ ട്രാവൽസ്”

എന്റെ ഉപ്പാന്റെ പേരാണ് . ഒരുപക്ഷേ എന്റെ ഉപ്പാനോടുള്ള എന്റെ വാശിയാണ് നിരന്ന് കിടക്കുന്ന ഈ നാല് ടൂറിസ്റ്റ് ബസുകളും. കൂട്ടത്തിൽ കടവും ഉണ്ട് പക്ഷേ അത് തീരും , ഉറപ്പാണ് . ഒന്നുമില്ലത്തവന്റെ സ്വരുക്കൂട്ടം വളർന്നു വളർന്നു മുന്നിലങ്ങിനെ നിരന്നു കിടക്കുന്നു .

ഒന്നുരണ്ടു സുഹൃത്തുക്കൾക്ക് ഒഴികെ എന്റെ ഈ സംരംഭത്തെ കുറിച്ച് ആർക്കും അറിയില്ല. വീട്ടിലെത്തണം,ഉപ്പാന്റെ കാൽ തൊട്ട് മാപ്പ് പറയണം , ഓഫീസിന്റെയും വണ്ടികളുടെയും താക്കോൽ ഏൽപ്പിക്കണം . കെട്ടിപ്പിടിച്ചു ഒന്ന് പൊട്ടിക്കരയണം , ചിന്തിച്ചു തീർന്നപ്പോഴേക്കും വീട് എത്തി . ഒരുക്കങ്ങളും മറ്റുമായി നേരം പന്ത്രണ്ടു കഴിഞ്ഞിരുന്നു. വാതിലിൽ ഒന്ന് മുട്ടിയുള്ളു ഉമ്മ കതക് തുറന്നു , നേരെ ഉമ്മയുടെ പുറകേ അടുക്കളയിലേക്ക് നടന്നു .

പണ്ടൊക്കെ ഒരുപാട് വഴക്ക് കേട്ടിട്ടുള്ളതാണ് താമസിക്കുന്നതിനും കറങ്ങി നടക്കുന്നതിനുമൊക്കെ , പിന്നെ പിന്നെ ഉമ്മക്കും മടുത്തു കാണും , അല്ലെങ്കിൽ എന്റെ വഴിക്ക് പോക്കോട്ടേന്ന് ചിന്തിച്ചു കാണും . ഉമ്മാന്റെ മുഖത്ത് ആ പഴയ പ്രസരിപ്പും വാത്സല്യവും ഇല്ല . ഭക്ഷണം വിളമ്പി ഉമ്മ തിരിഞ്ഞു നടക്കാൻ തുടങ്ങി ..

“ഉമ്മാ …..!

എന്നെന്റെ വിളി കേട്ട് തിരിഞ്ഞു നിന്ന് .

“ഉപ്പ എവിടെ “എന്നെന്റെ ചോദ്യത്തിന് , കിടന്നു എന്ന് ഉമ്മ മറുപടി പറഞ്ഞു . ഉമ്മാക്ക് ഉറക്കം വരുന്നില്ലെങ്കിൽ രണ്ട് മിനുട്ട് എന്റെ അടുത്ത് ഇരിക്കാമോ എന്നെന്റെ ചോദ്യത്തിനൊപ്പം കണ്ണും നിറഞ്ഞത് കണ്ടിട്ടാകും , എന്റെ അടുത്ത് വന്നു നിന്ന് . പതിയെ എന്റെ തലയിൽ തടവി..

“ഈ നശിച്ച ജന്മത്തിന്റെ എന്തിനെന്റെ മകനായി തന്നൂ എന്നു ഉമ്മ പടച്ചോനോട് ചോദിക്കാറുണ്ടോ..? ഉപ്പയെ പോലെ. ചോദ്യത്തിന് ഒപ്പം കണ്ണീരിന്റെ ഉപ്പുകലർന്നത് കൊണ്ടാവാം എന്റെ തൊണ്ട ഇടറി തുടങ്ങിയിരുന്നു .

“ഉപ്പ മോന്റെ നല്ലത് മാത്രമേ കരുതിയിട്ടുള്ളു , അത് തെറ്റായി വന്നപ്പോൾ ഉള്ള ദേഷ്യമാണ് വഴക്കൊക്കെ . സാരമില്ല എന്റെ മോൻ രക്ഷപ്പെടുമെന്ന് പറഞ്ഞു എന്നെ നോക്കിയിട്ട് നിറഞ്ഞ കണ്ണ് തുടച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഉമ്മൻറെ കയ്യിൽ പിടിച്ചു അവിടെ നിർത്തി .

. കയ്യിൽ ഉണ്ടായിരുന്ന കവർ ഉമ്മയുടെ നേരെ നീട്ടി , “വാപ്പയുടെ പേരിലുള്ള എന്റെ ട്രാവൽ ബസുകളുടെയും ഓഫീസിന്റെയും താക്കോൽ കൂട്ടമാണ് ഇത്. പള്ളിയോടു ചേർന്നുള്ള കടയും ചേർന്നുള്ള മൈതാനവുമാണ് സ്ഥലം . നാളെ നമസ്ക്കാരം കഴിഞ്ഞാണ് ഉത്ഘാടനം . ഉപ്പ തന്നെ ചെയ്യണമെന്നുണ്ട് . ഉമ്മ ഉപ്പയോട് പറയണം വരാൻ . അവിടെ കുറച്ചൂടെ പണിയുണ്ട് . ഞാൻ ഇറങ്ങുവാണെന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങുമ്പോഴും ഉമ്മാന്റെ അമ്പരപ്പ് വിട്ട് മാറിയിരുന്നില്ല .

നിസ്ക്കാരം കഴിഞ്ഞു എല്ലാവരും എത്തി തുടങ്ങി , ഉപ്പയെ കാത്തു ഞാൻ ഗേറ്റിന്റെ മുന്നിൽ തന്നെ നിന്നു . കുറച്ചു കഴിഞ്ഞു ഒരു ഓട്ടോ ഗേറ്റിന്റെ മുന്നിൽ വന്നു നിന്നു . ഉമ്മയും ഉപ്പയും വണ്ടിയിൽ നിന്ന് ഇറങ്ങി , എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു . ഉത്ഘാടനത്തിന് ശേഷം എല്ലാവരോടും വിശേഷം പറയുന്നിതിനിടയിൽ എന്റെ മോന്റെയാണ് എന്ന് അഹങ്കാരത്തോടെ പറയുന്ന ഉപ്പാന്റെ മുഖം എന്റെ കണ്ണുകളെ നിറയിപ്പിച്ചു .

ഫോട്ടോ എടുക്കാനായി ഞങ്ങൾ മൂന്ന് പേരും വണ്ടികളുടെ മുന്നിലേക്ക് എത്തി . ഉപ്പാന്റെ അടുത്ത് തന്നെ ആയിരു നിന്നിരുന്നതെങ്കിലും. ഒരു ചെറിയ വിടവ് അവിടെ ഉണ്ടായിരുന്നു . കുറച്ചൂടെ അടുത്ത് നിൽക്കെന്ന ഫോട്ടോഗ്രാഫറുടെ വാക്ക് കേട്ട് ഉപ്പ എന്നെ ഒന്ന് നോക്കിയിട്ട് , എന്റെ തോളിൽ പിടിച്ചു ഉപ്പയുടെ അടുത്തേക്ക് അടുപ്പിച്ചു ..

സന്തോഷം കൊണ്ടാണോ എന്തോ പിന്നീടുള്ള കാഴ്ച്ചകൾ കാണാൻ കണ്ണുനീർ എന്നിൽ ഒരു വലിയ തടസ്സം സൃഷ്ടിച്ചിരുന്നു …..

Related Posts

Leave a Reply

Your email address will not be published. Required fields are marked *